February 9, 2010

ചില കമ്യൂണിസ്റ്റ്‌ വിശ്വാസവിചാരങ്ങൾ...

വിശ്വാസത്തിന്റെ പേരിൽ പ്രചരിപ്പിക്കുന്നതെല്ലാം വിശ്വാസ പ്രശ്നമല്ലെന്ന്‌ ഈയിടെ ആർഎസ്പി-ബി തിരുവനന്തപുരത്ത്‌ സംഘടിപ്പിച്ച 'വിശ്വാസവും വിപ്ലവവും' എന്ന സെമിനാറിൽ പ്രസംഗിക്കവേ മുൻ എംപി ഡോ. സെബാസ്റ്റ്യൻ പോൾ അഭിപ്രായപ്പെട്ടിരുന്നു. കേരളത്തിൽ പള്ളിക്ക്‌ ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നും പള്ളിക്കൂടങ്ങളുടെ പ്രശ്നം പള്ളിയുടേതാക്കി മാറ്റിയതാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, സോഷ്യലിസ്റ്റുകാരനെയും കോൺഗ്രസുകാരനെയും പുറത്താക്കിയ സഭയുടെ താത്പര്യങ്ങളാണ്‌ എല്ലാത്തിന്റെയും പ്രശ്നമെന്ന്‌ അദ്ദേഹം വാദിച്ചു. വിശ്വാസിയും പാർട്ടി പ്രവർത്തകനും മാനവവിമോചനത്തിനായി വ്യത്യസ്ത പാതകളിലൂടെ മുന്നേറുന്ന കമാൻഡോകളാണെന്നും അവർ പരസ്പരം ആക്രമിക്കരുതെന്നു പറയാനും അദ്ദേഹം മറന്നില്ല.

സഭയുടെ താത്പര്യങ്ങളാണ്‌ എല്ലാത്തിന്റെയും പ്രശ്നമെന്ന്‌ വാദിക്കുകയും സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കാൻ സഭയ്ക്ക്‌ യാതൊരു അവകാശവുമില്ലെന്ന മട്ടിൽ പ്രസംഗിക്കുകയും ചെയ്ത സെബാസ്റ്റ്യൻ പോളിന്റെ യുക്തിബോധം അപാരം തന്നെ! കേരളത്തിലെ വിദ്യാഭ്യാസരംഗത്ത്‌ സഭയുടെ താത്പര്യങ്ങളാണ്‌ പ്രശ്നമാകുന്നതെന്നാണല്ലോ അദ്ദേഹം പരോക്ഷമായി സമർഥിക്കുന്നത്‌. കേരളത്തിലെ പള്ളിക്കൂടങ്ങളുടെ പ്രശ്നം പള്ളിയുടേതാക്കി മാറ്റിയതാണെന്ന അദ്ദേഹത്തിന്റെ അഭിപ്രായം വില കുറഞ്ഞതും ലജ്ജാകരവുമാണ്‌. ഭാരതത്തിന്റെ ഭരണഘടന പ്രദാനം ചെയ്യുന്ന ന്യൂനപക്ഷാവകാശങ്ങൾ തകർക്കാൻ ചില കുത്സിത ശക്തികൾ ശ്രമിച്ചപ്പോൾ അതിനെതിരേ ശക്തമായി സഭ പ്രതികരിച്ചതാണോ 'സഭയുടെ താത്പര്യം' എന്ന മട്ടിൽ സെബാസ്റ്റ്യൻ പോൾ പറയുന്നത്‌?

സഭയെ മാത്രം കുറ്റപ്പെടുത്തുന്ന സെബാസ്റ്റ്യൻ പോൾ ഇന്ന്‌ കേരളത്തിലെ വിദ്യാഭ്യാസരംഗം ഈയവസ്ഥയിൽ എത്തിച്ചവരെക്കുറിച്ച്‌ എന്തേ മൗനം ദീക്ഷിക്കുന്നു? ഒരുപക്ഷേ ചില വ്യക്തികളോടോ പ്രത്യയശാസ്ത്രങ്ങളോടോ ഉള്ള 'പേടി' മൂലമാവാം! കേരളത്തിലെ വിദ്യാഭ്യാസരംഗത്ത്‌ സംസ്ഥാനസർക്കാരും കത്തോലിക്കാ സഭയുമായി ഉണ്ടായിട്ടുള്ള കേസുകളിൽ രാജ്യത്തെ പരമോന്നത കോടതി എല്ലായ്പോഴും സഭയുടെ വിദ്യാഭ്യാസ അവകാശങ്ങൾ ശരിവച്ചിട്ടുണെ്ടന്ന വസ്തുത ഒരു അഭിഭാഷകൻ കൂടിയായ സെബാസ്റ്റ്യൻ പോൾ കാണുന്നില്ലേ?

ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ തങ്ങളുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കാൻ ഓരോ പൗരനും പ്രസ്ഥാനത്തിനും അവകാശമുണ്ട്‌. സഭയ്ക്കു മാത്രം അതു പാടില്ല എന്ന്‌ വാദിക്കാനും പ്രചരിപ്പിക്കാനും ശ്രമിക്കുന്നത്‌ ചാപല്യവും യുക്തിഹീനതയുമാണ്‌. സോഷ്യലിസ്റ്റുകാരനെയും കോൺഗ്രസുകാരനെയും സഭ പുറത്താക്കി എന്നു പറയുന്ന സെബാസ്റ്റ്യൻ പോൾ സഭയ്ക്കും താത്പര്യങ്ങളുണെ്ടന്ന വസ്തുത അംഗീകരിക്കണം. ഒരു കമ്യൂണിസ്റ്റ്‌ സഹയാത്രികനായ സെബാസ്റ്റ്യൻ പോളിന്‌ കമ്യൂണിസത്തിന്റെ താത്പര്യങ്ങൾ അറിയില്ലെന്നുണേ്ടാ? കത്തോലിക്കാസഭയെ സംബന്ധിച്ച്‌ വിദ്യാഭ്യാസവും കമ്യൂണിസവും മാത്രമല്ല ഉള്ളത്‌. സഭയ്ക്കകത്തും പുറത്തും ധാരാളം വെല്ലുവിളികളും പ്രശ്നങ്ങളുമുണ്ട്‌.

വിശ്വാസമില്ലാത്തവരുടെ വിശ്വാസവും സംരക്ഷിക്കാൻ ബാധ്യതയുണെ്ടന്ന്‌ സെബാസ്റ്റ്യൻ പോൾ തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നു. തന്റെ സഹയാത്രികരായ ഇടതുപക്ഷ നിരീശ്വരവാദികളായ സഖാക്കളെയാകും അദ്ദേഹം ഉദ്ദേശിച്ചിട്ടുണ്ടാവുക.

സെബാസ്റ്റ്യൻ പോളിനോടൊരു ചോദ്യം വിശ്വാസമില്ലാത്തവരുടെ വിശ്വാസം സംരക്ഷിക്കണമെന്നു വാദിക്കുന്ന താങ്കൾ വിശ്വാസമുള്ളവരുടെ വിശ്വാസം സംരക്ഷിക്കാൻ എന്തെങ്കിലും ചെയ്തിട്ടുണേ്ടാ? കഴിഞ്ഞ കുറച്ചുവർഷങ്ങളായി പാഠപുസ്തകങ്ങളിലൂടെയും മറ്റ്‌ മാധ്യമങ്ങളിലൂടെയും ദൈവവിശ്വാസ വിരുദ്ധവും മതവിരുദ്ധവുമായ പരാമർശങ്ങൾ ചില തത്പരകക്ഷികൾ പ്രചരിപ്പിക്കാൻ ശ്രമിച്ചപ്പോൾ എവിടെയായിരുന്നു താങ്കളുടെ സംരക്ഷണബോധം?

വിശ്വാസമില്ലാത്തവരുടെ വിശ്വാസം സംരക്ഷിക്കണമെന്നു പറയുന്ന അതേ ആവേശത്തോടെ വിശ്വാസമുള്ളവരുടെ വിശ്വാസവും സംരക്ഷിക്കണമെന്നു പറയാൻ താങ്കൾ തയാറാണോ?

വസ്തുതാപരമായി കാര്യങ്ങൾ അപഗ്രഥിക്കുകയും അവതരിപ്പിക്കുകയും ചെയ്യേണ്ടതിനു പകരം സഭയുടെ താത്പര്യങ്ങളാണ്‌ എല്ലാത്തിന്റെയും പ്രശ്നമെന്ന്‌ കാടടച്ചുവെടിവയ്ക്കുന്ന ബുദ്ധിജീവികൾ തങ്ങളുടെ കപടഭാഷണങ്ങളിലൂടെ മറ്റുള്ളവരെക്കൂടി തെറ്റിദ്ധരിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. പങ്കുപറ്റാൻ സഭയ്ക്കും അവകാശമുണെ്ടന്ന വസ്തുത സെബാസ്റ്റ്യൻ പോൾ മനസിലാക്കുന്നത്‌ നന്നായിരിക്കും.



ഫാ. ജോസഫ്‌ കളത്തിൽ,

സെന്റ്‌ ജോർജ്ജ്‌ ഫൊറോന പള്ളി, കുളത്തുവയൽ, കോഴിക്കോട്‌.

ജ്യോതിബാസുവും പ്രതിക്കൂട്ടിലോ?

അന്തരിച്ച മാർക്ക്സിസ്റ്റ്‌ നേതാവ്‌ ജ്യോതിബാസുവിന്റെ വ്യക്തിത്വത്തെപ്പറ്റിയുള്ള ഒരു ഭിന്ന വീക്ഷണം. ജനുവരി 28ന്‌ ഇന്ത്യൻ എക്സ്പ്രസിന്റെ ഒമ്പതാം പേജിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്റെ പരിഭാഷയാണ്‌ ഇത്‌. ഇന്ത്യൻ എക്സ്പ്രസിൽ രാംദാസ്‌ മേനോൻ എഴുതിയ ലേഖനം പരിഭാഷപ്പെടുത്തിയത്‌ ഫാ. എ. അടപ്പൂർ. ഈ ലേഖനത്തിന്‌ ഇന്ത്യൻ എക്സ്പ്രസിനോട്‌ കടപ്പാട്‌.

അബ്ദുള്ളക്കുട്ടിയുടെ കണ്ണൂരിലും കെ.എസ്‌ മനോജിന്റെ ആലപ്പുഴയിലുമുണ്ടായ സമീപകാല സംഭവങ്ങൾ മാർക്ക്സിസ്റ്റ്‌ പാർട്ടിയുടെ നേതൃനിരയെ മാത്രമല്ല, അണികളെയും ഒരുപോലെ വിഷമസന്ധിയിലാക്കി. ജ്യോതിബാസുവിന്റെ മരണവാർത്ത, പക്ഷേ, അതെല്ലാം വെറും പഴങ്കഥയാക്കിയിരിക്കുകയാണിപ്പോൾ. അത്രയേറെ സ്നേഹോഷ്മളവും ആദരപൂർണവുമായ അംഗീകാരമാണ്‌ വിവിധ മേഖലകളിൽ നിന്നു ബാസുവിന്റെ മൃതമഞ്ചത്തെ തേടിയെത്തിയത്‌. അന്തരിച്ച ജനനേതാവിന്റെ നിസ്തുല മഹത്വത്തെ യഥാർഹം പ്രകീർത്തിക്കാൻ വാക്കുകിട്ടാതെ പല മഹാരഥന്മാരും ക്ലേശിക്കുന്നതായി കണ്ടു.

നിരീശ്വരത്വത്തിന്റെ പേരിൽ മാർക്ക്സിസ്റ്റുകാരുമായി കലഹിക്കുന്നവരുടെപോലും കരളലിയിക്കുന്നതായിരുന്നു സഖാവ്‌ ബാസു മദർ തെരേസയുമായി പുലർത്തിപ്പോന്ന ഗാഢസൗഹൃദം. പ്രത്യയശാസ്ത്രപരമായി വിരുദ്ധധ്രുവങ്ങളിൽ നിലയുറപ്പിച്ചിരുന്ന അവരെ പരസ്പരം യോജിപ്പിച്ചത്‌ ഇരുവർക്കും പാവപ്പെട്ടവരോടുള്ള കാരുണ്യാതിരേകമായിരുന്നത്രേ. കേരളം ഭരിക്കുന്ന മാർക്ക്സിസ്റ്റുകാർ മതന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേമേൽ ദുർവഹമായ നിയന്ത്രണങ്ങൾ അടിച്ചേൽപിച്ചപ്പോൾ കൽക്കട്ടയിലെ സെന്റ്‌ സേവ്യേഴ്സ്‌ കോളജിന്റെ വികസനത്തിനു ബാസു ഗവൺമെന്റ്‌ അഞ്ചേക്കർ നഗരഭൂമി സൗജന്യമായി നൽകി.

കുഷ്ഠരോഗികളുടെ സംരക്ഷണത്തിനുവേണ്ടി മദർ തെരേസ ആവിഷ്കരിച്ച പദ്ധതികളുടെ പൂർത്തീകരണത്തിനു ബാസു നൽകിയ സഹായസഹകരണങ്ങൾ ഉദാരവും നിരുപാധികവുമായിരുന്നു. ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ ഭരണാധിപൻ എന്ന നിലയിലും മനുഷ്യവ്യക്തി എന്ന നിലയിലും ബാസുവിന്റെ പ്രതിഛായ ആകാശംവരെ ഉയർന്നുനിൽക്കുന്നതായി കാണപ്പെടുന്നു.

അവിശ്വസനീയം എന്നു പറയട്ടെ ആ പൂജ്യവിഗ്രഹം തുരങ്കംവച്ചു നശിപ്പിക്കാൻ പറ്റിയ വിവരങ്ങളും ഇതോടൊപ്പം റിപ്പോർട്ടു ചെയ്യപ്പെടുന്നുണ്ട്‌. അക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയം പശ്ചിമബംഗാളിൽ ജനിച്ചു വളർന്ന മറുനാടൻ മലയാളി, രാംദാസ്‌ മേനോൻ, ഇന്ത്യൻ എക്സ്പ്രസിൽ പ്രസിദ്ധീകരിച്ച ലേഖനമാണ്‌. മാർക്ക്സിസ്റ്റ്‌ ലെനിനിസ്റ്റ്‌ കൊടിക്കീഴിൽ ദശലക്ഷക്കണക്കിനു നിരപരാധികളെ നിഷ്കരുണം കൊന്നൊടുക്കിയ സ്റ്റാലിൻ-മാവോ-പോൾ പോട്ടുകാരുടെ തനിപ്പകർപ്പായിരുന്നു ബാസു എന്നു ലേഖകൻ തുറന്നടിക്കുന്നു. പതിനെട്ടു കൊല്ലക്കാലം ആ ഭീകരഭരണം നേരിട്ടനുഭവിച്ചവനെന്നു സ്വയം വിശേഷിപ്പിക്കുന്ന മേനോന്റെ വെളിപ്പെടുത്തലുകൾ ആരെയും അമ്പരപ്പിക്കും. അവ മലയാളത്തിലാക്കിയപ്പോൾ മൂലത്തിലെ ആശയഗതിയോട്‌ പൂർണമായ വിശ്വസ്തത പുലർത്താൻ ആവുന്നത്ര ശ്രദ്ധിച്ചിട്ടുണെ്ടന്നുകൂടി ആമുഖമായി പ്രസ്താവിച്ചുകൊള്ളട്ടേ.



**************



ജ്യോതിയുടെ ബംഗാളിൽ കുട്ടികളായി വളർന്നുവന്ന ഞങ്ങൾ മെഴുകുതിരിവെട്ട ബാസു എന്നാണ്‌ അദ്ദേഹത്തെ വിളിച്ചിരുന്നത്‌. 23-കൊല്ലക്കാലം ദീർഘിച്ച ആ കാളരാത്രിക്കിടയിൽ ഒരിക്കലും ഞങ്ങൾ വൈദ്യുതിവിളക്ക്‌ ഉപയോഗിച്ചിട്ടില്ല. ഞാനിതു പറയാൻ കാരണമുണ്ട്‌. 1965-ൽ ജനിച്ച്‌ 1995-ൽ മധ്യവയസ്കനാകുംവരെ അവിടെ ജീവിച്ചവനാണു ഞാൻ. അതിനിടെ 18 കൊല്ലക്കാലം അയാളുടെ ദുർഭരണം സഹിക്കുകയും ചെയ്തിട്ടുണ്ട്‌.

ശാന്തമായിരുന്നു പഠിക്കാനോ സമാധാനത്തിൽ ഉറങ്ങാനോ കഴിഞ്ഞ ഒറ്റ ദിവസംപോലും ഉണ്ടായില്ല. ഗ്രീഷ്മകാലത്തെ ഉറക്കമില്ലാത്ത രാത്രികളും പ്രഭാതങ്ങളും ഞാൻ ഓർക്കുന്നു. ദിനരാത്രങ്ങൾ, ആഴ്ചകൾ, മാസങ്ങൾ വർഷങ്ങൾ എന്നിവ ഒന്നിനുശേഷം ഒന്നെന്നോണം ഇടതടവില്ലാതെ ഒഴുകിക്കൊണ്ടിരുന്നു. പതിനാലു മണിക്കൂർ പവർകട്ടിന്റെ നിസഹായതയിൽ ഞങ്ങൾക്ക്‌ ജീവിക്കേണ്ടിവന്നപ്പോൾ മന്ത്രിമന്ദിരത്തിന്റെ ശീതീകൃതമായ സുഖസൗകര്യങ്ങൾക്കിടയിലിരുന്നു സ്കോച്ച്‌ വിസ്കി നുണയുകയായിരുന്നു അദ്ദേഹം. അതേ, സാർ, ഒരു പക്കാ സായിപ്പായിരുന്നു ജ്യോതിബാസു. അറുപതുകളുടെ രണ്ടാംപാതിയിൽ പശ്ചിമബംഗാൾ സർക്കാർ എന്തുകൊണ്ട്‌ വൈദ്യുതിമേഖലയിൽ പണം നിക്ഷേപിച്ചില്ല? ഈ ചോദ്യത്തിനു ബാസു നൽകിയ മറുപടി പ്രസിദ്ധമാണ്‌. നമുക്കെന്തിനാ കൂടുതൽ വൈദ്യുതി? തിന്നാനോ? തന്റെ ഭരണത്തിൻ കീഴിലുള്ള ദരിദ്രരും നിരാലംബരും വൈദ്യുതി ഭക്ഷിക്കുമെന്നാണ്‌ ഈ മഹാനുഭാവൻ കരുതിയത്‌. അക്കാര്യത്തിൽ തനിക്കു തെറ്റുപറ്റിയെന്ന്‌ അദ്ദേഹം സമ്മതിക്കുകയും ചെയ്തു. പക്ഷേ, നമുക്കിപ്പോൾ വിഷയത്തിലേക്കു മടങ്ങാം.

വ്യവസായശാലകൾ രാപകൽ പൂട്ടിക്കിടന്നു. കിംഗ്ഫിഷർ വിമാനക്കമ്പനിയിലെ എയർ ഹോസ്റ്റസുമാരുടെ പാവാടത്തുമ്പ്‌ ഉയരുന്നതിനേക്കാൾ വേഗത്തിലാണു നാട്ടിൽ തൊഴിലില്ലായ്മ ഉയർന്നത്‌. എന്നിട്ടെന്തുണ്ടായി. ആണ്ടുതോറും വേനൽക്കാലത്ത്‌ വിദേശമൂലധനം ആകർഷിക്കാൻ അദ്ദേഹം ഇംഗ്ലണ്ടിൽ പോയി. സംസ്ഥാനത്തിനുള്ളിൽ ഘെരാവോകളും പണിമുടക്കുകളും പ്രതിഷേധജാഥകളും നിർബാധം തുടർന്നു. ഇന്നു ബംഗാൾ ചിന്തിക്കുന്നതെന്തോ അതായിരിക്കും നാളെ ഇന്ത്യ ചിന്തിക്കുക എന്ന ഗോഖലെയുടെ പ്രസ്താവം ബാസു, ഇന്ന്‌ ഇന്ത്യ ചെയ്യുന്നതൊന്നും എന്റെ ജീവിതകാലത്തു ബംഗാളിൽ നടക്കില്ല എന്നാക്കി മാറ്റി.

ഞാനോർക്കുന്ന വേറൊരു കാര്യം അക്രമമാണ്‌. ഏറ്റവും നിസാരമായ കാരണങ്ങളുടെ പേരിൽ അദ്ദേഹത്തിന്റെ ഗുണ്ടകൾ, സ്റ്റാലിൻ, മാവോ പോൾപ്പോട്ടുമാരുടെ 'പാവന' പാരമ്പര്യം പിന്തുടർന്ന്‌ ചോര മരവിപ്പിക്കുന്ന അക്രമങ്ങൾ അഴിച്ചുവിട്ടു. 1982-ൽ ഒരു സന്യാസിനി ഉൾപ്പെടെ 17 ആനന്ദമാർഗികളെ പട്ടാപ്പകൽ തല്ലിക്കൊന്നു. തെരുവുകളിൽ മനുഷ്യരക്തം തളംകെട്ടിക്കിടന്നു. ഞാൻ അത്‌ കണ്ടിട്ടുണ്ട്‌. അദ്ദേഹത്തിന്റെ ദുർഭരണത്തിനെതിരേ ജാഥ നയിച്ച മമതാ ബാനർജിയുടെ തല ഗുണ്ടകൾ തല്ലിപ്പൊളിച്ചതായും ഞങ്ങൾക്കറിയാം. കോൽക്കത്ത തുറമുഖ മേഖലയിലെ ഡെപ്യൂട്ടി പോലീസ്‌ കമ്മീഷണർ മേത്തയെ കീഡർപൂരിലെ ഇന്ദ്രിസ്മിയാന്റെ നേതൃത്വത്തിൽ കള്ളക്കടത്തുകാർ വെട്ടിക്കൊന്നു. അവർക്കു സംരക്ഷണം നൽകിയത്‌ ഡപ്യൂട്ടി സ്പീക്കർ കലിമുദീൻ ഷാംസ്‌ ആയിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ ഇന്ദ്രീസ്‌ പിടിയിലായി. ലാൽ ബസാർ പോലീസ്‌ സ്റ്റേഷനിലെ ലോക്കപ്പ്‌ മർദനത്തിൽ അയാൾ കൊല്ലപ്പെടുകയും ചെയ്തു. ഷാംസിനു പക്ഷേ, ഒന്നും സംഭവിച്ചില്ല.

അതിനു മുമ്പ്‌ ബാസു പ്രതിപക്ഷ നേതാവായിരുന്നപ്പോൾ യാത്രക്കൂലി രണ്ടുപൈസ കൂട്ടിയതിന്റെ പേരിൽ അദ്ദേഹത്തിന്റെ ഗുണ്ടകൾ ട്രാമുകളും ബസുകളും തീവച്ചു നശിപ്പിച്ചു. കോൽക്കത്ത നഗരത്തിലായിരുന്നു, അത്‌. ഗ്രാമങ്ങളിലാകട്ടെ, പാർട്ടി ലൈനിനോട്‌ നേരിയ എതിർപ്പു കാട്ടുന്നവർക്കുപോലും ശിക്ഷയുണ്ടായിരുന്നു. നിങ്ങൾ ഭാഗ്യവാനാണെങ്കിൽ നിങ്ങളുടെ കുറെ ശരീരഭാഗങ്ങൾ മാത്രമേ നഷ്ടപ്പെടുമായിരുന്നുള്ളൂ. അല്ലാത്തപക്ഷം മരണമാവും ഫലം.

കണ്ണൂരിലെ സിപിഎം-ആർഎസ്‌എസ്‌ സംഘട്ടനങ്ങളെപ്പറ്റി മാധ്യമങ്ങൾ സൂക്ഷ്മമായി റിപ്പോർട്ടു ചെയ്തതുകൊണ്ട്‌ ദേശീയതലത്തിൽ അവ കുപ്രസിദ്ധി നേടി. ആട്ടിൻതോലണിഞ്ഞ ഈ ചെന്നായ പക്ഷേ, പശ്ചിമബംഗാളിൽ ചെയ്തുകൂട്ടിയ അതിക്രമങ്ങളെപ്പറ്റി എന്തെങ്കിലും പരസ്യമായി പറയാൻ ആരും ധൈര്യപ്പെട്ടില്ല. തൊഴിലാളിവർഗത്തിന്റെ അവകാശങ്ങളേയും അവർക്കുവേണ്ടി മുറിവേൽക്കുന്ന തന്റെ ഹൃദയത്തെയുംപറ്റി ബ്രിട്ടീഷ്‌ ഉച്ചാരണശൈലിയിൽ ഇംഗ്ലീഷിൽ സംസാരിച്ചപ്പോഴൊക്കെ മാന്യതയുടെ പ്രതീതി പ്രസരിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.

നന്ദിഗ്രാം സംഭവങ്ങൾ ഉയർത്തിക്കാട്ടിയത്‌ ബാസുവിന്റെ ഈ കൊലയാളിസ്വഭാവമാണ്‌. പിന്നീടുണ്ടായ കൊലപാതകങ്ങൾക്കും നാശനഷ്ടങ്ങൾക്കുമായുള്ള വെടിക്കോപ്പ്‌ ചുമക്കുക മാത്രമാണ്‌ പാവം ബുദ്ധദേവ്‌ ചെയ്തത്‌. ഗുണ്ടകൾ ഒരു സ്ത്രീയെ നട്ടുച്ചനേരത്ത്‌ കൂട്ടമാനഭംഗത്തിനിരയാക്കിയ ബാന്താലാ സംഭവത്തെപ്പറ്റി ചോദിച്ചപ്പോൾ "ദാ ഇതൊക്കെ സംഭവിച്ചുകൊണ്ടിരിക്കും" എന്നു പറഞ്ഞ ആളാണദ്ദേഹം.

വിദ്യാഭ്യാസമേഖലയിൽ ഗവൺമെന്റ്‌ സ്കുളുകളിൽ ഇംഗ്ലീഷ്‌ ഭാഷാപഠനം നിർത്തലാക്കിക്കൊണ്ട്‌ അദ്ദേഹം ഒറ്റയടിക്ക്‌ ബംഗാളിനെ ചുരുങ്ങിയതു പത്തുകൊല്ലം പിന്നിലാക്കി. ഇംഗ്ലണ്ടിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനമായ മിഡിൽ ടെംപിളിൽനിന്നുള്ള ഇംഗ്ലീഷ്‌ വിദ്യാഭ്യാസമാണ്‌ അദ്ദേഹത്തിനു ലഭിച്ചത്‌.

വ്യവസായിയായ പുത്രൻ ചന്ദ്രന്റെ ബിസ്കറ്റ്‌ ഫാക്ടറിയിൽ ഒരിക്കലും പണിമുടക്കുണ്ടാവില്ലെന്ന്‌ അദ്ദേഹം ഉറപ്പുവരുത്തി. ബാസു ഭരിച്ച വെസ്റ്റ്‌ ബംഗാളിന്റെ മറ്റു ഭാഗങ്ങളിലാകട്ടെ അക്രമങ്ങൾ അടിക്കടി പെരുകി. ഒടുവിൽ സമ്പൂർണ കുഴപ്പത്തിൽ കാര്യങ്ങളെത്തി. ഭവനരഹിതരുടെയും മർദിതരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും മാത്രമല്ല എല്ലാവിധ നിരാലംബരുടേയും സ്വയംനിയമിത നേതാവായിരുന്നു, ജ്യോതിബാസു. ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു വൻകിട വ്യവസായിയുടെ അടുത്ത ബന്ധുവിനെ മകൻ വിവാഹം ചെയ്തപ്പോഴും അദ്ദേഹം മിണ്ടിയില്ല. ചെറുമക്കളെ കോൽക്കത്തയിലെ ഇന്റർനാഷണൽ സ്കൂളിൽ ചേർത്തപ്പോഴും മുത്തച്ഛൻ ജ്യോതിബാസു എതിർത്തില്ല. അവസാനം പാർട്ടിക്കാരിൽനിന്നുവരെ പ്രതിഷേധം ഉയർന്നപ്പോൾ ബാസു തന്റെ ഇംഗ്ലീഷ്‌ വിരുദ്ധ തീരുമാനം റദ്ദാക്കാൻ നിർബന്ധിതനായി. അവരും സ്വന്തം മക്കളെ ഇംഗ്ലീഷ്‌ മീഡിയം സ്കൂളിൽ അയയ്ക്കാൻ തുടങ്ങിയിരുന്നു.

സിപിഎം കൊള്ളക്കാരുടെയും ഗുണ്ടകളുടെയും താവളമാണെന്നു ബുദ്ധദേവ്‌ ഒരിക്കൽ പറഞ്ഞു. അന്നദ്ദേഹം വാർത്താവിതരണവകുപ്പിന്റെ മന്ത്രിയായിരുന്നു. അങ്ങനെ പറഞ്ഞതിനു മുഖ്യമന്ത്രി ബാസു അദ്ദേഹത്തെ ശാസിക്കുകയും പുറത്തേക്കുള്ള വഴി കാട്ടുകയും ചെയ്തു. രണ്ടു കൊല്ലത്തിനുശേഷം കൂടുതൽ വിനയാന്വിതനായിത്തീർന്ന ബുദ്ധദേവ്‌ ചാക്കുവസ്ത്രവും ചാരവുമണിഞ്ഞാണ്‌ പഴയ ലാവണത്തിൽ മടങ്ങിയെത്തിയത്‌.

മദ്യപൻ ലഹരി കൊതിക്കുന്നതുപോലെ, അല്ലെങ്കിൽ ഇപ്പോഴത്തെ ശൈലിയിൽ പറഞ്ഞാൽ എൻ.ഡി തിവാരിക്കു മദാലസകളോടുള്ള കമ്പംപോലെ ബാസു അധികാരം കൊതിച്ചു. ഒരാൾ ഇഷ്ടപ്പെടുന്നത്‌ കൊതിക്കുന്നതിൽ അടിസ്ഥാനപരമായി തെറ്റൊന്നുമില്ല. തത്ത്വങ്ങൾക്കുവേണ്ടി സ്വന്തം അധികാരക്കസേര ഉപേക്ഷിക്കാൻ സദാ സന്നദ്ധനും തികച്ചും സ്വാർഥരഹിതനും പരമസാത്വികനുമായി ബാസുവിനെ ചിത്രീകരിക്കാൻ ഇന്നത്തെ പ്രമുഖ പത്രങ്ങൾക്കുള്ള പ്രവണത കണക്കിലെടുത്താണ്‌ ഞാനിതു പറയുന്നത്‌.

മതനിരപേക്ഷതയേയും ജാതിവിരുദ്ധതയേയുമൊക്കെ പുകഴ്ത്തി പറഞ്ഞിരുന്ന ജ്യോതിബാസുവിന്റെ മന്ത്രിസഭയിൽ ഭട്ടാചാര്യമാരും, മുഖർജിമാരും ഗാംഗുലിമാരും ചാറ്റർജിമാരും ബോസുമാരും സെൻമാരും അടക്കമുള്ള ഉന്നതജാതിക്കാർക്കു മാത്രമേ ഇടം ലഭിച്ചിരുന്നുള്ളൂ. ലാൻഗഡിൽ എന്താണു സംഭവിക്കുന്നതെന്നാണ്‌ നിങ്ങളുടെ വിചാരം? സിപിഎമ്മിനു വോട്ടു ചെയ്യുന്നതാണ്‌ അവർക്ക്‌ ഏറ്റവും നല്ലതെന്ന്‌ ആവർത്തിച്ചു പറഞ്ഞുകൊണ്ട്‌ ഗോത്രവർഗക്കാരെയും കീഴ്ജാതിക്കാരെയും ചൂഷണം ചെയ്യുന്ന നയം ബാസു തുടർന്നു.

ചുണ്ടുകൾക്കിടയിൽ ഹവാനാ സിഗററ്റുമായി നടക്കുന്ന മികച്ച സംഘാടകനായ പ്രമോദ്‌ ദാസ്‌ ഗുപ്തയായിരുന്നു, 1977-ലെ തെരഞ്ഞെടുപ്പ്‌ വിജയത്തിന്റെ മുഖ്യശിൽപി. ദുരൂഹമായ കാരണങ്ങളാൽ, പക്ഷേ, അധികാരക്കസേരയിൽനിന്ന്‌ അദ്ദേഹം അകന്നുനിന്നു. പാർട്ടി പ്രവർത്തനങ്ങളിൽ മുഴുകാനായിരുന്നു ദാസ്ഗുപ്തയുടെ തീരുമാനം. ഭരണഭാരം അദ്ദേഹം സ്കോച്ച്‌ നുണയുന്ന അവശ ജനനേതാവിനു വിട്ടുകൊടുത്തു. സ്കോച്ചിന്റെയും സിഗാറിന്റെയും കാര്യം ആവർത്തിച്ചുപറയുന്നത്‌ ബോധപൂർവമാണ്‌. കാരണം ഒരു പെട്ടി ഹവാനാ സിഗാറോ ഒരു കുപ്പി സ്കോച്ച്‌ വിസ്കിയോ വാങ്ങാൻ വേണ്ടിയിരുന്നത്‌ ബാസു വും ഗുപ്തയും നയിച്ച തൊഴിലാളികളുടെ ഒരാഴ്ചയിലേറെക്കാലത്തെ കൂലി ആയിരുന്നു. ദാസ്ഗുപ്തയുടെ ആകസ്മിക മരണത്തിനു ശേഷം ഗവൺമെന്റിന്റേയും പാർട്ടിയുടേയും മേൽ ബാസുവിനു പൂർണമായ ആധിപത്യം ലഭിച്ചു. അധികാരം അഴിമതിക്കു വളംവച്ചു. ആധിപത്യം പൂർണമായപ്പോൾ അഴിമതിയും പൂർണമായി. മുലായംമാരും ലാലുമാരും വോട്ടെടുപ്പു നാളിലാണ്‌ തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചിരുന്നതെങ്കിൽ നമ്മുടെ ബാരിസ്റ്റർ ബാസുവാകട്ടെ, അത്തരം കാടത്തങ്ങളെ വെറുപ്പോടെയാണ്‌ വീക്ഷിച്ചത്‌. വോട്ടർപട്ടിക മാറ്റിമറിച്ചുകൊണ്ട്‌ അഞ്ചുകൊല്ലം നേരത്തെതന്നെ അദ്ദേഹം അട്ടിമറി തുടങ്ങിവച്ചു. ടി.എൻ ശേഷനെപ്പോലുള്ളവരാരും അക്കാലത്തില്ലായിരുന്നു. തന്മൂലം ബാസുവിനു യഥേഷ്ടം എന്തും ചെയ്യാമായിരുന്നു. ലക്ഷക്കണക്കിനാളുകളുടെ പേരുവിവരങ്ങൾ പെട്ടെന്നു വോട്ടർപട്ടികയിൽനിന്നു വെട്ടിനീക്കപ്പെട്ടു. പാർട്ടിക്കാർ ഭരണത്തിന്റെ എല്ലാ മേഖലകളിലേക്കും നുഴഞ്ഞുകയറി. വിദ്യാലയങ്ങളിലെയും കോളജുകളിലെയും സർവകലാശാലകളിലെയും അധ്യാപകസമൂഹം, ജുഡീഷ്യറിയുടെ കീഴ്ഘടകങ്ങൾ, പഞ്ചായത്തുകൾ, താഴേക്കിടയിലെ സർക്കാർ ഉദ്യോഗസ്ഥർ, പോലീസ്‌ ഇവയിലെല്ലാം നുഴഞ്ഞംകയറ്റം നിർബാധം നടന്നു.

ഗവൺമെന്റ്‌ സംവിധാനം ഒന്നടങ്കം പാർട്ടി പ്രവർത്തകരുടെ സമ്പൂർണ നിയന്ത്രണത്തിലായി. അവർ അനുദിനം ശക്തിയാർജിച്ച്‌ വളർന്നു. ഇന്ത്യയിലെ ബാക്കി പ്രദേശങ്ങൾ വെറുതേ നോക്കിനിന്നു. മാത്രമല്ല, പഞ്ചായത്തീരാജ്‌ എന്ന പദത്തിനു പുതിയൊരർഥം നൽകിയ ജനനേതാവെന്ന നിലയിൽ ബാസുവിനെ അഭിനന്ദിക്കുകയും ചെയ്തു. ഇതെല്ലാമായിട്ടും ജനം അദ്ദേഹത്തെ ഒരു മാന്യൻ ആയി കരുതുന്നു. ബാസു സ്വന്തം വാക്കുകളിൽ വിശേഷിപ്പിക്കുന്നത്‌ "ഞാൻ ഒരു മാന്യനല്ല, കമ്യൂണിസ്റ്റാണ്‌" എന്നാണ്‌.

ബംഗാളിലെ കമ്യൂണിസ്റ്റ്‌ ഭരണത്തിന്റെ വമ്പിച്ച നേട്ടങ്ങൾ 1977 മുതൽ 1982 വരെയുള്ള കാലയളവിലായിരുന്നു. അക്കാലത്താണ്‌ അടിസ്ഥാന ഭൂപരിഷ്കാരത്തിന്റെ ഭാഗമെന്നോണം "ഓപ്പറേഷൻ ബർഗ" അരങ്ങേറിയത്‌. തൊഴിലാളികൾ കൃഷിഭൂമിയുടെ ഉടമകളായി. അതിനു പ്രത്യുപകാരം ബാസു അവരിൽനിന്നു പിടിച്ചുവാങ്ങി.

അവരെയെല്ലാം പാർട്ടിയുടെ ഹിതാനുവർത്തികളാക്കി മാറ്റി. നെപ്പോളിയൻ പലപ്പോഴും ശരി മാത്രമേ ചെയ്യൂ എന്നാണല്ലോ പ്രമാണം. ബംഗാളിലെ ഭൂപരിഷ്കരണം നാനിഗോപാൽ ഭട്ടാചാര്യയുടെ എന്റെ ഓർമ ശരിയാണെങ്കിൽ കരവേല ആയിരുന്നു. ആ ഒരൊറ്റ ഓപ്പറേഷൻ വഴി മാർക്ക്സിസ്റ്റ്‌ പാർട്ടിക്ക്‌ ബംഗാളിൽ കരുത്തുറ്റ ഒരു പ്രവർത്തകവ്യൂഹത്തെ സ്വന്തമായി ലഭിച്ചു. അവരുടെ പിൻബലത്തോടെ പാർട്ടി ഭീകരഭരണം അഴിച്ചുവിട്ടു.

ജ്യോതിബാസുവിന്റെ ഏറ്റവും വലിയ സംഭാവന വർഗീയതയെ നിയന്ത്രണവിധേയമാക്കിയതാണ്‌. ഇന്ദിരാഗാന്ധി വധിക്കപ്പെട്ടശേഷം പൊട്ടിപ്പുറപ്പെട്ട സിക്ക്‌ വിരുദ്ധ നീക്കങ്ങളെ പന്ത്രണ്ടു മണിക്കൂറിനുള്ളിൽ ബാസു തടഞ്ഞുനിർത്തി. തമിഴ്‌നാടു പോലുള്ള സംസ്ഥാനങ്ങളിൽ സംഭവിച്ചതുപോലെ ജാതിപ്പേരിന്റെ വേലിയേറ്റം ബംഗാളിൽ ഉണ്ടായില്ല. അക്കാരണത്താലാണ്‌ നമ്മെപ്പോലുള്ള മധ്യവർഗ ദക്ഷിണേന്ത്യക്കാർക്കും എൻജിനീയറിംഗ്‌-മെഡിക്കൽ വിദ്യാഭ്യാസം ഏറെക്കുറെ സൗജന്യമായി ബംഗാളിൽ ലഭിച്ചത്‌.

സ്റ്റാലിന്റെ പ്രതിമകൾ റഷ്യയിലും സദ്ദാമിന്റേത്‌ ഇറാക്കിലും മറിച്ചിടപ്പെട്ടതുപോലെ പശ്ചിമബംഗാളിലും ജ്യോതിബാസുവിന്റെ ശേഷിപ്പുകൾ ഏറെ വൈകാതെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക്‌ വലിച്ചെറിയപ്പെടും; തീർച്ച. ആ ദുരന്തത്തിന്റെ ഉത്തരവാദിത്വം പക്ഷേ ഒരു നല്ല മനുഷ്യന്റെമേൽ ആരോപിക്കപ്പെടും എന്നതത്രേ ഏറ്റവും വലിയ സങ്കടം.

February 4, 2010

ജനപ്രതിനിധികൾ മതചടങ്ങുകളിൽ പങ്കെടുക്കരുത്‌ - >> എല്ലാം പകൽപോലെ വ്യക്തം !

ജനപ്രതിനിധികൾ മതചടങ്ങുകളിൽ പങ്കെടുക്കരുത്‌ - എന്തിനാ പേടിക്കുന്നേ..?

^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^

  • മതാചാരം സംബന്ധിച്ച്‌ നേരത്തെ സ്വീകരിച്ച നിലപാടിൽ മാറ്റം വരുത്തേണ്ടതില്ല.
  • ഇക്കാര്യത്തിൽ ഇനി യാതൊരുവിധ ചർച്ചയുടേയും ആവശ്യമില്ല.
  • പാർട്ടിയംഗങ്ങളായ ജനപ്രതിനിധികൾ മതാചാരങ്ങളിലോ മതചടങ്ങുകളിലോ പങ്കെടുക്കരുത്‌.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
പ്രമുഖ പ്രത്യയശാസ്ത്ര പാർട്ടിനേതാക്കളുടെ വിശദീകരണം പ്രബുധരായ കേരളീയർക്ക്‌ ഇനി ആരും വിശദീകരിച്ചു നൽകേണ്ടതില്ല... എല്ലാം പകൽപോലെ വ്യക്തം .. മതം വേണ്ടവൻ താഴെ തൂപ്പുജോലി ചെയ്താൽ മതി. എല്ലാവന്റെയും വോട്ട്‌ ഞങ്ങൾ പറഞ്ഞുപറ്റിച്ചു വാങ്ങും... മതത്തെ വേണ്ടിവന്നാൽ ഒതുക്കും ... ഇല്ലാതാക്കും... പീഡിപ്പിക്കും...നശിപ്പിക്കാൻ ശ്രമിക്കും ....

അപ്പോൾ സ്വാശ്രയം ഒന്നും അല്ലായിരുന്നു പ്രശ്നം... ഏകജാലകം ഒന്നും ഒരു പ്രശ്നമേ അല്ലാ..

മതം ജനങ്ങളെ സ്വാധീനിക്കുന്നു.. മതം ജനപ്രതിനിധികളെ സ്വാധീനിക്കുന്നു.. മതം സമൂഹത്തെ സ്വാധീനിക്കുന്നു..

കേരളമേ നിന്റെ ഭാവി ... ? മൂടുപടമണിഞ്ഞ "കോമാളികൾ" നിന്റെ ഭാവി ഇരുളടഞ്ഞതാക്കുമോ ???



നല്ലതിനായി പ്രാർത്ഥിക്കാം ... നല്ല നാളയെ പ്രതീക്ഷിക്കാം..