മാര്‍ ജോസഫ് കല്ലറങ്ങാട്ട്
മാര്‍ക്സിയന്‍ തിക്തകം കലര്‍ന്ന കേരള പാഠാവലികള്‍, ഇവിടത്തെ വിദ്യാഭ്യാസ-സാംസ്ക്കാരിക കമ്പോളത്തിലെ ഏറ്റവും വില കുറഞ്ഞ ഓഹരികള്‍ ആയിരിക്കുകയാണ്. ഒരു രാജ്യത്തെ സാംസ്ക്കാരിക- ധാര്‍മിക നിയമാവലി തെറ്റിക്കാതെ നേര്‍വഴിക്ക് നയിക്കുന്നത് അവിടുത്തെ പാഠപുസ്തകങ്ങളാണ്. എന്നാല്‍ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിലെ ടെക്സ്റ്റുബുക്കുകള്‍ സംസ്ഥാനത്തിന്റെയും സര്‍ക്കാരിന്റെയും പതനം പ്രവചിക്കുന്ന മാധ്യമങ്ങള്‍ ആയിക്കഴിഞ്ഞിരിക്കുകയാണ്. "എന്റെ മരം" എന്ന വിഷവൃക്ഷം മുറിച്ചുമാറ്റാന്‍ അനേകര്‍ ആവശ്യപ്പെട്ടതാണ്. ഇപ്പോഴിതാ മതവിദ്വേഷമെന്ന അജണ്ടയില്‍ പൊതിഞ്ഞ് കമ്മ്യൂണിസ്റ്റ് മൂശയില്‍ വാര്‍ത്തെടുത്ത പാഠാവലികള്‍ പുറത്തുവന്നിരിക്കുന്നു. പ്രത്യയശാസ്ത്രഭാരം കൊണ്ട് നമ്രശിരസ്കരായി നില്‍ക്കുകയാണവയെല്ലാം. നാള്‍തോറും ശിഥിലമായിക്കൊണ്ടിരിക്കുന്ന മാര്‍ക്സിസ്റ്റ് ചിന്തകള്‍ ഉപയോഗിച്ച്, നൂറ്റാണ്ടുകള്‍ പഴക്കമുള്ള മത-സാംസ്ക്കാരിക മൂല്യങ്ങളെയും വിദ്യാഭ്യാസപാരമ്പര്യങ്ങളെയും പന്താടുകയാണല്ലോ. കേരളപാഠാവലി കമ്യൂണിസ്റ്റ് ചിത്രംവരയ്ക്കുന്ന ചുമപ്പുചുമരുകളായി തരംതാഴാന്‍ പാടില്ല. ഈ പാഠാവലിയെ നാം ക്ഷമാപൂര്‍വ്വം അപഗ്രഥിക്കേണ്ടതുണ്ട്, ധൈര്യപൂര്‍വ്വം പ്രതികരിക്കേണ്ടതുണ്ട്
മൂല്യസമൃദ്ധമായ ഒരു ഭാവിയിലേയ്ക്ക് ഉറ്റുനോക്കുന്ന വിദ്യാര്‍ത്ഥി സമൂഹത്തെ സൃഷ്ടിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ഈ പാഠപുസ്തകങ്ങള്‍ ആകസ്മികമായി പിറന്നതല്ല. വൈരാഗ്യബുദ്ധി ഒട്ടും പാടില്ലാത്ത രംഗമാണ് വിദ്യാഭ്യാസമെന്നത് ഒരു അന്തര്‍ദേശീയ കീഴ്‌വഴക്കമാണ്. സ്വാശ്രയനിയമം, കെ.ഇ.എ.ആര്‍ പരിഷ്കരണം, ഏകജാലക പ്രവേശനരീതി തുടങ്ങി പാതിപോലും വേകാത്ത വിഭവങ്ങളുമായി രംഗത്തുവന്ന സര്‍ക്കാര്‍ ഇപ്പോള്‍ വര്‍ഗീയതയുടെ ഭാഷ നിറഞ്ഞ പാഠപുസ്തകങ്ങളുമായി എത്തിയിരിക്കുകയാണ്. മാനേജുമെന്റിനെതിരെ നിരന്തരമായ ആരോപണങ്ങളുമായി എത്തുന്ന സര്‍ക്കാര്‍, സ്വാശ്രയവിഷയത്തില്‍ സര്‍ക്കാരിന് നേരിടേണ്ടിവന്ന ഭീമമായ തിരിച്ചടിക്കുള്ള പകപോക്കല്‍ നടത്തുകയാണ്. "ജാതിമത സംഘടനകളുടെ വിദ്യാഭ്യാസരംഗത്തുള്ള മൗലികവാദപരമായ ഇടപെടലുകള്‍, കുട്ടികളില്‍ മതമൗലികവാദം അടിച്ചേല്‍പിക്കാനുള്ള പ്രവണത, അതിന്റെ ഫലമായി വിദ്യാര്‍ത്ഥികളില്‍ രൂപപ്പെട്ടുവരുന്ന ജാതീയവും മതപരവുമായ അസഹിഷ്ണുത, ജനാധിപത്യപ്രക്രിയികളോടുള്ള അരാജകത്വ സ്വഭാവമുള്ള വിമുഖത, വര്‍ദ്ധിച്ചുവരുന്ന അസമത്വം, ആക്രമണോത്സുകത, വിപണി കേന്ദ്രീകൃതമായ പുത്തന്‍ ആത്മീയത, ശിഥിലമാകുന്ന കുടുംബബന്ധങ്ങള്‍, സ്ത്രീ - പുരുഷ ബന്ധങ്ങളില്‍ സംഭവിക്കുന്ന മൂല്യച്യുതി, അന്ധമായ ധനതൃഷ്ണ, വളര്‍ന്നുവരുന്ന ഗുണ്ടാ-മാഫിയാ സംസ്ക്കാരം, ലഹരി പദാര്‍ത്ഥങ്ങളോട് യുവത്വം പ്രകടിപ്പിക്കുന്ന അമിതാസക്തി, സംസ്കാരത്തെയും വിദ്യാഭ്യാസത്തെയും വര്‍ഗ്ഗീയവല്‍ക്കരിക്കാനുള്ള പ്രവണത തുടങ്ങിയ സാമൂഹ്യപ്രശ്നങ്ങള്‍ വളര്‍ന്നുവരുന്ന തലമുറയെ ശരിയായ ദിശയില്‍ വിദ്യാഭ്യാസം നല്‍കി വളര്‍ത്താന്‍ പ്രേരണ നല്‍കുന്നു." കേരള വിദ്യാഭ്യാസചട്ടക്കൂട്ടിലെ മേലുദ്ധരിച്ച കാര്യം വ്യക്തമാകുന്നത് സാമൂഹ്യതിന്മകള്‍ക്കും അസമത്വത്തിനും കാരണം മതവും മതാത്മകമൂല്യങ്ങളുമാണെന്നാണ്. സത്യവിരുദ്ധവും ബലഹീനവുമായ ഇത്തരമൊരു നിലപാട് സ്വീകരിച്ചതിന്റെ പിന്നിലെ ആശയം വ്യക്തമാക്കുന്നതാണ് തുടര്‍ന്നുള്ള പേജില്‍ പൗരബോധത്തെക്കുറിച്ചു പറയുന്ന ഭാഗം: "യുക്തിചിന്തയും ചരിത്രബോധവും രാഷ്ട്രീയവീക്ഷണവും ഉള്‍ക്കൊള്ളുന്നതായിരിക്കണം പൗരബോധം." ഈ കാഴ്ചപ്പാടിനു പിന്നിലെ പ്രത്യയശാസ്ത്രനിറം ആര്‍ക്കാണ് മനസ്സിലാകാത്തത്. വിമര്‍ശനാത്മകപഠനം എന്ന പേരില്‍, കമ്യൂണിസ്റ്റ് കാഴ്ചപ്പാടിനെതിരായി സമൂഹത്തില്‍ നിലവിലുള്ള, അതായത് സമൂഹം പിന്തുടരുന്ന ആചാരം, വിശ്വാസം തുടങ്ങി എല്ലാറ്റിനെയും അട്ടിമറിക്കാനുള്ള ശ്രമമാണ് ഈ വിദ്യാഭ്യാസചട്ടക്കൂടിനുള്ളത് (കെ.സി.എഫ്). ജാതി, മത സംവിധാനങ്ങളോടുള്ള കമ്യൂണിസ്റ്റ് മനോഭാവം വ്യക്തമാക്കുന്ന ഈ നിര്‍ദ്ദേശങ്ങളെ (കെ.സി.എഫ് ന്റെ) പ്രാവര്‍ത്തികമാക്കാനുള്ള നിര്‍ദ്ദേശമാണ് പുതിയ കെ.ഇ.എ.ആര്‍ റിപ്പോര്‍ട്ടിലുള്ളത്. "പ്രവേശനസമയത്ത് കുട്ടിയുടെ ജാതിയും മതവും രേഖപ്പെടുത്തുന്നത് നിര്‍ബന്ധമില്ല" എന്ന വ്യവസ്ഥതന്നെ ഒരു ഉദാഹരണം. കെ.സി.എഫ്, കെ.ഇ.എ.ആര്‍ എന്നിവയിലെ മേലുദ്ധരിച്ച വിവരങ്ങളുടെ വെളിച്ചത്തില്‍വേണം പുതിയ പാഠപുസ്തകങ്ങളിലെ സമീപനത്തെയും പരാമര്‍ശങ്ങളെയും നോക്കിക്കാണാനും വിലയിരുത്താനും. അതുപോലെതന്നെ അധ്യാപകപരിശീലനത്തിന് കൊടുത്തിരിക്കുന്ന മാര്‍ഗ്ഗരേഖയിലെ വഴിതെറ്റിയ നിര്‍ദ്ദേശങ്ങളും നാം തിരിച്ചറിയണം
കേരള പാഠാവലി സാമൂഹ്യശാസ്ത്രം, ക്ലാസ്സ് 7, നിര്‍ബന്ധമായും അപഗ്രഥിച്ചു വിലയിരുത്തേണ്ട ഒന്നാണ്. ഈ പുസ്തകത്തിലൂടെ സര്‍ക്കാര്‍ മതവിശ്വാസികളുടെ മൂക്കിനുനേരെ മുഷ്ടിചുരുട്ടി നില്‍ക്കുകയാണ്. എസ്.സി.ഇ.ആര്‍.ടി. ഡയറക്ടര്‍ പ്രൊഫ. എം.എ. ഖാദര്‍ 'പ്രശ്നങ്ങളെ അറിയലല്ല, അതില്‍ ഇടപെടലാണ് വരുംകാല ക്ലാസ്സ്മുറികളില്‍ ലക്ഷ്യം വയ്ക്കുന്നത്' എന്ന കുറിപ്പോടെ തയ്യാറാക്കിയിരിക്കുന്ന കേരളത്തിലെ 7-ാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രപുസ്തകം, കാലഹരണപ്പെട്ട കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ കുരുന്നുമനസ്സുകളില്‍ കുത്തിവയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇതിന് വാസ്തവത്തില്‍ ഒരു പാഠപുസ്തകത്തിന്റെ കുലീനത്വമില്ല. വിദ്വേഷം വളര്‍ത്താന്‍ അച്ചടിച്ചു വിതരണം ചെയ്യുന്ന ഒരു ലഘുലേഖയ്ക്ക് സമാനമാണിത്. ഏതോ കുബുദ്ധികളുടെ വിലകുറഞ്ഞ ചിന്തകളെ കുത്തിനിറച്ച് അതിന് ചില മാര്‍ക്സിസ്റ്റ് പ്രവര്‍ത്തകരുടെ വിവരണങ്ങളും, തികച്ചും അപ്രധാനങ്ങളായ ചില ഗ്രന്ഥങ്ങളും അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ഈ പുസ്തകം യഥാര്‍ത്ഥ സാമൂഹ്യശാസ്ര്തത്തിന്റെ 'കോലം' മാത്രമാണ്. 'ധാര്‍മിക മാനദണ്ഡങ്ങള്‍ പാലിക്കാന്‍ നാം പരാജയപ്പെടുമ്പോള്‍ ഏത് വലിയ സംസ്കാരവും അതിന്റെ ഉള്ളില്‍ത്തന്നെ അതിന്റെ നാശത്തിന്റെ വിത്തും വിതയ്ക്കുന്നുണ്ട്" എന്ന ബര്‍ട്രാന്റ് റസ്സലിന്റെ വാക്കുകള്‍ നാം ഓര്‍മ്മിക്കുന്നത് നല്ലതാണ്
അധ്യായം ഒന്ന് 'മണ്ണിനെ പൊന്നാക്കല്‍'
ജാതി കുടിയാന്‍ ബന്ധത്തിന്റെ പഴകിയ കഥകള്‍ ഇന്റര്‍നെറ്റ് യുഗത്തിലെ വിവരമുള്ള കുഞ്ഞുങ്ങളുടെ മുമ്പില്‍ വിളമ്പുന്ന കാലഹരണപ്പെട്ട പ്രത്യയശാസ്ത്രത്തിന്റെ ഉടമസ്ഥരുടെ അവിവേകമെന്ന് ഈ അധ്യായത്തെ വിലയിരുത്താം. ശ്രീ. എ.കെ. ഗോപാലന്‍ എന്ന കമ്യൂണിസ്റ്റുകാരനെയും ചില അപ്രശസ്ത ഗ്രന്ഥകാരന്മാരെയും അവരുടെ ഗ്രന്ഥങ്ങളെയും പരിചയപ്പെടുത്തലാണ് ഈ അധ്യായത്തിന്റെ കാതല്‍. 1957ലെ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ വിലകുറഞ്ഞ പരിഷ്്കാരങ്ങളെ 50 വര്‍ഷം കഴിഞ്ഞിട്ടും സജീവമാക്കാനുള്ള ശ്രമമാണ് ഇവിടെ നടത്തിയിരിക്കുന്നത്. ഇതിന്റെ വെളിച്ചത്തില്‍ സ്വന്തം പ്രദേശത്തെ ജന്മിമാരെ കണെ്ടത്തുവാന്‍ കുട്ടികളോട് ആവശ്യപ്പെടുന്നതുവഴി വര്‍ഗസമരം എന്ന കാലഹരണപ്പെട്ട ആശയം വീണ്ടും കൊണ്ടുവരികയും സമൂഹത്തെ രണ്ടുവിഭാഗമായി തിരിച്ചുനിര്‍ത്തി അവരെ തമ്മില്‍ തല്ലിക്കുന്നതിനുള്ള ശ്രമം നടത്തുകയുമാണ്
പാര്‍ട്ടിഗ്രൂപ്പുകളിലും സ്റ്റഡിക്ലാസ്സുകളിലും നിന്നു പൊതുവിദ്യാഭ്യാസമേഖലയിലേയ്ക്കുള്ള കമ്യൂണിസ്റ്റ് ചിന്താഗതികളുടെ നുഴഞ്ഞുകയറ്റമാണ് ഇവിടെ നാം കാണുന്നത്. അതും നിലവിലിരിക്കുന്ന എല്ലാത്തിനെയും വെറുക്കുവാനും വിമര്‍ശിക്കുവാനുമുള്ള ശക്തമായ ആഹ്വാനത്തോടെ. നെല്‍കൃഷി ഇറക്കി കൊയ്യാന്‍ചെന്ന തൊഴിലാളികളെ ഘെരാവോ ചെയ്തും, കൊയ്ത്തുയന്ത്രം പാടത്ത് ഇറക്കുവാന്‍ അനുവദിക്കാതെ പാര്‍ട്ടി ഓഫീസുകളിലെ കല്‍പനപ്രകാരം തടസപ്പെടുത്തിയും അരിവില വര്‍ദ്ധിപ്പിച്ചും അരി നല്‍കാതെയും പട്ടിണിക്കിട്ട സര്‍ക്കാരിന് എന്ത് ധാര്‍മികഅര്‍ഹതയുണ്ട് കേരളത്തിലെ നെല്‍കൃഷിയെക്കുറിച്ചും, കൃഷി ഒരു 'സംസ്കാരമായി' വളര്‍ത്തണമെന്നും കുട്ടികളോട് പറയുവാന്‍. ചെങ്ങറയില്‍ ഭൂമി ഇല്ലാത്തവര്‍ സമരം നടത്തിയപ്പോഴും, എറണാകുളത്തു ജെ.സി.ബി. ഉപയോഗിച്ച് മൂലമ്പള്ളി നിവാസികളുടെ വീടുകള്‍ നിഷ്കരുണം തകര്‍ത്ത് ഇറക്കിവിട്ടപ്പോഴും ഈ സര്‍ക്കാരിന്റെ ഫാസിസ്റ്റുമുഖമാണ് തിരിച്ചറിയേണ്ടതെന്ന് അധ്യാപകര്‍ കുട്ടികളെ പഠിപ്പിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവുമോ? നെല്‍പ്പാടം മൂടി ബാറുകളും വീടുകളും നിര്‍മ്മിച്ച പാര്‍ട്ടിനേതാക്കന്മാരെ പരിചയപ്പെടുത്തുകകൂടി ചെയ്താലോ? കേരളത്തില്‍ നന്മ കൊണ്ടുവന്നത് കമ്മ്യൂണിസ്റ്റുകാരാണെന്ന അസത്യം പഠിപ്പിക്കുവാന്‍ പാഠാവലികള്‍ ഉപയോഗിക്കുന്നത് എത്രയോ നിര്‍ഭാഗ്യകരം
അധ്യായം രണ്ട്: മനുഷ്യത്വം വിളയുന്ന ഭൂമി
മലപ്പുറം ജില്ലയിലെ പന്തല്ലൂര്‍ ജി.എല്‍.പി. സ്കൂളില്‍ 1924-ല്‍ ചേര്‍ന്ന 23 കുട്ടികളുടെ അഡ്മിഷന്‍ രജിസ്റ്റര്‍ എടുത്തുചേര്‍ത്ത് കുട്ടികളില്‍ ജാതിസ്പര്‍ദ്ധ ബോധപൂര്‍വ്വം വളര്‍ത്താനുള്ള ഒരു ശ്രമത്തോടെയാണ് പാഠഭാഗത്തിന്റെ ആരംഭം. 23 കുട്ടികളില്‍ കൂടുതലും ഏത് ജാതിയില്‍ പെട്ടവരായിരുന്നു എന്ന ചോദ്യവും, ജാതീയ വിവേചനത്തിന്റെ പേരില്‍ എതെങ്കിലും കുട്ടികള്‍ ഇന്നും സ്കൂളില്‍ പഠിക്കാതിരിക്കുന്നുണേ്ടാ എന്ന ചോദ്യവും യഥാര്‍ത്ഥത്തില്‍ വര്‍ഗീയത വളര്‍ത്തുകയാണ്. ഹിന്ദുനായര്‍വിഭാഗത്തില്‍പെട്ട കുട്ടികളാണ് കൂടുതല്‍. ഈ സമുദായത്തിലെ കുട്ടികള്‍ ഈ പാഠഭാഗം പഠിക്കുമ്പോള്‍ ചിന്തിക്കുക തങ്ങളുടെ പൂര്‍വ്വികര്‍ വലിയ തെറ്റു ചെയ്തു എന്നത്രേ. ചെട്ടി, തിയ്യന്‍, തട്ടാര്‍, വാരിയര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കും ഒന്നോ കൂടുതലോ പഠനാവസരം നല്‍കിയിട്ടും അക്കാലത്ത് ക്രിസ്ത്യന്‍, മുസ്ലീം കുട്ടികള്‍ക്ക് സര്‍ക്കാര്‍ സ്കൂളില്‍ അഡ്മിഷന്‍ കിട്ടിയിരുന്നില്ലാ എന്നത് എന്തുകൊണ്ട് എന്ന ചോദ്യവും ഉയരുന്നു. വര്‍ഗീയത ആളിക്കത്തിക്കാന്‍ മാത്രമേ ഈ രജിസ്റ്റര്‍ ഉപകാരപ്പെടുന്നുള്ളൂ
മനുഷ്യത്വം വിളയുന്ന ഭൂമിയെക്കുറിച്ചു പഠിപ്പിക്കുവാന്‍ മൂല്യാധിഷ്ഠിതമായ എത്രയോ കാര്യങ്ങള്‍ കേരളത്തിലുണ്ട്. ഉദാ: ശ്രീ. എം.എന്‍. ഗോവിന്ദന്‍ നായരും ചങ്ങനാശ്ശേരി മെത്രാപ്പോലീത്ത മാര്‍ കാവുകാട്ടു മാത്യുവും ആവിഷ്ക്കരിച്ചു നടപ്പിലാക്കിയ ലക്ഷംവീടു പദ്ധതിയും പാര്‍പ്പിട പദ്ധതിയും കുടിവെള്ള പദ്ധതിയും തുടങ്ങി നൂറുകണക്കിനു കാര്യങ്ങളുണ്ട്. പ്രത്യക്ഷ രക്ഷാസഭയെന്ന ഒരു നവീകരണപ്രസ്ഥാനത്തെ 7-ാം ക്ലാസ്സിലെ കുട്ടികള്‍ക്ക് പഠിപ്പിച്ചുകൊടുക്കുവാന്‍ കണെ്ടത്തിയത് വളരെ വിചിത്രംതന്നെ. കേരളത്തിലെ ക്രിസ്തുമതത്തെ അവഹേളിക്കുക എന്ന ലക്ഷ്യം മാത്രമേ ഇതിന്റെ പിന്നിലുള്ളൂ. ക്രൈസ്തവര്‍ വര്‍ണ്ണവിവേചനം കാട്ടിയെന്നു ശക്തമായ ഭാഷയില്‍ കുറ്റപ്പെടുത്തിയിരിക്കുകയാണ്. അവര്‍ണ്ണജാതിക്കാര്‍ ക്രിസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടപ്പോള്‍ മാര്‍ക്സിസ്റ്റുകാര്‍ക്കുമാത്രം സഹതാപം തോന്നത്തക്കവിധം വിവേചനം കേരളത്തിലുണ്ടായിപോലും! പൊയ്കയില്‍ യോഹന്നാന്‍ എന്ന വ്യക്തിക്ക് വിഘടിതതാത്പര്യത്താല്‍ ഒരു സഭ സ്ഥാപിക്കണമെന്ന് തോന്നലുണ്ടായത് പള്ളിയില്‍ വിവേചനം ഉണ്ടായിട്ട്, സവര്‍ണ്ണ പള്ളികളില്‍ ദളിത് ക്രിസ്ത്യാനികള്‍ക്ക് പ്രവേശനം നിഷേധിച്ചതുകൊണ്ടുമാത്രമാണെന്ന് സ്ഥാപിച്ചെടുക്കുവാന്‍ എത്ര തരം താഴ്‌ന്ന ശ്രമമാണ് നടത്തിയിരിക്കുന്നത്
7-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിയുടെ മുഖ്യ അന്വേഷണവിഷയമായി പാഠഭാഗത്ത് കൊടുത്തിരിക്കുന്നത് 'ഒരേ മതവിശ്വാസം പുലര്‍ത്തുന്നവര്‍ക്കിടയില്‍തന്നെ വേര്‍തിരിവുകള്‍ നിലനില്‍ക്കുന്നുണേ്ടാ' എന്ന ചോദ്യമാണ്. 75 വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ ചോദ്യത്തിന് പ്രസക്തിയുണ്ടായിരുന്നുവെന്നു സമ്മതിച്ചാല്‍തന്നെ, ഇന്നത്തെ പാഠപുസ്തകത്തില്‍ ഇത്തരം ചോദ്യങ്ങള്‍ക്കു എന്താണു പ്രസക്തി
ഈ ചിന്തകള്‍ക്കെല്ലാം ഒടുവില്‍ 'മനുഷ്യത്വം വിളയുന്ന ഭൂമി' എന്ന ആശയമല്ല, പ്രത്യുത മതത്തെ ഇല്ലാതാക്കാന്‍ വിദ്യാര്‍ത്ഥിയെ പരസ്യമായി ഉപദേശിക്കുകയാണ് 'എന്റെ മതവിശ്വാസം' എന്ന അന്വേഷണക്കുറിപ്പ് തയ്യാറാക്കണമെന്ന നിര്‍ദ്ദേശത്തില്‍. വൈക്കം സത്യാഗ്രഹത്തെയും വക്കം മൗലവിയെയും കൂട്ടുപിടിച്ചു മതവിശ്വാസത്തിനെതിരെ ആഞ്ഞടിക്കുകയാണ് ഈ പാഠഭാഗത്തിലൂടെ. അത്തരം അനാചാരങ്ങളെ എന്നും തിരുത്തിയ ചരിത്രമാണ് കേരളത്തിലെ മതവിശ്വാസികളുടേത്. ഇന്ന് അത്തരം അനാചാരങ്ങള്‍ നിലനില്‍ക്കുന്നില്ലാത്ത സ്ഥിതിക്ക് മുകളില്‍ പറഞ്ഞ ചോദ്യത്തിന് എന്തു പ്രസക്തിയാണുള്ളത്. മതവിശ്വാസത്തിന് കടയ്ക്കല്‍ കത്തിവയ്ക്കുന്നതാണ് 'മതമില്ലാത്ത ജീവന്‍' എന്ന തലക്കെട്ടുമായി വരുന്ന അടുത്ത കഥ. അതിന് കൂട്ടുപിടിച്ചതാകട്ടെ ജവഹര്‍ലാല്‍ നെഹ്രുവിനെയും. നെഹ്രു ഒരുനാളും മതത്തെയും മതവിശ്വാസികളെയും എതിര്‍ത്തില്ല. എല്ലാ മതങ്ങളെയും ആദരിച്ചിരുന്ന രാഷ്ട്രശില്‍പിയാണ്. സ്കൂളില്‍ ചേര്‍ക്കാനായി മതാപിതാക്കളോടൊപ്പം എത്തുന്ന കുട്ടിയെ ഹെഡ്മാസ്റ്റര്‍ നിരീശ്വരവാദംതന്നെ പഠിപ്പിച്ചുതുടങ്ങണമെന്ന വിദ്യാഭ്യാസവകുപ്പിന്റെ കണെ്ടത്തല്‍ കേരളം കണ്ട ഏറ്റവും വലിയ നിര്‍ഭാഗ്യമാണ്. ഇത്രയും സ്പഷ്ടമായി മതത്തെ ഇല്ലാതാക്കാനുള്ള ആശയങ്ങള്‍ കുത്തിനിറച്ചിരിക്കുന്നത് 98% മതവിശ്വാസികളായ കേരളീയരിലാണെന്ന് നാം മറക്കരുത്
1 നിരൂപണങ്ങള്‍:
ഒരു മറുപടി ഇവിടെ
Post a Comment