July 9, 2008

ഇതൊന്നും ചരിത്രത്തിന്റെ കണ്ണില്‍നിന്നും മറച്ചുവയ്ക്കാനാവുന്നവയല്ല

അവസാനം ആ വേര്‍പിരിയല്‍ യാഥാര്‍ഥ്യമായി. ഇടതുകക്ഷികള്‍ യു പി എ സര്‍ക്കാരിനു നല്‍കിയിരുന്ന പിന്തുണ അവസാനിപ്പിച്ചു. നാളേറെയായി നടത്തിയിരുന്ന രാഷ്ട്രീയ വിലപേശലിനും അന്ത്യമായി. മാര്‍ക്സിസ്റ്റ്‌ അടിമത്വത്തിന്‍കീഴില്‍ അധികാരത്തില്‍ കടിച്ചുതൂങ്ങുന്നതിലം അന്തസ്‌ നയങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതാണെന്നു കോണ്‍ഗ്രസ്‌ തിരിച്ചറിഞ്ഞിരിക്കുന്നു. ഇനി രാഷ്ട്രീയ സമവാക്യങ്ങളില്‍ ഉണ്ടാകുന്ന മാറ്റംമറിച്ചിലുകള്‍ രാജ്യത്തിന്റെ ഭാവി തീരുമാനിക്കും. കേന്ദ്രസര്‍ക്കാര്‍ നിലനിന്നാലും ഇല്ലെങ്കിലും കോണ്‍ഗ്രസിനും ഇതര സഖ്യകക്ഷികള്‍ക്കും ആത്മാഭിമാനത്തോടെ ജനങ്ങളെ നേരിടാം. രാജ്യസ്നേഹവും വികസന മനോഭാവവും ആര്‍ക്കാണ്‌ കൂടുതലുള്ളതെന്ന്‌ ജനങ്ങള്‍ വിധിയെഴുതിക്കൊള്ളും.


അന്തസുണ്ടായിരുന്നുവെങ്കില്‍ ഇടതുപക്ഷം കേന്ദ്ര സര്‍ക്കാരിനുള്ള പിന്തുണ പണേ്ട പിന്‍വലിക്കേണ്ടിയിരുന്നു. ആണവക്കരാര്‍ രാജ്യതാത്പര്യത്തിനു ചേര്‍ന്നതല്ലെന്നും അമേരിക്കയ്ക്കു അടിയറവു പറയുന്നതാണെന്നും വിലപിച്ചുകൊണ്ടിരുന്ന ഇടതുപക്ഷത്തോട്‌ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട്‌ കഴിഞ്ഞവര്‍ഷം തന്നെ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നതാണ്‌. തിങ്കളാഴ്ച ടോക്കിയോയിലും പ്രധാനമന്ത്രി ആവര്‍ത്തിച്ചത്‌ ആ നിലപാടുതന്നെ. ഇപ്പോള്‍ പ്രധാനമന്ത്രി ചതിച്ചു എന്നു പറയുന്ന ഇടതുപക്ഷത്തിന്‌ അങ്ങനെയൊരു ആരോപണമുന്നയിക്കാന്‍ അര്‍ഹതയില്ലെന്നതിന്‌ 2007 ഓഗസ്റ്റ്‌ 12-ന്‌ 'ദി ടെലഗ്രാഫ്‌' പത്രത്തിന്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ മാത്രം മതിയാവും തെളിവ്‌.


യു പി എ- ഇടതുപക്ഷ സംയുക്ത ആണവസമിതിയുടെ യോഗം വ്യാഴാഴ്ച നടക്കാനിരിക്കെയാണ്‌ ഇന്നലെ ഇടതുപക്ഷം പിന്തുണ പിന്‍വലിക്കല്‍ പ്രഖ്യാപനം നടത്തിയത്‌. ആണവക്കരാര്‍ സംബന്ധിച്ച്‌ സംയുക്തയോഗത്തില്‍ വിശദീകരണം കേള്‍ക്കാന്‍പോലും അവര്‍ തയ്യാറായിരുന്നില്ല. എന്നിട്ടും ഇക്കാലമത്രയും പിന്തുണ പിന്‍വലിക്കല്‍ നീട്ടിവച്ചത്‌ എന്തിനാണെന്നാണ്‌ മനസിലാകാത്തത്‌. രാഷ്ട്രീയ ലാഭത്തിനുവേണ്ടി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി ഇടതുപക്ഷത്തിന്റെ കരുത്ത്‌ തെളിയിക്കുകയും അധികാരത്തിന്റെ അംശാദായം പറ്റുകയും മാത്രമായിരുന്നോ ലക്ഷ്യം? സി പി എമ്മിന്റെ സീനിയര്‍ നേതാവായ സോമനാഥ്‌ ചാറ്റര്‍ജി ലോക്സഭാ അധ്യക്ഷസ്ഥാനം വഹിക്കുന്ന വ്യക്തികൂടിയാണെന്നത്‌ ഇതോടൊപ്പം കൂട്ടിവായിക്കേണ്ടിയിരിക്കുന്നു.


ജനങ്ങളോടുള്ള പ്രതിബദ്ധതയും രാജ്യസ്നേഹവുമാണ്‌ യു പി എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ ഇടതുപക്ഷത്തെ ഇപ്പോള്‍ പ്രേരിപ്പിച്ചതെങ്കില്‍ അത്‌ കപടന്യായവാദമാണ്‌. കാരണം ഇതിനേക്കാള്‍ രൂക്ഷമായ, ജനങ്ങളെ ഏറെ ദോഷകരമായി ബാധിക്കുന്ന നിരവധി പ്രശ്നങ്ങള്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഉണ്ടായിട്ടുണ്ട്‌. അനിയന്ത്രിതമായ പണപ്പെരുപ്പവും താങ്ങാനാവാത്ത പെട്രോളിയം വിലവര്‍ധനയുമൊന്നും ഇടതുപക്ഷത്തിന്‌ പിന്തുണ പിന്‍വലിക്കാനുള്ള ഗൗരവമായ വിഷയമായിരുന്നില്ല. എന്നുമാത്രമല്ല, സര്‍ക്കാരിനെ താങ്ങിനിര്‍ത്തുന്നവര്‍ എന്ന നിലയില്‍ ഇത്തരം പ്രശ്നങ്ങളില്‍ എന്ത്‌ സമ്മര്‍ദ്ദമാണ്‌ അവര്‍ കേന്ദ്രത്തില്‍ ചെലുത്തിയതെന്നും വ്യക്തമല്ല. എണ്ണ വില കൂട്ടിയപ്പോള്‍ വഴിപാടായി ഒരു ഹര്‍ത്താല്‍ നടത്തിയതുകൊണ്ടു മാത്രമായോ? എല്ലാക്കാര്യത്തിലും ഇടതുപക്ഷത്തിന്റെ താളത്തിനൊത്തു തുള്ളാന്‍ എക്കാലവും കോണ്‍ഗ്രസും യു പി എ യും ഉണ്ടാകും എന്ന ധാരണയാണിവിടെ പൊളിഞ്ഞിരിക്കുന്നത്‌.


ഇപ്പോള്‍ കുറ്റമെല്ലാം പ്രധാനമന്ത്രിയുടെ തലയില്‍ കെട്ടിവയ്ക്കുകയാണ്‌. ആണവക്കരാറില്‍ പ്രധാനമന്ത്രി ചതിച്ചുപോലും. എന്ത്‌ ചതിയാണെന്ന്‌ ജനത്തിനു മനസിലാകുന്നില്ലെന്നു മാത്രം. ഇക്കാലമത്രയും മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ആണവക്കരാര്‍ ചര്‍ച്ചയിലൊന്നും പറയാതിരുന്ന എന്തു രഹസ്യമാണ്‌ പ്രധാനമന്ത്രി ഒളിപ്പിച്ചുവച്ചിരുന്നതെന്ന്‌ ഇനിയെങ്കിലും ഇടതുപക്ഷം തുറന്നുപറയട്ടെ. ഇപ്പോള്‍ പ്രധാനമന്ത്രിയെ അമേരിക്കയുടെയും ബുഷിന്റെയും അടിമയെന്ന്‌ ആക്ഷേപിക്കുന്ന ഇടതുപക്ഷം പണ്ട്‌ പണ്ഡിറ്റ്‌ നെഹ്‌റുവിനെയും ഇതുപോലെ ആക്ഷേപിച്ചിട്ടുണ്ട്‌. ഹംഗറിയിലെ ജനാധിപത്യവാദികളായ നേതാക്കളെ കമ്യൂണിസ്റ്റു ഭരണകൂടം നിഷ്കരുണം വധിച്ചപ്പോള്‍ അതിനെതിരേ അഭിപ്രായം പറഞ്ഞതിനാണ്‌ അന്ന്‌ ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ മുഖപത്രമായ 'ന്യൂ ഏജ്‌ ' പത്രാധിപര്‍ പി സി ജോഷി നെഹ്‌റു പടിഞ്ഞാറന്‍ ചേരിയിലേക്ക്‌ വഴുതിപ്പോകുന്നുവെന്നു പറഞ്ഞ്‌ കുറ്റപ്പെടുത്തിയത്‌.


ഇപ്പോള്‍ ദേശസ്നേഹത്തിന്റെ വക്താക്കളായി ചമയുന്ന അമേരിക്കന്‍ സാമ്രാജ്യത്വ വിരുദ്ധര്‍ ക്വിറ്റ്‌ ഇന്ത്യാ സമരത്തോടു കാട്ടിയ സമീപനം എന്തായിരുന്നു? 1947-ല്‍ സ്വാതന്ത്യം കിട്ടിയപ്പോള്‍ അത്‌ യഥാര്‍ഥ സ്വാതന്ത്യമല്ലെന്നു പറഞ്ഞ്‌ ചെങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ചുകൊണ്ടിരുന്നതും ഈ രാജ്യസ്നേഹികളായിരുന്നു. ഇന്തോ- ചൈന യുദ്ധകാലത്ത്‌ 'അവര്‍ അവരുടേതെന്നും നമ്മള്‍ നമ്മുടേതെന്നു പറയുന്ന ഭൂപ്രദേശ'ത്തെപ്പറ്റി പറഞ്ഞതും കമ്യൂണിസ്റ്റ്‌ ആചാര്യന്‍ തന്നെ. ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയിലെ മാര്‍ക്സിസ്റ്റ്‌ വിഭാഗത്തിന്റെ ദേശസ്നേഹം കാണേണ്ടതു തന്നെയായിരുന്നു. ഇതൊന്നും ചരിത്രത്തിന്റെ കണ്ണില്‍നിന്നും മറച്ചുവയ്ക്കാനാവുന്നവയല്ല.


ചൈനയ്ക്കും റഷ്യയ്ക്കും ആണവക്കരാറില്‍ ഒപ്പിടാം, ലോക വ്യാപാരക്കരാറില്‍ പങ്കാളിയാകാം, പേറ്റന്റ്‌ നിയമങ്ങള്‍ അംഗീകരിക്കാം, സാമ്രാജ്യത്വ ശക്തികളുടെ മൂലധന നിക്ഷേപങ്ങള്‍ സ്വീകരിക്കാം, എന്നാല്‍ ഇന്ത്യ ഇതില്‍ നിന്നെല്ലാം ഒഴിഞ്ഞു നില്‍ക്കണമെന്ന നിലപാട്‌ എന്തു രാജ്യസ്നേഹം?


വര്‍ഗീയ ശക്തികളെ അധികാരത്തിലേറ്റാതിരിക്കാന്‍ പ്രതിജ്ഞാബദ്ധരായവര്‍ യു പി എയ്ക്ക്‌ പിന്തുണ പിന്‍വലിച്ചതിലൂടെ സഹായിക്കുന്നത്‌ ബി ജെ പിയെ അല്ലെങ്കില്‍ മറ്റാരെയാണ്‌? പാര്‍ലമെന്റില്‍ യു പി എ സര്‍ക്കാര്‍ കൊണ്ടുവരുന്ന വിശ്വാസ പ്രമേയത്തെ എതിര്‍ക്കാന്‍ ബി ജെ പിയോടൊപ്പം കൈ പൊക്കുന്നതിലൂടെ ഇടതുപക്ഷത്തിന്‌ അവരുടെ യഥാര്‍ഥ നിറം ഒന്നുകൂടി വ്യക്തമാക്കാനാവും. ബി ജെ പി യോടൊപ്പം നിന്ന്‌ ഭരിക്കാന്‍ തന്നെ ഇടതു പാര്‍ട്ടികള്‍ തയ്യാറാകുകയില്ലെന്ന്‌ ആരറിഞ്ഞു.


ഇടതുപക്ഷ രാജ്യസ്നേഹം വെറും കാപട്യം

1 നിരൂപണങ്ങള്‍:

kaalidaasan said...

ആണവ കരാറും കത്തോലിക്കാ സഭയും തമ്മില്‍ എന്തു ബന്ധമെന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. കമ്യൂണിസ്റ്റുകാരെ അധിക്ഷേപിക്കാനുള്ള മറ്റൊരു വിഷയം കൂടി എന്നു കരുതി വിടാനുള്ളതേ ഉള്ളൂ ഇത്.

പക്ഷേ ഇത് അതിനുമപ്പുറത്താണെന്നു തോന്നുന്നു. 1959 ല്‍ കത്തോലിക്കാ സഭ സി ഐ ഏ യുടെ പണം പറ്റിയിരുന്നു എന്നത് അവര്‍ തന്നെ ഇപ്പോള്‍ സമ്മതിക്കുന്നുണ്ട്. ഡീക്കന്‍ റൂബിന്‍ ഈ വക്കാലത്തു വഴി അത് ഇപ്പോഴുമുണ്ടെന്നു തെളിയിക്കുന്നു.

മാര്‍ക്സിസ്റ്റ് അടിമത്തിന്‍ കീഴിലായിരുന്നു കോണ്‍ഗ്രസ് ഭരിച്ചിരുന്നതെന്നത് ഒരു പുതിയ അറിവാണ്‌.

രാജ്യസ്നേഹത്തേക്കുറിച്ചുള്ള റൂബിന്റെ ഉത് ഖണ്ഠ എല്ലാവരും ഒന്നു നോട്ടുചെയ്തുകൊള്ളൂ. ഇന്നു തന്നെ വേറൊരു പോസ്റ്റില്‍ ഇദ്ദേഹം കത്തോലിക്കാ സഭയുണ്ടാക്കാന്‍ പോകുന്ന സ്വകാര്യ സേനയേക്കുറിച്ചും എഴുതിയിരുന്നു. സ്വകര്യ സേനയുണ്ടാക്കുന്നത് രാജ്യസ്നേഹത്തിന്റെ ഏതു വകുപ്പില്‍ പെടുമെന്ന് ഞങള്‍ക്കൊന്നു പറഞുതന്നാല്‍ നല്ലതായിരുന്നു.

റൂബിന്റെ രാഷ്ട്റീയത്തിലുള്ള അറിവ് അപാരം .

ആണവകരാറിന്റെ കര്യത്തില്‍ എന്തു നടന്നു എന്നത് ഇന്ഡ്യക്കാര്‍ക്കെല്ലാം അറിയാം . ടെലിഗ്രാഫ് പത്രത്തിനു നല്കിയ അഭിമുഖത്തില്‍ പ്രധനമന്ത്രി പെരുമാറിയത്, ഇപ്പോള്‍ കത്തോലിക്കാ സഭ കേരളത്തില്‍ പെരുമാറുന്നതിനു സമമാണു. എ കെ ആന്റണി എന്ന പാവത്തിനെ കത്തോലിക്കാ സഭ ചതിച്ച കഥ ഡീക്കനേപ്പോലുള്ള വിദ്യാഭ്യാസ കച്ചവടക്കാര്‍ക്ക് ചേര്‍ന്നതാണല്ലോ. 50 ശതമാനം സീറ്റ് സര്‍ക്കാര്‍ ഫീസില്‍ പഠിപ്പിക്കാമെന്നു വാക്കു കൊടുത്തിട്ട്, കാര്യം കണ്ടു കഴിഞ് ആലുവാ മണപ്പുറത്ത് കണ്ട ഭാവം നടിക്കാതെ പോയത് യേശുവിന്റെ ഏതു കല്‍പ്പനയുടെ ലംഘനമാണെന്നു ഡീക്കനറിയാമോ? എവിടെ അറിയാന്‍ ? കല്‍പ്പന ലംഘിക്കാനാണല്ലോ? കൊച്ചച്ചോ, ആ പാപം എത്ര കുമ്പസാരം നടത്തിയാല്‍ ക്ഷമിച്ചു കിട്ടും ?

ഇപ്പോള്‍ അതേ ചതി ചെയ്ത പ്രധാനമന്ത്രിയെ കൂട്ടു പിടിക്കുന്നത് കാണാന്‍ നല്ല ചേലുണ്ട്. ഈനാം പേച്ചിക്കു മരപ്പട്ടി കൂട്ട് എന്നൊരു ചൊല്ല്, മലയാളത്തിലുണ്ട്. ഈനാമ്പേച്ചിയുടെ കൂടെ മരപ്പട്ടികള്‍ എങനെയാണു കൂടുന്നതെന്നു വായനക്കാര്‍ക്ക് ഇപ്പോള്‍ മനസ്സിലായി കാണുമെന്ന് വിചാരിക്കുന്നു.

ഇടതുപക്ഷത്തിന്റെ അനുമതിയില്ലാതെ I A E A യുടെഅടുത്ത് പോകില്ല എന്നു പറഞ പ്രധാനമന്ത്രി ഇന്നലെ, അതില്ലാതെ തന്നെ പോകുമെന്നു പറഞാല്‍ അതു വാക്കു മറ്റലാണെന്നു കത്തോലിക്കാ പുരോഹിതര്‍ ഒഴികെയുള്ളവര്‍ക്ക് മനസ്സിലാകും . വാക്കു മാറ്റലിലില്‍ പി എച് ഡ് എടുത്തവര്‍ ഇതല്ലാതെ വേറെന്തു പറയാന്‍ കള്ളം പറയുന്ന, ആത്മാര്‍ഥതയില്ലാത്ത ഒരു പ്രധാനമന്ത്രിയെ പിന്‍ താങേണ്ട ഗതികേട് ഇടതുപക്ഷത്തിനില്ല

ഇടതുപക്ഷം യു പി എ യെ പിന്താങിയത് വ്യക്തമായ വ്യവസ്ഥകളുടെ വെളിച്ചത്തില്‍ ആയിരുന്നു. ചിലപ്പോള്‍ അതു മുള്‍ മുനയില്‍ നിര്‍ത്തുന്നതിനു തുല്യമായിരിക്കും അതു വേണ്ടായിരുന്നെങ്കില്‍ പിന്തുണ മേടിക്കരുതായിരുന്നു. സോമ്നാഥ് ചാറ്റര്‍ജി സ്പീക്കര്‍ പദവി ഇരന്നു വാങിയതൊന്നുമല്ല. കോണ്ഗ്രസ് നിര്‍ബന്ധിച്ചപ്പോള്‍ സ്വീകരിച്ചു എന്നു മാത്രമ്.അതു കൂട്ടിവായിച്ചാലും കിഴിച്ചു വായിച്ചാലും അതിനു വേറെ അര്‍ഥമൊന്നുമില്ല. അതും സി പി എം രാജിവയ്ക്കും .

ഇടതുപക്ഷം പിന്തുണ പിന്‍വലിക്കുന്നത് നാണയപ്പെരുപ്പം വിലക്കയറ്റം എന്ന രണ്ടുകാര്യങളില്‍ കൂടിയാണു. ആ രണ്ടുകാര്യങള്‍ കണ്ടില്ലെന്നു നടിച്ച്, ആണവക്കരാറാണു പ്രധാനം, എന്ന രീതിയില്‍ പ്രധാനമന്ത്രി മുന്നോട്ട് പോകുന്നത് കൊണ്ടാണ്‌ ഇടതുപക്ഷം ഇപ്പോള്‍ പിന്തുണ പിന്‍വലിച്ചത്.
എണ്ണവില കൂട്ടിയപ്പോള്‍ അതു പാടില്ല എന്ന് ഇടതുപക്ഷം പറഞിരുന്നു എന്നു ബൈബിള്‍ മാത്രം വായിക്കാഅത്തവര്‍ക്ക് അറിയാമ്. പിന്നെ ഒരു കര്‍മ്മസേന രൂപികരിച്ച് സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യാനൊന്നും അവര്‍ പോയില്ല എന്നതു നേര്.

ഇടതു പക്ഷത്തിന്റെ താളത്തിനൊത്തു തുള്ളാനൊന്നും അവര്‍ സര്‍ക്കാരിനൊട് പറഞില്ല. സി എം പി എന്ന ഒരു രേഖയുണ്ടാക്കിയത് അതനുസരിച്ച് ഭരിക്കാനാണ്‌. അതു തെറ്റിച്ചപ്പോള്‍ ഇടതുപക്ഷം ഇടഞു. രേഖയും ഉറപ്പും തെറ്റിക്കുക എന്നത് കത്തോലിക്കാ സഭയുടെ പത്തു കല്പ്പനകളില്‍ ഒന്നും ,സ്ഥിഅരം പരിപാടിയുമായതുകൊണ്ട് അതിന്റെ നാണക്കേട് റൂബിനേപ്പോളുള്ളവര്‍ക്ക് അറിയാന്‍ വഴിയില്ല. ചതി എന്നും ചെയ്തിട്ടുള്ളവര്‍ ക്ക് ഇതില്‍ എന്തു ചതിയണെന്നു മനസ്സിലാവാന്‍ ബുദ്ധിമുട്ടാണ്‌ അതുകൊണ്ട് ഇത്തരം ഗഹനമായ കാര്യങള്‍ ആലോചിക്കാതെ എളുപ്പം മനസിലാവുന്ന വിദ്യാഭ്യാസ കച്ചവടവുമായി അങു കഴിഞാല്‍ പോരെ?

ഇന്നലെ പ്രണാബ് മുക്കര്‍ജി ഇടതുപക്ഷത്തിനെഴുതിയ ഒരു കത്തിനേപ്പറ്റി റൂബിനെങാനും കേട്ടായിരുന്നോ?ഇല്ലെങ്കില്‍ അതൊന്നു വായിക്ക്. അതില്‍ പറഞിരിക്കുന്നത്, സര്‍ക്കാരില്‍ പങ്കാളികള്‍ അല്ലാത്തതുകൊണ്ട് എല്ലാ കാര്യങളും വെളിപ്പെടുത്താന്‍ പറ്റില്ലെന്നാണ്‌ അതിന്റെ അര്‍ഥം റൂബിന്‌ മനസിലായോ ആവോ?

ക്യുറ്റ് ഇന്ഡ്യ സമരത്തിനും മുന്‍പ് ജെനറല്‍ ഡയര്‍ എന്നൊരാള്‍ കുറേ ഇന്ഡ്യക്കാരെ കശാപ്പു ചെയ്തിരുന്നു. അന്നു ക്രൈസ്തവ സഭ എന്താണു പറഞെതെന്നോര്‍മ്മയുണ്ടോ ഡീക്കന്‌?
1947 ല്‍ ഇന്ഡ്യക്കു സ്വാതന്ത്ര്യം കിട്ടി. 2008 ല്‍ മതവിശ്വാസിയല്ലാത്ത ഒരാള്‍ക്കു മതമില്ലെന്നു പറയുവാനനുവദിക്കാത്ത മതഭ്രാന്തരുള്ളപ്പോള്‍ അതിനെ സ്വാതന്ത്ര്യമെന്നു പറയാന്‍ എങനെ സാധിക്കും ഡീക്കാ?

ചൈന ഇന്ഡ്യയെ ആക്രമിച്ചപ്പോള്‍ ഡീക്കന്‍ എങനെയാണ്‌ കമ്യൂണിസ്റ്റുകാരുടെ രാജ്യസ്നേഹം കണ്ടത്?


ചൈനയും റഷ്യയും ചെയ്യുന്നതെല്ലാം ഇപ്പോള്‍ പിന്താങുന്ന്നത് അപാരം തന്നെ . എത്രയെത്ര പോസ്റ്റുകളില്‍ ഇതേ ചൈനയേയും റഷ്യയേയും റൂബിന്‍ ഉള്‍പ്പടെയുള്ള പുരോഹിതര്‍ എന്തെല്ലാം പറഞു വിമര്‍ശിച്ചു. ഇപ്പോള്‍ അവര്‍ ചെയ്തതിനു ഓശാന പാടുന്ന ഈ തൊലിക്കട്ടിക്കു മുമ്പില്‍ കാണ്ടാ മൃഗം തോറ്റു പോകും

വര്‍ഗ്ഗിയ ശക്തികളെ അധികാരത്തിലേറ്റാഅതിരിക്കാനുള്ള പ്രതിജ്ഞാബദ്ധത ഇടതുപക്ഷത്തിനു മത്രമല്ല. ബി ജെ പി യുടെ നയം പിന്തുടരാന്‍ ഇടതുപക്ഷം കൊണ്‍ഗ്രസ്സിനു പിന്തുണ കൊടുക്കേണ്ട ആവശ്യമില്ല. അമേരിക്കയുമായി അടുക്കുക എന്നത് ബി ജെ പി യുടെ പ്രഖ്യാപിത ലഖ്ഷ്യമാണ്‌. കോണ്‍ഗ്രസ്സിനു ബി ജെ പി യുടെ പിന്തുണ അതിനു വേണ്ടി നേടാം .

ഇടതുപക്ഷത്തിനു ഈ സര്‍ക്കാരില്‍ വിശ്വാസമില്ല അതു അവര്‍ പാര്‍ലമെന്‍റ്റില്‍ പ്രകടിപ്പിക്കും ബി ജെ പി ക്കു വിശ്വാസമുണ്ടോ അവിശ്വാസമുണ്ടോ എന്നതൊന്നും ഇടതുപക്ഷത്തിന്റെ പ്രശ്നമല്ല..