July 10, 2008

പ്രകാശം കെടുത്തുന്ന പാഠപുസ്തകങ്ങള്‍

ഡോ. കുര്യാസ്‌ കുമ്പളക്കുഴി


പാഠം എന്നതു വെറുമൊരു അധ്യായമോ വിഷയവിഭാഗമോ അല്ല. പഠിക്കുന്ന വ്യക്തിയുടെ ജീവിതത്തെ സമ്പന്നവും ക്രിയാത്മകവുമാക്കുന്ന വിജ്ഞാന സമുച്ചയമാണത്‌. ഭാരതീയദര്‍ശനം പാഠത്തെയും പഠനത്തെയും പഞ്ചമഹായജ്ഞങ്ങളില്‍ ഒന്നാമത്തേതായി പരിഗണിക്കുന്നു. വ്യക്തിജീവിതത്തെ അര്‍ഥപൂര്‍ണവും ചൈതന്യവത്തുമാക്കുന്ന മഹത്തായ അനുഷ്ഠാനങ്ങളാണു പഞ്ചമഹായജ്ഞങ്ങള്‍.


പഠിച്ചവനില്‍ ദുഷ്ടതയില്ല എന്ന്‌ ആചാര്യന്മാര്‍ ചൂണ്ടിക്കാണിക്കുന്നു. ജനിക്കുമ്പോള്‍ വെറുമൊരു ശിശുജീവി മാത്രമായ അവനെ മനുഷ്യനാക്കുന്നതു ബാല്യകൗമാരങ്ങളിലെ വിദ്യാഭ്യാസമാണ്‌. ഇതിനു സഹായകമായ പാഠങ്ങള്‍ അടങ്ങുന്നതുകൊണ്ടാണ്‌ ഒരു പുസ്തകം പാഠപുസ്തകമാകുന്നത്‌.


ഇത്തരത്തില്‍ ഇന്ത്യയിലെന്നല്ല, ലോകത്തുതന്നെയുണ്ടായ ആദ്യകാല പാഠപുസ്തകങ്ങളിലൊന്നാണു പഞ്ചതന്ത്രം. മഹിളാരോപ്യം എന്ന രാജ്യം. അമരശക്തി എന്ന രാജാവ്‌. ബഹുശക്തി, ഉഗ്രശക്തി, അനന്തശക്തി എന്ന മൂന്നുമക്കള്‍. രാജകുമാരന്മാരെ, "ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും", വളര്‍ത്തിയെടുക്കാന്‍ വിഷ്ണുശര്‍മാവ്‌ എന്ന അധ്യാപകനെ ഏല്‍പ്പിക്കുന്നു. ആ ഗുരുനാഥനാകട്ടെ പഞ്ചതന്ത്രം കഥാപാഠങ്ങളിലൂടെ പിതാവിന്റെ ആഗ്രഹം സഫലമാക്കുന്നു.


ഇത്തരത്തിലൊരു വളര്‍ത്തിയെടുക്കലാണ്‌ എല്ലാ മാതാപിതാക്കളുടെയും സ്വപ്നം. അതിനാണവര്‍ കുട്ടികളെ വിദ്യാലയങ്ങളില്‍ അയയ്ക്കുന്നത്‌. അവിടെനിന്നു മടങ്ങിയെത്തുമ്പോള്‍ മക്കളെച്ചൊല്ലി അഭിമാനിക്കാന്‍ അവര്‍ക്കു കഴിയണം. പക്ഷേ, ഇന്നു കേരളത്തിലെ നല്ലൊരു വിഭാഗം മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ ഉത്കണ്ഠാഭരിതരാണ്‌. ആ ഉത്കണ്ഠയാണു പാഠപുസ്തകവിവാദമായി കത്തിപ്പടരുന്നത്‌.


ഏതെങ്കിലുമൊരു വിദ്യാഭ്യാസ വിദഗ്ധന്റെ വീക്ഷണമനുസരിച്ചു മാത്രം തയാറാക്കപ്പെടേണ്ടതല്ല പാഠപുസ്തകങ്ങള്‍. മാനവരാശിക്കു ഭൂതകാലം സമ്മാനിച്ച അറിവിന്റെ പാഠങ്ങളിലൂന്നിനിന്നുകൊണ്ടു ഭാവിയിലേക്കു കുതിക്കാന്‍ അവ കുട്ടികള്‍ക്കു ശക്തി പകരണം. പകയുടെയും വിദ്വേഷത്തിന്റെയും പാഠങ്ങളല്ല, പങ്കുവയ്ക്കലിന്റെയും മനുഷ്യസാഹോദര്യത്തിന്റെയും പാഠങ്ങളാണവനു നല്‍കേണ്ടത്‌. പുതിയ പാഠപുസ്തകങ്ങള്‍ ഇക്കാര്യത്തില്‍ പരാജയപ്പെട്ടിരിക്കുന്നു.


കേരളത്തിലെ ആധുനിക വിദ്യാഭ്യാസത്തിനു രണ്ടു നൂറ്റാണ്ടിന്റെ ചരിത്രമേയുള്ളു. അതിനു മുമ്പു ഗുരുകുലസമ്പ്രദായത്തിലുള്ള പഠനവും പരിശീലനവുമാണു നിലവിലിരുന്നത്‌. അതും സമൂഹത്തിലെ സമ്പന്നവിഭാഗത്തിനു മാത്രവും.


ഇക്കാര്യത്തിലൊരു മാറ്റം വരുത്തിയത്‌ ഇവിടെയെത്തിയ വിദേശ മിഷണറിമാരാണ്‌. പാശ്ചാത്യ മാതൃകയില്‍ കൃത്യമായ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും ഉപയോഗിച്ചു പൊതുവേദിയിലെത്തി കുട്ടികള്‍ വിദ്യാഭ്യാസം നേടുന്ന രീതി കേരളീയര്‍ക്ക്‌ ആദ്യമായി പരിചയപ്പെടുത്തിയത്‌ 1806-ല്‍ ഇവിടെയെത്തിയ റവ. റിങ്കിള്‍ ടോബ്‌ എന്ന ജര്‍മന്‍ മിഷണറിയാണ്‌. സാര്‍വത്രിക വിദ്യാഭ്യാസത്തിന്റെ പ്രാഥമിക രൂപമാണദ്ദേഹം അവതരിപ്പിച്ചതും.


ഈ മാതൃക സ്വീകരിച്ച്‌ 1817-ല്‍ തിരുവിതാംകൂര്‍ ഗവണ്‍മെന്റ്‌ വിദ്യാഭ്യാസരംഗത്തു പ്രവേശിച്ചു. 'മണ്ടപത്തും വാതിക്കലുകള്‍' (താലൂക്ക്‌) തോറും ഓരോ സ്കൂള്‍ സ്ഥാപിക്കാനും അവിടെ രണ്ടു വാധ്യാന്മാരെ പ്രതിമാസ ശമ്പളവ്യവസ്ഥയില്‍ നിയമിക്കാനുമായിരുന്നു റാണി പാര്‍വതീഭായിയുടെ കല്‍പന. "സുകൃത ദുഷ്കൃതങ്ങളെക്കുറിച്ചും പാപപുണ്യങ്ങളെക്കുറിച്ചും മാതാപിതാ ഗുരുദൈവങ്ങളെ പൂജിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും രാജാജ്ഞാലംഘനംകൊണ്ടുള്ള ദോഷങ്ങളെക്കുറിച്ചും "വിദ്യാര്‍ഥികളെ ബോധവാന്മാരാക്കുന്ന ഒരുപാഠപുസ്തകം എഴുതിയുണ്ടാക്കാനും കല്‍പന കൊടുത്തു. അന്ന്‌ അച്ചടി നിലവില്‍ വന്നിരുന്നില്ല. അതുകൊണ്ടു കൈയെഴുത്തു പകര്‍ച്ചകള്‍ ഉപയോഗിച്ചു.


മിഷണറിമാരുടെ പള്ളിക്കൂടങ്ങളില്‍ നിലവിലിരുന്ന പാഠ്യപദ്ധതിയുടെ മാതൃകയിലായിരുന്നു ഈ പാഠപുസ്തക നിര്‍മിതി. ദക്ഷിണകേരളത്തില്‍ ലണ്ടന്‍ മിഷന്‍ സൊസൈറ്റിയും മധ്യകേരളത്തില്‍ ചര്‍ച്ച്‌ മിഷന്‍ സൊസൈറ്റിയും ഉത്തരകേരളത്തില്‍ ബാസല്‍മിഷന്‍കാരും സ്വന്തമായി പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും തയാറാക്കി ഉപയോഗിച്ചിരുന്നു.


ഒരു വ്യക്തിയുടെ ആത്മീയവും ഭൗതികവുമായ ജീവിതവികാസം സന്തുലിതമായ വിധത്തില്‍ സാധിച്ചെടുക്കുകയെന്ന ലക്ഷ്യംവച്ചുള്ളതായിരുന്നു പാഠ്യപദ്ധതി. അഞ്ചാംക്ലാസില്‍ ഉപയോഗിക്കാന്‍ ബാസല്‍മിഷന്‍കാര്‍ തയാറാക്കിയ പാഠപുസ്തകത്തിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു: "സന്മാര്‍ഗ സംബന്ധമായ പാഠങ്ങള്‍, കാഴ്ചവര്‍ണന മുതലായത്‌, പ്രകൃതിചരിത്രസംബന്ധമായവ, ജ്യോതിശാസ്ത്രം, ശരീരശാസ്ത്രം മുതലായവ, കീര്‍ത്തിപ്പെട്ടവരുടെ ജീവചരിത്രം, പലവക, കവിതകള്‍." ഈ എട്ടു വിഭാഗങ്ങളില്‍ നാലും അഞ്ചും പാഠങ്ങള്‍ വീതമുണ്ടാകും.


1865-ല്‍ തിരുവിതാംകൂര്‍ ഗവണ്‍മെന്റ്‌ നിയമിച്ച പാഠപുസ്തക കമ്മിറ്റി തയാറാക്കിയ പാഠപുസ്തകങ്ങളും ഇത്തരത്തില്‍ ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന പാഠങ്ങളോടുകൂടിയവയായിരുന്നു. മൂന്നാംപാഠത്തിന്റെ മാത്രം ഉള്ളടക്കം ഇവിടെ നിര്‍ദേശിക്കാം. നാലുവിധത്തിലുള്ള കഥകളായിരുന്നു ആദ്യഭാഗം. ജീവകാരുണ്യകഥകള്‍, കൗടുംബികകഥകള്‍, വ്യക്ത്യാധിഷ്ഠിതകഥകള്‍, ജന്തുകഥകള്‍. തുടര്‍ന്ന്‌ ആത്മോദ്ദേശക കൃത്യങ്ങള്‍, അന്യോദ്ദേശക കൃത്യങ്ങള്‍ എന്നിവ. ആദ്യത്തേതില്‍ ആരോഗ്യ സംരക്ഷണം, ആത്മാഭിമാനം, മനഃസമാധാനം, മര്യാദ, സദാചാരം തുടങ്ങി വ്യക്തിപരമായ വളര്‍ച്ചയുടെ ഘടകങ്ങള്‍ പരിചയപ്പെടുത്തുന്നു. രണ്ടാമത്തേതില്‍ അന്യരുടെ നന്മയ്ക്കുവേണ്ടി അനുഷ്ഠിക്കേണ്ട കൃത്യങ്ങളെന്തെല്ലാമെന്നു വിശദമായി പ്രതിപാദിക്കുന്നു.


പാശ്ചാത്യരാജ്യങ്ങളിലുണ്ടായ ശാസ്ത്രീയ മുന്നേറ്റം കേരളീയര്‍ക്കു പരിചയപ്പെടുത്താന്‍ മിഷണറിമാരുടെ പാഠപുസ്തകങ്ങളില്‍ പ്രത്യേക കരുതലുണ്ടായിരുന്നു. ഈ ആവശ്യത്തിനാണു മലയാളത്തിലെ ആദ്യത്തെ സെക്കുലര്‍ വാര്‍ത്താപത്രിക ഹെര്‍മന്‍ ഗുണ്ടര്‍ട്ട്‌ 1847-ല്‍ ആരംഭിച്ചതും. പേര്‌ പശ്ചിമോദയം. ആദ്യലക്കത്തിന്റെ മുഖവുരയില്‍ ഇങ്ങനെ പറയുന്നു: "വെളിച്ചം പൂര്‍വദിക്കില്‍നിന്നു മാത്രമല്ല പശ്ചിമദിക്കില്‍നിന്നു വരുന്നതും ആശ്ചര്യംതന്നെ. ഈ കേരളം ദൈവവശാല്‍ ഇംഗ്ലീഷുകാര്‍ക്കധീനമായി വന്നതിനാലോ ഈ നാട്ടില്‍ അറിഞ്ഞുകൂടാത്ത ചില സംഗതികളെ പടിഞ്ഞാറ്റില്‍നിന്ന്‌ ഇങ്ങോട്ടു കടന്നുവരുവാന്‍ ഒരുപാലം ഉണ്ടായിരിക്കുന്നു. ഇവിടെ നടപ്പായ വിദ്യകളും ശാസ്ത്രങ്ങളും ഒഴികെ പിലാത്തിയില്‍ നടക്കുന്ന പലതും ഉണ്ട്‌. ഈ വക വായിപ്പാനാഗ്രഹിക്കുന്നവര്‍ ഉണെ്ടങ്കില്‍ ഞങ്ങള്‍ മാസംതോറും പിലാത്തി ശാസ്ത്രങ്ങളില്‍നിന്നു പറ്റുന്നത്‌ ഓരോന്ന്‌ എടുത്തു ഇതിങ്കീഴില്‍ കാണിച്ചമാതിരിയായി മലയാളികള്‍ക്കു തോന്നുവാന്‍ തക്കവണ്ണം ഭാഷയിലാക്കി അച്ചടിച്ച്‌ ആവശ്യമുള്ളവര്‍ക്കയയ്ക്കുകയും ചെയ്യും."


ഇത്തരം പാഠങ്ങള്‍ പഠിച്ചുപോന്ന തലമുറകള്‍ നേടിയ വൈജ്ഞാനികവും സാംസ്കാരികവുമായ വളര്‍ച്ചയാണ്‌ കേരളത്തെ ഇന്ത്യയിലെ മാതൃകാപ്രദേശമാക്കി മാറ്റിയത്‌. 1904-ല്‍ ശ്രീമൂലംതിരുനാള്‍ രാജാവ്‌ പ്രാഥമികവിദ്യാഭ്യാസം തിരുവിതാംകൂറില്‍ സൗജന്യമാക്കിക്കൊണ്ടു വിളംബരം പുറപ്പെടുവിക്കുകയും ചെയ്തു. സ്വതന്ത്രചിന്തയും വ്യക്തിത്വബോധവും ജനങ്ങളില്‍ പ്രബലമായി. ആധ്യാത്മികതയില്‍ അടിയുറച്ച ജീവിതശൈലിയും പൊതുവെ രൂപപ്പെട്ടു.


രാഷ്ട്രീയമായും സാംസ്കാരികമായും പ്രബുദ്ധമായ ഈ ജനവിഭാഗത്തിലേക്കു കമ്യൂണിസ്റ്റാശയങ്ങള്‍ കടന്നുവന്നപ്പോള്‍ നല്ലൊരുഭാഗം പേര്‍ അതിനെയും സ്വാഗതംചെയ്തു. അതിന്റെ ഫലമായിരുന്നു 1957-ല്‍ കമ്യൂണിസ്റ്റുപാര്‍ട്ടി നേടിയ തെരഞ്ഞെടുപ്പു വിജയം. ഇതു കമ്യൂണിസ്റ്റു നേതാക്കളെപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു. എങ്കിലും അന്നത്തെ പൂര്‍വയൂറോപ്യന്‍ രാജ്യങ്ങളിലേതുപോലെ തങ്ങളുടെ അധികാരം നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്നവര്‍ ആഗ്രഹിച്ചു. അതിന്റെ ആദ്യപടിയായിരുന്നു പാഠപുസ്തകപരിഷ്കരണം.


കാലോചിതമായ പരിഷ്കരണം വിദ്യാഭ്യാസ മേഖലയില്‍ അനിവാര്യമാണ്‌. പക്ഷേ, നിലവിലുണ്ടായിരുന്നതെല്ലാം അശാസ്ത്രീയവും ജനവിരുദ്ധവുമായിരുന്നു എന്ന ശാഠ്യത്തോടെ കമ്യൂണിസ്റ്റു പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കാനുള്ള കുറുക്കുവഴികളായി പാഠപുസ്തകങ്ങളെ ഉപയോഗപ്പെടുത്താനാണ്‌ അന്നത്തെ ഗവണ്‍മെന്റ്‌ ശ്രമിച്ചത്‌. ഭൗതികവീക്ഷണവും ഈശ്വരനിഷേധവും മതവിരോധവും ഊട്ടിയുറപ്പിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം കരുപ്പിടിപ്പിക്കാന്‍ അവര്‍ ആഗ്രഹിച്ചു. പക്ഷേ, ജനരോഷത്തിന്റെ കൊടുങ്കാറ്റില്‍ ആ ഗവണ്‍മെന്റ്‌ തകിടംമറിഞ്ഞതു ചരിത്രം.


ഇപ്പോള്‍ വീണ്ടും അതേ പ്രവണതകള്‍ കുറെക്കൂടി ശക്തമായ രീതിയില്‍ തിരിച്ചുകൊണ്ടുവരാനാണു വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തില്‍ തീവ്രശ്രമം നടക്കുന്നത്‌. അതിന്റെ ആദ്യഘട്ടമാണു വിവാദവിധേയമായ പാഠപുസ്തക പരിഷ്കരണം.


ലോകം അംഗീകരിച്ച മഹാന്മാരായ വിദ്യാഭ്യാസ ചിന്തകരെ മുഴുവന്‍ അവഗണിച്ച്‌ ബ്രസീലുകാരനായ പൗലോ ഫ്രെയര്‍ എന്ന ഇടതുപക്ഷ വിദ്യാഭ്യാസ വിദഗ്ധന്റെ സിദ്ധാന്തങ്ങള്‍ അടിസ്ഥാനമാക്കിയാണു പുതിയ പാഠപുസ്തക രചന. വിദ്യാഭ്യാസം ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നു സിദ്ധാന്തിക്കുന്ന അദ്ദേഹം, "വിദ്യാഭ്യാസ പ്രവര്‍ത്തകനായിരിക്കുമ്പോള്‍ ഒരു രാഷ്ട്രീയ ഏജന്റുകൂടിയാണു ഞാന്‍" എന്ന്‌ ഏറ്റുപറയുന്നുമുണ്ട്‌. 'അധ്യാപകര്‍ വിമര്‍ശനാത്മക സാംസ്കാരിക തൊഴിലാളിക'ളായിരിക്കണമത്രെ! കേരളത്തിലെ ഇടതു പ്രണയികള്‍ക്കു ഫ്രെയര്‍ പ്രിയങ്കരനായതില്‍ അദ്ഭുതമില്ല.


നിരന്തരം അസ്വാസ്ഥ്യങ്ങളും കലാപങ്ങളും നിറഞ്ഞ ഒരു രാഷ്ട്രീയ പശ്ചാത്തലത്തില്‍ രൂപംകൊണ്ട പൗലോ ഫ്രെയറിന്റെ വിദ്യാഭ്യാസ ചിന്തകള്‍, ഇത്രയുംകാലംകൊണ്ടു നേടിയ സാംസ്കാരിക പ്രബുദ്ധത കെടുത്തിക്കളഞ്ഞു, കേരളത്തെ രാഷ്ട്രീയ കലാപങ്ങളുടെ ചടുലക്കളമാക്കാനേ സഹായിക്കൂ. സ്വാമി വിവേകാനന്ദന്‍, മഹാത്മാഗാന്ധി, രവീന്ദ്രനാഥടാഗോള്‍, ഡോക്ടര്‍ രാധാകൃഷ്ണന്‍, മഹര്‍ഷി അരവിന്ദ്‌ തുടങ്ങിയ ഭാരതീയ മഹാത്മാക്കളുടെ വിദ്യാഭ്യാസ ദര്‍ശനം അമ്പേ തള്ളിക്കളയുന്നവര്‍ നമ്മുടെ സാംസ്കാരിക പാരമ്പര്യത്തെയും ചരിത്രമഹത്വത്തെയും അപമാനിക്കുകയാണു ചെയ്യുന്നത്‌.


ഏതെങ്കിലുമൊരു അവികസിത രാജ്യത്തുനിന്നു രൂപപ്പെട്ട അപക്വവും വിഭാഗീയവുമായ വിദ്യാഭ്യാസ നിലപാടുകള്‍ക്കനുസരിച്ചല്ല കേരളത്തിന്റെ വിദ്യാഭ്യാസചട്ടക്കൂടു പണിതീര്‍ക്കേണ്ടത്‌. അതിനു ഭാരതീയവും കേരളീയവുമായ സാംസ്കാരിക സ്പര്‍ശവും വികസനോന്മുഖതയും ഉണ്ടായിരിക്കണം. അതില്ല എന്നതാണു പുതിയ പാഠപുസ്തകങ്ങളുടെ ഗുരുതരമായ തകരാറുകളിലൊന്ന്‌. മനുഷ്യനന്മയിലുള്ള വിശ്വാസവും ഭാവിയെപ്പറ്റിയുള്ള പ്രതീക്ഷയും അവ കെടുത്തിക്കളയുന്നു. അതുകൊണ്ടുതന്നെ അവ പിന്‍വലിക്കപ്പെടുകയും പരിഷ്കരിക്കപ്പെടുകയും വേണം.

0 നിരൂപണങ്ങള്‍: