പ്രവാചകനായ കാറല്‍ മാര്‍ക്സിന്റെ അനുയായികളെയെല്ലാംതന്നെ പ്രവചനവരം സിദ്ധിച്ചവരാണ്. രാഷ്ട്രം ശൂന്യവല്‍ക്കരിക്കപ്പെടുമെന്നുള്ള മാര്‍ക്സിയന്‍ പ്രവചനം ശുദ്ധ പൊള്ളത്തരമായിപ്പോയെങ്കിലും പ്രവചനത്തിലെ വൈരുദ്ധ്യാത്മകതയായി വ്യാഖ്യാനിച്ചാണ് ആചാര്യന്മാര്‍ പിടിച്ചുനിന്നിരുന്നത്. തന്നെ പ്രധാനമന്ത്രിയാക്കാതിരുന്നത് ചരിത്രപരമായ വിഡ്ഢിത്തമാണെന്നുള്ള ജ്യോതിബാസുവിന്റെ വിലയിരുത്തലും ഒരു തരത്തില്‍ പറഞ്ഞാല്‍ ഭൂതകാലത്തെക്കുറിച്ചുള്ള ഒരു പ്രവചനമായിരുന്നുവെന്ന് വ്യാഖ്യാനിക്കാവുന്നതേ ഉള്ളൂ. ഇപ്പോഴത്തെ പോളിറ്റ്ബ്യൂറോ മെമ്പറന്മാരില്‍ സീതാറാം യെച്ചൂരിക്കാണോ രാമചന്ദ്രന്‍പിള്ളയ്ക്കാണോ കൂടുതല്‍ പ്രവചനവരമുള്ളതെന്ന് നിശ്ചയിക്കാന്‍ ഈയുള്ളവള്‍ക്കാവില്ല. ഏതായാലും അടുത്ത തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സി.പി.എമ്മിന് സീറ്റ് കുറയുമെന്നുള്ള യച്ചൂരിയുടെ പ്രവചനം തെറ്റാനിടയില്ല. രാമചന്ദ്രന്‍പിള്ളയുടെ ഇടപെടലിനെത്തുടര്‍ന്ന് പിറ്റേദിവസം താന്‍ പറഞ്ഞത് സീറ്റ് കുറയുമെന്നാണെങ്കിലും ഉദ്ദേശിച്ചത് സീറ്റുകൂടുമെന്നാണെന്നാണ് യച്ചൂരി വിശദീകരിച്ചത്. പ്രധാനമായും രണ്ടു മുന്നണികള്‍ മത്സരിക്കുന്ന കേരളത്തില്‍ ഒരു മുന്നണിക്ക് സീറ്റ് കുറയുമെന്നു പറഞ്ഞാല്‍ മറ്റേ മുന്നണിക്ക് സീറ്റു കൂടുമെന്നാണല്ലൊ അര്‍ത്ഥം. കോണ്‍ഗ്രസിന്റെ മുന്നണിക്ക് സീറ്റു കൂടുമെന്നു പറയാന്‍ സോണിയാഗാന്ധിയുമായി ഇപ്പോഴും നല്ല അടുപ്പത്തിലാണെങ്കില്‍പോലും ഒരു പോളിറ്റ്ബ്യൂറോക്കാരനു പറയാന്‍ സാധിക്കുമോ? പാര്‍ട്ടി സെക്രട്ടറിയുടെ കണക്കുകൂട്ടലുകള്‍ പിഴച്ചുപോയെന്നു മന്‍മോഹന്‍സിംഗ് തുറന്നു പറഞ്ഞെങ്കിലും സഖാക്കള്‍ക്ക് അതു മനസ്സിലായി വരുന്നതേയുള്ളൂ. രാജീവ് ഗാന്ധി കംപ്യൂട്ടര്‍ നല്ലതാണെന്നു പറഞ്ഞപ്പോള്‍ അതിനെതിരേ സമരം ചെയ്തെങ്കിലും ഇപ്പോള്‍ പാര്‍ട്ടി ഓഫീസുകളെല്ലാം കംപ്യൂട്ടര്‍വല്‍ക്കരിച്ചുകഴിഞ്ഞു. മന്‍മോഹന്‍സിംഗിന്റെ സാമ്പത്തികനയത്തെയും ആണവനയത്തെയും ഇപ്പോള്‍ എതിര്‍ക്കുന്നുണെ്ടങ്കിലും കുറെക്കഴിയുമ്പോള്‍ സഖാക്കള്‍ അതു തന്നെ ആവേശത്തോടെ നടപ്പാക്കുമെന്നത് തീര്‍ച്ചയാണ്.
കേരളത്തില്‍ കൊട്ടിഘോഷിച്ച ഭൂപരിഷ്കരണനിയമമൊക്കെ പിരണത്തുവയ്ക്കാനുള്ള കാലം അതിക്രമിച്ചുവെന്നു ബോധ്യമായത് ഇക്കഴിഞ്ഞ ദിവസമാണ്. ആറുമാസം മുമ്പുവരെ രണ്ടാം ഭൂപരിഷ്കരണനിയമത്തെപ്പറ്റി ആവേശത്തോടെ പ്രസംഗിച്ചിരുന്ന അച്ചുതാനന്ദന്‍കൂടി കൈയടിച്ച് പാസ്സാക്കിയത് അത്തരം പ്രസ്താവനകളൊക്കെ വെറും വായാടിത്തമാണെന്നാണ്. പക്ഷേ ഇത്തരം കാലതാമസമോ തെറ്റിദ്ധാരണകളോ കണക്കുപിശകുകളോ ഇല്ലാതെ ഭാവി കാര്യങ്ങള്‍ ശരിയായി പ്രവചിക്കാനുള്ള കഴിവ് സീതാറാം യെച്ചൂരിക്കുണെ്ടന്ന് അദ്ദേഹം തെളിയിച്ചിരിക്കുന്നു. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് മുന്നണി കൂടുതല്‍ സീറ്റ് നേടുമെന്നു പറയാതെ സി.പി.എം. മുന്നണിക്ക് ഇപ്പോഴുള്ള അത്രയും സീറ്റുകള്‍ കിട്ടണമെന്നില്ലെന്നുള്ള സൈദ്ധാന്തികവും വൈരുദ്ധ്യാത്മകവുമായ പണ്ഡിതഭാഷയിലാണ് അദ്ദേഹം മൊഴിഞ്ഞതെന്നു മാത്രം. സത്യം പറയുന്നതു സ്വന്തം നേതാക്കളാണെങ്കില്‍പോലും അത് അതേപടി അംഗീകരിക്കുന്ന സ്വഭാവം സി.പി.എം. അണികള്‍ക്കില്ലാത്തതുകൊണ്ട് ഇത്തരം പ്രസ്താവനകള്‍ പാര്‍ട്ടിയുടെ ഔദ്യോഗികപത്രത്തില്‍ വരില്ലന്നേ ഉള്ളൂ.
യച്ചൂരിയെപ്പോലെ പ്രവചനവരമുള്ളവരാണ് കേരളത്തിലെ താടിയുള്ള ബേബിമന്ത്രിയും താടിദീക്ഷയില്ലാത്ത സുധാകരമന്ത്രിയും. സുധാകരമന്ത്രി ഓരോ ദിവസവും അദ്ദേഹത്തിനുപോലും ഓര്‍മ്മിച്ചിരിക്കാന്‍ വയ്യാത്ത അത്രയും വിഷയങ്ങളില്‍ പണ്ഡിതോചിതമായ അഭിപ്രായങ്ങള്‍ പറയുന്ന ആളാണ്. അതില്‍ ചിലതെല്ലാം പ്രവചനങ്ങളും വ്യാജപ്രസ്താവനകളുമൊക്കെയായിരിക്കാം. നാട്ടുകാരാരും തന്നെ ഗൗരവമായി എടുക്കാത്തതുകൊണ്ട് സുധാകരഭാഷ്യങ്ങള്‍ ഇപ്പോള്‍ പത്രക്കാരും വലിയ വാര്‍ത്ത ആക്കാറില്ല. വെള്ളാപ്പള്ളി നടേശന്‍ ഊളന്‍ പാറയിലേക്ക് വിടേണ്ടവരുടെ ലിസ്റ്റില്‍ ചങ്ങനാശേരിയിലെ നായര്‍ നേതാക്കന്മാരെ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. മന്ത്രിസഭയിലെ പേരിന്റെ കൂടെ നായര്‍ ചേര്‍ക്കാത്ത നായന്മാരെ വെള്ളാപ്പള്ളി തന്റെ കൂടെപ്പെടുത്തിയിരിക്കുന്നതുകൊണ്ട് സുധാകരന്‍ പറയുന്നതൊന്നും വിവരക്കേടാണെന്നു പറയാനും വയ്യ.
നമ്മുടെ വിദ്യാഭ്യാസമന്ത്രിയുടെ പ്രവചനവരത്തെക്കുറിച്ച് ആര്‍ക്കും ഒരു സംശയവുമില്ല. അദ്ദേഹം കണ്ടുപിടിക്കുന്ന വിദഗ്ധന്മാര്‍ അദ്ദേഹത്തെക്കാള്‍ ഇക്കാര്യത്തില്‍ മുന്‍പന്തിയിലും ആണ്. മലയാളഭാഷയിലും ഇംഗ്ലീഷ് ഭാഷയിലും പ്രാവീണ്യം നേടിയിട്ടുള്ള ഒട്ടനവധി പണ്ഡിതന്മാര്‍ മന്ത്രി ബേബിയുടെ സുഹൃത്തുക്കളായി ഉണ്ട്. അവരുടെ ചരിത്രബോധം അസൂയാവഹമാണ്. അവര്‍ രചിക്കുന്ന ചരിത്രപാഠപുസ്തകങ്ങളും അതിനവര്‍ തന്നെ നടത്തുന്ന ഇംഗ്ലീഷ് വിവര്‍ത്തനങ്ങളും വായിച്ച് അര്‍ത്ഥം ഗ്രഹിക്കാനുള്ള പാണ്ഡിത്യം ഉള്ളവര്‍ നമ്മുടെ നാട്ടിലില്ലാതെ പോയതിന് ബേബിമന്ത്രിയെ കുറ്റം പറഞ്ഞിട്ടു കാര്യമില്ലല്ലോ?
കമ്യൂണിസം പറയുന്നതനുസരിച്ച് രാജ്യഭരണം നടത്തിയാല്‍ ഈ നവലിബറല്‍ യുഗത്തില്‍ കാര്യങ്ങള്‍ ശരിയാവുകയില്ലെന്നാണ് പാര്‍ട്ടി സെക്രട്ടറി തന്നെ പറയുന്നത്. അതൊരു പ്രവാചകശബ്ദമായി കണ്ടാണ് കേരളഘടകം തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ സ്വതന്ത്രസാമ്പത്തികമേഖലയെ അനുകൂലിച്ച് പ്രമേയം പാസ്സാക്കിയത്. നേതാക്കന്മാരുടെ വിശദീകരണത്തില്‍ നിന്നും കമ്മ്യൂണിസ്റ്റുകാരുടെ പ്രവചനങ്ങളില്‍ നിന്നും സാധാരണക്കാര്‍ക്ക് മനസ്സിലാകുന്നത് അവര്‍ പറയുന്നത് കാര്യമായി ശ്രദ്ധിക്കണമെന്നാണ്. വൈരുദ്ധ്യാധിഷ്ഠിതനയസമീപനങ്ങള്‍ ശരിയായി ഗ്രഹിച്ചിട്ടുള്ള നേതാക്കന്മാര്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും വൈരുദ്ധ്യാത്മകമാകുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. മലയാളഭാഷയുടെ വളര്‍ച്ചയ്ക്കും സര്‍ക്കാര്‍ സ്കൂളുകളുടെ വികസനത്തിനുംവേണ്ടി വാചാലമായി പ്രസംഗിക്കുന്ന നേതാക്കളുടെ മക്കളെ ആരെയും മലയാളം സ്കൂളുകളിലോ സര്‍ക്കാര്‍ സ്കൂളുകളിലോ ചേര്‍ത്ത് പഠിപ്പിക്കാത്തതിന്റെ യുക്തി മണ്ടന്മാര്‍ക്കു മനസ്സിലാകുകയില്ല. സീറ്റു കുറയും എന്നു താന്‍ പറഞ്ഞത് സീറ്റു കൂടുമെന്നുള്ള അര്‍ത്ഥത്തിലാണെന്നുള്ള പോളിറ്റ്ബ്യൂറോക്കാരന്റെ വിശദീകരണത്തിന്റെ അന്തസ്സത്ത മനസ്സിലാക്കിയാല്‍ കാറല്‍മാര്‍ക്സ് മുതലുള്ള എല്ലാ ആചാര്യന്മാരുടെയും പ്രവചനങ്ങളുടെ ശരിയായ അര്‍ത്ഥം ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയും.ബി.ജെ.പി. യുടെ സുഷമാ സ്വരാജിനെയും എസ്.എന്‍.ഡി.പി. യുടെ നടേശനെയും പോലെ നാവു പിഴയ്ക്കുന്നവരല്ല പ്രത്യയശാസ്ത്രവിശാരദന്മാരായ വിപ്ലവനായകന്മാര്‍. ഇന്ത്യയില്‍ തീവ്രവാദം നടത്തുന്നത് വിദേശചാരന്മാരാണെന്ന് എക്കാലവും ആരോപിക്കുന്ന ബി.ജെ.പി.യുടെ ഒരു നേതാവ് ഈ അടുത്ത നാളുകളില്‍ നടന്ന ബാംഗ്ലൂര്‍, അഹമ്മദ്ബാദ് സ്ഫോടനങ്ങള്‍ മന്‍മോഹന്‍സിംഗിന്റെ പോലീസിന്റെ ഗൂഢാലോചനയാണെന്നു പറഞ്ഞതു പെട്ടെന്ന് പിന്‍വലിക്കേണ്ടി വന്നതുപോലെയല്ല ഇടതുനേതാക്കള്‍. അവരുടെ നാവ് പിഴച്ചാലും പിഴവിനിടയിലും സത്യം തെളിഞ്ഞിരിക്കും. അച്ചുതാനന്ദന്‍ ഭൂപരിഷ്കരണത്തെക്കുറിച്ചും തോമസ് ഐസക്ക് വിദേശസഹായത്തെക്കുറിച്ചും നമ്മുടെ ഭക്ഷ്യമന്ത്രി കേന്ദ്രവിഹിതത്തെക്കുറിച്ചും വൈദ്യുതി മന്ത്രി ബാലന്‍ ലോഡ് ഷെഡിംഗിന്റെ കാരണത്തെക്കുറിച്ചും മന്ത്രി ബേബി സാമൂഹികനീതിയെക്കുറിച്ചും നടത്തിയിട്ടുള്ള പ്രസ്താവനകളുടെ അര്‍ത്ഥം പിടികിട്ടിയിട്ടുള്ള മലയാളികളുടെ മുമ്പില്‍ മാന്തികവിദ്യ വശമുള്ള പ്രവാചകര്‍ക്കു പോലും പിടിച്ചുനില്‍ക്കാന്‍ സാധിക്കുകയില്ലെന്നത് തീര്‍ച്ചയാണ്.
August 23, 2008
നാവ് പിഴയ്ക്കുന്ന പ്രവാചകശബ്ദം
Subscribe to:
Post Comments (Atom)
0 നിരൂപണങ്ങള്‍:
Post a Comment