August 18, 2008

സ്വാശ്രയസ്ഥാപനങ്ങളുടെ കാലികപ്രസക്തി

കൊഴുവനാല്‍ ജോസ്‌



ആറേഴു വര്‍ഷം മുമ്പത്തെ കാര്യമാണ്‌. മേയ്‌ മാസത്തിലെ ഒരു സായംകാലം. ഞങ്ങളുടെ ഗ്രാമത്തിലെ പ്രധാന റോഡിലൂടെ നടക്കാനിറങ്ങിയതായിരുന്നു ഞാന്‍.

വൈകുന്നേരമായതുകൊണ്ട്‌ കച്ചവടസ്ഥാപനങ്ങളില്‍ സാമാന്യം നല്ല തിരക്കുണ്ട്‌. പക്ഷേ എന്നെ ആകര്‍ഷിച്ചത്‌ മറ്റൊന്നാണ്‌.

കലുങ്കിലും കടവരാന്തകളിലും തൊഴില്‍രഹിതരായ ചെറുപ്പക്കാര്‍ സൊറ പറഞ്ഞും പുകവലിച്ചും നിരനിരയായി ഇരിക്കുന്നു.

എന്നെ കണ്ട പാടെ അവരില്‍ നാലഞ്ചുപേര്‍ എഴുന്നേറ്റ്‌ അടുത്തുവന്നിട്ട്‌ കൈ കൂപ്പി നമസ്കാരം പറഞ്ഞു. സ്കൂളില്‍ നിന്നു പിരിഞ്ഞതിനുശേഷം അവരെയൊന്നും കാര്യമായി കാണാന്‍ പോലും കിട്ടാറില്ല. അഭ്യസ്തവിദ്യരാണ്‌; തൊഴിലന്വേഷകരും.

ഓരോരുത്തരോടും ഞാന്‍ വിശേഷങ്ങള്‍ തിരക്കി. ഇപ്പോള്‍ എന്തെടുക്കുന്നു എന്ന്‌ ആരാഞ്ഞു. മറുപടി പല തരത്തില്‍:

ഡിഗ്രി കഴിഞ്ഞു. ജോലിക്ക്‌ ശ്രമിക്കുന്നു.

പിജി ചെയ്തു. ജോലിയൊന്നുമായില്ല.

ബീയെഡ്‌ കഴിഞ്ഞു. ടെസ്റ്റ്‌ എഴുതി. റിസള്‍ട്ട്‌ കാത്തിരിക്കുന്നു.

എന്‍ട്രന്‍സ്‌ എഴുതി. കിട്ടാന്‍ സാധ്യതയില്ല.

എഞ്ചിനീയറിങ്ങിനു പോകണമെന്നാ മോഹം. പക്ഷേ ഡൊണേഷന്‍ കൊടുക്കാന്‍ പണമില്ല.



അതേ; തൊഴിലില്ലാത്ത അഭ്യസ്തവിദ്യരായ യുവതലമുറക്കാരുടെ എണ്ണം ഭീതിജനകമായ വിധത്തില്‍ പെരുകിയിരുന്ന നാളുകളായിരുന്നു അവ.

പഠിച്ചുപോയി എന്ന ഒറ്റക്കാരണത്താല്‍ പഠിക്കാത്ത മറ്റുള്ളവരോടൊപ്പം പണിയെടുക്കാന്‍ മടിച്ചുനിന്നവര്‍.

ആര്‍ട്സിലും സയന്‍സിലും ബിരുദമെടുത്തിട്ട്‌ സര്‍ട്ടിഫിക്കറ്റുകളുമായി വെറുതെ കാര്യാലയങ്ങളില്‍ കയറിയിറങ്ങിയവര്‍.

ഈ അവസ്ഥ തുടര്‍ന്നാല്‍ കേരളം വര്‍ഷങ്ങള്‍ക്കുള്ളില്‍ തൊഴിലില്ലാത്ത ബിരുദധാരികളെക്കൊണ്ട്‌ നിറയുമെന്ന്‌ മുന്‍കൂട്ടി കാണാന്‍ വിദ്യാഭ്യാസമേഖലയില്‍ സേവനസന്നദ്ധരായി നിറഞ്ഞുനിന്ന സമുദായങ്ങള്‍ക്കും അവയുടെ ആചാര്യന്മാര്‍ക്കും ഏറെ ചിന്തിക്കേണ്ടി വന്നില്ല. സര്‍ക്കാര്‍ വകയില്‍ മെഡിസിന്‌ അഞ്ഞൂറില്‍താഴെ സീറ്റുകളും എഞ്ചിനീയറിംഗിന്‌ നാലായിരത്തില്‍ ശിഷ്ടം സീറ്റുകളും വച്ചുകൊണ്ട്‌ പഠിച്ചുയരാന്‍ കൊതിക്കുന്ന സമര്‍ത്ഥരായ പതിനായിരക്കണക്കിന്‌ വിദ്യാര്‍ത്ഥികളുടെ വന്‍സമൂഹത്തോട്‌ നീതി പുലര്‍ത്താന്‍ ഒരിക്കലും കഴിയില്ലെന്നും അവര്‍ തിരിച്ചറിഞ്ഞു. വലിയ തുക കോഴ കൊടുത്ത്‌ അന്യസംസ്ഥാനങ്ങളില്‍ പോയി ഈ കോഴ്സുകള്‍ക്കു ചേരാന്‍ തൊണ്ണൂറ്റൊമ്പതു ശതമാനത്തിനും പ്രാപ്തിയില്ലെന്നുള്ളതില്‍ ആര്‍ക്കും സംശയമുണ്ടായില്ല. അതിനാല്‍ ഈ കാര്യത്തില്‍ അടിയന്തരമായി എന്തെങ്കിലും ചെയ്തേ മതിയാവൂ എന്ന്‌ മാനവനന്മയെ ലക്ഷ്യം വച്ച്‌ സേവനം ചെയ്യുന്നവര്‍ക്ക്‌ ബോദ്ധ്യമായി. ആ ബോധ്യത്തില്‍നിന്ന്‌ കൂട്ടായ ചര്‍ച്ചകളിലൂടെ ഉരുത്തിരിഞ്ഞ ആശയമാണ്‌ സ്വാശ്രയസ്ഥാപനങ്ങള്‍ക്ക്‌ ബീജാവാപം ചെയ്തത്‌.

പള്ളികളോടൊപ്പം പള്ളിക്കൂടങ്ങളും സ്ഥാപിച്ച്‌ ഈ നാട്ടിലെ വിദ്യാഭ്യാസമേഖലയെ നിതരാം പുഷ്ടിപ്പെടുത്തിക്കൊണ്ടിരുന്ന ക്രൈസ്തവനേതൃത്വം തന്നെ ഈ രംഗത്തും മുന്‍കൈയെടുത്ത്‌ മുന്നോട്ടിറങ്ങി. എഴുത്തുപള്ളി, പള്ളിക്കൂടം തുടങ്ങിയ വാക്കുകള്‍ പോലും പള്ളികളോടു ബന്ധപ്പെട്ട്‌ നില്‍ക്കുന്നു എന്ന വസ്തുത സൗകര്യപൂര്‍വ്വം വിസ്മരിക്കാവുന്ന ഒന്നല്ല. പിന്നാലെ ക്രൈസ്തവരോട്‌ യോജിക്കാന്‍ പറ്റുന്ന മറ്റ്‌ സമുദായങ്ങളും അവരോടൊപ്പം ചേര്‍ന്നു. കല്ല്‌ ചുമന്നും പിടിയരി പിരിച്ചും പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ച പൂര്‍വ്വികരുടെ മാതൃകയായിരുന്നു അവര്‍ക്കു വഴികാട്ടിയത്‌. ട്രസ്റ്റുകള്‍ രൂപീകരിച്ചും ലോണെടുത്തും കടം വാങ്ങിയും സംഘടിപ്പിച്ച കോടികള്‍ മുടക്കി സ്ഥലവും തലയെടുപ്പുള്ള കെട്ടിടങ്ങളും ഉണ്ടാക്കിയപ്പോഴേക്ക്‌ അസൂയാലുക്കള്‍ ഉയര്‍ത്തിവിട്ട ഇണ്ടാസുകളുടെ ഒഴുക്കും തുടങ്ങി. കുരുട്ടു ബുദ്ധിയില്‍ തെളിഞ്ഞുവന്ന മുടന്തന്‍ ന്യായങ്ങളും പണക്കൊതിയില്‍ നിന്ന്‌ രൂപമെടുത്ത വരട്ടുവാദങ്ങളും ഈ സ്ഥാപനങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിന്‌ തടസ്സങ്ങളായി മാറി.

കൊലക്കത്തിയുമായി സര്‍വ്വകലാശാലകളും ആരാച്ചാരുടെ വേഷമണിഞ്ഞ സര്‍ക്കാരുകളും വിപ്ലവഗാനം ഏറ്റുപാടാന്‍ ആളില്ലാതെ വരുമെന്ന്‌ ഭീതിപൂണ്ട വിദ്യാര്‍ത്ഥി-യുവജന-ഗുണ്ടാപ്പടയും നഖശിഖാന്തം എതിര്‍പ്പുകളുമായി ഒളിഞ്ഞും തെളിഞ്ഞും രംഗത്തിറങ്ങി. കമ്മിറ്റികള്‍ അനവധി അവതരിച്ചു. ബില്ലുകള്‍ പലത്‌ പാസ്സായി. കോടതികള്‍ മാത്രമായിരുന്നു ഏക ആശ്രയം. എതിര്‍ത്തവരെയൊക്കെ ന്യായപീഠങ്ങള്‍ കടിച്ചു കുടഞ്ഞു. ഭരണഘടനാ വിരുദ്ധമായ ബില്ലുകളും കമ്മിറ്റികളുമൊക്കെ വലിച്ച്‌ കടലിലെറിഞ്ഞു. 1999, 2000, 2001 വര്‍ഷങ്ങളിലായി ഈ സ്ഥാപനങ്ങളൊക്കെ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെക്കൊണ്ടു നിറഞ്ഞു. സഹകരണമേഖലയിലും അര്‍ദ്ധസര്‍ക്കാര്‍ മേഖലയിലും നിലവില്‍ വന്നതുള്‍പ്പെടെ ഇന്ന്‌ കേരളത്തില്‍ എണ്‍പത്തിയേഴ്‌ എഞ്ചിനീയറിംഗ്‌ കോളജുകളും പല ബ്രാഞ്ചുകളിലായി ഇരുപത്തിയേഴായിരത്തോളം സീറ്റുകളുമുണ്ട്‌. അതുപോലെ തന്നെ മെഡിക്കല്‍ മേഖലയിലും കോളജുകളുടെ എണ്ണവും സീറ്റുകളുടെ ലഭ്യതയും മൂന്നിരട്ടിയായി വളര്‍ന്നു. കൂടാതെ അനുദിനം വിസ്മയാവഹമായി വളര്‍ന്നു വികസിക്കുന്ന ശാസ്ത്രസാങ്കേതികതകളുടെ എണ്ണമറ്റ വിഭാഗങ്ങളില്‍ ഓരോരുത്തരുടെയും അഭിരുചിയനുസരിച്ച്‌ തിരഞ്ഞെടുത്ത്‌ പഠിക്കാനും ആറക്കശമ്പളം ലഭിക്കുന്ന മാന്യമായ ജോലി ലഭിക്കാനും പര്യാപ്തമായ നിരവധി കോഴ്സുകളുമായി ഒട്ടനേകം സ്ഥാപനങ്ങളും നിലവില്‍ വന്നു. അതോടെ ആര്‍ട്സിനും സയന്‍സിനുമായി കോളേജുകളിലേക്കുള്ള തള്ളിക്കയറ്റത്തിന്‌ ശമനമുണ്ടായി. പഠിച്ച്‌ ജയിക്കുന്നവര്‍ക്കു ജോലി ലഭിക്കും എന്ന അവസ്ഥയും സംജാതമായി. 2002 മുതല്‍ ഈ സ്വാശ്രയസ്ഥാപനങ്ങളില്‍നിന്ന്‌ ഉന്നതവിജയം കരസ്ഥമാക്കിയ മിടുക്കന്മാരും മിടുക്കികളും പുറത്തിറങ്ങാന്‍ തുടങ്ങി. മലയാളനാടിന്റെ അഭിമാനഭാജനങ്ങളാണവര്‍. കോഴ്സ്‌ തീരുന്നതിനുമുമ്പേ തന്നെ പ്രശസ്തങ്ങളായ കമ്പനികള്‍ കാമ്പസ്‌ റിക്രൂട്ട്മെന്റ്‌ വഴി ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്ന സമ്പ്രദായം കൂടി നിലവില്‍ വന്നതോടെ അവസ്ഥ സമൂലം മാറി.

അഭ്യസ്തവിദ്യരായ ആരെയും ഇന്ന്‌ കലുങ്കുകളിലും കടവരാന്തകളിലും കാണാനില്ല. ടെക്നോപാര്‍ക്ക്‌, ഇന്‍ഫോപാര്‍ക്ക്‌, ഇന്‍ഫോസിസ്‌, വിപ്രോ, ടി.സി.എസ്‌., സത്യം, ഐ.ബി.എം., അക്സെഞ്ചര്‍ തുടങ്ങി എണ്ണമറ്റ ഐ.ടി. കമ്പനികളിലും യോഗ്യതയനുസരിച്ച്‌ ബന്ധപ്പെട്ട മറ്റ്‌ സ്ഥാപനങ്ങളിലും സംസ്ഥാനത്തിനകത്തും അന്യസംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമായി ജോലി ചെയ്ത്‌ കാല്‍ലക്ഷം മുതല്‍ ഒന്നരലക്ഷം വരെ മാസശമ്പളം പറ്റുന്ന കഴിവുറ്റ ഉദ്യോഗസ്ഥരെ സമൂഹത്തിന്‌ പ്രദാനം ചെയ്യാന്‍ കടന്നുപോയ ഏഴെട്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ സ്വാശ്രയസ്ഥാപനങ്ങള്‍ക്ക്‌ കഴിഞ്ഞു എന്നതാണ്‌ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ ഇവിടത്തെ വിദ്യാഭ്യാസമേഖലയിലുണ്ടായ ഏറ്റവും വലിയ വിപ്ലവം.

സാന്ദര്‍ഭികമായി മറ്റൊരു വസ്തുതകൂടി ഇവിടെ പറയേണ്ടതുണ്ട്‌. മേല്‍പറഞ്ഞ വിപ്ലവത്തിന്റെ മഹത്തായ വിജയം കണ്ട്‌ വിറളി പിടിച്ച കുറെ അസുരവിത്തുകളെ പടച്ചുവിട്ടിരിക്കുന്നതും ഈ നാട്ടില്‍ത്തന്നെയാണ്‌. ഇവിടത്തെ ന്യൂനപക്ഷങ്ങള്‍ പ്രത്യേകിച്ച്‌ ക്രൈസ്തവസമൂഹം മനുഷ്യനന്മയെ ലക്ഷ്യം വച്ച്‌ നടപ്പാക്കുന്ന പുരോഗമനാത്മകമായ പദ്ധതികളൊക്കെ പാര്‍ട്ടിക്ക്‌ പണവും പോക്കറ്റിന്‌ കനവും ലാക്കാക്കി സേവനമെന്ന ലേബലില്‍ പൊതുരംഗത്തിറങ്ങിയിരിക്കുന്ന രാഷ്ട്രീയഭിക്ഷാംദേഹികള്‍ക്കും ബുദ്ധിജീവികളുടെ മുഖമൂടിയണിഞ്ഞ്‌ സമൂഹത്തില്‍ പുഴുക്കുത്തുകളുണ്ടാക്കുന്ന വിപ്ലവാഭാസകര്‍ക്കും നെഞ്ചെരിച്ചിലും ദഹനക്കേടും ഉണ്ടാക്കാന്‍ തുടങ്ങിയിട്ട്‌ നാളേറെയായി.

കുട്ടിപ്പട്ടാളത്തെയും ഗുണ്ടാപ്പടയെയും കയറൂരിവിട്ട്‌ സ്ഥാപനങ്ങള്‍ തല്ലിപ്പൊളിക്കാനും അവയുടെ വണ്ടികള്‍ക്ക്‌ കല്ലെറിയാനും അഭിവന്ദ്യരായവരെ പുലഭ്യം പറഞ്ഞ്‌ അവഹേളിക്കാനും പച്ചക്കൊടി കാട്ടുന്ന കാട്ടാളന്മാരുടെ ഭരണനേതൃത്വം അരനൂറ്റാണ്ട്‌ പിന്നിലേക്ക്‌ ഒന്നു തിരിഞ്ഞുനോക്കുന്നത്‌ നന്നായിരിക്കും.


0 നിരൂപണങ്ങള്‍: