മാര്‍ ജോസഫ് കല്ലറങ്ങാട്ട്
മനുഷ്യവ്യക്തികള്‍ക്ക് മാന്യമായും അന്തസ്സായും ജീവിക്കുവാന്‍ ദൈവം നല്‍കിയിരിക്കുന്ന അവകാശം നിഷേധിക്കുവാന്‍ ആര്‍ക്കും അധികാരമില്ല. കേരളം ഭരിക്കുന്നവര്‍ ഈ സത്യം വിസ്മരിക്കരുത്. ഇന്നിന്റെ താല്‍ക്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി വിശിഷ്ടമൂല്യങ്ങളെ ബലികൊടുക്കരുത്. ലോകത്തിന്റെ പ്രത്യാശയെ തകര്‍ക്കരുതേ! മൂല്യങ്ങളാകുന്ന മൂലധനങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിന് മനഃസാക്ഷിയുള്ള എല്ലാവരും ഉണരേണ്ട സമയമാണിത്.
നിരീശ്വര പ്രസ്ഥാനങ്ങളുടെ ഏറ്റവും വലിയ പരാജയം മനുഷ്യസ്വഭാവം തിരിച്ചറിയുന്നതില്‍ അവര്‍ക്കു വന്ന പാളിച്ചയാണ്. ഒരു ഘട്ടമെത്തുമ്പോള്‍ മനുഷ്യരെല്ലാവരും എല്ലാം പരസ്പരം പങ്കുവച്ച് സ്വാര്‍ത്ഥതയുടെ മതില്‍ക്കെട്ടുകള്‍ സ്വയം തകര്‍ത്ത് സമത്വസുന്ദരമായ സാമൂഹ്യക്രമം രൂപപ്പെടുത്തും എന്ന മിഥ്യാധാരണ. പഴയ സോവിയറ്റ് യൂണിയനിലും ഇന്നും മാര്‍ക്സിസം മരിച്ചിട്ടില്ല എന്ന് ചിന്തിക്കുന്നവരുടെ മദ്ധ്യത്തിലും "എല്ലാവരും തുല്യരാണ്, എന്നാല്‍ കുറേപ്പേര്‍ കൂടുതല്‍ തുല്യരാണ്" എന്ന ജോര്‍ജ്ജ് ഓര്‍വലിന്റെ ആക്ഷേപഹാസ്യ പ്രസ്താവന നിലനില്‍ക്കുന്നു എന്ന വൈരുദ്ധ്യമുണ്ട്. മനുഷ്യനില്‍ തിന്മ അന്തര്‍ലീനമാണ്. തിന്മയിലേക്കുള്ള അതിശക്തമായ പ്രേരണയുടെ ഇരയാണവന്‍. ജീവിതത്തില്‍ ദൈവം സ്ഥാനം നേടുമ്പോള്‍ മാത്രമേ നന്മയും തിന്മയും വേര്‍തിരിക്കപ്പെടൂ. നീതിയും അനീതിയും തരം തിരിക്കപ്പെടൂ, ധര്‍മ്മവും അധര്‍മ്മവും വിച്ഛേദിക്കപ്പെടൂ. നന്മയ്ക്ക് മനുഷ്യന്‍ സ്വയം അശക്തനാണ്. ദൈവത്തെ മാറ്റിനിര്‍ത്തുമ്പോള്‍ മനുഷ്യജീവന്‍ ആകസ്മികതയും ജീവിതം ജനനമരണങ്ങള്‍ക്കിടയിലുള്ള ഒരു ഇടവേളയും മാത്രം. ഇടവേള ഗൗരവമായ ഒന്നിനുമുള്ളതല്ല, വിശ്രമത്തിനും വിനോദത്തിനും ഉല്ലാസത്തിനുമുള്ള സമയം. ആത്മവിചാരങ്ങളും ഉത്തരവാദിത്വബോധവും ദീര്‍ഘദൃഷ്ടിയും സംയമനവും അനാവശ്യങ്ങളാകും. പരമാവധി മുതലെടുക്കുന്നവരാണ് ഇടവേളകളിലെ കേമന്മാര്‍. അവര്‍ക്ക് മറ്റൊരു അവസരമോ, ജീവിതമോ ഇല്ല. മരണസംസ്കാരത്തിന് പച്ചക്കൊടി വീശുന്ന പരിഷ്കാരം നന്മയല്ല, തിന്മയാണ്.
മരണം ജീവിതത്തിന്റെ പരമസമര്‍പ്പണ മുഹൂര്‍ത്തമാണ്. സമുന്നത ആദര്‍ശങ്ങള്‍ക്കും സഹോദരങ്ങളുടെ നന്മയ്ക്കുമായി ബോധപൂര്‍വ്വം ജീവിതത്തെ ബലിയായി നല്‍കുന്ന മഹാത്യാഗികളെ ചരിത്രം എന്നും പുകഴ്ത്തും. വി. മാക്സ്മില്യന്‍ കോള്‍ബെ അത്തരത്തിലുള്ള ഒരു വ്യക്തിയാണ്. എന്നാല്‍ കേരളത്തിലെ നിയമപരിഷ്കരണസമിതി ത്യാഗത്തെ ഒഴിവാക്കി രോഗത്തെ മഹത്വീകരിക്കുന്നു. അതിനാല്‍ ഈ നിര്‍ദ്ദേശവും ശക്തമായിത്തന്നെ എതിര്‍ക്കപ്പെടേണ്ടതാണ്.
ജനനനിയന്ത്രണ നിയമം
The Kerala Family Wellbeing Bill എന്ന പേരില്‍ കേരള നിയമപരിഷ്കരണ കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിക്കുന്ന നിയമം ഭാര്യാഭര്‍ത്താക്കന്മാരെ മൂന്നാമതൊരു കുട്ടിക്ക് ജന്മം നല്‍കുന്നതിനെ നിയമപരമായി തടസ്സപ്പെടുത്തിയിരിക്കുകയാണ്. ബില്ലിന്റെ കരടില്‍ പഞ്ചായത്തുകള്‍ തോറും ഭ്രൂണഹത്യാക്ലിനിക്കുകള്‍ ആരംഭിക്കാനും കൂടുതല്‍ സന്താനങ്ങള്‍ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും നിയമപരമായ അയോഗ്യതയും ശിപാര്‍ശ ചെയ്യുന്നുണ്ട്. സൃഷ്ടികര്‍മ്മത്തില്‍ മനുഷ്യനെ പങ്കാളിയാക്കാനുള്ള ദൈവികപദ്ധതിക്കെതിരായ നിയമനിര്‍മ്മാണമാണിതെന്ന യാഥാര്‍ത്ഥ്യം വിസ്മരിച്ചുകൂടാ. കുടുംബത്തിന്റെ സ്വകാര്യതയിലേക്കുള്ള സ്റ്റേറ്റിന്റെ കടന്നുകയറ്റമാണിത്.
പ്രായപൂര്‍ത്തിയായ സ്ത്രീപുരുഷന്മാര്‍ക്ക് തടസ്സങ്ങളിലാതെ വിവാഹബന്ധത്തിലേര്‍പ്പെടാനും കുടുംബം സ്ഥാപിക്കാനുമുള്ള അവകാശമുണ്ട്. കുടുംബം, വീട് ഇവയില്‍ സ്വേച്ഛാപരമായ ഇടപെടലുളില്‍നിന്നുള്ള സംരക്ഷണത്തിനും അവര്‍ക്ക് അവകാശമുണെ്ടന്നിരിക്കെ ഈ നിയമഭേദഗതി ആ അവകാശങ്ങളുടെ ലംഘനമായിത്തീര്‍ന്നിരിക്കുകയാണ്. മനുഷ്യാവകാശത്തിന്റെ കാവല്‍ക്കാര്‍ തന്നെ അതിന്റെ അന്തകരായിത്തീര്‍ന്നിരിക്കുന്ന ദയനീയാവസ്ഥ സംജാതമായിരിക്കുന്നു.
എല്ലാ മതവിശ്വാസവുമനുസരിച്ച് ദൈവമാണ് മനുഷ്യന്റെ സ്രഷ്ടാവ്. മനുഷ്യജീവന്‍ സംക്രമിപ്പിക്കുക എന്ന ഗൗരവമായ ചുമതലയില്‍ സ്രഷ്ടാവായ ദൈവവുമായി സ്വാതന്ത്ര്യത്തോടും ഉത്തരവാദിത്വത്തോടുംകൂടെ സഹകരിക്കേണ്ടവരാണ് ഓരോ കുടുംബവും. ഇത് മതപരമായ അവകാശവും കടമയുമാണ്. ഇന്‍ഡ്യന്‍ ഭരണഘടനതന്നെ മൗലികാവകാശമായി നല്‍കിയിരിക്കുന്ന അവകാശത്തിന്മേലുള്ള കടന്നുകയറ്റവും ഈശ്വരവിശ്വാസികളോടുള്ള കടുത്ത അവഹേളനവുമാണിത്.
ഒരു കുടുംബത്തിലെ കുട്ടികളുടെ എണ്ണം എത്രയെന്ന് തീരുമാനിക്കാനുള്ള അവകാശം തികച്ചും സ്വകാര്യ കുടുംബകാര്യമായിരിക്കെ, കുട്ടികളുടെ എണ്ണം നിയന്ത്രിക്കാനും, കൂടുതല്‍ കുട്ടികളുണ്ടാകുവാന്‍ ആഗ്രഹിക്കുന്ന ദമ്പതികള്‍ക്ക് അയോഗ്യത കല്‍പിക്കാനും അമ്മയുടെ ഉദരത്തില്‍ രൂപംകൊണ്ട കുഞ്ഞിനെ നശിപ്പിക്കാനുംവേണ്ടിയുള്ള കിരാതനിയമങ്ങള്‍ ആവിഷ്കരിച്ച നിയമപരിഷ്കരണസമിതി ജീവന് മൂല്യം കല്‍പിക്കാത്ത ഈ ഉദ്യമത്തില്‍നിന്നും പിന്‍മാറേണ്ടതും ഇവ പിന്‍വലിക്കേണ്ടതുമാണ്.
incetives & incriments നല്‍കിക്കൊണ്ടിരുന്ന കുടുംബാസൂത്രണ പദ്ധതി ഇന്ന് വിലക്കുകളുടെയും അയോഗ്യത കല്‍പിക്കലിന്റെയും സംസ്കാരത്തിലേക്ക് കടന്നുവന്നിരിക്കുകയാണ്. വ്യക്തി സ്വാതന്ത്ര്യത്തിലേക്ക് കൈകടത്തുന്ന ഭരണകൂടത്തിന്റെ മരണനിയമങ്ങളാണിവ.
ജനങ്ങളാണ് രാജ്യത്തിന്റെ സുപ്രധാന ഘടകം. ജനങ്ങളുടെ വളര്‍ച്ചയാണ് രാജ്യത്തിന്റെ വളര്‍ച്ച. ജനങ്ങളെ ചുരുക്കിക്കൊണ്ടുള്ള ഒരു വളര്‍ച്ച രാജ്യത്തിനില്ല. മനുഷ്യപ്രയത്നത്തിലാണ് ലോകസമ്പത്ത് ഇന്നു കേന്ദ്രീകരിച്ചിരിക്കുന്നത്. ഏറ്റവും വലിയ മൂലധനം മനുഷ്യശക്തി തന്നെയാണ്. "ജനസംഖ്യ ശാപമല്ല മറിച്ച് അനുഗ്രഹമാണ്" എന്ന് നമ്മുടെ പ്രധാനമന്ത്രി പറയുന്നതും ഇക്കാരണത്താലാണ്. ആയതിനാല്‍ രാജ്യവളര്‍ച്ചയ്ക്ക് ജനനനിയന്ത്രണമല്ല കൂടുതല്‍ ജനങ്ങളെയാണവശ്യം.
കേരളത്തിന്റെ വളര്‍ച്ചയും വരുമാനവും കേരളത്തിനു പുറത്ത് അന്യനാടുകളില്‍ അദ്ധ്വാനിക്കുന്ന ചെറുപ്പക്കാരിലൂടെയാണ് കടന്നുവരുന്നത്. ജനത്തിന്റെ കുറവ് കേരളത്തില്‍ ഗണ്യമായി നേരിടുന്നതുകൊണ്ടാണ് കേരളത്തിന്റെ വിവിധ തൊഴില്‍മേഖലകളില്‍ തമിഴ്‌നാട്, ബംഗാള്‍, ഒറീസ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ളവര്‍ പണിയെടുക്കുന്നത്. ഒരു തൊഴിലിനും ആരെയും കിട്ടാത്ത അവസ്ഥയില്‍ കേരളത്തിലെ ജനങ്ങളെ കുറയ്ക്കുന്നതിനുള്ള നിയമപരിഷ്കരണ സമിതിയുടെ നിയമം യുക്തിരഹിതമാണ്.
രാഷ്ട്രത്തിന്റെ വിശിഷ്ടമൂലധനം പൗരന്മാരാണ്. മാനവവിഭവശേഷി രാഷ്ട്രത്തിന്റെ ക്രിയാത്മകവും സര്‍ഗ്ഗാത്മകവുമായ വളര്‍ച്ചയുടെ മുഖ്യഘടകമാണ്. ഭാരതം വികസിത രാഷ്ട്രങ്ങള്‍ക്കിടയില്‍ അതിവേഗം സ്ഥാനം നേടിയത് നമ്മുടെ സമ്പന്നമായ മാനവവിഭവശേഷി കൊണ്ടാണ്. പുതിയ നിയമനിര്‍മ്മാണ കമ്മീഷന്‍ ജനങ്ങളെ - ഭാവിയുടെ നക്ഷത്രങ്ങളായ കുട്ടികളെ ബാദ്ധ്യതയായും ശിക്ഷിക്കപ്പെടേണ്ട സാമൂഹ്യതിന്മയായും കണക്കാക്കുന്നു. കേരളംപോലെ വികസനം നേടിയ ഒരു സംസ്ഥാനത്ത് സ്കൂള്‍കുട്ടികള്‍ പ്രവൃത്തിദിവസങ്ങളില്‍ പ്രഭാതത്തിലും സായാഹ്നങ്ങളിലും നമ്മുടെ തെരുവുകളിലൂടെ വാഹനങ്ങളുടെ പിന്നാലെ ഓടുന്നത് സാധാരണ കാഴ്ചയാണല്ലോ. ഇത്രയധികം അവഗണിക്കപ്പെടണമോ നമ്മുടെ നിഷ്കളങ്ക ബാല്യങ്ങള്‍! രണ്ടു കുട്ടികള്‍മാത്രമുള്ളവര്‍ക്ക് സര്‍ക്കാര്‍ ഇപ്പോള്‍ എന്തു പ്രത്യേക ആനുകൂല്യം നല്‍കുന്നുണ്ട്? രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ സര്‍ക്കാരിന് എന്ത് അധികബാദ്ധ്യത വരുത്തുന്നു? കൂടുതല്‍ കുട്ടികളുള്ള കുടുംബത്തിലെ കുട്ടികള്‍ സ്വന്തമായി അദ്ധ്വാനിച്ചും കേരളത്തില്‍ നിഷേധിക്കപ്പെട്ടിരുന്ന തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഏറെ പണംമുടക്കി കേരളത്തിനു പുറത്തുനിന്ന് നേടിയും അന്യനാടുകളിലേക്ക് തൊഴില്‍ തേടിയെത്തി. അവിടെനിന്നും ലഭിക്കുന്ന സമ്പത്തിന്റെ വിഹിതം സര്‍ക്കാര്‍ കൈപ്പറ്റുന്നതല്ലാതെ, അവര്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനോ, വിദേശങ്ങളില്‍ കുടിയേറുന്നതിനോ കേരളസര്‍ക്കാര്‍ എന്തു സഹായം ചെയ്തിട്ടുണ്ട്? സാധാരണക്കാരുടെ മക്കള്‍ കഷ്ടപ്പെട്ട് പണമുണ്ടാക്കി സ്വാശ്രയസ്ഥാപനങ്ങളില്‍ പഠിക്കുന്നു. സര്‍ക്കാര്‍ അവരെ യൂണിവേഴ്സിറ്റികള്‍വഴി പീഡിപ്പിക്കുന്നതല്ലാതെ സംരക്ഷിക്കുന്നു പോലുമില്ലായെന്നത് ദുഃഖസത്യമാണ്. പ്രവാസി മലയാളികളുടെ വിയര്‍പ്പിന്റെ ഗന്ധമാണ് കേരളാ മോഡല്‍ എന്ന സാമ്പത്തിക പുരോഗതിയുടെ നട്ടെല്ല്. സ്വന്തം കാലില്‍ ആശ്രയിക്കുന്നത് തെറ്റാണോ? പരാശ്രയമാണോ സര്‍ക്കാരിന്റെ ഔദ്യോഗിക നയം എന്നു തോന്നിപ്പോകുന്നു. ഒടുവില്‍ എല്ലാവരെയും നിരാശ്രയരാക്കുന്ന ദുരവസ്ഥയാണ് പലരുടെയും സ്വപ്നം. കച്ചവടം എന്ന പദത്തെ അന്യവത്കരിച്ചതും ദുഷിപ്പിച്ചതും സര്‍ക്കാരു തന്നെയാണ്. കേരളത്തില്‍ ലക്ഷക്കണക്കിനു കുടുംബങ്ങള്‍ കച്ചവടം ജീവിതമാര്‍ഗ്ഗമായി സ്വീകരിച്ചിട്ടുണ്ട്. അവരെല്ലാം സാമൂഹ്യദ്രോഹികളാണോ? സര്‍ക്കാര്‍തന്നെ നിലനില്‍ക്കുന്നത് കച്ചവടക്കാരുടെയും ഉപഭോക്താക്കളുടെയും കര്‍ഷകരുടെയും പണപ്പെട്ടിയെ ആശ്രയിച്ചാണു താനും. കുട്ടികളാണ് സകലപുരോഗതിയും നമുക്ക് നേടിത്തരുന്നവര്‍. അവരുടെ കൈകളില്‍ പണിയായുധങ്ങളും പേനകളും നല്‍കുന്നതിനു പകരം കൊടിക്കീറുകള്‍ നല്‍കുന്നവരെയാണ് അടിയന്തരമായി നിയന്ത്രിക്കേണ്ടത്.
കേരളസമൂഹം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളുടെ കാരണം ഇവിടുത്തെ ജനസംഖ്യാവര്‍ദ്ധനവല്ല. ഇരുപതാം നൂറ്റാണ്ടിലെ രണ്ടു ശക്തികളായിരുന്നുവല്ലോ പഴയ സോവിയറ്റ് യൂണിയനും ഇപ്പോഴത്തെ അമേരിക്കയും. റഷ്യയുടെ പതനകാരണം ജനസംഖ്യാവര്‍ദ്ധനവായിരുന്നില്ല. സമ്പന്നതയുടെ പര്യായമായി കണക്കാക്കിയിരുന്ന അമേരിയ്ക്കയ്ക്ക് ഇന്ത്യയുടെ മൂന്നിരട്ടി ഭൂവിഭാഗവും മൂന്നിലൊന്ന് ജനസംഖ്യയുമാണുള്ളത്. യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ജനസംഖ്യാ വര്‍ദ്ധനവില്ല. അവര്‍ ഇന്നു നേരിടുന്ന സാമ്പത്തിക പ്രതിസന്ധികള്‍ക്കും ഭീകരവാദഭീഷണികള്‍ക്കും കാരണം ജനപ്പെരുപ്പമല്ല. അധാര്‍മ്മിക ജീവിതശൈലികളും ധൂര്‍ത്തും കുടുംബബന്ധങ്ങളുടെ ശിഥിലീകരണവും യുദ്ധങ്ങളുമാണ് അമേരിക്കയെ വീര്‍പ്പുമുട്ടിച്ചത്. കുട്ടികള്‍ കുറയുന്നതനുസരിച്ച് പ്രശ്നങ്ങള്‍ കുറയുകയില്ല. അങ്ങനെയായിരുന്നുവെങ്കില്‍ നമ്മുടെ നാട്ടിലെ സമ്പന്നകുടുംബങ്ങള്‍ സമാധാനത്തിന്റെ പറുദീസാകള്‍ ആകുമായിരുന്നുവല്ലൊ. സമൂഹത്തിന്റെ ഏറ്റവും ഭദ്രമായ മൂലധനമാണ് കുട്ടികള്‍. മതവിദ്വേഷവും രാഷ്ട്രീയ ഭ്രാന്തും ന്യൂനപക്ഷദ്രോഹവും വികസനവിരോധവും രഹസ്യഅജണ്ടകളായി സ്വീകരിച്ചിരിക്കുന്ന ഒരു സര്‍ക്കാരിന്, ഇന്നു മുന്നോട്ടുവച്ചിരിക്കുന്ന നിയമപരിഷ്കാരങ്ങള്‍ ക്ഷേമഉപാധികളല്ല, മര്‍ദ്ദനഉപകരണങ്ങളാണെന്നു വ്യക്തം.
കുട്ടികള്‍ അരുത് എന്ന വിലക്ക് കുടുംബമെന്ന അടിസ്ഥാന സമൂഹത്തിന്റെമേല്‍ രാഷ്ട്രം നടത്തുന്ന അതിക്രമമാണ്. അരുതാത്ത അനേകം സംഗതികള്‍ക്ക് ഇന്നത്തെ സര്‍ക്കാര്‍ സ്വതന്ത്രവിഹാരം അനുവദിച്ചിട്ടുണ്ട്. കലാലയങ്ങളെ കശാപ്പുശാലകളാക്കിമാറ്റുന്ന ഭീകരരാഷ്ട്രീയസംഘടനകളെ ഒളിഞ്ഞും തെളിഞ്ഞും വളര്‍ത്തുന്നു. ഇടുങ്ങിയ രാഷ്ട്രീയ താല്‍പര്യങ്ങളും മതവിദ്വേഷവും കേരളത്തിന്റെ വരുംതലമുറയ്ക്ക് ജനിക്കാന്‍പോലുമുള്ള അവകാശത്തിന്റെ നിഷേധത്തിലേക്ക് എത്തിനില്‍ക്കുന്നു. കുടുംബങ്ങളുടെ പവിത്രതയും സ്വാതന്ത്ര്യവും സ്വകാര്യതയും ചോദ്യംചെയ്യുന്ന ഈ നടപടി, നാളെ വിവാഹംപോലും ഏകജാലകത്തിലൂടെ സര്‍ക്കാര്‍ അലോട്ടുചെയ്തുതരുന്ന വ്യക്തിയെ ജീവിതപങ്കാളിയായി സ്വീകരിക്കേണ്ട സ്വാതന്ത്ര്യധ്വംസനത്തിന്റെ തുടക്കമല്ലേയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സമൂഹനന്മയ്ക്കുവേണ്ടി വ്യക്തികള്‍ ത്യാഗത്തിനും ആത്മനിയന്ത്രണത്തിനും തയ്യാറാവണം. അവിടെ മനുഷ്യമഹത്വവും സ്വതന്ത്രതീരുമാനവുമുണ്ട്. മനുഷ്യന്‍ വെറും മൃഗമല്ല, വോട്ടറുമല്ല.
മൃഗലോകത്ത് ബന്ധങ്ങളുടെ പവിത്രതയില്ല. സംസ്കാരത്തിന്റെ പ്രകാശമില്ല. അച്ഛന്‍, അമ്മ, മകന്‍, മകള്‍, സഹോദരന്‍, സഹോദരി, ഭാര്യ, ഭര്‍ത്താവ്, സഹപ്രവര്‍ത്തകന്‍, അയല്‍ക്കാരന്‍, ബന്ധുക്കള്‍ ഈവിധ വ്യത്യാസങ്ങള്‍ ഒന്നും മൃഗങ്ങള്‍ക്കില്ല. മനുഷ്യമഹത്വത്തെ തിരിച്ചറിയാത്ത ഏതു നിയമങ്ങളും കാടിന്റെ നിയമങ്ങളാണ്, നാടിന്റെ പൈതൃകങ്ങളല്ല. മൃഗങ്ങളെപ്പോലും ആദരിച്ചുസ്നേഹിക്കുന്ന സംസ്കാരമാണ് ഭാരതത്തിനുള്ളത്. കുട്ടികളുടെ എണ്ണം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ എതിര്‍ക്കപ്പെടേണ്ടവയാണ്. കാരണം അത് രാഷ്ട്രത്തിന്റെ ഭീമന്‍ കരങ്ങള്‍ക്കുള്ളില്‍ വ്യക്തിബന്ധങ്ങളുടെ പവിത്രതയെ ഞെരിച്ചമര്‍ത്തുന്ന ഹിംസയാണ്.
സഭാവസ്തുക്കള്‍ ട്രസ്റ്റിന്റെ കീഴില്‍
The Kerala Christian Church Properties and Institutions Trust Bill
സഭയുടെ സ്ഥാപനങ്ങളും സ്വത്തുക്കളും കയ്യടക്കാനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമായി രൂപംകൊടുത്തിരിക്കുന്ന കരടുബില്ലാണിത്. സഭാനിയമത്തിനനുസരിച്ച് സഭയുടെ സ്വത്തുക്കളെല്ലാം സുതാര്യമായി കൈകാര്യം ചെയ്യുന്നുവെന്നത് വസ്തുതയായിരിക്കെ സഭയെ തകര്‍ക്കാനും വിശ്വാസികളെ ഭിന്നിപ്പിക്കാനുമുള്ള ഒരു നിയമനിര്‍ദ്ദേശമാണിത്. 'സിസറോ പെപിസം' (ഇലമല്ീ ജലുശൊ) എന്ന പ്രതിഭാസത്തിനു സമാനമാണിത്. സ്റ്റേറ്റും സഭയും തമ്മിലുള്ള അനാരോഗ്യകരമായ ബന്ധവും അതിന്റെ ഫലമായി സഭയുടെ മേലുള്ള സ്റ്റേറ്റിന്റെ കടന്നാക്രമണവുമാണിത്. 'സീസര്‍ പറയുന്നതുപോലെ പാപ്പാ (സഭ) അനുസരിക്കുക' എന്ന സിദ്ധാന്തത്തിന്റെ കമ്യൂണിസ്റ്റ് ആവിഷ്കരണമാണിത്. എല്ലാം രാഷ്ട്രീയാധികാരത്തിനു വിധേയമാണെന്നുള്ള പഴയ റോമന്‍ പേര്‍ഷ്യന്‍ ചക്രവര്‍ത്തിമാരുടെ സ്വേച്ഛാധിപത്യ മനോഭാവത്തിന്റെ മറ്റൊരു മുഖമാണിവിടെ ദര്‍ശിക്കുന്നത്.
മതസ്വാതന്ത്ര്യം പൂര്‍ണമായും അനുവദിക്കുന്നതാണ് നമ്മുടെ ഭരണഘടന ഉറപ്പാക്കുന്ന വ്യവസ്ഥിതി. ഇതൊരു മൗലികാവകാശമാണ്. മതവിഭാഗങ്ങള്‍ക്ക് അവരുടെ ലക്ഷ്യങ്ങള്‍ക്കായി സ്വത്ത് സമ്പാദിക്കുവാനും കൈകാര്യം ചെയ്യുവാനും സ്ഥാപനങ്ങള്‍ നടത്തുവാനും പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. മതങ്ങള്‍ക്ക് നല്‍കപ്പെട്ടിരിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗംവഴി രാജ്യസുരക്ഷയും ക്രമസമാധാനവും തകരാറിലാക്കത്തക്ക വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നുവെങ്കില്‍ മാത്രമേ ജനാധിപത്യ രാഷ്ട്രങ്ങള്‍ മതസംവിധാനരംഗത്ത് കടന്നുചെല്ലുകയുള്ളു. മതങ്ങള്‍ രാജ്യസുരക്ഷയും ക്രമസമാധാനവും തകര്‍ക്കുകയല്ല, മറിച്ച് അതിനെ പവിത്രതയോടെ കാണുകയും പൗരനെന്ന നിലയില്‍ സംരക്ഷിക്കുകയും ചെയ്യുകയാണ്.
പ്രത്യേക ജീവിതദര്‍ശനങ്ങളെ അടിസ്ഥാനമാക്കിയാണ് മതസമൂഹങ്ങളുടെ ഭരണക്രമങ്ങള്‍ നിലകൊള്ളുന്നത്. ഈ ആദ്ധ്യാത്മികസമൂഹങ്ങള്‍ക്ക് ജീവിക്കുവാനും പ്രവര്‍ത്തിക്കുവാനും ഭൗതികസമ്പത്ത് അനിവാര്യമാണ്. ആദ്ധ്യാത്മിക ലക്ഷ്യങ്ങള്‍ക്കുള്ള ഉപാധികളാണവ. അതുകൊണ്ടുതന്നെ അവ ആദ്ധ്യാത്മികാധികാരത്തിന് വിധേയമായിരിക്കണം. ആദ്ധ്യാത്മിക ലക്ഷ്യങ്ങള്‍ക്കു വേണ്ടിയാണ് സമ്പത്ത് ഉപയോഗിക്കുന്നതെന്ന് ഉറപ്പ് വരുത്താനുള്ള അവകാശം ആദ്ധ്യാത്മികാധികാരത്തിനു തന്നെയാണ്.
വിശ്വാസികളില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഇടവക പ്രതിനിധികളുടെ യോഗവും പൊതുയോഗവുമാണ് പരമ്പരാഗതമായി കേരളത്തിലെ ക്രൈസ്തവസഭയില്‍ സഭാസംബന്ധമായ സ്വത്തുക്കള്‍ കൈകാര്യം ചെയ്തുപോരുന്നത്. അതതു മാസത്തെ കണക്കുകള്‍ (മാസത്തിരട്ട്) ഇടവക പ്രതിനിധിയോഗത്തില്‍ വായിച്ച് പാസ്സാക്കുകയും വാര്‍ഷികക്കണക്ക് (ആണ്ടുതിരട്ട്) പൊതുയോഗത്തില്‍ അവതരിപ്പിച്ച് പാസ്സാക്കുകയുമാണ്
നമുക്ക് നിലവിലുള്ള രീതി. ഇപ്രകാരം സുതാര്യമായ വ്യവസ്ഥകളുണ്ടായിരിക്കെ വിശ്വാസികളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് നിയമനിര്‍മ്മാണത്തിലൂടെ സഭാസ്വത്തുക്കള്‍ പിടിച്ചടക്കാനുള്ള ഭരണകൂടത്തിന്റെ ഗൂഢനീക്കം നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്.
സഭ എന്താണെന്നും അത് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മനസ്സിലാക്കാന്‍ ശ്രമിക്കാതെ, സ്ഥാപിത താല്‍പര്യക്കാരുടെ പിന്തുണയോടുകൂടി രൂപീകരിച്ച നിയമങ്ങളാണിതെന്നതില്‍ തെല്ലും സംശയമില്ല. ക്രൈസ്തവര്‍ വിവിധ സഭാസമൂഹങ്ങളിലാണെന്നോ, വിവിധ സഭകള്‍ക്ക് അവരുടെ വിശ്വാസത്തിന്റെ നിലപാടുകള്‍ക്കനുസരിച്ച് ഭരണക്രമത്തില്‍ വ്യത്യാസമുണെ്ടന്നോ ഉള്ള വസ്തുതകള്‍ കമ്മീഷന്‍ കണക്കിലെടുത്തിട്ടില്ലായെന്നത് നിര്‍ഭാഗ്യകരമാണ്. കത്തോലിക്കാ സഭയ്ക്ക് ലോകമെമ്പാടും പ്രസക്തമായ പൊതുനിയമങ്ങളും പ്രാദേശിക സാഹചര്യങ്ങള്‍ക്കനുസരിച്ചും സഭാപ്രബോധനമനുസരിച്ചും പ്രത്യേക നിയമങ്ങളുമുണെ്ടന്നും അതിന്റെ ഭരണക്രമവും ആരാധനാരീതിയും വിശ്വാസസംഹിതയുമനുസരിച്ച് ജീവിക്കുന്നവരാണ് സഭാംഗങ്ങള്‍ എന്നുമുള്ള പ്രാഥമിക യാഥാര്‍ത്ഥ്യങ്ങളും നിയമപരിഷ്കരണസമിതി മനസ്സിലാക്കാതെ പോയിരിക്കുന്നത് വലിയ ഒരു കുറവുതന്നെയാണ്. ഭൗതികതയുടെ നേര്‍ക്കുള്ള ആത്മീയദര്‍ശനം കൈമോശം വരാന്‍ സഭ ഒരിക്കലും അനുവദിക്കുന്നതല്ല.
ഇന്ന് സഭയില്‍ നിലനില്‍ക്കുന്നത് ജനാധിപത്യപരമായ ഭരണക്രമമാണെന്നുള്ള വസ്തുത പാടെ വിസ്മരിച്ചുകൊണ്ടാണ് നിയമപരിഷ്കരണ സമിതി ഈ നിയമം പുറപ്പെടുവിച്ചിരിക്കുന്നത്. വ്യത്യസ്തങ്ങളും വിവിധങ്ങളുമായ മാര്‍ഗ്ഗങ്ങളിലൂടെ ജനാധിപത്യ ഭരണക്രമം നിര്‍വ്വഹിക്കാവുന്നതാണ്. ഗ്രീക്ക് സിറ്റി-സ്റ്റേറ്റുകളില്‍ ഉണ്ടായിരുന്ന തരത്തിലുള്ള ജനാധിപത്യം സഭയില്‍ നടപ്പിലാക്കണമെന്നു പറഞ്ഞാല്‍ സാദ്ധ്യമല്ല. എല്ലാക്കാര്യങ്ങളും വാദപ്രതിവാദങ്ങള്‍ക്കും വോട്ടിനും വിഷയീഭവിപ്പിച്ചുകൊണ്ട് നീങ്ങുന്ന ശൈലിയല്ല സഭയുടേത്. വേറിട്ടുനില്‍ക്കുന്നതും സുതാര്യവുമാണിത്.
സഭയുടെ സ്വത്തുക്കള്‍ സംബന്ധിച്ച് സര്‍ക്കാരിന് വലിയ ഉത്കണ്ഠയുണ്ട്. കാരണം സര്‍ക്കാരിന്റെ ദൃഷ്ടി സമ്പത്തില്‍ മാത്രമാണല്ലോ! ജനങ്ങളും വിശ്വാസങ്ങളും മൂല്യങ്ങളും ധനത്തിനു താഴെയായി മാത്രമേ നിരീശ്വര പ്രസ്ഥാനങ്ങള്‍ക്ക് കാണാന്‍ കഴിയൂ. ദേവസ്വം ബോര്‍ഡുകളും വക്കഫ് ബോര്‍ഡുകളും സര്‍ക്കാരിന്റെ കൈകളില്‍ എത്ര വികലമായിക്കഴിഞ്ഞിരിക്കുന്നു. മാര്‍പാപ്പായുടെ അധികാരം അംഗീകരിക്കുന്ന കത്തോലിക്കാ സഭയുടെ കാര്യത്തില്‍ നിയമപരിഷ്കരണ കമ്മീഷന്‍ പ്രത്യേക താല്‍പര്യം കാണിക്കുന്നതെന്തുകൊണ്ടാണെന്ന് സുവ്യക്തമാണ്. കമ്യൂണിസത്തിന്റെ കപടരാഷ്ട്രീയ തന്ത്രങ്ങള്‍ എത്ര ശ്രമിച്ചിട്ടും വിള്ളല്‍ വീഴ്ത്താന്‍ പറ്റാത്ത കത്തോലിക്കാവിശ്വാസ സംരക്ഷണ വലയത്തെ തകര്‍ക്കുവാന്‍ വിലകുറഞ്ഞ എല്ലാ അടവുകളും ഈ സര്‍ക്കാര്‍ നിരന്തരം ഉപയോഗിക്കുന്നു.
സഭയെ സംബന്ധിച്ച ദര്‍ശനവൈകല്യങ്ങളും കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ക്കു പിന്നിലുണ്ട്. സഭ ക്രിസ്തുവിന്റെ മൗതികശരീരമാണ്. ഒരേ ശരീരത്തിലെ അവയവങ്ങള്‍പോലെ ജീവാത്മകബന്ധമാണ് സഭയിലേത്. ദൈവജനം എന്നവിധം ഇവിടെ എല്ലാവരും തുല്യരാണ്. സഭയെ വെറും സ്ഥാപനമായിക്കാണുന്നവര്‍ യഥാര്‍ത്ഥ സഭയെയല്ല കാണുന്നത്. സഭയുടെ ഹൃദയം ഒരിക്കലും സ്ഥാപനങ്ങളിലോ സമ്പത്തിലോ അല്ല. ഇന്ന് കമ്മ്യൂണിസം സ്വപ്നം കാണുന്ന കൂട്ടായ്മ ഒരിക്കലും യാഥാര്‍ത്ഥ്യമാക്കുവാന്‍ അവര്‍ക്കാവില്ല. തകര്‍ന്നടിഞ്ഞ കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളെല്ലാം ഇതിന് തെളിവാണ്. എന്നാല്‍ ആദിമസഭയില്‍ യഥാര്‍ത്ഥമായ സമത്വവും പങ്കുവയ്പും നടന്നിരുന്നു - അതിന്റെ തുടര്‍ച്ചയാണ് ഇന്ന് സഭയിലും ദൃശ്യമാകുന്നത്.
രാഷ്ട്രത്തിന്റെ ആനുകൂല്യങ്ങളല്ല സഭ ആഗ്രഹിക്കുന്നത്. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഭാരതത്തെ ഉദ്ദേശിച്ച് പറഞ്ഞ വാക്കുകളാണ് സമൂഹമനഃസാക്ഷിക്കു മുമ്പില്‍ സഭയ്ക്ക് അവതരിപ്പിക്കുവാനുള്ളത്. ".... തങ്ങളുടെ മാതൃരാജ്യത്തിന്റെ പുരോഗതിക്ക് നല്‍കിയിട്ടുള്ള സംഭാവനകള്‍ വിലമതിക്കത്തക്കവിധം പുരാതന പാരമ്പര്യമുള്ളവരും കുലീനരുമായ ആ രാജ്യത്തിലെ ജനങ്ങള്‍ നൂറ്റാണ്ടുകളായി പരസ്പരം ആദരവോടുകൂടിയ സഹവര്‍ത്തിത്വം പുലര്‍ത്തിപ്പോന്നിട്ടുണ്ട് എന്ന് എനിക്കുറപ്പുണ്ട്. ആനുകൂല്യങ്ങളല്ല, സ്വരാജ്യത്ത് സഹപൗരന്മാരോടൊത്ത് ഇത്രയുംനാള്‍ ജീവിച്ചതുപോലെ തുടരുവാന്‍ സാധിക്കുക എന്നതുമാത്രമാണ് അവരുടെ ആഗ്രഹം." മനുഷ്യവ്യക്തികള്‍ക്ക് മാന്യമായും അന്തസ്സായും ജീവിക്കുവാന്‍ ദൈവം നല്‍കിയിരിക്കുന്ന അവകാശം നിഷേധിക്കുവാന്‍ ആര്‍ക്കും അധികാരമില്ല. കേരളം ഭരിക്കുന്നവര്‍ ഈ സത്യം വിസ്മരിക്കരുത്. ഇന്നിന്റെ താല്‍ക്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി വിശിഷ്ടമൂല്യങ്ങളെ ബലികൊടുക്കരുത്. ലോകത്തിന്റെ പ്രത്യാശയെ തകര്‍ക്കരുതേ! മൂല്യങ്ങളാകുന്ന മൂലധനങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിന് മനഃസാക്ഷിയുള്ള എല്ലാവരും ഉണരേണ്ട സമയമാണിത്.
February 7, 2009
നിയമപരിഷ്കരണത്തിന്റെ കാണാപ്പുറങ്ങള്‍
Labels:
Catholicism,
education kerala,
minority rights
Subscribe to:
Post Comments (Atom)
2 നിരൂപണങ്ങള്‍:
"രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ സര്‍ക്കാരിന് എന്ത് അധികബാദ്ധ്യത വരുത്തുന്നു?"
"രാജ്യവളര്‍ച്ചയ്ക്ക് ജനനനിയന്ത്രണമല്ല കൂടുതല്‍ ജനങ്ങളെയാണവശ്യം."
മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ പോലെയുള്ള അഭിവന്ദ്യരില്‍ നിന്ന് ഇത്തരം വാക്കുകള്‍ കേള്‍ക്കേണ്ടി വരുമ്പോള്‍ ദു:ഖമുണ്ട്. ജനസംഖ്യ കൂടുന്നു എന്ന് ലോക രാജ്യങ്ങള്‍ ആകുലപ്പെടുന്നതും, ഫാമിലി പ്ലാനിങ് എന്ന പദ്ധതി ലോക രാജ്യങ്ങള്‍ നിഷ്കര്‍ഷിക്കുന്നതും പിന്നെയെന്തിന് എന്നതിനുള്ള ഉത്തരം കൂടി അങ്ങ് പറഞ്ഞു തരണം.
"ഒരു തൊഴിലിനും ആരെയും കിട്ടാത്ത അവസ്ഥയില്‍ കേരളത്തിലെ ജനങ്ങളെ കുറയ്ക്കുന്നതിനുള്ള നിയമപരിഷ്കരണ സമിതിയുടെ നിയമം യുക്തിരഹിതമാണ്."
കേരളത്തില്‍ പിന്നെ എന്ത് കൊണ്ട് 43 ലക്ഷം പേര്‍ തൊഴിലില്ലായ്മ വേതനം വാങ്ങുന്നു എന്നതിനുള്ള കാരണം എന്തെന്ന് അങ്ങ് പറഞ്ഞ് തരുമല്ലോ.
"വിദേശങ്ങളില്‍ കുടിയേറുന്നതിനോ കേരളസര്‍ക്കാര്‍ എന്തു സഹായം ചെയ്തിട്ടുണ്ട്?"
ഇത് തന്നെയാണ് കേരളത്തില്‍ പണി ചെയ്യുവാന്‍ ആളെ കിട്ടാത്തതും. ചെറുപ്പക്കാര്‍ വിദേശങ്ങളിലേയ്ക്ക് ജോലിക്കു പോകുന്നു. കൂടുതല്‍ മക്കള്‍ ഉണ്ടായാലും ഇത് തന്നെയല്ലേ ഉണ്ടാകുക. അതോ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം കൂടുമ്പോള്‍ കേരളത്തില്‍ കൂടുതല്‍ തൊഴിലാളികളെ കിട്ടുമെന്നാണോ പറഞ്ഞ് വരുന്നത്! വിദേശങ്ങളില്‍ പുരോഹിതരെ കിട്ടുന്നില്ല എന്നതും നിലനില്‍ക്കുന്നു!
"സഭാനിയമത്തിനനുസരിച്ച് സഭയുടെ സ്വത്തുക്കളെല്ലാം സുതാര്യമായി കൈകാര്യം ചെയ്യുന്നുവെന്നത് വസ്തുതയായിരിക്കെ"
പണത്തിന്റെ സ്വാധീനവും, ആര്‍ഭാട ജീവിതവും പുരോഹിതരെ ബാധിച്ചു തുടങ്ങിയെന്നും ഇത് പതിയെ ആത്മീയ വൃത്തിയെ ഇല്ലാതാക്കുമെന്നും ജനുവരി 16ലെ സ്ത്യദീപത്തില്‍ (ഇംഗ്ലീഷ്) ഫാ. ജോയ് കള്ളിയത്ത് സി.എം.ഐ. പറഞ്ഞത് ഇത് കൊണ്ടായിരിക്കും!
ഒരു കുടുംബത്തിലെ കുട്ടികളുടെ എണ്ണം എത്രയെന്ന് തീരുമാനിക്കാനുള്ള അവകാശം തികച്ചും സ്വകാര്യ കുടുംബകാര്യമായിരിക്കെ,
അങ്ങിനെ ഒന്നില്ല. ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ജനസംഖ്യാനിയന്ത്രണം വളരെ അത്യാവശ്യമായ ഒന്നാണ്. ജനസംഖ്യ നിയന്ത്രണാധീനമായാല്‍ ഇന്നത്തെ നിലവാരത്തില്‍ പട്ടിണിയും പ്രശ്നങ്ങളും വര്‍ദ്ധിക്കുകയേ ഉള്ളൂ.
രണ്ടു കുട്ടികള്‍ എന്ന തോത് പോലും കൂടുതലാണ്. ജനസംഖ്യ അറുപത് കോടിക്ക് താഴെയായി നിലനിര്‍ത്തപ്പെടുന്നതു വരെ ഒരു കുട്ടി മാത്രം മതിയെന്നും, കുട്ടികള്‍ വേണ്ടെന്നു വയ്ക്കുന്നവര്‍ക്കും ധാരാളം ഇളവുകളും സമ്മാനങ്ങളും നല്‍കേണ്ടതാണ്.
മതം എക്കാലത്തും പുരോഗതിക്ക് തടസ്സം സൃഷ്ടിക്കുന്ന ഒന്നാണ്. ആ കാടത്തം ഏതു നിയമങ്ങളേയും എതിര്‍ത്തുകൊണ്ടേയിരിക്കും. വ്യക്തിസ്വാതന്ത്രത്തെ ഒട്ടും മാനിക്കാത്ത ഒന്നാണ് മതം. മംഗലാപുരത്ത് പെണ്‍കുട്ടികളെ തല്ലിച്ചതച്ചപ്പോഴും കണ്ടത് അത് തന്നെയാണ്.
ഏതു സഭയുടേയും സ്വത്തുക്കള്‍ നിയന്ത്രിക്കാനുള്ള അധികാരം സര്‍ക്കാരനുണ്ട്. അത് ചെയ്യാന്‍ ഒത്തിരി വൈകിപ്പോയിരിക്കുന്നു.
Post a Comment