February 14, 2009

മാര്‍ക്സ്‌ മാര്‍ക്സിന്‌ എഴുതുമ്പോള്‍

ജര്‍മ്മനിയിലെ മ്യൂണിക്ക്‌ ആര്‍ച്ചുബിഷപ്പായ റൈനാര്‍ഡ്‌ മാര്‍ക്സ്‌ അന്താരാഷ്ട്രപ്രസിദ്ധനായ സാമൂഹികശാസ്ത്രജ്ഞനാണ്‌. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമാണ്‌ "മൂലധനം - മനുഷ്യനുവേണ്ടി ഒരു വാദം." മനുഷ്യത്വവും ഐക്യബോധവും നീതിയും അന്യമായ മുതലാളിത്തം കമ്യൂണിസം പോലെ അപകടകരമാണ്‌. ഇവ രണ്ടിനും ബദലായി നില്‍ക്കാന്‍ കത്തോലിക്കാ സാമൂഹികപ്രബോധനത്തില്‍ അടിയുറച്ച ഒരു സാമ്പത്തികസിദ്ധാന്തത്തിനു സാധിക്കുമെന്ന്‌ അദ്ദേഹം ഈ പുസ്തകത്തില്‍ സമര്‍ത്ഥിക്കുന്നു.

കഴിഞ്ഞ നവംബറില്‍ പ്രസിദ്ധീകൃതമായ പുസ്തകത്തിന്റെ ആമുഖമായി ആര്‍ച്ചുബിഷപ്‌ മാര്‍ക്സ്‌, കാള്‍ മാര്‍ക്സിന്‌ എഴുതുന്ന കത്ത്‌ പ്രസാധകരായ പറ്റ്ലോക്‌ ഫെര്‍ലാഗിന്റെ (മ്യൂണിക്‌) അനുമതിയോടെ ഇവിടെ പ്രകാശിപ്പിക്കുന്നു. ഈ ആമുഖക്കുറിപ്പ്‌ വിവര്‍ത്തനം ചെയ്തിരിക്കുന്നത്‌. ഡോ. ജോര്‍ജ്‌ കുടിലില്‍ ആണ്‌.




ഏറ്റവും ബഹുമാന്യനായ കാള്‍ മാര്‍ക്സ്‌, പ്രിയ നാമബന്ധൂ,

ജീവിച്ചിരുന്ന കാലത്ത്‌ അങ്ങ്‌ അടിയുറച്ച നിരീശ്വരനും സഭയുടെ കടുത്ത എതിരാളിയുമായിരുന്നല്ലൊ. അതുകൊണ്ട്‌ അങ്ങയുടെ ന്യായപൂര്‍വ്വമായ പിന്തുടര്‍ച്ച അവകാശപ്പെടുന്ന ചില മാര്‍ക്സിസ്റ്റുകള്‍, ഒരു കത്തോലിക്കാമെത്രാനായ ഞാന്‍ അങ്ങേക്ക്‌ ഈ കത്തെഴുതുന്നത്‌ "രാജാവിനെ പരിഹസിക്കുന്നതിനു" തുല്യമായ ഒന്നായി കരുതാന്‍ സാധ്യതയുണ്ട്‌. എങ്കിലും ഞാനത്‌ ചെയ്യുകയാണ്‌, കാരണമുണ്ട്‌. ഒന്നാമതായി, ദൈവം ഇല്ല എന്ന അങ്ങയുടെ അവകാശവാദം തെറ്റായിരുന്നെന്ന്‌ മരണത്തിനുശേഷം അങ്ങേക്കു ബോധ്യമായിക്കാണും എന്നാണെന്റെ വിശ്വാസം. അതുകൊണ്ട്‌ സഭയുടെ ഒരു പ്രതിപുരുഷനോട്‌ അങ്ങ്‌ അല്‍പം മയപ്പെട്ടു കാണണം. രണ്ടാമതായി, മരണത്തിനു തൊട്ടുമുമ്പ്‌ അങ്ങ്‌ ഇങ്ങനെ പറഞ്ഞതായി കേട്ടിട്ടുണ്ട്‌: ഞാനൊരു മാര്‍ക്സിസ്റ്റല്ല എന്നെനിക്കറിയാം. അതിനാല്‍, നമ്മള്‍ രണ്ടുപേരും തമ്മിലുള്ള ഫലപ്രദമായ ഒരു സംവാദം സങ്കുചിതമനസ്കരായ ചില സഖാക്കള്‍ തടസ്സപ്പെടുത്തേണ്ടതില്ല എന്നു ഞാന്‍ കരുതുന്നു.

ഇങ്ങനെയാണെങ്കിലും ഞാനെന്തിനാണ്‌ ഈ സംഭാഷണത്തിനു തുനിയുന്നതെന്ന്‌ അങ്ങു ചോദിച്ചേക്കാം. എന്റെ സ്വന്തം ജീവചരിത്രമാണ്‌ അതിന്‌ ഒരു കാരണം. അങ്ങയുടെ അതേ കുടുംബപ്പേരാണ്‌ എനിക്കും എന്നതു മാത്രമല്ല ആ കാരണം. 2001 ല്‍ ഞാന്‍ ട്രിയര്‍ പട്ടണത്തിലെ മെത്രാനായി നിയോഗിക്കപ്പെട്ടു. അങ്ങ്‌ ജനിക്കുകയും (1818) ബാല്യവും യൗവനവും ചെലവഴിക്കുകയും ഭാര്യയായ ജെന്നിയെ കണെ്ടത്തുകയും ചെയ്ത അതേ പട്ടണം. ദൈവത്തിനും നര്‍മ്മബോധമുണ്ട്‌ എന്നുറപ്പാണ്‌.

'പരിശുദ്ധ

മാര്‍ക്സിസം'

ഇപ്പോള്‍ ഞാന്‍ ട്രയറില്‍ അല്ല, മ്യൂണിക്കിലെ ആര്‍ച്ചുബിഷപ്പാണ്‌. എന്നാല്‍ നമ്മെ ബന്ധിപ്പിക്കുന്ന പല ഘടകങ്ങളുമുണ്ട്‌. മെത്രാനാകുന്നതിനുമുമ്പ്‌ ഞാന്‍ ക്രൈസ്തവ സാമൂഹികശാസ്ത്രത്തിന്റെ അധ്യാപകനായിരുന്നു. അങ്ങയുടെയോ എന്റെയോ ചിന്തകളുമായി പരിചയമില്ലാത്തവര്‍ അതിനെ "പരിശുദ്ധ മാര്‍ക്സിസം" എന്നു പരിഹസിക്കാറുണ്ടല്ലോ. അവര്‍ പറയുന്ന ഒരു കാര്യം ശരിയാണ്‌. സഭയുടെ സാമൂഹികപ്രബോധനം അങ്ങയുടെ കാലത്ത്‌ അങ്ങു പുലര്‍ത്തിയ താല്‍പര്യങ്ങളോടു സമാനമായാണു പ്രതികരിച്ചിരുന്നത്‌...

പക്ഷേ, ഞാനിതെഴുതുന്നത്‌ ആര്‍ക്കാണ്‌? അങ്ങേക്കു വ്യക്തമായി അറിയാമല്ലൊ, സഭ പത്തൊമ്പതാം നൂറ്റാണ്ടില്‍തന്നെ സാമൂഹികപ്രശ്നങ്ങള്‍ അങ്ങേക്കോ അങ്ങു രൂപം കൊടുത്ത കമ്യൂണിസ്റ്റു പ്രസ്ഥാനത്തിനോ മാത്രമായി വിട്ടുകൊടുക്കയല്ല ചെയ്തതെന്ന്‌. ഫ്രാന്‍സ്‌ ഫോണ്‍ ബാഡര്‍ (1765-1824), ആദാം ഹൈന്റിക്ക്‌ മുള്ളര്‍ (1779-1829) മുതലായ ക്രൈസ്തവചിന്തകര്‍ മുതലാളിത്തത്തെ നിശിതമായി വിമര്‍ശിക്കുകയും പുതിയ ഫാക്ടറികളില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ അവസ്ഥയെപ്പറ്റി ഉറക്കെച്ചിന്തിക്കുകയും ചെയ്തപ്പോള്‍ അങ്ങു ജനിച്ചിട്ടു പോലുമില്ലായിരുന്നു.

1848-ല്‍ അങ്ങും ഫ്രീഡറിക്ക്‌ ഏംഗല്‍സും കൂടെ 'കമ്യൂണിസ്റ്റു മാനിഫെസ്റ്റോ' പ്രസിദ്ധീകരിച്ചു. കമ്യൂണിസ്റ്റ്‌ സിദ്ധാന്തം മുഴുവന്‍ 'സ്വകാര്യസ്വത്ത്‌ ഇല്ലാതാക്കുന്ന' തില്‍ ഉള്‍ക്കൊള്ളിക്കാമെന്ന്‌ അങ്ങെഴുതി. അതേവര്‍ഷം തന്നെ കത്തോലിക്കാ വൈദികനും ജര്‍മ്മന്‍ പാര്‍ലമെന്റിലെ അംഗവുമായിരുന്ന വില്യം എമ്മാനുവേല്‍ ഫോണ്‍ കെറ്റെയിലര്‍ മയിന്‍സ്‌ കത്തീദ്രലിലെ ആഗമനകാലപ്രസംഗങ്ങളില്‍ സ്വകാര്യ സ്വത്തിനെക്കുറിച്ചു പ്രസംഗിക്കുകയുണ്ടായി. മുതലാളിമാരുടെ സ്വാര്‍ത്ഥതയും ദരിദ്രരുടെ വിശേഷിച്ച്‌ തൊഴിലാളികളുടെ, ആവശ്യങ്ങളോട്‌ അവര്‍ കാണിക്കുന്ന നിസ്സംഗതയും അദ്ദേഹം വിമര്‍ശിച്ചു. എന്നാല്‍ അങ്ങു പറഞ്ഞതുപോലെ സ്വകാര്യസ്വത്ത്നിരോധിക്കണമെന്നല്ല അദ്ദേഹം ആവശ്യപ്പെട്ടത്‌, പകരം അതു നിലനിര്‍ത്തണമെന്നാണ്‌, ജര്‍മ്മന്‍ ഭരണഘടനയുടെ മൗലികാവകാശങ്ങളില്‍ 100 വര്‍ഷങ്ങള്‍ക്കുശേഷം അതാണ്‌ ഉള്‍പ്പെടുത്തിയത്‌. എന്നാല്‍ അതിന്റെ ഉപയോഗം സമൂഹത്തിന്റെ ഉല്‍ക്കര്‍ഷത്തിന്‌ ഉതുകുംവിധമായിരിക്കണം.

കെറ്റെലെറും അങ്ങും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ചരിത്രത്തില്‍ ചിരപ്രതിഷ്ഠ നേടി. 1850-ല്‍ അദ്ദേഹം മയിന്‍സിലെ മെത്രാനായി. വ്യവസായത്തൊഴിലാളികളുടെയും സമൂഹത്തിന്റെയും പ്രശ്നങ്ങള്‍ ജീവിതകാലം മുഴുവന്‍ അദ്ദേഹത്തെ മഥിച്ചുകൊണ്ടിരുന്നു. 'തൊഴിലാളികളുടെ മെത്രാന്‍' എന്നാണ്‌ അദ്ദേഹം അറിയപ്പെട്ടിരുന്നത്‌. അങ്ങേക്കും അദ്ദേഹത്തെ നന്നായി അറിയാം. കാരണം അദ്ദേഹത്തിന്റെ മൗലികചിന്തയും കര്‍മ്മോത്സുകതയും അങ്ങയെ പ്രകോപിപ്പിക്കുകയുണ്ടായല്ലൊ. 1869 ല്‍ റൈന്‍ലാന്റ്‌ സംസ്ഥാനത്തിലൂടെ യാത്ര ചെയ്യവേ ഏംഗല്‍സിന്‌ അങ്ങെഴുതിയ കത്തില്‍ മെത്രാന്‍ പദവിയിലെ എന്റെ സഹപ്രവര്‍ത്തകനെപ്പറ്റി അങ്ങു നീരസത്തോടെ പരാമര്‍ശിക്കുകയുണ്ടായി. "ബെല്‍ജിയത്തിലൂടെയും റൈന്‍ നദീതീരത്തിലൂടെയും നടത്തിയ യാത്രയിലും അഹന്‍ പട്ടത്തിലെ താമസത്തിലും നിന്ന്‌ എനിക്കൊരു കാര്യം ബോധ്യമായി. പുരോഹിതരെ തീവ്രമായി കടന്നാക്രമിക്കേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌; പ്രത്യേകിച്ചും കത്തോലിക്കര്‍ക്കു ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍. ഈ നിലപാടു മുമ്പില്‍ കണ്ടുകൊണ്ട്‌ ഞാന്‍ (കമ്യൂണിസ്റ്റ്‌) ഇന്റര്‍നാഷണലില്‍ പ്രസംഗിക്കുന്നുണ്ട്‌. ആ പട്ടികള്‍ (ഉദാഹരണമായി മയിന്‍സ്‌ പട്ടണത്തില്‍ ബിഷപ്പ്‌ കെറ്റെലര്‍, ഡ്യുസല്‍ഡോര്‍ഫിലെ വൈദികസമ്മേളനത്തില്‍ വൈദികര്‍) അവര്‍ക്കു ചേരുംവിധം തൊഴിലാളികളുമായി ശൃംഗരിക്കുകയാണ്‌."

സഭാനേതാക്കള്‍, അതും ഒരു മെത്രാന്‍, തൊഴിലാളികളോടു പക്ഷം ചേരുന്നത്‌ അങ്ങേക്കു സഹിക്കാനാവുമായിരുന്നില്ല. അങ്ങയുടെ വിശേഷപ്പെട്ട തത്ത്വമനുസരിച്ച്‌ ബൂര്‍ഷ്വാമുതലാളിത്തലോകത്തിന്റെ പൊതുവായ സമാശ്വാസവും ന്യായീകരണവും മതമാണല്ലൊ. മാത്രമല്ല, ജനതയുടെ "മയക്കുമരുന്നായ മതം മനുഷ്യന്റെ അന്യവല്‍ക്കരണത്തിന്റെ വിശുദ്ധമുഖവുമാണ്‌." ഇതോടുചേര്‍ന്നുപോകുന്നതല്ല വൈദികരുടെ പെരുമാറ്റം! അങ്ങയുടെ സിദ്ധാന്തമനുസരിച്ച്‌ കെറ്റെലര്‍ ഭരണവര്‍ഗ്ഗത്തിന്റെ വിഡ്ഢിയായ ഒരു ആസ്ഥാനവിദ്വാനായി മാറേണ്ടിയിരിക്കുന്നു. പാവപ്പെട്ടവര്‍ക്ക്‌ അങ്ങേ ലോകത്തു സമാശ്വാസം വാഗ്ദാനം ചെയ്തുകൊണ്ടഅദ്ദേഹം ബൂര്‍ഷ്വാ-മുതലാളിത്തസംവിധാനത്തെ സുസ്ഥിരമാക്കേണ്ടിയിരുന്നു. എന്നാല്‍ കെറ്റെലര്‍ ചെയ്തത്‌ അതല്ല. ഒരു ക്രൈസ്തവതൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ അദ്ദേഹം മുന്‍കയ്യെടുത്തു. ചൂഷണത്തില്‍ നിന്നും മനുഷ്യോചിതമല്ലാത്ത തൊഴില്‍ സാഹചര്യങ്ങളില്‍ നിന്നും തൊഴിലാളികളെ രക്ഷിക്കാന്‍ അദ്ദേഹം ഭരണകൂടത്തെ നിര്‍ബന്ധിച്ചു. സ്വയം സഹായത്തിനും ട്രേഡ്‌ യൂണിയന്‍ രൂപീകരണത്തിനും അദ്ദേഹം തൊഴിലാളികളെ പ്രോത്സാഹിപ്പിച്ചു. ഫാക്ടറിയുടമകള്‍ക്കെതിരേ ഐക്യത്തോടെ മുന്നോട്ടു വരുന്നതിനും നീതീപൂര്‍വ്വകമായ കൂലിയും തൊഴില്‍ സാഹചര്യങ്ങളും ലഭ്യമാക്കുന്നതിനും അത്‌ ആവശ്യമാണെന്ന്‌ അദ്ദേഹം കരുതി. അദ്ദേഹത്തിന്റെ ആശയങ്ങള്‍ അങ്ങേക്ക്‌ സ്വീകാര്യമായിരുന്നില്ല. കൂട്ടായ പ്രവര്‍ത്തനമില്ലാതിരുന്ന സാഹചര്യത്തില്‍ സംഘടിതമായ വിലപേശലിനാണ്‌ കെറ്റെലര്‍ തൊഴിലാളികളെ പ്രാപ്തരാക്കിയത്‌.

എന്റെ സഹപ്രവര്‍ത്തകനെയും അങ്ങയെയും സംബന്ധിച്ച ഗോള്‍നില 2:10 എന്നായിരുന്നു എന്ന്‌ വ്യക്തമാക്കേണ്ടിയിരിക്കുന്നു. കാരണം സ്വകാര്യസ്വത്തിന്റെ കാര്യത്തിലെന്നപോലെ, 20-ാ‍ം നൂറ്റാണ്ടില്‍ തൊഴിലും മൂലധനവും തമ്മിലുണ്ടായ സംഘര്‍ഷത്തിലും ജര്‍മ്മനിയിലും ഇതര വ്യവസായവല്‍കൃത രാജ്യങ്ങളിലും മൗലികമായ ഒരു തകിടം മറിച്ചിലിനുള്ള അങ്ങയുടെ നിര്‍ദ്ദേശമല്ല സ്വീകരിക്കപ്പെട്ടത്‌. പകരം തൊഴിലിനുള്ള സാമൂഹികമായ അവകാശവും തൊഴിലാളി സംഘടനകള്‍ വഴിയുള്ള കൂട്ടായ്മയും അംഗീകരിക്കപ്പെട്ടു. ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും ശ്രദ്ധേയരായ ജര്‍മ്മന്‍ ദാര്‍ശനികരില്‍ ഒരാളും അങ്ങയുടെ ചിന്തകളുമായി പലപ്പോഴും സംവാദത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള ആളുമായ യൂര്‍ഗന്‍ ഹാംബെര്‍മാസ്‌ ഒരിക്കല്‍ ഇങ്ങനെ നിരീക്ഷിക്കുകയുണ്ടായി: "സാമൂഹികവും രാഷ്ട്രീയവുമായ ഒരു പ്രശാന്തതയിലേക്കു വര്‍ഗ്ഗസമരത്തെ നയിച്ച ഒരു നവീകൃതരാഷ്ട്രീയസംവിധാനത്തിന്റെ അടിസ്ഥാനമായി നിയമപരിരക്ഷയുള്ള വേതനനിര്‍ണ്ണയസംവിധാനം മാറുകയുണ്ടായി." ജര്‍മ്മനിയില്‍ ക്രമേണ കമ്പോളസമ്പദ്‌വ്യവസ്ഥ നിലവില്‍ വന്നു. അങ്ങയുടെ ആശയങ്ങളില്‍ വള്ളിപുള്ളി വിടാതെ കടിച്ചുതൂങ്ങുന്ന കടുത്ത മാര്‍ക്സിസ്റ്റുകള്‍ മുതലാളിത്തരാജ്യങ്ങളിലുണ്ടായ ഈ വികാസം വിശദീകരിക്കാന്‍ ഇന്നും പാടുപെടുകയാണ്‌.

മിഥ്യാഭിമാനം എന്ന പാപവുമായി അങ്ങേക്കു പൊരുത്തപ്പെടേണ്ടതുണേ്ടാ എന്നെനിക്ക്‌ അറിഞ്ഞുകൂടാ. അങ്ങനെയുണെ്ടങ്കില്‍ എന്റെ ചരിത്രപരമായ അവലോകനത്തില്‍ ഞാന്‍ പടിഞ്ഞാറന്‍ യുറോപ്പും വടക്കേ അമേരിക്കയും മാത്രം ഉള്‍പ്പെടുത്തുന്നത്‌ അങ്ങ്‌ എതിര്‍ത്തേക്കും. ഈ ചരിത്രസന്ധിയില്‍ അങ്ങയുടെ കമ്യൂണിസ്റ്റ്‌ ശിഷ്യരാണല്ലൊ കിഴക്കന്‍ യൂറോപ്പിലെ ചരിത്രഗതി നിയന്ത്രിച്ചിരുന്നത്‌. എന്നാല്‍ ലെനിന്‍, സ്റ്റാലിന്‍ മുതലായ തര്‍ക്കവിധേയരും ചോദ്യം ചെയ്യപ്പെടുന്നവരുമായ വ്യക്തികള്‍ക്ക്‌ അങ്ങ്‌ താത്വികമായ അഭയം കൊടുക്കുമോ എന്നെനിക്കു സംശയമുണ്ട്‌. മാത്രമല്ല, അങ്ങയുടെ ചരിത്രദര്‍ശനമനുസരിച്ച്‌ റഷ്യയില്‍ ഒരു വിപ്ലവ വും ഉണ്ടാകാനുള്ള സാധ്യതയില്ലായിരുന്നുവെന്നും അങ്ങേക്കു നന്നായറിയാം. അങ്ങയുടെ ചിന്തയനുസരിച്ച്‌ വ്യവസായവത്കൃത സമൂഹം കടന്നുപോകേണ്ട ഒരു ഘട്ടം മാത്രമാണ്‌ മുതലാളിത്തം. മുതലാളിത്തത്തിനുശേഷമാണ്‌ മൂല്യധനം സമാഹരിക്കപ്പെടുന്നതും കമ്യൂണിസ്റ്റ്‌ വിപ്ലവത്തിലേക്കു നയിക്കുന്ന അന്യവല്‍ക്കരണത്തിന്റെ ഉച്ചകോടിയില്‍ തൊഴിലാളി സമൂഹം എത്തിച്ചേരുന്നതും. റഷ്യന്‍ സാര്‍ സാമ്രാജ്യം വ്യവസായവല്‍കൃതമോ ബൂര്‍ഷ്വാ-മുതലാളിത്തപരമോ ആയിരുന്നില്ല എന്നതാണു യാഥാര്‍ത്ഥ്യം. അങ്ങയുടെയും അങ്ങയുടെ ആശയങ്ങളുടെയും മാധ്യസ്ഥ്യത്തില്‍ ബോള്‍ഷെവിക്കുകള്‍ ഒരു രാജ്യം സ്ഥാപിക്കുമ്പോള്‍ റഷ്യയില്‍ നിലവിലിരുന്നതും ഒരു ഫ്യൂഡല്‍-കാര്‍ഷികസമൂഹമായിരുന്നു. അതുകൊണ്ടു തന്നെ റഷ്യന്‍ വിപ്ലവം അങ്ങയുടെ ആശയങ്ങളുടെ ഒരു എതിര്‍ തെളിവാണ്‌.

അങ്ങയുടെ സിദ്ധാന്തമനുസരിച്ച്‌ ആദ്യമായി വിപ്ലവം നടക്കേണ്ടിയിരുന്ന ഇംഗ്ലണ്ടില്‍ തൊഴിലാളികള്‍ വെസ്റ്റ്‌ മിനിസ്റ്റര്‍ കീഴടക്കുന്നതുകാണാന്‍ ആളുകള്‍ ഇപ്പോഴും വെറുതെ കാത്തിരിക്കുകയാണ്‌. ഇപ്പോഴത്തെ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി പേരിനൊരു സോഷ്യലിസ്റ്റ്‌ തൊഴിലാളി പാര്‍ട്ടിയുടെ ആളാണ്‌. അതു വെറുമൊരു ലേബല്‍ മാത്രം.

ഇതു ഞാന്‍ അങ്ങേക്കെഴുതുന്നത്‌, ഒരു നിഗൂഢാഹ്ലാദം പ്രകടിപ്പിക്കാനല്ല. ചരിത്രത്തില്‍ നിന്ന്‌ അങ്ങേക്ക്‌ അനീതിയാണു ലഭിച്ചതെന്നും ആത്മീയവും സഭാപരവുമായി എന്റെ മുന്‍ഗാമിയായ കെറ്റെലെര്‍ക്ക്‌ നീതി ലഭിക്കുകയുണ്ടായെന്നും പറയുകയുമല്ല എന്റെ ലക്ഷ്യം. അത്തരമൊരു പ്രവൃത്തി എന്റെ സ്വഭാവമല്ല.

ഞാന്‍ എഴുതുന്നത്‌ മറ്റൊരു കാരണത്താലാണ്‌. 20-ാ‍ം നൂറ്റാണ്ടിന്റെ അന്ത്യത്തിലെ പ്രത്യയശാസ്ത്രങ്ങളുടെ പേരില്‍ 'പാശ്ചാത്യമുതലാളിത്തലോകം' 'പൂര്‍വ്വ കമ്യൂണിസ്റ്റ്‌ ലോക' ത്തെ തോല്‍പിച്ചതുകൊണ്ട്‌ അങ്ങയെയും അങ്ങയുടെ ആശയങ്ങളെയും എന്നേക്കുമായി ഇല്ലാതാക്കിയെന്ന്‌ അഭിമാനിക്കുന്നത്‌ അല്‍പം നേരത്തെയായിപ്പോയില്ലേ എന്ന്‌ എനിക്കു വിചാരമുണ്ട്‌. അങ്ങേക്കു തെറ്റുപറ്റിയെന്ന്‌ കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ തോന്നി എന്നതു ശരിയാണ്‌. വേതനവ്യവസ്ഥകള്‍, തൊഴിലാളികളുടെ അവകാശങ്ങള്‍, സാമൂഹിക-തൊഴില്‍നീതി എന്നിവ വഴി മത്സരാധിഷ്ഠിതമായ സമൂഹമായി മാറിയ മുതലാളിത്ത വ്യവസായവല്‍കൃതസമൂഹം ചൂഷണവിധേയരായ ഇരകള്‍ എന്ന നിലയില്‍ കമ്പോളവ്യവസ്ഥിതിയിലെ തൊഴിലാളികളെ അതിന്റെ ഗുണഭോക്താക്കളായി മാറ്റുകയുണ്ടായി. എല്ലാവര്‍ക്കും ക്ഷേമം സാധ്യമാകും എന്ന തോന്നലുണ്ടായി. ഹാബെര്‍മാസിനെ ഒരിക്കല്‍ കൂടി ഉദ്ധരിക്കാം: ഈ സാഹചര്യങ്ങളില്‍ "ഭാവിയില്‍ വിപ്ലവം നടത്തേണ്ട തൊഴിലാളികള്‍ തൊഴിലാളികളല്ലാതായിത്തീര്‍ന്നു."

(തുടരും)

8 നിരൂപണങ്ങള്‍:

ശ്രീഹരി::Sreehari said...

സംഗതി വായിക്കാന്‍ രസമുണ്ട്. മുഴുവന്‍ പോസ്റ്റുക എന്താണ് പുള്ളി പറഞ്ഞു വരുന്നത് എന്നറിയാന്‍ താല്പര്യം തോന്നുന്നു.

പതാലി said...

കൊള്ളാം. മുഴുവനും പോസ്റ്റ് ചെയ്യൂ

kaalidaasan said...

മനുഷ്യത്വവും ഐക്യബോധവും നീതിയും അന്യമായ മുതലാളിത്തം കമ്യൂണിസം പോലെ അപകടകരമാണ്‌. ഇവ രണ്ടിനും ബദലായി നില്‍ക്കാന്‍ കത്തോലിക്കാ സാമൂഹികപ്രബോധനത്തില്‍ അടിയുറച്ച ഒരു സാമ്പത്തികസിദ്ധാന്തത്തിനു സാധിക്കുമെന്ന്‌ അദ്ദേഹം ഈ പുസ്തകത്തില്‍ സമര്‍ത്ഥിക്കുന്നു.

ആര്‍ക്കും എന്തും സമര്‍ദ്ധിക്കാം . അതിനു പണച്ചെലവില്ലല്ലോ.

കത്തോലിക്കാ സഭക്ക് 2000 വര്‍ഷത്തെ പഴക്കമുണ്ട്. ഇന്നു വരെ സാമൂഹികപ്രബോധനത്തില്‍ അടിയുറച്ച ഒരു സാമ്പത്തികസിദ്ധാന്തം നിര്‍മ്മിച്ചെടുക്കാന്‍ അതിനു സാധിക്കാത്തത് ഒട്ടും ആശ്ചര്യ ജനകമല്ല. കാരണം അങ്ങനെയൊന്ന് സധ്യമല്ല എന്നതു തന്നെ. അതുകൊണ്ടാണ്, കമ്യൂണിസം അപകടകരമാണെന്നൊക്കെ അദ്ദേഹം പറഞ്ഞു ഫലിപ്പിക്കാന്‍ ശ്രമിക്കുന്നത്.

സഭയുടെ ചരിത്രത്തില്‍ ഇന്നു വരെ ഒരു സാമ്പത്തിക ക്രമത്തേക്കുറിച്ച് ഒരു സഭാനേതാവും അഭിപ്രായം പ്രകടിപ്പിച്ചിട്ടില്ല.

അദ്വാനിക്കുന്നവരെ ഭാരം ചുമക്കുന്നവരെ നിങ്ങള്‍ എന്റെ അടുക്കല്‍ വരുവിന്‍ , ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം എന്നാണ്, യേശു പറഞ്ഞത്. പക്ഷെ സഭ ആരുടെ കൂടെയായിരുന്നു ഇത്രകാലവും ? പടിഞ്ഞാറന്‍ നാടുകളില്‍ സഭ എന്നും അടിച്ചമര്‍ത്തുന്നവരുടെയും ഏകാധിപതികളുടെയും കൂടെ ആയിരുന്നു. ഹിറ്റ്ലര്‍ , മുസ്സോലിനി ,ഫ്രാങ്കോ , പിനോഷെ തുടങ്ങിയ എല്ലാ സ്വേഛാധിപതികളെയും സഭ പിന്താങ്ങിയിരുന്നു.

കേരളത്തില്‍ ഇന്നും സഭ പണക്കാരുടെ കൂടെ തന്നെയാണ്. സഭയുടെ ഏറ്റവും പുതിയ റിയാലിറ്റി ഷോയായ സ്വാശ്രയ സ്ഥാപനങ്ങള്‍ പണക്കാരെ വിദ്യാഭ്യാസം ചെയ്യിക്കാനാണ്. ഇന്നും പണക്കാര്‍ക്കാണ്‌ സഭയുടെ ഇടനാഴികളില്‍ സ്വാധീനവും മേല്‍ ക്കൈയ്യും . പാവപ്പെട്ടവര്‍ വെറും ഉപകരണം . അവരെ മുന്നില്‍ നിറുത്തി പടിഞ്ഞാറന്‍ നാടുകളില്‍ നിന്നും പണം പിടുങ്ങുന്നു എന്നു മാത്രം . ഈ സത്യം മനസിലാക്കാതെ സാമൂഹികപ്രബോധനത്തില്‍ അടിയുറച്ച ഒരു സാമ്പത്തികസിദ്ധാന്തം സഭയുടെ വിദൂര സ്വപ്നങ്ങളില്‍ മാത്രമായിരിക്കും .

കേരളത്തില്‍ സഭക്കുള്ളത്ര ആസ്തി വേറൊരു സ്ഥാപനത്തിനും ഇല്ല. സഭയിലെ ഭൂരിഭാഗം പേരും പാവപ്പെട്ടവരാണ്. സഭയുടെ കണക്കറ്റ പണം ഉപയോഗിച്ച് പാവപ്പെട്ട സഭാംഗങ്ങള്‍ക്ക് വേണ്ടി സ്വാശ്രയ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടല്ലെ, പുതിയ സാമൂഹിക സാമ്പത്തിക ക്രമം സഭ ആരംഭിക്കേണ്ടത്?

kaalidaasan said...

അങ്ങയുടെ ആശയങ്ങളില്‍ വള്ളിപുള്ളി വിടാതെ കടിച്ചുതൂങ്ങുന്ന കടുത്ത മാര്‍ക്സിസ്റ്റുകള്‍ മുതലാളിത്തരാജ്യങ്ങളിലുണ്ടായ ഈ വികാസം വിശദീകരിക്കാന്‍ ഇന്നും പാടുപെടുകയാണ്‌.

മുതലാളിത്ത രാജ്യങ്ങളിലുണ്ടായ വികാസം വിശദീകരിക്കാന്‍ പാടുന്നുണ്ട്. പക്ഷെ അത് ഈ ബിഷപ്പ് മാര്‍ക്സ് പറഞ്ഞപോലെയല്ല.

കാള്‍ മാര്‍ക്സ് പറഞ്ഞത് സംഭവിച്ചു കഴിഞ്ഞു. മുതലാളിത്തം അതിന്റെ തന്നെ അസംബന്ധങ്ങളില്‍ തട്ടി പടിഞ്ഞാറന്‍ നാടുകളില്‍ തകര്‍ന്നിരിക്കുന്നു. മുതലാളിത്തത്തിന്റെ മെക്കയായ അമേരിക്ക കമ്യൂണിസ്റ്റാശയമായ ദേശസാല്‍ക്കരണം പോലുള്ള നടപടികള്‍ എടുക്കുന്നു. സ്വകാര്യ സ്വത്ത് നിലനിര്‍ത്തുകയല്ല, അത് രാജ്യത്തിന്റേതാക്കി മാറ്റുന്നതാണത്. ഇന്ന് പടിഞ്ഞാറന്‍ നാടുകളില്‍ ഏറ്റവും വിറ്റഴിക്കപ്പെടുന്ന പുസ്തകം മാര്‍ക്സിന്റേതാണ്. റ്റൈം മാഗസിന്‍ അതിന്റെ പുറം ചട്ടയില്‍ മാര്‍ക്സിന്റെ ചിത്രം പ്രസിദ്ധീകരിക്കുന്നു.
മുതലാളിത്ത ആശയങ്ങളില്‍ വള്ളിപുള്ളി വിടാതെ കടിച്ചുതൂങ്ങുന്നവര്‍ മുതലാളിത്തരാജ്യങ്ങളിലുണ്ടായ ഈ പുതിയ സംഭവവികാസം വിശദീകരിക്കാന്‍ ഇന്ന് പാടുപെടുകയാണ്‌.

kaalidaasan said...

20-ാ‍ം നൂറ്റാണ്ടിന്റെ അന്ത്യത്തിലെ പ്രത്യയശാസ്ത്രങ്ങളുടെ പേരില്‍ 'പാശ്ചാത്യമുതലാളിത്തലോകം' 'പൂര്‍വ്വ കമ്യൂണിസ്റ്റ്‌ ലോക' ത്തെ തോല്‍പിച്ചതുകൊണ്ട്‌ അങ്ങയെയും അങ്ങയുടെ ആശയങ്ങളെയും എന്നേക്കുമായി ഇല്ലാതാക്കിയെന്ന്‌ അഭിമാനിക്കുന്നത്‌ അല്‍പം നേരത്തെയായിപ്പോയില്ലേ എന്ന്‌ എനിക്കു വിചാരമുണ്ട്‌.

അത് തികച്ചും ശരിയാണ്. 21) ം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ്, ബിഷപ്പ് ഈ ലേഖനം എഴുതുന്നതെങ്കില്‍ , ഇത്തരത്തിലുള്ള ജല്‍പനങ്ങള്‍ ഉണ്ടാകുമായിരുനില്ല.

ഇല്ലാതാക്കിയെന്ന് അഭിമാനിച്ച മാര്‍ക്സിന്റെ അശയങ്ങള്‍ മുതലാളിത്തം സ്വീകരിക്കുന്നതാണ്, കവ്യനീതി എന്നു പറയുന്നത്. ഡീക്കണ്‍ റൂബിന്‍ ഈ ലേഖനം ഇവിടെ പ്രസിദ്ധീകരിച്ചത് അനവസരത്തിലായിപ്പോയി.

'പാശ്ചാത്യമുതലാളിത്തലോകം' 'പൂര്‍വ്വ കമ്യൂണിസ്റ്റ്‌ ലോക' ത്തെ തോല്‍പിച്ചു എന്നത് ശരി. പക്ഷെ അവര്‍ക്ക് മാര്‍ക്സിന്റെ ആശയങ്ങളെ തോല്‍പ്പിക്കാനായില്ല എന്നു മത്രമല്ല, അവര്‍ ആ ആശയങ്ങള്‍ സ്വീകരിക്കാനും നിര്‍ ബന്ധിതരായി എന്നതാണ്, സത്യം .

kaalidaasan said...

വേതനവ്യവസ്ഥകള്‍, തൊഴിലാളികളുടെ അവകാശങ്ങള്‍, സാമൂഹിക-തൊഴില്‍നീതി എന്നിവ വഴി മത്സരാധിഷ്ഠിതമായ സമൂഹമായി മാറിയ മുതലാളിത്ത വ്യവസായവല്‍കൃതസമൂഹം ചൂഷണവിധേയരായ ഇരകള്‍ എന്ന നിലയില്‍ കമ്പോളവ്യവസ്ഥിതിയിലെ തൊഴിലാളികളെ അതിന്റെ ഗുണഭോക്താക്കളായി മാറ്റുകയുണ്ടായി. എല്ലാവര്‍ക്കും ക്ഷേമം സാധ്യമാകും എന്ന തോന്നലുണ്ടായി.

എല്ലാവര്‍ക്കും ക്ഷേമം സാധ്യമാകും എന്ന തോന്നലുണ്ടായി, എന്നത് ശരിയാണ്. അത് ഒരു തോന്നല്‍ മാത്രമായിരുന്നു എന്ന സത്യം സമകാലീന മുതലാളിത്തലോകം തെളിയിക്കുന്നു. ദിവസം തോറും ആയിരക്കണക്കിനു തൊഴിലാളികള്‍ക്കാണ്, തൊഴില്‍ നഷ്ടപ്പെടുന്നത്.
തൊഴിലാളികള്‍ ചൂഷണവിധേയരായ ഇരകള്‍ മത്രമാണെന്ന് അത് തെളിയിക്കുന്നു. തൊഴില്‍ നഷ്ടപ്പെട്ടത് കൊണ്ട് അവരുടെ ജീവിതം ചോദ്യഛിഹ്ന്നമായി. അവര്‍ക്ക് തൊഴില്‍ നല്‍കിയ മുതലാളിമാരോ? അവര്‍ ഇന്നും ആര്‍ഭാടജീവിതം നയിക്കുന്നു.


പടിഞ്ഞാറന്‍ നാടുകളില്‍ വ്യവസായ സ്ഥാപനങ്ങള്‍ പൂട്ടുന്നത്, നഷ്ടത്തിലായതു കൊണ്ടല്ല, കൊള്ള ലാഭത്തിന്റെ അളവു കുറഞ്ഞത് കൊണ്ടാണ്. കണ്ണ്‌ ലാഭത്തില്‍ മാത്രമായ മത്സരാധിഷ്ഠിത മുതലാളിത്തത്തിന്റെ ബീഭത്സമുഖമാണത്.

തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് വേതനവ്യവസ്ഥകള്‍, തൊഴിലാളികളുടെ അവകാശങ്ങള്‍, സാമൂഹിക-തൊഴില്‍നീതി എന്നിവ അര്‍ത്ഥശൂന്യമായ പദങ്ങളാണ്. ലാഭമുണ്ടാകുമ്പോല്‍ മത്രം ഇവയെല്ലാം നല്‍കുക. ലാഭം കുറയുമ്പോള്‍ തൊഴിലാളികളെ തെരുവിലേക്ക് വലിച്ചെറിയുക. ഇതാണ്‌ മുതലാളിത്തത്ത്ന്റെ ശരിയായ മുഖം . ലഭം കുറഞ്ഞാലും , ചിലപ്പോള്‍ നഷ്ടം ഉണ്ടായാലും , തൊഴിലാളിയേയും അവന്റെ കുടുംബത്തെയും സംരക്ഷിക്കുക എന്നത് കമ്യൂണിസത്തിന്റെ മുഖവും . തൊഴില്‍ നഷ്ടപ്പെട്ട ലക്ഷങ്ങളോട് ചോദിക്കൂ, നിങ്ങള്‍ ഏതാണിഷ്ടപ്പെടുന്നതെന്ന്. അവര്‍ രണ്ടാമതൊന്ന് ആലോചിക്കാതെ പറയും , ഇതില്‍ കമ്യൂണിസത്തിന്റെ മുഖമാണ്‌ മുതലാളിത്തത്തിന്റെ മുഖത്തേക്കാള്‍ നല്ലതെന്ന്.

മുതലാളിത്തത്തിന്റെ വിടുപണിക്കാരനായ ഈ ഡ്യൂപ്ളികറ്റ് മാര്‍ക്സ് എന്ന ബിഷപ്പ്, ഇതൊന്നും മനസിലാക്കാതെയാണ്‌ ഇതൊക്കെ പുലമ്പുന്നത്. മുതലാളിത്തത്തിന്‌ ഓശാന പാടുന്ന ഈ ബിഷപ്പ് കത്തോലിക്കാ സഭക്കു വേണ്ടി രൂപപ്പെടുത്തും എന്നു പറഞ്ഞ പുതിയ സാമ്പത്തിക ക്രമം , ഇന്ന് പടിഞ്ഞാറന്‍ നാടുകളില്‍ പരാജയപ്പെട്ട മുതലാളിത്തത്തിന്റെ മറ്റൊരു പതിപ്പാവുമെന്ന് തര്‍ക്കമില്ലാത്ത വിഷയമാണ്‌. അതുകൊണ്ടാണദ്ദേഹം മുതലാളിത്തത്തെ ഇത്രയധികം പുകഴ്ത്തുന്നത്.

kaalidaasan said...

ഹാബെര്‍മാസിനെ ഒരിക്കല്‍ കൂടി ഉദ്ധരിക്കാം: ഈ സാഹചര്യങ്ങളില്‍ "ഭാവിയില്‍ വിപ്ലവം നടത്തേണ്ട തൊഴിലാളികള്‍ തൊഴിലാളികളല്ലാതായിത്തീര്‍ന്നു."

അതു കമ്യൂണിസത്തിന്റെ പ്രശ്നം. അതിനെ പുലഭ്യം പറയുന്ന ക്രൈസ്തവ സഭയുടെ പ്രശ്നമോ? അതിങ്ങനെ സംഹരിക്കാം . ഭാവിയില്‍ സ്വര്‍ഗ്ഗ രാജ്യത്തിനു വേണ്ടി ക്യൂ നില്‍ക്കേണ്ട വിശ്വാസികള്‍ , മത വിശ്വാസവും ദൈവ വിശ്വാസവും ഉപേക്ഷിച്ചു പോകുന്നു. കൊഴിഞ്ഞു പോക്ക് കത്തോലിക്കാ സഭയില്‍ നിന്നാണ്‌ കൂടുതലും . ബിഷപ്പ് മാര്‍ക്സിന്റെ ഇടവകയില്‍ കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന കുറച്ച് വയസന്മാരല്ലാതെ ആരെങ്കിലും കുര്‍ബാന കാണാന്‍ വരുന്നുണ്ടോ? മുതലാളിത്ത വ്യവസ്ഥിതിയില്‍ ആളുകള്‍ ദൈവ വിശ്വാസവും മത വിശ്വാസവും ഉപേക്ഷിക്കുന്നത് വിരോധഭാസമല്ലേ?

സ്വര്‍ഗ്ഗത്തിലാണോ നരകത്തിലാണോ എന്നു നിശ്ചയമില്ലാത്ത മാര്‍ക്സിനു കത്തെഴുതി കഷ്ടപ്പെടുന്ന സമയത്ത്, ദൈവത്തിനൊരു കത്തെഴുതി, സഭക്കീ ഗതികേട് വന്നതെന്തുകൊണ്ടെന്ന് അന്വേഷിക്കുകയല്ലേ ആദ്യം ചെയ്യേണ്ടത്?

Nasiyansan said...

പിണറായി വിജയനുവേണ്ടി ആളെക്കൂട്ടാന്‍ ചെണ്ടയും കൊട്ടി നടക്കുന്ന ഈ കാലത്തു ,കമ്മുനിസത്തിനു വേണ്ടി വാദിക്കാന്‍ ആളുകളുന്ടന്നു കണ്ടത്തില്‍ അത്ഭുതം തോന്നുന്നു ...കുട്ടികള്‍ ..