March 18, 2009

ഓര്‍മകള്‍ നഷ്ടപ്പെടുത്തരുത്‌! നഷ്ടമായാല്‍ അപകടം

ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍



ഓര്‍മകള്‍ മായിക്കുന്ന മാധ്യമങ്ങള്‍

തെരഞ്ഞെടുപ്പുകാലം പലതും ഓര്‍മിക്കേണ്ട കാലമാണ്‌. പക്ഷേ, ഇന്ന്‌ ഓര്‍മകള്‍ സൂക്ഷിക്കാന്‍ ബുദ്ധിമുട്ടുണ്ട്‌. മാധ്യമങ്ങള്‍ പുതിയ പുതിയ വിഷയങ്ങള്‍ തേടി ജനശ്രദ്ധ അവയിലേക്ക്‌ ആകര്‍ഷിക്കുകയാണ്‌. പോരെങ്കില്‍ പാര്‍ട്ടികള്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുകയും തെറ്റിദ്ധാരണകള്‍ വിതറാന്‍ ശ്രമിക്കുകയുമാണ്‌. ഇക്കഴിഞ്ഞദിവസം ചില ചാനലുകളില്‍ ഇആഇക ഇടതുപക്ഷത്തിന്‌ അനുകൂലമാണെന്ന ഫ്ലാഷ്‌ ന്യൂസ്‌ കണ്ടല്ലോ!! അന്ന്‌ അങ്ങനെയൊരു കാര്യമേ ഉണ്ടായില്ല. കുറേ ദിവസങ്ങള്‍ക്കുമുമ്പ്‌ ഇആഇക സെക്രട്ടറി പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഒരു ഭരണകക്ഷിയേയും പ്രത്യേകം പരാമര്‍ശിച്ചിട്ടില്ല. ഓര്‍ത്തിരിക്കേണ്ട തത്ത്വങ്ങളുടെ കൂട്ടത്തില്‍ വര്‍ഗീയതയെ എതിര്‍ക്കണമെന്നും ന്യൂനപക്ഷാവകാശങ്ങള്‍ മാനിക്കുന്നവരെയാണ്‌ പിന്തുണയ്ക്കേണ്ടതെന്നുമുള്ള സൂചനകളേ ഉണ്ടായിരുന്നുള്ളൂ. പിന്നെ ചാനലുകളുടെ ചോദ്യത്തിനുത്തരമായി ആര്‍ക്കും എതിരായി താന്‍ ഇടയലേഖനം എഴുതില്ല എന്ന്‌ അദ്ദേഹം പറഞ്ഞതായിട്ടാണ്‌ കേള്‍ക്കുന്നത്‌. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അതു പൊതുനയമാണല്ലോ. ഏതായാലും പഴയൊരു പ്രസ്താവന ആവര്‍ത്തിച്ച്‌ അതിന്റെ അടിസ്ഥാനത്തില്‍ തെറ്റിദ്ധാരണ പരത്താനുള്ള ശ്രമത്തിലാണ്‌ ഇത്തരം ചാനലുകള്‍. ഇതൊരു ഉദാഹരണം മാത്രം!



അപ്പോള്‍ ഇങ്ങനെയുള്ള ചുറ്റുപാടുകളില്‍ ഓര്‍മകള്‍ സൂക്ഷിക്കുക എളുപ്പമല്ല. ഈയിടെയായി ചിലരെക്കൊണ്ട്‌ കേരളത്തില്‍ ന്യൂനപക്ഷ വിരുദ്ധതയൊന്നുമില്ല എന്ന പ്രസ്താവനയും ആവര്‍ത്തിച്ച്‌ പുറപ്പെടുവിക്കുന്നുണ്ട്‌. എങ്കിലും ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ഏതാനും ദിവസങ്ങളിലുണ്ടായ സംഭവങ്ങള്‍ മാത്രം ഓര്‍മയില്‍ കൊണ്ടുവന്നാല്‍ മതിയല്ലോ ക്രൈസ്തവ വിരുദ്ധത ഉണേ്ടാ ഇല്ലയോ എന്നറിയാന്‍.



ചോദ്യക്കടലാസിലും വിഷം



ടെക്നിക്കല്‍ ഹയര്‍എഡ്യൂക്കേഷന്റെ 11-ാ‍ം സ്റ്റാന്‍ഡേര്‍ഡിലെ ചോദ്യക്കടലാസില്‍ ചോദിച്ച ഒന്നുരണ്ടു ചോദ്യങ്ങള്‍ പത്രങ്ങളില്‍ വന്നിട്ട്‌ കുറച്ചു ദിവസങ്ങളേ ആയിട്ടുള്ളൂ. ആ ചോദ്യങ്ങള്‍ തികച്ചും ദുരുദ്ദേശ്യപരവും കുട്ടികളുടെ ഇടയില്‍ തെറ്റിദ്ധാരണ പരത്താനുദ്ദേശിച്ചിട്ടുള്ളവയുമായിരുന്നു. പാശ്ചാത്യചരിത്രത്തില്‍ എന്നോ ക്രൈസ്തവദേവാലയങ്ങള്‍ക്കു സമ്പത്തുണ്ടായിരുന്നു എന്നു പുസ്തകത്തില്‍ പറഞ്ഞുവച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്ന്‌ ഇവിടത്തെ ആരാധനാലയങ്ങളുടെ സമ്പത്തിനോട്‌ അതിനെ താരതമ്യപ്പെടുത്തണമെന്നു കുട്ടികളോട്‌ ആവശ്യപ്പെട്ടാല്‍ അവര്‍ എന്താണ്‌ പറയുക? അവര്‍ക്ക്‌ ആ കാര്യങ്ങളില്‍ നേരിട്ട്‌ എന്തറിയാം? ചോദ്യകര്‍ത്താക്കള്‍ ആ ചോദ്യത്തിന്റെ ഉത്തരം എങ്ങനെ വിലയിരുത്തും? കുട്ടികള്‍ വ്യത്യസ്തമായി ഉത്തരമെഴുതിയാല്‍ അതു തെറ്റെന്നോ ശരിയെന്നോ പറയാന്‍ ഉത്തരക്കടലാസു നോക്കുന്നവര്‍ക്ക്‌ എങ്ങനെ കഴിയും? എത്രയോ വ്യത്യസ്തമായ സാമ്പത്തികശേഷിയുള്ള ആരാധനാലയങ്ങളുണ്ട്‌! ശബരിമല ക്ഷേത്രത്തിന്റെയും നാട്ടിന്‍ പുറത്തുള്ള ഒരു സാധാരണ ദേവാലയത്തിന്റേയും സ്ഥിതി ഒന്നുപോലല്ലല്ലോ? പക്ഷേ, ഏതെങ്കിലും ഒന്നിന്റെതന്നെയും നിജസ്ഥിതി കുട്ടികള്‍ക്കറിയാമോ? അധ്യാപകര്‍ക്കു തീര്‍ച്ചയുണേ്ടാ? പിന്നെ എന്താണ്‌ കുട്ടികളോട്‌ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നതിന്റെ ലക്ഷ്യം?



സ്ഥാപനങ്ങളെ തെരഞ്ഞുപിടിച്ച്‌ മുട്ടുകുത്തിക്കുക



തൃശൂരിലെ രണ്ടു സ്ഥാപനങ്ങളെ പ്രത്യേകമായി തെരഞ്ഞുപിടിച്ചു ഭയപ്പെടുത്താനും ഉപദ്രവിക്കാനുമുള്ള നീക്കങ്ങള്‍ നടന്നുവരികയാണല്ലോ. കാലിക്കട്ട്‌ സര്‍വകലാശാലാധികൃതര്‍ ബോധപൂര്‍വം ഈ മാനേജുമെന്റുകളെ വരുതിയിലാക്കാന്‍ ശ്രമിക്കുന്നുവെന്നാണ്‌ കോളജധികൃതരുടെ പരാതി. അഫിലിയേഷന്‍ പ്രശ്നം ഈ നീക്കത്തിന്റെ ഭാഗമാണ്‌. അധികൃതരും അധികാരികളുമായി സംസാരിക്കുമ്പോള്‍ സ്വാശ്രയനിയമത്തിനു ചേര്‍ന്ന രീതിയില്‍ സര്‍ക്കാരുമായി ധാരണയുണ്ടാക്കിയാല്‍ എല്ലാ ബുദ്ധിമുട്ടുകളും ഒഴിവാക്കാന്‍ സാധിക്കുമെന്നാണ്‌ അവര്‍ പറയുന്നത്‌. ന്യൂനപക്ഷാവകാശങ്ങള്‍ ഇങ്ങനെ അടിയറവയ്പ്പിക്കാന്‍ ശ്രമിക്കുന്നവര്‍തന്നെ “ന്യൂനപക്ഷസംരക്ഷകര്‍' തങ്ങളാണെന്നു വാദിക്കുന്നത്‌ വിചിത്രംതന്നെ!



ഏതായാലും അഫിലിയേഷന്‍ അങ്ങനെ റദ്ദുചെയ്യാന്‍ പറ്റില്ല എന്ന്‌ കോടതി തീരുമാനിച്ചല്ലോ.



മൂന്നുനാലു ദിവസങ്ങള്‍ക്കുമുമ്പ്‌ 13 എയ്ഡഡ്‌ കോളേജുകളിലെ പ്രിന്‍സിപ്പല്‍ നിയമനം അംഗീകരിച്ചു, വേണ്ട നടപടികളെടുക്കണമെന്നു കോടതിവിധി പ്രഖ്യാപിച്ചിരുന്നല്ലോ? അനേകനാളുകളായി ന്യൂനപക്ഷവിദ്യാലയങ്ങളെ പീഡിപ്പിച്ചതിന്റെ പരാതിയിന്മേലാണ്‌ ഈ വിധി ഉണ്ടായതെന്ന്‌ ഓര്‍മിക്കണം. പ്രിന്‍സിപ്പല്‍ നിയമനത്തിന്‌ മാനേജര്‍മാര്‍ക്ക്‌ പൂര്‍ണസ്വാതന്ത്ര്യമുണെ്ടന്നത്‌ അനേകവര്‍ഷങ്ങളായി അംഗീകരിക്കപ്പെട്ടിരുന്നതാണ്‌. ഇതിനു മുമ്പുള്ള എല്ലാ നിയമനങ്ങളും യൂണിവേഴ്സിറ്റിയും മറ്റും അംഗീകരിച്ചിട്ടുള്ളതാണ്‌. ഇപ്പോഴത്തെ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ വന്നപ്പോഴാണ്‌ ഇങ്ങനെയൊരു തന്ത്രം വ്യാപകമായി ഉപയോഗിക്കുന്നത്‌!!



ആശയപരമായ അധിനിവേശം



പ്രത്യയശാസ്ത്രബദ്ധമായ ഒരു പാര്‍ട്ടി അധികാരത്തിലിരിക്കുമ്പോള്‍ നടത്തുന്ന പരിശീലനപരിപാടികളെക്കുറിച്ച്‌ ആദ്യം മുതലേ പലര്‍ക്കും സംശയമുണ്ടായിരുന്നു. ഒരിക്കല്‍ ചങ്ങനാശേരി എസ്‌.ബി ഹൈസ്കൂളില്‍വച്ചു നടന്ന ഒരു പരിശീലനപരിപാടിയില്‍ സീറോ മലബാര്‍ സഭയ്ക്കെതിരെ അടിസ്ഥാനമില്ലാത്ത ഒരു ആരോപണം ഒരു 'വിദഗ്ദ്ധന്‍' ഉന്നയിച്ചു. പിന്നീട്‌ അധ്യാപകര്‍ അതു തിരുത്തി അയാളെ മനസിലാക്കി. ഇപ്പോള്‍, തൃശൂരില്‍ നടന്ന ക്ലസ്റ്റര്‍മീറ്റിംഗുകളിലെ പരിശീലകര്‍ നല്‍കിയ സിഡി സംബന്ധിച്ച വിവാദം പത്രങ്ങളില്‍ ഉണ്ടല്ലോ. ഇത്രയും ഹീനമായ രീതിയില്‍ ക്രൈസ്തവസഭാ നേതൃത്വത്തെ ചിത്രീകരിക്കുന്നതും അശ്ലീലം വിതറുന്നതുമായ ഒരു സംരംഭം ഒരു സര്‍ക്കാര്‍വകുപ്പും കേരള ചരിത്രത്തില്‍ ഇതുവരെ നടത്തിയിട്ടില്ലെന്ന്‌ ചുരുക്കമായി പറയട്ടെ. ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ച്‌, ഒരുപക്ഷേ, നിരപരാധികളെ കുടുക്കിലാക്കി തലയൂരിയേക്കാം!!



വിചിത്രമായ മറ്റൊരു വാര്‍ത്ത ഒറീസയിലെ ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ അവരെ ആശ്വസിപ്പിച്ചെന്നു പറയുന്നവര്‍ ഇവിടെ ക്രൈസ്തവപീഡനം നടത്തുന്നതിനു പുറമെ ഒറീസായില്‍ പീഡനകാലത്ത്‌ സംസ്ഥാനം ഭരിച്ചിരുന്ന പാര്‍ട്ടിയുമായി ഇപ്പോള്‍ ചങ്ങാത്തത്തിലാകുന്നു എന്നുള്ളതാണ്‌. എത്രവലിയ ക്രൈസ്തവന്യൂനപക്ഷസ്നേഹമാണിവിടെ തെളിഞ്ഞുവരുന്നത്‌!! ഇന്ത്യയില്‍ മുസ്ലിം ന്യൂനപക്ഷങ്ങളുടെ സ്ഥിതി ഏറ്റവും മോശമായിട്ടുള്ളത്‌ പശ്ചിമബംഗാളിലാണെന്നു സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ തെളിയിക്കുന്നു.



ചരിത്രത്തില്‍നിന്നും പഠിക്കണം



ഇങ്ങനെയുള്ള ഓര്‍മകള്‍ മറന്നുപോകാതെ സൂക്ഷിക്കണമെങ്കില്‍ കരുതല്‍ വേണം. തെരഞ്ഞെടുപ്പുദിനം അടുക്കുംതോറും ദുഷ്പ്രചാരണങ്ങള്‍ക്കും ചെപ്പടിവിദ്യകള്‍ക്കും ശക്തിയേറും. ഒത്തുതീര്‍പ്പുകളും അനുരഞ്ജനനീക്കങ്ങളുമെല്ലാം പ്രഖ്യാപിതമായേക്കും. പക്ഷേ, ഓര്‍മകള്‍ കെടാന്‍ അനുവദിച്ചുകൂടാ. ഓര്‍മകള്‍ നഷ്ടപ്പെടുന്ന സമൂഹം അപകടത്തില്‍പ്പെടും.

4 നിരൂപണങ്ങള്‍:

ullas said...

അച്ചോ ,സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും എന്ന് കേട്ടുകാണുമല്ലോ .ഈ പടപ്പുറപ്പാട് എന്തിനാണെന്ന് ജനങ്ങള്‍ക്കറിയാം . സഭയിലെ ആളുകളുടെ എണ്ണം വച്ച് വിലപേശുക,കഷ്ടം തന്നെ .സാമുഹിക നീതിക്ക് വേണ്ടി നിങ്ങള്‍ എന്ത് നിലപാടാണ് എടുത്തിട്ടുള്ളത് .സ്ഥാപനങ്ങള്‍ തോന്ന്യാസം നടത്തുക എന്നിട്ട് സര്‍ക്കാര്‍ കൈകെട്ടി നിന്ന് കുരവയിടണമെന്നു പറയുക . ആ കാലമൊക്കെ പോയി . പള്ളിയായാലും ,പട്ടക്കരനായാലും സാധാരണ പൌരനു കിട്ടുന്ന പരിഗണനയെ കിട്ടു. നിങ്ങളുടെ പത്തു വോട്ട് കിട്ടിയില്ലെങ്കില്‍ തകര്‍ന്നു പോകുന്ന പ്രസ്ഥാന മാണെങ്കില്‍ പോകെട്ടെന്നു വയ്ക്കും . അത്രതന്നെ . കുഞ്ഞാടുകള്‍ക്കും വിവരം വച്ച് തുടങ്ങി എന്ന് മനസ്സിലാക്കുക . പണ്ടൊരിക്കല്‍ ഒരു ചക്ക വീണു മുയല്‍ ചത്തെന്നു വിചാരിച്ചു എന്നും മനപ്പായസം ഉണ്നെണ്ട .

Manoj മനോജ് said...

റൂബിനെ,
ഈ അടുത്ത് അമേരിക്കയില്‍ ട്രിനിറ്റി കോളേജിന്റെ ഒരു പഠനം പുറത്തിറങ്ങി. അതില്‍ പറയുന്നത് അമേരിക്കയില്‍ ക്രിസ്ത്യാനിറ്റിയില്‍ വിശ്വസിക്കുന്നവരുടെ എണ്ണം കുറഞ്ഞ വരുന്നു എന്നാണ്. “The 2008 findings confirm the conclusions we came to in our earlier studies that Americans are slowly becoming less Christian and that in recent decades the challenge to Christianity in American society does not come from other world religions or new religious movements (NRMs) but rather from a rejection of all organized religions”

അമേരിക്കയില്‍ എണ്ണം കുറയുന്നത് എന്താണാവോ? അവിടെ ബുഷ് സര്‍ക്കാര്‍ (2008ലെ സര്‍വ്വേയാണ്) കഴിഞ്ഞ രണ്ട് ടേം ക്രിസ്ത്യാനികള്‍ക്കെതിരെ ഒരു നിയമവും കൊണ്ട് വന്നിട്ടില്ലല്ലോ? പവ്വത്തിലങ്ങുന്നിനോട് ഒന്ന് ചോദിച്ച് ഉത്തരം തരുമെന്ന് കരുതുന്നില്ല.

സഭയുടെ ഈ ഹാലിളക്കത്തിനും കാരണം ഇത് തന്നെയല്ലേ? ചോര്‍ന്ന് പോകുന്ന കുഞ്ഞാടുകളെ കണ്ട് അമേരിക്കയിലെയും, യൂറോപ്പിലെയും പോലെ വിശ്വാസികളെ കിട്ടാതെ പള്ളികള്‍ പൂട്ടേണ്ടി വരുമോ എന്ന പേടി. ഈ സാമ്പത്തിക മാന്ദ്യകാലത്ത് വേറെ എന്ത് ജോലി കിട്ടും?

പിന്നെ 16 ജനുവരിയിലിറങ്ങിയ സത്യദീപത്തിലെ കവര്‍ സ്റ്റോറിയില്‍ വായിച്ചിരിക്കുമല്ലോ. അതില്‍ ഫാ. ജോയ് കള്ളിയത്ത് സി.എം.ഐ. ആരോപിക്കുന്നത് “ഇന്ന് പൌരോഹിത ജീവിതത്തിലേയ്ക്ക് “കണ്‍സ്യൂമറിസം” കടന്ന് കയറിയിട്ടുണ്ടെന്നും പണത്തിന്റെ സ്വാധീനവും, ആര്‍ഭാട ജീവിതവും പുരോഹിതരെ ബാധിച്ചു തുടങ്ങിയെന്നും ഇത് പതിയെ ആത്മീയ വൃത്തിയെ ഇല്ലാതാക്കും” എന്നാണ്.

അതു കൊണ്ട് അച്ചന്‍ കുപ്പായമണിഞ്ഞവര്‍ "ഓര്‍മകള്‍ നഷ്ടപ്പെടുത്തരുത്‌! നഷ്ടമായാല്‍ അപകടം" ആണ്.

മാനിഷാദ said...
This post has been removed by the author.
മാനിഷാദ said...

ഡീക്കന്‍, കത്തോലിക്കാ സഭയുടെ പൊതുവായ നിലപാടുകള്‍ ജനങ്ങളുടെ മുന്‍പില്‍ എത്തിക്കാനുള്ള താങ്കളുടെ പരിശ്രമം അഭിനന്ദനീയം തന്നെ. പക്ഷെ, കുറെ സഭ വിരോധികള്‍ക്ക് എന്തിനാണ് താങ്കളുടെ ചിലവില്‍ വിഷം തുപ്പാന്‍ ഉള്ള സൗകര്യം ഉണ്ടാക്കി കൊടുക്കുന്നത്. ദയവായീ കമന്റ്സ് എഡിറ്റു ചെയ്തു പബ്ലിഷ് ചെയ്യാന്‍ ശ്രദ്ധിക്കുമല്ലോ.