March 20, 2009

സ്ഥാനാര്‍ഥിക്കുപ്പായവും ആട്ടിന്‍തോലും

കുട്ടിസഖാക്കള്‍ അണിഞ്ഞിരിക്കുന്ന സ്ഥാനാര്‍ഥിക്കുപ്പായം ചെന്നായ്‌ ഉടുത്ത ആട്ടിന്‍തോലിനു സമാനമാണ്‌. പള്ളി, പള്ളിക്കൂടം, പട്ടക്കാരന്‍ എന്നിവര്‍ക്കെതിരേ ഭീകരസമരം നടത്തി വിദ്യാഭ്യാസമേഖലയെ കുട്ടിച്ചോറാക്കിയ സഖാക്കള്‍ക്ക്‌ ഇലക്ഷനെത്തിയപ്പോള്‍ വെളിപാടുണ്ടായിരിക്കുന്നുപോലും. ളോഹയിട്ടവരെ തെരുവില്‍ തടയുമെന്നു പറഞ്ഞവര്‍ ളോഹയിട്ടവരെ തേടിനടക്കുന്നു വെളുക്കെ ചിരിക്കുന്നു.



ബന്ധവും സ്വന്തവും പറഞ്ഞ്‌, കുനിഞ്ഞ ശിരസും കൂപ്പിയ കരങ്ങളുമായി അരമന, പള്ളി, മഠം തുടങ്ങിയിടങ്ങളില്‍ കയറിയിറങ്ങി വോട്ട്‌ യാചിക്കുന്ന പ്രക്ഷോഭകാരികള്‍ കഴിഞ്ഞ മാസംവരെ ഏതു രൂപത്തിലും ഭാവത്തിലുമായിരുന്നു വേഷം കെട്ടിയിരുന്നതെന്ന്‌ ജനം മറന്നിട്ടില്ല.



പിതൃതുല്യനായി സഭാസമൂഹം ആദരിക്കുന്ന മെത്രാന്‍പട്ടക്കാരനെ 'നികൃഷ്ടജീവി' എന്നു വിളിച്ച പിണറായി സഖാവിന്റെ ഗ്രൂപ്പില്‍പ്പെട്ട കുട്ടിസഖാക്കള്‍ക്ക്‌ ഇലക്ഷനടുത്തപ്പോള്‍ വിശ്വാസപരമായ വെളിപാട്‌ ഉണ്ടായിരിക്കുന്നു.



'ഇന്നലെ വരെ പറഞ്ഞതും ചെയ്തതും മറന്നേര്‌. സത്യങ്ങള്‍ പലതും ഞാന്‍ വായിച്ചറിഞ്ഞതും മനസിലാക്കിയതും അടുത്തയിടയാ. ഞങ്ങളുടെ പാര്‍ട്ടിയിലും മതവിശ്വാസകള്‍ ഉണ്ട്‌.' എന്നിങ്ങനെ അരമനകളിലും സഭാ സ്ഥാപനങ്ങളിലും പറയാനുള്ള സ്ഥാനാര്‍ഥിക്കുട്ടികളുടെ തൊലിക്കട്ടി അപാരം. കോടികളുടെ കടത്തില്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തി മെച്ചപ്പെട്ട വിദ്യാഭ്യാസം നാടിനു നല്‍കുന്ന ക്രൈസ്തവസഭ ഇന്നലെവരെ ഇവര്‍ക്ക്‌ വെറും കച്ചവടക്കാരായി രുന്നു.



സ്വന്തമായി ഒരു ബാലവാടിയോ കുടിപ്പള്ളിക്കൂടമോ നടത്തിക്കാണിച്ച്‌ ഇങ്ങനെവേണം മാതൃകാസ്ഥാപനം നടത്തേണ്ടതെന്ന്‌ പറയാന്‍ യോഗ്യതയില്ലാത്ത സി.പി.എമ്മിന്‌ ക്രൈസ്തവ വിദ്യാഭ്യാസം എന്നു കേട്ടാല്‍ എക്കാലവും ഹാലിളക്കമാണ്‌. എന്‍ട്രന്‍സ്‌ പരീക്ഷ മുതല്‍ പ്രവേശനവാതില്‍ അടയ്ക്കുംവരെ സമരം സമരം സിന്ദാബാദ്‌ വിളിച്ച്‌ കല്ലേറും കൈയേറ്റവും തൊഴിലാക്കിയ പാര്‍ട്ടിശിശുക്കള്‍ സ്ഥാനാര്‍ഥിക്കുപ്പായത്തില്‍ കയറിയപ്പോള്‍ പറയുന്ന മര്യാദാ വചനങ്ങള്‍ കേട്ടാല്‍ എത്ര വിചിത്രം. അച്ചന്‍മാരെ അടിച്ചോടിക്കണമെന്നും പള്ളിക്കൂടം പിടിച്ചെടുക്കണമെന്നും കാറിക്കൂവിയിരുന്ന ഇവര്‍ക്ക്‌ എന്തേ സമനില തെറ്റിയോ എന്നു തോന്നിപ്പോകും ചാനലുകളിലെ ഭാവാഭിനയം കണ്ടാല്‍.



സഭയും പാര്‍ട്ടിയും പാവങ്ങള്‍ക്കുവേണ്ടിയാണ്‌ നിലകൊള്ളുന്നതെന്നും ഇനിയങ്ങോട്ട്‌ നമുക്ക്‌ സ്നേഹിക്കാമെന്നുമൊക്കെയാണ്‌ തിങ്കളാഴ്ച കേരള കത്തോലിക്കാ സഭയുടെ ആസ്ഥാനത്തും സഭാ സ്ഥാപനങ്ങളിലും കയറാന്‍ അവസരം കിട്ടിയ ഒരു സ്ഥാനാര്‍ഥിക്കുട്ടി പറഞ്ഞത്‌.



പോരാട്ടക്കാരി തന്റെകൂടെ ചാനല്‍ പടയെയും കരുതിയാണ്‌ അരമനയിലെത്തിയത്‌.

ചാനലായ ചാനലുകളിലും പത്രമായ പത്രങ്ങളിലും പാര്‍ട്ടിപത്രം മുഴുവനിലും നിന്നും ഇരുന്നും ക്രൈസ്തസഭയെ കഴിഞ്ഞയാഴ്ച വരെ തോജോവധം ചെയ്തിരുന്ന ഇവര്‍ക്ക്‌ ഇലക്ഷന്‍ കാലത്തു മാത്രമാണോ ബോധോധയം ഉണ്ടാകുന്നത്‌.



സഖാക്കളുടെ ബുദ്ധി ഇത്രത്തോളം വളരാന്‍ ഇടവന്നത്‌ ക്രൈസ്തവ സ്ഥാപനങ്ങളില്‍ ലഭിച്ച വിദ്യാഭ്യാസം കൊണ്ടാണെന്നും ഇവരെല്ലാം മക്കളെ ക്രൈസ്തവ സ്ഥാപനങ്ങളില്‍ തന്നെയാണ്‌ പഠിപ്പിക്കുന്നതെന്നും സ്ഥാനാര്‍ഥിക്കുട്ടികള്‍ക്ക്‌ അറിവില്ലായിരിക്കാം. അഭിവന്ദ്യരെന്നും നികൃഷ്ടജീവിയെന്നും വെള്ളയടിച്ച കുഴിമാടങ്ങളെന്നും കച്ചവടക്കാരെന്നും സഭാധികാരികളെ അപമാനിച്ചവര്‍ അരമന കയറി പറയുന്നു, 'അനുഗ്രഹം കിട്ടിയാലേ മുന്നോട്ടു പോകാനാകൂ' എന്ന്‌.



പിണറായി ഗ്രൂപ്പിലെ ഒരു ഉപഗ്രൂപ്പിന്റെ സമ്മര്‍ദത്തില്‍ മാനേജ്മെന്റ്‌ ക്വാട്ടയില്‍ സീറ്റ്‌ തരപ്പെടുത്തിയ ഒന്നു രണ്ടു സ്ഥാനാര്‍ഥികള്‍ ഇന്നലെ വരെ സഭയെ തകര്‍ക്കാന്‍ ഭീകരരുടേയും ഗുണ്ടകളുടെയും റോളിലായിരുന്നു. എട്ടും പൊട്ടും തിരിയാതെ, സ്വന്തം തലച്ചോറ്‌ പാര്‍ട്ടി ഓഫീസില്‍ പണയം വച്ച ഈ അടിമപ്പട സ്വാശ്രയ കോളജുകള്‍ക്കും ആശുപത്രികള്‍ക്കും നേരേ കല്ലെറിഞ്ഞ്‌ രക്തസാക്ഷികളും ദേശീയനേതാക്കളുമായി. അനാഥരെ ഉടുപ്പിക്കുകയും ദരിദ്രനെ ഊട്ടുകയും ചെയ്യുന്ന നല്ല സമറായരായ സന്യസ്തര്‍ക്കുനേരേ ചീറിയടുക്കുകയും വിഷം ചീറ്റുകയും ചെയ്തിരുന്ന കുട്ടിസഖാക്കളുടെ സേവനങ്ങള്‍ക്ക്‌ പാര്‍ട്ടി നല്‍കിയ അംഗീകാരമാണ്‌ സ്ഥാനാര്‍ഥിത്വം എന്നത്‌ വ്യക്തം. സമരവും നശീകരണവുമല്ലാതെ മറ്റൊരു പരിപാടിയും ഇവര്‍ ചെയ്തതായി കണ്ടിട്ടുമില്ല.



മുതിര്‍ന്ന സഖാക്കള്‍ സ്വന്തം മക്കളെ അയല്‍സംസ്ഥാനത്തെ സ്വാശ്രയ സ്ഥാപനങ്ങളില്‍ ലക്ഷങ്ങള്‍ കോഴ കൊടുത്ത്‌ ഡോക്ടറും എന്‍ജിനിയറുമാക്കി മുതലാളിത്തരാഷ്ട്രങ്ങളിലേക്ക്‌ പറത്തിവിട്ടുകൊണ്ടിരിക്കുന്നു എന്ന സത്യം തിരിച്ചറിയാനുള്ള സ്വതന്ത്രചിന്തയും കാഴ്ചശക്തിയും കുട്ടിപ്പടയ്ക്ക്‌ ഇല്ലാതെപോയി. കേരളത്തിലെ പാര്‍ട്ടിയെ വകഞ്ഞുപിടിച്ച്‌ സഖാവിന്റെ മകന്‍ ആഗോള മുതലാളിത്തത്തിന്റെ അമ്മവീടായ ലണ്ടനില്‍ പഠനത്തിലും സുഖവാസത്തിലുമാണെന്ന്‌ പറഞ്ഞാല്‍ പറയുന്നവനെ തല്ലാന്‍ കുറെ കൂലിപ്പട്ടാളം പാര്‍ട്ടിക്കുണ്ട്‌. അധോലോകക്കാരുടെയും കള്ളപ്പണക്കാരുടെയും പക്ഷത്തേക്ക്‌ ലാവ്ലിനാദി കോഴകളും ശതകോടി ഫണ്ടും ഒഴുകിച്ചെല്ലുന്നതിന്റെ ആകെത്തുകയാണ്‌ പാര്‍ട്ടി എന്ന്‌ ചിന്തിക്കുന്നതുപോലും വിഭാഗീയതയാണെന്ന്‌ ധരിച്ച അന്ധവിശ്വാസികളാണ്‌ പ്രസ്ഥാനത്തിന്റെ സ്വത്തും കരുത്തും. നേതാവ്‌ മൂന്നു കോടിയുടെ വീടു വെച്ചാല്‍ അത്‌ സോഷ്യലിസത്തിന്‌ വിരുദ്ധമല്ല. മന്ത്രി അന്‍പതു ലക്ഷത്തിന്റെ കാറില്‍ പറക്കുമ്പോള്‍ അതു ജനസേവനത്തിന്റെ ഭാഗം.



കേരളം വിഴുങ്ങിയ അധോലോകക്കാരുടെ ബിനാമികളായി പാര്‍ട്ടി നേതാക്കള്‍ മാറിക്കഴിഞ്ഞെന്നും ലോകത്ത്‌ ബൂര്‍ഷ്വാസിസം നിലവിലുള്ളത്‌ സ്വന്തം പാര്‍ട്ടിയില്‍ മാത്രമാണെന്നും മനസിലാക്കാനുള്ള വിവരം സിന്ദാബാദ്‌ കൂലികള്‍ക്ക്‌ ഇല്ലാതെപോയി. അവസരവാദത്തിത്‌ ഇങ്ങനെയും ഒരു ഉദാഹരണമോ?



ഇലക്ഷന്‍വരെ മതം, വിശ്വാസം, ജാതി എന്നതൊക്കെ പ്രത്യയശാസ്ത്രനിഖണ്ഡുവിലെ സോഷ്യലിസ്റ്റ്‌ വിരുദ്ധപദങ്ങള്‍. ഇലക്ഷനെത്തിയാല്‍ പഞ്ചായത്ത്‌ മുതല്‍ പാര്‍ലമെന്റ്‌ വരെ സ്ഥാനാര്‍ഥിയെ കണെ്ടത്തുന്നതും അവതരിപ്പിക്കുന്നതും ജാതി, ഉപജാതി, വര്‍ഗ പരിഗണനകള്‍ നോക്കി.



മധ്യകേരളത്തില്‍ ക്രിസ്ത്യാനിയും മലപ്പുറത്ത്‌ മുസ്ലിമും തെക്ക്‌ നായരും വടക്ക്‌ തീയനും സ്ഥാനാര്‍ഥിയാകണമെന്ന്‌ പാര്‍ട്ടിക്ക്‌ നിര്‍ബന്ധം. എടുത്തെറിയാവുന്ന വര്‍ഗീയ കാര്‍ഡും ജാതിക്കൂട്ടുകെട്ടും സമുദായ പ്രീണനവും കണക്കൂകൂട്ടലുകളോടെ പ്രയോഗിക്കാന്‍ സി.പി.എം കഴിഞ്ഞൊരു പാര്‍ട്ടിയേ കേരളത്തിലുള്ളൂ.



ഒറീസയില്‍ ക്രൈസ്തവര്‍ക്കുനേരെ ശൂലവും വടിവാളും കൊണ്ട്‌ നരനായാട്ടു നടത്തിയ സെപ്റ്റംബര്‍ ഭീകരതയെ കണ്ടും കേട്ടും ആസ്വദിച്ച മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനെ കെട്ടിപ്പിടിച്ച്‌ ഉമ്മകൊടുത്ത്‌ തങ്ങള്‍ ഇപ്പോള്‍ മൂന്നാംകെട്ടിലെ സംബന്ധക്കാരാണെന്ന്‌ വിളിച്ചുപറഞ്ഞ കാരാട്ട്‌ സഖാവ്‌. കാലങ്ങളോളം ബി.ജെ.പി കൂടാരത്തില്‍ കുടികിടപ്പുകാരിയായിരുന്ന മായാവതി തുടങ്ങിയ അഴിമതി താരങ്ങളെയും ഒരുഡസന്‍ അഴിമതിക്കേസുകളില്‍ അഴിയെണ്ണിയ ജയലളിതയെയും കൂട്ടിച്ചേര്‍ത്ത്‌ മുന്നണിവാഴ്ചയ്ക്കിറങ്ങുമ്പോള്‍ കമ്യൂണിസത്തിലെ മതനിരപേക്ഷ ആദര്‍ശം എവിടെപ്പോയി?



ഒറീസയിലെ നാല്‍പതിനായിരം ക്രൈസ്തവ അഭയാര്‍ഥികള്‍ രൂപതാ കേന്ദ്രങ്ങളിലും കടല്‍ത്തീരത്തും കുടില്‍കെട്ടി ആറുമാസം കഴിഞ്ഞതും ക്രൈസ്തവസഭ ഇവര്‍ക്ക്‌ ഭക്ഷണവും മരുന്നും കൊടുത്ത്‌ സംരക്ഷിച്ചതുമൊന്നുമല്ല പുതിയ വാര്‍ത്ത. സി.പി.എം ഓഫീസ്‌ ഒരു വിഭാഗം ക്രൈസ്തവര്‍ക്ക്‌ പ്രാര്‍ഥനാലയമായി തുറന്നു കൊടുത്തു എന്നതാണ്‌ കൈരളിക്കും ദേശാഭിമാനിക്കും എക്സ്ക്ലൊാസെവ്‌.



പട്ടാപ്പകല്‍ ഒരു കന്യാസ്ത്രീയെ നാല്‍പതു നരാധമന്‍മാര്‍ കൂട്ടമാനംഭംഗം ചെയ്ത്‌ നഗ്നയായി തെരുവില്‍ നടത്തി, കൂടെ മലയാളിയായ മിഷനറിയെ തല്ലിച്ചതച്ച മൃഗീയ സംഭവത്തില്‍ ഒരു പ്രസ്താവന പോലുമിറക്കി അപലപിക്കുകയും ഞെട്ടുകയും ചെയ്യാതിരുന്ന സഖാക്കള്‍ പാര്‍ട്ടി ഓഫീസ്‌ പ്രാര്‍ഥനയ്ക്കു കൊടുത്തുവത്രെ. സ്ത്രീ സംരക്ഷണവും സദാചാരവും ടെന്‍ഡറെടുത്തിരിക്കുന്ന അഖിലേന്ത്യാ മഹിളാ ഫെഡറേഷന്‍ ലോകത്തെ നടുക്കിയ ഈ കേസ്‌ അറിയാതെ പോയോ എന്നു സംശയം.



പീഡനം എന്നു കേട്ടാല്‍ പൊട്ടിത്തെറിക്കുകയും പ്രതികള്‍ മന്ത്രിമക്കളായാല്‍ കാലു പിന്നോട്ടും ഉയര്‍ത്തിയ കൈ താഴേക്കും വലിക്കുന്ന മഹിളാ ഫെഡറേഷന്‍ ഒന്നറിയുക: ഒറീസയില്‍ പീഡിപ്പിക്കപ്പെട്ട ആ കന്യാസ്ത്രി ഒരു ആദിവാസി കുടുംബത്തിലെ യുവതിയാണ്‌. ഇന്നും ജീവഭയത്താല്‍ അവര്‍ രഹസ്യകേന്ദ്രങ്ങളില്‍ കഴിയുകയാണ്‌.



ഒരുപക്ഷേ, പാര്‍ട്ടിക്ക്‌ ആ സംസ്ഥാനത്ത്‌ അണികള്‍ കുറവായതിനാലും പ്രവര്‍ത്തനം മന്ദീഭവിച്ചുപൊയതിനാലുമായിരിക്കാം പാര്‍ട്ടിഓഫീസ്‌ ആരാധനയ്ക്ക്‌ കൊടുത്തിരിക്കുന്നത്‌. പള്ളികളും മഠങ്ങളും ചാമ്പലാക്കപ്പെട്ടതിനാല്‍ ഒറീസയിലെ നൂറിലേറെ വൈദികരും കന്യാസ്ത്രീകളും ഇന്നും ജീവഭയത്താല്‍ ഒളിച്ചു കഴിയുകയാണ്‌. ഇന്ത്യന്‍ പൗരന്‍ എന്ന നിലയിലുള്ള എല്ലാ മനുഷ്യാവകാശങ്ങളും ചവിട്ടിഞ്ഞെരിച്ച നവീന്‍ പട്നായിക്ക്‌ ഇന്നലെ വരെ ബി.ജെ.പി കൂടാരത്തിലെ സംബന്ധക്കാരനായിരുന്നു. ജനിച്ച മണ്ണില്‍ തിരിച്ചു കയറണമെങ്കില്‍ ക്രൈസ്തവവിശ്വാസം ഉപേക്ഷിക്കണമെന്ന്‌ ആജ്ഞാപിച്ച്‌ ചാണകവെള്ളവുമായി നില്‍കുന്ന മതമൗലിക വാദികളെ അടിച്ചമര്‍ത്താനുള്ള തന്റേടം കാണിക്കണമെന്ന്‌ നവീന്‍ പട്നായിക്കിനോട്‌ കാരാട്ട്‌ സഖാവും യച്ചൂരി സഖാവും ഇന്നും പറഞ്ഞിട്ടില്ല.



കമ്യൂണിസം അടിച്ചേല്‍പ്പിച്ച്‌ വിശ്വാസ അനുഷ്ഠാനങ്ങള്‍ അമര്‍ച്ച ചെയ്യപ്പെട്ട കിഴക്കന്‍ യൂറോപ്പില്‍ ലക്ഷോപലക്ഷം വൈദികരെയും കന്യാസ്ത്രീകളെയും വിശ്വാസികളെയും സഖാക്കളുടെ ഭീകരഭരണകൂടം ക്രൂരമായി കൊന്നൊടുക്കിയത്‌ ലോകം മറന്നിട്ടില്ല. മധുര മനോജ്ഞ ചൈനയില്‍ മതസ്വാതന്ത്ര്യം മനുഷ്യാവകാശം എന്നിവയ്ക്കു മുറവിളി കൂട്ടിയ പതിനായിരം ചെറുപ്പക്കാരെ ടിയാനന്‍മെന്‍ സ്ക്വയറില്‍ പാര്‍ട്ടി ടാങ്കുകള്‍ അരച്ചുകൂട്ടിയത്‌ സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം എന്നിവ മുദ്രാവാക്യമാക്കിയ ഡി.വൈ.എഫ്‌.ഐക്കു പഠനവിഷയമല്ല.



മൂന്നാം മുന്നണി എന്ന അഭയാര്‍ഥിക്കൂടാരത്തില്‍ അഴിമതിക്കാരും അന്ധവിശ്വാസികളും കുറ്റവാളികളും എന്ന ലേബലില്ലാത്ത ആരെങ്കിലും ഉണേ്ടാ എന്നു സംശയം. നഗ്നപൂജ മുതല്‍ കുരുതി വരെ നടത്തുന്ന അന്ധവിശ്വാസികളും ഗുണ്ടകളെയും ചാവേറുകളും പോറ്റിവളര്‍ത്തുന്ന ഭീകരരും വരെയാണ്‌ കാരാട്ടിന്റെ ചങ്ങലയില്‍ പിടിച്ചിരിക്കുന്നവര്‍.



പ്രതികരിക്കാന്‍ അവകാശം നിഷേധിക്കപ്പെട്ട, അടിമപ്പണിപ്പണി വിധിക്കപ്പെട്ട, ചിന്തിക്കാന്‍ തലച്ചോറില്ലാത്ത കൂലിയണികളുണെ്ടന്നതാണ്‌ പാര്‍ട്ടിയുടെ ബലം. ദുര്‍ബലമായ മതവികാരങ്ങളെയും വര്‍ഗീയകൂട്ടുകെട്ടുകളെയും ബലമാക്കി ഇലക്ഷന്‍ നേരിട്ടുകഴിഞ്ഞാല്‍ പാര്‍ട്ടിയുടെ നിറം മാറും. അപ്പോള്‍ പിന്നെ, മതം മനുഷ്യനെ മയക്കുന്ന കറുപ്പ്‌, മതാചാര്യന്‍ നികൃഷ്ടജീവി.



കുട്ടിസഖാക്കള്‍ക്കും അവരെ അരങ്ങേറ്റത്തിനു ഒരുക്കിയ വലിയ സഖാക്കള്‍ക്കും ഒരു കാര്യം അറിയാം. അരമനകളിലും മഠങ്ങളിലും കഴിയുന്ന സന്യസ്തര്‍ക്ക്‌ സഹിഷ്ണുതയും ക്രിസ്തീയതയും ഉള്ളതിനാല്‍ വോട്ടു ചോദിക്കാനെങ്കിലുമുള്ള അവസരം കിട്ടും. മറ്റിടങ്ങളില്‍ ഈ വേഷം കെട്ടലിനു ചെന്നാല്‍ ഗേറ്റുകളും വാതിലുകളും തുറക്കപ്പെടില്ല.

1 നിരൂപണങ്ങള്‍:

Manoj മനോജ് said...

ഇതില്‍ മറ്റാരുടെയും പേരില്ലാത്തതിനാല്‍ റൂബിന്‍ എഴുതിയതാണെന്ന് കരുതുന്നു.

എതിര്‍പ്പുകള്‍ ആകാം പക്ഷേ ഒരു പുരോഹിതന് ചേര്‍ന്ന വാക്കുകളല്ല റൂബിന്‍ ഈ പോസ്റ്റില്‍ പ്രയോഗിച്ചിരിക്കുന്നത്.

പഴയ ഡീക്കന്‍ റൂബിനല്ല മറിച്ച് ഫാദര്‍ റൂബിനാണ് ഈ ബ്ലോഗിന്റെ ഉടമസ്ഥന്‍ എന്ന കാര്യം വിസ്മരിക്കരുത്.