March 21, 2009

തിരിച്ചറിയേണ്ട ജനാധിപത്യമര്യാദകള്‍

ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌

ലോകത്തിലെതന്നെ ഏറ്റവും വലിയ ജനാധിപത്യരാജ്യങ്ങളില്‍ ഒന്നായ ഭാരതം ഒരിക്കല്‍ക്കൂടി തന്റെ മക്കളോട്‌ ജനാധിപത്യത്തെ തിരിച്ചറിയാന്‍ ആവശ്യപ്പെടുന്ന അവസരമാണല്ലോ ഇത്‌. ഈ നൂറ്റാണ്ടില്‍ പക്വത വന്ന ജനാധിപത്യക്രമത്തിലേക്ക്‌ കടന്നുവന്ന ഏറെ രാഷ്ട്രങ്ങളുണ്ട്‌. അതേസമയം ഇപ്പോഴും ജനാധിപത്യത്തിന്റെ ശൈശവദശയില്‍ മാത്രം കഴിഞ്ഞുകൂടുന്ന രാജ്യങ്ങളുമുണ്ട്‌. രാഷ്ട്രീയ അരാജകത്വത്തിലേക്കും സ്വേച്ഛാധിപത്യപ്രവണതകളിലേക്കും വഴുതിവീണ രാഷ്ട്രങ്ങളുമുണ്ട്‌. ഒരു പൊതു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ രാഷ്ട്രത്തിന്റെ ഭദ്രതയ്ക്കും നാനാജാതി മതസ്ഥരായ ഭാരതീയരുടെ സംരക്ഷണത്തിനും നാം മുന്‍തൂക്കം നല്‍കേണ്ടതുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ ജനാധിപത്യമര്യാദകളിലേക്ക്‌ നാം ഒന്നുകൂടി തിരിഞ്ഞു നോക്കേണ്ട അവശ്യമുണ്ടാകുന്നത്‌.

രാഷ്ട്രീയ ജീവിതത്തിന്റെ അടിത്തറ മനുഷ്യനാണ്‌. സാമൂഹ്യവും രാഷ്ട്രീയവുമായ മാനങ്ങള്‍ മനുഷ്യരുടെ സഹജസ്വഭാവമാണ്‌. മനുഷ്യവര്‍ഗത്തോളംതന്നെ അവയ്ക്ക്‌ പഴക്കവുമുണ്ട്‌. മനുഷ്യനായിരിക്കുക എന്നതിന്റെ ഒരു അടിസ്ഥാന സവിശേഷതകൂടിയാണത്‌. ഓരോ വ്യക്തിയുടേയും മാന്യതയും മറ്റുള്ളവരോട്‌ താരതമ്യം ചെയ്യുമ്പോള്‍ നാം കാണുന്ന തുല്യതയും ഈ ബന്ധത്തിന്റെ ഗ്രാമര്‍ തന്നെയാണ്‌. മനുഷ്യസമൂഹത്തിന്‌ പൊതുകാര്യങ്ങളെക്കുറിച്ച്‌ പൊതുതീരുമാനമെടുക്കാം. അതിനുവേണ്ടിയാണ്‌ രാഷ്ട്രീയ സംവിധാനങ്ങള്‍. അങ്ങനെയെങ്കില്‍ രാഷ്ട്രീയം മനുഷ്യവ്യക്തികളുടെ മാന്യതയും തുല്യതയും പരിപാലിക്കണം. അവരുടെ അനിഷേധ്യമായ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നത്‌ രാഷ്ട്രീയപ്രവര്‍ത്തകരുടെ, പ്രത്യേകിച്ച്‌ ഭരണത്തിലേക്ക്‌ വരുന്നവരുടെ മുഖ്യലക്ഷ്യവുമായിരിക്കണം. ചുരുക്കം ചിലരുടെ ഉന്നമനത്തിനും അവകാശസംരക്ഷണത്തിനും വേണ്ടിയല്ല രാഷ്ട്രീയം. ഒരു രാഷ്ട്രീയക്കാരനെ സംബന്ധിച്ചിടത്തോളം മൂലധനം എന്നത്‌ പൊതുനന്മയ്ക്കു വേണ്ടിയുള്ള അവന്റെ പ്രവര്‍ത്തനമാണ്‌.

ആരാണ്‌ രാഷ്ട്രീയത്തിലെ യഥാര്‍ഥ അധികാരി? സമൂഹം ഒന്നാകെയാണ്‌. ജനങ്ങള്‍ക്കാണ്‌ ജനാധിപത്യത്തില്‍ അധികാരമുള്ളത്‌. ജനങ്ങള്‍ അവരുടെ അധികാരം പ്രതിനിധികളിലേക്ക്‌ മാറ്റി സ്ഥാപിക്കുന്ന പ്രക്രിയ ആണല്ലോ പൊതുതിരഞ്ഞെടുപ്പ്‌. ജനങ്ങള്‍ക്ക്‌ ഈ അധികാരം എപ്പോള്‍ വേണമെങ്കിലും സമര്‍ഥിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ജനങ്ങളോട്‌ ഉത്തരവാദികളാണ്‌, കണക്കുപറയേണ്ടവരാണ്‌. ആവശ്യമെങ്കില്‍ അവരെ മാറ്റി സ്ഥാപിക്കാനുള്ള അധികാരവും ജനങ്ങള്‍ക്കാണ്‌. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഒരു സര്‍ക്കാരിന്‌ സാധിക്കാതെ വരുമ്പോള്‍ ഭരിക്കാനുള്ള അവകാശം അവര്‍ക്ക്‌ നഷ്ടപ്പെടുന്നു. ജനങ്ങള്‍ സര്‍ക്കാരിനെ നേരിട്ടു തെരഞ്ഞെടുക്കുകയില്ല. ജനങ്ങള്‍ തെരഞ്ഞെടുക്കുന്നത്‌ പ്രതിനിധികളെയാണ്‌. ജനപ്രതിനിധികള്‍ ചേര്‍ന്നാണ്‌ സര്‍ക്കാര്‍ രൂപീകരിക്കുന്നത്‌. ഇത്‌ ജനാധിപത്യത്തിന്റെ പൊതുമര്യാദയാണ്‌. ഭാരതത്തില്‍ നിലവിലിരിക്കുന്നത്‌ പാര്‍ലമെന്ററി ജനാധിപത്യമാണ്‌. മന്ത്രിസഭയുടെയും നിയമസഭയുടെയും നീതിപീഠത്തിന്റെയും പാരസ്പര്യത്തിലാണ്‌ ശുദ്ധമായ ജനാധിപത്യഭരണക്രമം നിലനില്‍ക്കുന്നത്‌.

ജനാധിപത്യത്തില്‍ ഏറ്റവും വിലപിടിപ്പുള്ളത്‌ മനുഷ്യന്‍ എന്ന യാഥാര്‍ഥ്യത്തിനാണ്‌. മനുഷ്യന്‍ രാഷ്ട്രീയത്തേക്കാളും, വ്യവസായത്തേക്കാളും, പണത്തേക്കാളും വലുതാണ്‌. മനുഷ്യനെ ചെറുതായി കാണുന്ന ഒരു പ്രത്യയശാസ്ത്രത്തിന്‌ രാഷ്ട്രീയത്തില്‍ പിടിച്ചുനില്‍ക്കാനാവില്ല. മനുഷ്യന്‍ എന്ന യാഥാര്‍ഥ്യം രാഷ്ട്രീയത്തിനും മുന്നിലാണ്‌. അവനു സ്റ്റേറ്റിന്റെമേല്‍ പ്രാമുഖ്യമുണ്ട്‌. അതിനാല്‍ സ്റ്റേറ്റിന്‌ മനുഷ്യന്റെമേല്‍ ആധിപത്യം പുലര്‍ത്താനവകാശമില്ല. പക്ഷേ, ലോകത്തില്‍ എല്ലാ സ്വേച്ഛാധിപതികളും ആഗ്രഹിക്കുന്നത്‌ പണവും അധികാരവും മാത്രമല്ല, മനുഷ്യനെക്കൂടി വരുതി യിലാ ക്കണമെന്നാണ്‌. ഹിറ്റ്ലറും സ്റ്റാലിനും എല്ലാം ആഗ്രഹിച്ചതും ഇതുതന്നെയായിരുന്നു. ഈ തിന്മ തിരുത്തേണ്ടത്‌ മനുഷ്യന്‌ മുന്‍ഗണന കൊടുത്തു കൊണ്ടായിരിക്കണം. അതിന്‌ ഏറ്റവും പ്രധാനമായ കാര്യം വോട്ടവകാശമാണ്‌. ജനാധിപത്യത്തെ വോട്ടുപെട്ടിയിലേക്ക്‌ ചുരുക്കണം എന്നല്ല ഇതിന്റെ അര്‍ഥം. ജനാധിപത്യം ഭൂരിപക്ഷത്തിന്റെ സ്വേച്ഛാധിപത്യമാക്കുകയുമരുത്‌. എങ്കിലും ഒരോ വ്യക്തിയും പരമപ്രധാനമായി കരുതേണ്ട ഒരു കാര്യമാണ്‌ വോട്ടവകാശം.

ഒരു ജനാധിപത്യക്രമത്തില്‍ ആരും വോട്ടു രേഖപ്പെടുത്താതിരിക്കരുത്‌. വോട്ടു ചെയ്യാതിരിക്കുന്നതില്‍ രാജ്യദ്രോഹമുണ്ട്‌, പൗരാവകാശനിഷേധമുണ്ട്‌. ജനാധിപത്യത്തെ ചോദ്യം ചെയ്യലുമുണ്ട്‌. ഒരു പൗരന്‌ ലഭിക്കുന്ന ഏറ്റം കുലീനമായ ഒരു അവകാശവും അവന്‍ രാജ്യത്തോട്‌ കാണിക്കുന്ന ഉത്തരവാദിത്വവുമാണ്‌ വോട്ടു രേഖപ്പെടുത്തല്‍. ജനാധിപത്യത്തില്‍ ജയിച്ചുവരുന്നവര്‍ക്കു മാത്രമല്ല പ്രാധാന്യം. തോല്‍ക്കുന്നവരും ജനാധിപത്യപരമായിട്ടുതന്നെയാണ്‌ തോല്‍ക്കുന്നത്‌. ഭൂരിപക്ഷസമ്മിതി ന്യൂനപക്ഷസമ്മിതിയുടെ നിഷേധമല്ല. സൃഷ്ടിപരമായ ഒരു പാരസ്പര്യം അവിടെയുണ്ട്‌. ഈ അടിസ്ഥാനത്തില്‍ മാത്രമേ ജനാധിപത്യം പ്രാവര്‍ത്തികമാകൂ.

ആരെയാണ്‌ തെരഞ്ഞെടുക്കേണ്ടത്‌? രാഷ്ട്രീയത്തില്‍ സ്വാഭാവികമായ സമ്മര്‍ദങ്ങളും ഭീഷണികളും ഒക്കെ ഉണ്ടാകാം. സത്യസന്ധരും ധര്‍മ്മിഷ്ഠരുമായവരെ തിരഞ്ഞെടുക്കാനാണ്‌ പൗരാവകാശം ഉപയോഗിക്കേണ്ടത്‌. ഭാരതത്തിന്‌ അതിസമ്പന്നമായ ഭരണഘടനയാണുള്ളത്‌. ഭരണഘടനയെ സംരക്ഷിക്കാന്‍ കെല്‍പ്പുള്ള ഭരണാധിപന്മാരെയാണ്‌ ജനങ്ങള്‍ തെരഞ്ഞെടുക്കേണ്ടത്‌. കാരണം, ഒരു ശരാശരി ഇന്ത്യന്‍പൗരന്റെ സന്തോഷവും സംരക്ഷണവുമാണ്‌ ഭരണഘടന ഉറപ്പുനല്‍കിയിരിക്കുന്നത്‌. ഒരു മേല്‍ത്തരം ഭരണഘടനയ്ക്കും ഒരു കീഴ്ത്തരം സര്‍ക്കാരിനും ഇടയില്‍കിടന്ന്‌ ജനങ്ങള്‍ പലപ്പോഴും വിഷമിക്കുകയാണ്‌. നിവൃത്തികേടുകൊണ്ട്‌ ജനാധിപത്യവാദികളാകുന്നവര്‍ക്ക്‌ ജനങ്ങള്‍ക്ക്‌ സംരക്ഷണം ഉറപ്പു നല്‍കാനാവില്ല. നമ്മുടെ രാജ്യത്ത്‌ നടന്ന നിരവധിയായ പൗരാവകാശ ധ്വംസനങ്ങള്‍ ഈ വസ്തുതയ്ക്ക്‌ അടിവരയിടുന്നു. കാണ്‍ഡമാനിലും ഒറീസായിലും, കര്‍ണ്ണാടകത്തിലും, തമിഴ്‌നാട്ടിലും, മംഗലാപുരത്തും, ബാംഗളൂരിലും, കേരളത്തിലുമൊന്നും ജനങ്ങള്‍ക്കും അവരുടെ വിശ്വാസങ്ങള്‍ക്കും സംരക്ഷണം കിട്ടിയില്ല. ഭാരതത്തിന്റെ ജനാധിപത്യത്തിന്മേല്‍ സ്വേച്ഛാധിപത്യത്തിന്റെ ശീലങ്ങള്‍ അവരോധിച്ച അവസരമായിരുന്നു ഇവയെല്ലാം.

അതിനാല്‍, ഭരണഘടന നല്‍കുന്ന ജനാധിപത്യവും സോഷ്യലിസവും, മതേതരത്വവും, സാമൂഹ്യനീതിയും ഉറപ്പുവരുത്തുന്നവരെയാണ്‌ നമ്മള്‍ തെരഞ്ഞെടുക്കേണ്ടത്‌. നീതിനിഷ്ഠയുള്ള സമൂഹത്തെ ലക്ഷ്യം വയ്ക്കുന്ന നേതാക്കന്മാരെയാണ്‌ നമുക്കാവശ്യം. സാമ്പത്തിക, സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, വിദ്യാഭ്യാസമേഖലകളില്‍ പൊതുനന്മ ലക്ഷ്യം വയ്ക്കണം. രാഷ്ട്രീയാധികാരികളുടെ ഒന്നാമത്തെ ലക്ഷ്യം ജനങ്ങളുടെ നന്മയായിരിക്കണം. ഒരു സര്‍ക്കാര്‍ മനുഷ്യാവകാശം അംഗീകരിക്കാന്‍ പരാജയപ്പെടുമ്പോള്‍ ആ സര്‍ക്കാര്‍ അതിന്റെ ചുമതലകളില്‍ പരാജയപ്പെടുന്നു എന്നുമാത്രമല്ല, അതിന്‌ തുടരാനുള്ള അവകാശംകൂടി നഷ്ടപ്പെടുത്തുന്നു എന്നതാണ്‌ ജനാധിപത്യത്തില്‍ നാം തിരിച്ചറിയേണ്ടത്‌. വസ്തുനിഷ്ഠത കൈമോശം വരുത്തുന്ന സര്‍ക്കാര്‍ ജനങ്ങള്‍ക്ക്‌ ഒരു ഭാരം മാത്രമാണ്‌. ഭരണഘടന ഉറപ്പുവരുത്തിയിരിക്കുന്ന അവകാശങ്ങള്‍ നിഷേധിക്കുന്ന ഒരു ജനാധിപത്യസര്‍ക്കാര്‍ വാസ്തവത്തില്‍ ജനാധിപത്യത്തില്‍ വിഷം ചേര്‍ക്കുകയാണ്‌ ചെയ്യുന്നത്‌. വിഷം ചേര്‍ക്കപ്പെട്ട ജനാധിപത്യമാണ്‌ സ്വേച്ഛാധിപത്യം. രാഷ്ട്രീയക്കാര്‍ ജീവിക്കുകയും രാഷ്ട്രം തകരുകയും ചെയ്യുന്ന അവസ്ഥയാണിത്‌.

ഇന്ന്‌ ജനാധിപത്യത്തില്‍ ഒരു ബൗദ്ധിക ആപേക്ഷികതാവാദം (ശിലേഹഹലര്മഹ ൃ‍ലഹമശേ്ശൊ) അതിന്റെ ഉപഘടകമായിട്ട്‌ കാണുന്നുണ്ട്‌. അതായത്‌ സത്യം എന്തെന്ന്‌ ഭൂരിപക്ഷം തീരുമാനിക്കുന്നു. മാറ്റമില്ലാത്ത സത്യങ്ങള്‍ ഉണെ്ടന്ന്‌ പറയുന്നവരെ പുച്ഛിച്ച്‌ പുറംതള്ളുകയും ചെയ്യുന്നു. കേരളത്തില്‍ ഇപ്പോള്‍ നിലവിലിരിക്കുന്ന ജനാധിപത്യത്തില്‍ ഈശ്വരവിശ്വാസികള്‍ അനുഭവിക്കുന്ന സങ്കടമിതാണ്‌. രാഷ്ട്രീയപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനും, കടിഞ്ഞാണിടാനും സനാതനമൂല്യങ്ങളുണ്ട്‌. മൂല്യങ്ങളില്‍ അധിഷ്ഠിതമല്ലാത്ത ജനാധിപത്യം വളരെ എളുപ്പത്തില്‍ സ്വേച്ഛാധിപത്യത്തിലേക്ക്‌ വഴുതിവീഴും എന്നത്‌ സഭയുടെ ശക്തമായ പ്രബോധനമാണ്‌. മാര്‍ക്സിയന്‍ പ്രത്യയശാസ്ത്രത്തിന്റെ ഘടകങ്ങളായ നിരീശ്വരവാദം, മതനിരാസം, ഭൗതികവാദം തുടങ്ങിയവ ഇന്ത്യന്‍ ഭരണഘടനയ്ക്ക്‌ ചേരുന്നതല്ല. ഇവിടത്തെ ജനാധിപത്യത്തില്‍ നാം തിരിച്ചറിയേണ്ട മറ്റൊരു വലിയ സത്യമിതാണ്‌. സഭയ്ക്ക്‌ സനാതനമായ സത്യങ്ങളും അതില്‍ അധിഷ്ഠിതമായ ധാര്‍മികതയുമുണ്ട്‌. നീതിനിഷ്ഠവും സമാധാനപരവും സത്യസന്ധവുമായ ജനാധിപത്യത്തിന്റെ അടിത്തറ ഇതത്രേ. മൂല്യശ്രേണിയില്‍ ഊന്നിനില്‍ക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നിടത്തോളം കാലം മാത്രമേ ജനാധിപത്യം നിലനില്‍ക്കുകയുള്ളൂ. മൂല്യാധിഷ്ഠിതമല്ലാത്ത ജനാധിപത്യം തകരുകതന്നെ ചെയ്യും.

ജനാധിപത്യത്തില്‍ അധികാരത്തെ നിയന്ത്രിക്കുന്നത്‌ ധാര്‍മികതയാണ്‌ എന്നതത്രേ ഈശ്വരവിശ്വാസികളുടെ നിലപാട്‌. ധാര്‍മിക മാനദണ്ഡങ്ങളുടെ നിഷേധം എന്നത്‌ ചരിത്രത്തിലെ ഒരു കൈത്തെറ്റുമാത്രമാണ്‌. ജനാധിപത്യത്തില്‍ ഒരുകൂട്ടം ധാര്‍മികനിശ്ചയങ്ങളുണ്ട്‌. ഒരു ധാര്‍മികക്രമത്തിന്റെ പരിധിക്കുള്ളില്‍ പ്രവര്‍ത്തിച്ചാല്‍മാത്രമേ അധികാരം അതിന്റെ ശരിയായ മാനം കാത്തുസൂക്ഷിക്കുന്നുള്ളൂ. ധാര്‍മികക്രമത്തിന്റെ അടിസ്ഥാനം ദൈവമാണ്‌. തന്മൂലം അധികാരം കേവലം സാമൂഹ്യപരമോ ചരിത്രപരമോ അല്ല. രാഷ്ട്രീയാധികാരം ധാര്‍മികക്രമത്തില്‍ അധിഷ്ഠിതമാണെന്ന്‌ ജനാധിപത്യവിശ്വാസികള്‍ തിരിച്ചറിയണം. ധാര്‍മികക്രമത്തില്‍ ഊന്നിനില്‍ക്കുന്ന അധികാരം പൊതുനന്മയും, സാമൂഹ്യനീതിയും ജനജീവിതസംരക്ഷണവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കും. അധികാരത്തിനുതന്നെ ഒരു ആധികാരികത, ഒരു ശരിബോധം കൈവരുന്നത്‌ അപ്പോള്‍മാത്രമാണ്‌.

എപ്രകാരമാണ്‌ സര്‍ക്കാര്‍ തന്റെ അധികാരം ഉപയോഗിക്കുന്നത്‌ എന്നകാര്യം നിതാന്തജാഗ്രതയോടെ വീക്ഷിക്കാനുള്ള ഉത്തരവാദിത്വവും ജനാധിപത്യത്തിന്റെ അടിസ്ഥാന സ്വഭാവങ്ങളിലൊന്നാണ്‌. ഈ നിതാന്തജാഗ്രത വലിയ ഒരു ജനാധിപത്യസത്യം നമ്മേ പഠിപ്പിക്കുന്നുണ്ട്‌. സത്യത്തെ അംഗീകരിക്കുന്നിടത്തുമാത്രമേ യഥാര്‍ഥ സ്വാതന്ത്ര്യം ഉണ്ടായിരിക്കുകയുള്ളൂ. സത്യത്തെ അംഗീകരിക്കാത്ത ലോകത്ത്‌, സ്വാതന്ത്ര്യത്തിന്‌ അതിന്റെ അടിത്തറ നഷ്ടപ്പെടുകയാണ്‌. അവിടെ മനുഷ്യന്‍ ഭീകരപ്രവര്‍ത്തനത്തിന്റെ കെടുതിയില്‍നിന്ന്‌ സംരക്ഷിതരല്ല. നീതിക്കു സേവനം ചെയ്യുക എന്ന ഗുണം രാഷ്ട്രീയത്തില്‍ നിന്ന്‌ അപ്രത്യക്ഷമാകുമ്പോള്‍ അത്‌ അത്യാര്‍ത്തി നിറഞ്ഞ കൊള്ളക്കാരുടെയും തസ്കരന്മാരുടെയും ചൂഷണമണ്ഡലം മാത്രമായി അധഃപതിക്കുന്നു. സെന്റ്‌ അഗസ്റ്റിന്‍ പറയുന്നു: "നീതിപൂര്‍വ്വം ഭരിക്കപ്പെടാത്ത ഒരു സ്റ്റേറ്റ്‌ കള്ളന്മാരുടെ സങ്കേതമത്രേ." ഈശ്വരവിശ്വാസികളായ ജനാധിപത്യപ്രേമികള്‍ ചെയ്യേണ്ടത്‌ സമൂഹത്തിലെ ധാര്‍മികവും ആത്മീയവുമായ ശക്തികളെ പുനര്‍ജീവിപ്പിക്കുകയാണ്‌. ജനാധിപത്യത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിനുവേണ്ടിക്കൂടിയാണിത്‌; ഭരണഘടനയുടെ അന്തസ്സത്ത ഉയര്‍ത്തിപ്പിടിക്കാന്‍ വേണ്ടിയാണ്‌; മതേതരത്വം സംരക്ഷിക്കാന്‍ വേണ്ടിയാണ്‌; അച്ചടക്കത്തിന്റെ ശത്രുക്കള്‍ രാജ്യം ഭരിക്കാതിരിക്കാന്‍ വേണ്ടിയാണ്‌.

0 നിരൂപണങ്ങള്‍: