March 22, 2009

തിബത്തില്‍ സ്വര്‍ഗം റെഡി ! ഇവിടെയും സ്വര്‍ഗ്ഗം പണിഞ്ഞാല്‍ കൊള്ളാം

ഇതാ, വീണ്ടും ഒരു കമ്യൂണിസ്റ്റുസ്വര്‍ഗ്ഗം. ഇത്തവണ അതു തിബത്താണ്‌. കഴിഞ്ഞ അറുപതിലധികം വര്‍ഷങ്ങളായി ചൈനയില്‍ കമ്യൂണിസ്റ്റുസ്വര്‍ഗ്ഗം പണിയാന്‍ കഴിഞ്ഞില്ലെങ്കിലും അവരതു തിബത്തില്‍ പണിതീര്‍ത്തു! മറ്റാരുമല്ല, ചൈന തന്നെയാണിതു വെളിപ്പെടുത്തിയിരിക്കുന്നത്‌.
ഈ തിബത്ത്‌ 1950 വരെ ഒരു സ്വതന്ത്രരാജ്യമായിരുന്നു. അക്കാലത്തു സമീപരാജ്യമായ ചൈനയില്‍ മാവോസേതൂങ്ങ്‌ സ്വര്‍ഗം പണിതുകൊണ്ടിരിക്കുകയായിരുന്നു. തിബത്തന്‍ ജനതയുടെ കഷ്ടപ്പാടുകള്‍ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സലിഞ്ഞു. ന്യൂനപക്ഷങ്ങളുടെ കഷ്ടപ്പാടുകള്‍ കാണുമ്പോള്‍ നമ്മുടെ കമ്മ്യൂണിസ്റ്റുകാരുടെ മനസ്സലിയുംപോലെ തന്നെ. മാവോ ഉടനെ തന്റെ സൈന്യത്തിന്‌ ഉത്തരവു നല്‍കി. തിബത്തിനെ രക്ഷിക്കുക. അങ്ങനെ കുറുക്കന്‍ കോഴിയെ രക്ഷിക്കുന്നതുപോലെ മാവോ തിബത്തുകാരെ രക്ഷിച്ചു. എതിര്‍ത്തവരെ മാത്രം ശിക്ഷിക്കുകയും ചെയ്തു!
ഇത്‌ 1950 ലായിരുന്നു. അടുത്തവര്‍ഷം തിബത്തിനെ ചൈനയുടെ ഭാഗമാക്കി. മഞ്ഞക്കടുവയുടെ ആര്‍ത്തി തടയുക ആര്‍ക്കും എളുപ്പമായിരുന്നില്ല. അതിന്റെ വായ പിന്നെയും തന്റെ നേരെ പൊളിഞ്ഞിരിക്കുന്നതു കണ്ട്‌, 1959 ല്‍ തിബത്തിന്റെ ആത്മീയനേതാവു ദലൈലാമ ഒരു ലക്ഷം അനുയായികളോടൊപ്പം ഇന്ത്യയിലേക്ക്‌ പലായനം ചെയ്തു.
ഈ പലായനത്തിന്റെ അമ്പതാംവാര്‍ഷികത്തില്‍ ദലൈലാമ തന്റെ ഇന്ത്യയിലെ ആസ്ഥാനമായ ധരംശാലയില്‍ ചെയ്ത പ്രഭാഷണത്തില്‍ തിബത്ത്‌ ഇന്നൊരു നരകമായി മാറിയിരിക്കുകയാണെന്നു വിലപിക്കുകയുണ്ടായി. ഈ വിലാപത്തിനു മറുപടിയായിട്ടായിരുന്നു ചൈനീസ്‌ വക്താവിന്റെ രഹസ്യം വെളിപ്പെടുത്തല്‍-തിബത്ത്‌ ഇന്നു സ്വര്‍ഗ്ഗമാണ്‌!
1991 വരെ ലോകത്തിലെ സ്വര്‍ഗ്ഗം സോവിയറ്റ്‌ യൂണിയനായിരുന്നു. ലോകമെമ്പാടുമുള്ള കമ്യൂണിസ്റ്റുകാര്‍ സോവ്യറ്റ്‌ സ്വര്‍ഗ്ഗത്തിനു മുടങ്ങാതെ സ്തുതിയും കീര്‍ത്തനവും പാടിപ്പോന്നു. 1991 ഡിസംബര്‍ 31-ന്‌ ആ സ്വര്‍ഗ്ഗം ജനാധിപത്യഭൂകമ്പത്തില്‍ തകര്‍ന്നുവീണു. അപ്പോഴാണ്‌ ലോകം മനസ്സിലാക്കിയത്‌, അതൊരു വെറും ചീട്ടുകൊട്ടാരമായിരുന്നു!
ഇതേത്തുടര്‍ന്ന്‌ പൂര്‍വയൂറോപ്പിലെ കൊച്ചുകൊച്ചു കമ്യൂണിസ്റ്റുസ്വര്‍ഗ്ഗങ്ങളെല്ലാം തകര്‍ന്നുവീണു. 1917-ലെ മഹത്തായ വിപ്ലവത്തിലൂടെ മതവിശ്വാസികള്‍ മരണാനന്തരം കൈവരുമെന്നു പ്രതീക്ഷിക്കുന്ന സ്വര്‍ഗ്ഗത്തെ ഭൂമിയില്‍ തന്നെ പണിതുയര്‍ത്തുമെന്നായിരുന്നു വിപ്ലവനായകന്‍ ലെനിന്‍ വീമ്പിളക്കിയത്‌. അങ്ങേരുടെ മരണശേഷം പിന്‍ഗാമി സ്റ്റാലിന്‍ അതു ഭൂമിയിലെ നരകമാക്കിത്തീര്‍ത്തു. ഇപ്പോള്‍ അത്തരമൊരു സ്വര്‍ഗ്ഗമായിരിക്കും ചൈന തിബത്തിലും പണിതുയര്‍ത്തിയിരിക്കുന്നത്‌.
തോക്കിന്‍കുഴലിലൂടെ അധികാരം പിടിക്കാം. പക്ഷേ, സ്വര്‍ഗ്ഗം പിടിക്കാന്‍ പറ്റില്ലെന്നു ചരിത്രം തെളിയിച്ചിട്ടുണ്ടല്ലൊ. പാവം തിബത്തുകാര്‍. അര നൂറ്റാണ്ടിയി ചൈനയുടെ ഇരുമ്പുമുഷ്ടിയില്‍ പിടയുകയാണവര്‍. അവര്‍ ഒരു രക്ഷകനെ പ്രതീക്ഷിക്കുന്നു. അതെന്നുണ്ടാവും എന്നവര്‍ക്കറിയില്ല. അവരുടെ ഭാഷയും സംസ്കാരവുമൊക്കെ ഇല്ലായ്മ ചെയ്ത്‌ അവരുടെ തനിമ നഷ്ടപ്പെടുത്താനും, അങ്ങനെ അവരുടെ ചെറുത്തുനില്‍പുശേഷി അടിസ്ഥാനപരമായി തകര്‍ക്കാനുമാണ്‌ ചൈനീസ്‌ ശ്രമം.
1989 ല്‍ ടിയാനന്‍മെന്‍ സ്ക്വയറില്‍ ജനാധിപത്യത്തിനുവേണ്ടി മുറവിളി കൂട്ടിയ പത്തുലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്കുനേരെ യന്ത്രത്തോക്കുകളും ടാങ്കുകളും അയച്ച ചൈനയുടെ ജനാധിപത്യബോധത്തിനു സ്തുതി പാടാന്‍ ഇവിടത്തെ കമ്യൂണിസ്റ്റുകാര്‍ക്കല്ലേ കഴിയൂ. അവര്‍ നാളെ മുതല്‍ തിബത്തിലെ പുതിയ സ്വര്‍ഗ്ഗത്തെപ്പറ്റിയും പ്രസംഗിച്ചുതുടങ്ങിയേക്കാം. ചൈനക്കാരെ ഇങ്ങോട്ടു ക്ഷണിച്ച്‌ ഇവിടെയും സ്വര്‍ഗ്ഗം പണിഞ്ഞാല്‍ കൊള്ളാമെന്നാണല്ലൊ അവരുടെ ഉള്ളിലിരുപ്പ്‌!

2 നിരൂപണങ്ങള്‍:

Manoj മനോജ് said...

"ഈ തിബത്ത്‌ 1950 വരെ ഒരു സ്വതന്ത്രരാജ്യമായിരുന്നു."

ഇത് റൂബിന്‍ തന്നെ എഴുതിയ വരികളാണോ? ആണെന്ന് തോന്നുന്നു. കാരണം മറ്റ് പേരുകളൊന്നും കാണുന്നില്ല. എന്നാലും റൂബിനെ നല്ല ചരിത്ര ബോധം തന്നെ. ഇങ്ങനെയുള്ള ചരിത്ര വിഢിത്തരങ്ങള്‍ ഇനി ഭാവിയില്‍ ഇടവകയില്‍ കേള്‍ക്കേണ്ടി വരുമല്ലോ എന്ന് ഓര്‍ത്തപ്പോള്‍ ഒരു ഞെട്ടല്‍.

1949കളില്‍ പോലും അമേരിക്കയും, ബ്രിട്ടണും ടിബറ്റിനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചിരുന്നില്ല. ഇന്ത്യ മാത്രമാണ് 1947 മുതല്‍ 1954 വരെ ടിബറ്റ് സ്വതന്ത്ര രാജ്യമാണെന്ന് അംഗീകരിച്ചിരുന്നത്. April 29, 1954 ഇന്ത്യ ചൈനയുമായി ഉണ്ടാക്കിയ ഉടമ്പടിയോടെ ടിബറ്റിനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കുന്നത് ഇന്ത്യയും ഉപേക്ഷിച്ചു (http://www.idsa.in/publications/stratcomments/AbantiBhattacharya040408.htm).

ടിബറ്റില്‍ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ പ്രതിഷേധമുണ്ട്.

പക്ഷേ സ്വതന്ത്ര ഇന്ത്യക്കും ഇല്ലേ ഇതേ നരഹത്യാ ചരിത്രം. പഞ്ചാബില്‍ ഇന്ദിര ഗാന്ധിയും ഇതൊക്കെ തന്നെയല്ലേ ചെയ്തത്. അന്ന് പഞ്ചാബ് വിഭജിക്കപ്പെടാതെ പോയത് ഇന്ദിരാ ഗാന്ധി കാരണമാണ്.

പിന്നെ വിശ്വാസികളെ പോലെ അവിശ്വാസികളും അവരുടെ വിശ്വാസത്തിലൂടെ സ്വര്‍ഗ്ഗ രാജ്യം സ്വപ്നം കാണുന്നു. ഇനി രണ്ടിലും പെടാത്ത ആളുകള്‍ക്കും സ്വര്‍ഗ്ഗം സ്വപ്നം കാണാമല്ലോ. ഏത് വിധേനയായാലും സ്വര്‍ഗ്ഗം വന്നാല്‍ പോരേ?

അപ്പോള്‍ ചരിത്ര വസ്തുക്കള്‍ പറയുമ്പോള്‍ ഇത്തിരി കൂടി ശ്രദ്ധകൊടുക്കുവാന്‍ നോക്കുക.

Ralminov റാല്‍മിനോവ് said...

അമേരിക്കയിലേയും ദുബൈയിലേയുമൊക്കെയുള്ള സ്വര്‍ഗ്ഗങ്ങളാണിപ്പോള്‍ തകര്‍ന്നുകൊണ്ടിരിക്കുന്നതു്.
അതൊക്കെ ആരുടെ കണക്കില്‍ പെടുത്തും ?
നാട്ടിലെ റിയല്‍ എസ്റ്റേറ്റ് തകര്‍ന്നുതുടങ്ങിയാല്‍ പിന്നെ...(ഇപ്പോ ഒന്നും പറ്റിയിട്ടില്ല)