ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍
ആധുനിക മതവിരുദ്ധ സെക്കുലറിസത്തിന്റെ പ്രധാനലക്ഷ്യം മതത്തെ പൊതുരംഗത്തു നിന്നും മാറ്റിനിര്‍ത്തുക, അതിനെ കേവലം വ്യക്തിപരമായ ഒരു ചിന്തയോ അനുഷ്ഠാനമോ ആക്കി ഒതുക്കുകയെന്നുള്ളതാണ്. ഇങ്ങനെയുള്ള നിഷേധപരമായ സമീപനത്തെ ഒരു മതവിശ്വാസിക്കും അംഗീകരിക്കാനാകില്ല. ധാര്‍മികത സംരക്ഷിക്കാനും അങ്ങനെ സമൂഹത്തെ ഭദ്രമാക്കാനും മതവിശ്വാസവും അതില്‍നിന്നുരിത്തിരിയുന്ന ധാര്‍മികബോധവും കൂടാതെ സാധിക്കില്ല. സമൂഹത്തില്‍ മതത്തിന്റെ സാന്നിധ്യവും സ്വാധീനവും നഷ്ടപ്പെട്ടാല്‍ സമൂഹം തന്നെ ശിഥിലമാകും. പോലീസും പട്ടാളവും ഉപയോഗിച്ച് മാത്രം ഒരു സമൂഹത്തില്‍ സമാധാനവും ശാന്തിയും പുലര്‍ത്താനാവില്ല. കേവലം ഭൗതികദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഒരു ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കാനാവില്ല. ഈ ഒരുകാര്യം വൈരുധ്യാത്മക ഭൗതികവാദികള്‍ ഓര്‍ത്തിരിക്കുന്നത് നല്ലതാണ്. ക്രൈസ്തവസഭകള്‍ പൊതുവെ രാഷ്ട്രത്തിന്റെ -പൊതുവില്‍ ഭൗതികരംഗത്തിന്റെ- സ്വയം ഭരണാവകാശം അംഗീകരിക്കുന്നു എന്നതാണ് വസ്തുത. സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും എന്ന നിലപാട് ക്രൈസ്തവരുടേതാണല്ലോ. രാഷ്ട്രത്തിന്റേയും രാഷ്ട്രീയത്തിന്റേയും ന്യായമായ സ്വാതന്ത്ര്യത്തെ മാനിക്കുന്നവരാണ് ക്രൈസ്തവര്‍. പാര്‍ട്ടിരാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് വൈദികര്‍ക്കും സന്യ സ്തര്‍ക്കും അനുവാദമില്ലായെന്നുള്ളതും ഈ പശ്ചാത്തലത്തില്‍ മനസിലാക്കേണ്ട വസ്തുതയാണ്. എന്നാല്‍ ധാര്‍മികമൂല്യങ്ങളെ നിഷേധിച്ചു രാഷ്ട്രം രൂപം കൊള്ളുന്നതിനെ നിഷ്പക്ഷതയോടെ കാണാന്‍ ഒരു വിശ്വാസിക്കും സാധിക്കില്ല. ഒരു സമൂഹം ധാര്‍മികതയില്‍ അധിഷ്ഠിതമായിരിക്കണമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. അതിനു വിരുദ്ധമായ പ്രവണതയെ ചെറുക്കുന്നുവെങ്കില്‍ അതിനെ സഭയുടെ രാഷ്ട്രീയ ഇടപെടലായി കാണുന്നത് തികച്ചും അനുചിതമാണ്. ഒരു സമൂഹം മതവിരുദ്ധമായി രൂപം കൊള്ളുന്നുവെങ്കില്‍ അത് മതങ്ങളുടേയും കാര്യമാണല്ലോ. അതില്‍ മതവിശ്വാസികള്‍ നിശബ്ദത പാലിക്കുന്നത് തികച്ചും കുറ്റകരമായിരിക്കും.
ജനായത്തസമ്പ്രദായം
പാശ്ചാത്യജനായത്ത രാജ്യങ്ങളില്‍ രാഷ്ട്രം മതകാര്യങ്ങളില്‍ ഇടപെടാറില്ല. മതസ്വാതന്ത്ര്യം സംരക്ഷിക്കുക, രാഷ്ട്രത്തിന്റെ ഒരു ദൗത്യമായിട്ടു കരുതുന്ന പാരമ്പര്യമാണ് അവിടെയെല്ലാം ഉള്ളത്. ഇവിടെ മാര്‍ക്സിസ്റ്റ്, ബിജെപി ഭരണങ്ങള്‍ നടക്കുന്നിടത്താണ് മതസ്വാതന്ത്ര്യം ഹനിക്കുന്ന രീതിയിലുള്ള നീക്കങ്ങള്‍ നടക്കുന്നത്. ബിജെപിയുടെ ഭരണമുള്ളിടത്ത് മതപരിവര്‍ത്തനനിയമം കൊണ്ടുവന്ന് മതപ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുകയും പോഷകസംഘടനകളിലെ തീവ്രവാദികളെ കയറൂരിവിടുകയും ചെയ്യുന്നു. കേരളത്തില്‍ സഭകളുടെ വിദ്യാഭ്യാസാവകാശത്തെ നിഷേധിക്കുകയും ഭരണപരിഷ്കാരത്തിന്റെ പേരില്‍ സഭകളുടെ നിലപാടുകളെ ചോദ്യം ചെയ്യുകയും സഭകളുടെ ഭരണസ്വാതന്ത്ര്യം തന്നെ നിഷേധിക്കുകയും ചെയ്യുന്ന നീക്കങ്ങളാണ് നടക്കുക. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഭരണകക്ഷികളെ മതവിശ്വാസികള്‍ എതിര്‍ക്കുകയും ഒരു ബദല്‍സംവിധാനം ഉണ്ടാകണമെന്ന് ആഗ്രഹിക്കുകയും ചെയ്താല്‍ എന്താണ് തെറ്റ്? അത് കേവലം രാഷ്ട്രീയ ഇടപെടലാണോ?
മതവിശ്വാസികള്‍ വ്യവസ്ഥാപിത സമൂഹം
മതവിശ്വാസികള്‍ അവരുടെ സ്വാതന്ത്ര്യം സംരക്ഷിക്കാനും അവരുടെ താത്പര്യങ്ങള്‍ അനുഭാവപൂര്‍വം മനസിലാക്കാനും തയാറുള്ള രാഷ്ട്രീയപ്രവര്‍ത്തകരെ അന്വേഷിക്കുന്നെങ്കില്‍ അത് കൊള്ളരുതായ്മയാണന്നു പറയുന്നതാണ് തെറ്റ്. തങ്ങളുടെ സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കുന്നവര്‍ അധികാരത്തില്‍ വരണമെന്നാണ് എല്ലാവര്‍ക്കും ആഗ്രഹമുള്ളത്. മതവിശ്വാസികള്‍ കേവലം ഒറ്റപ്പെട്ട വ്യക്തികളായി കഴിയേണ്ടവരല്ല. അവര്‍ സമൂഹമായിരിക്കുകയും സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കായി സംഘടനകളും സ്ഥാപനങ്ങളും നടത്തുകയും അതിനാവശ്യമായ ധനവിനിമയം ചെയ്യുകയും ചെയ്യേണ്ടവരാണ്. ഇവിടെയെല്ലാം കടന്നുവന്ന് രാഷ്ട്രീയാധികാരത്തിന്റെ മേല്‍ക്കോയ്മ സ്ഥാപിക്കണമെന്നു കരുതുന്നവര്‍ക്കെതിരായി, ഒന്നും പറഞ്ഞുകൂടാ എന്നു ചിന്തിക്കുന്നത് ജനാധിപത്യവിരുദ്ധമായ നിലപാടാണ്. ഇത്തരം സംരംഭങ്ങളെ എതിര്‍ത്താല്‍ അത് മതത്തിന്റെ രാഷ്ട്രീയ ഇടപെടലാണന്നു ആക്ഷേ പിക്കുന്നതും ജനാധിപത്യത്തിനു ചേര്‍ന്നതല്ല.മതവിശ്വാസികളുടെ വോട്ടുനേടാന്‍, മതവിരുദ്ധരാഷ്ട്രീയക്കാര്‍ നാമമാത്ര വിശ്വാസികളെ സ്ഥാനാര്‍ഥികളാക്കി വോട്ടുതേടുന്ന നാടാണല്ലോ നമ്മുടേത്. അങ്ങനെയുള്ള സാഹചര്യത്തില്‍ കുറച്ചുകൂടി അനുഭാവം കാട്ടാന്‍ സാധിക്കുന്നവരെ മതനേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നെങ്കില്‍ അതിലെന്താണ് അപാകത? അടുത്തനാളില്‍ ഒന്നുരണ്ടു സഭാധ്യക്ഷന്മാര്‍ തങ്ങളുടെ സഭകളില്‍ നിന്നും ഇങ്ങനെയുള്ളവരെ ശിപാര്‍ശ ചെയ്തു എന്നുപറഞ്ഞ് എന്തുകോലാഹലമായിരുന്നു! ഇങ്ങനെ ഒച്ചപ്പാടുണ്ടാക്കുന്നവര്‍ യഥാര്‍ഥ മതേതരത്വം അംഗീകരിക്കുന്നവരല്ലാ എന്നുതന്നെവേണം കരുതുവാന്‍. ഇപ്പറഞ്ഞ സഭാധ്യക്ഷന്മാരാരും രാഷ്ട്രീയരംഗത്തിന്റെ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നവരല്ല. മറിച്ചുള്ള പ്രചാരണം മതവിരുദ്ധരായവരുടേയും വര്‍ഗീയ വാദികളുടേതുമായി കരുതിയാല്‍ മതി. തെരഞ്ഞെടുപ്പിലാണ് ജനങ്ങള്‍ തങ്ങളുടെ പരമാധികാരം ഉപയോഗിക്കുന്നത്. അത് ജനങ്ങളുടെ അടിസ്ഥാന അവകാശവുമാണ്. അതില്‍ വിശ്വാസികളെന്നും അവിശ്വാസികളെന്നും വ്യത്യാസമില്ല. അവരെല്ലാം, സ്ഥാനാര്‍ഥികളുടെ താത്പര്യങ്ങളെന്താണ്, എന്താണ് രാഷ്ട്രീയക്കാരുടെ കഴിഞ്ഞകാലചെയ്തികള്‍, ആരാകും കൂടുതല്‍ അഭിമതര്‍ എന്നീ കാര്യങ്ങളെക്കുറിച്ച് ആശയവിനിമയം നടത്തുന്നത് വോട്ടവകാശത്തിന്റെ ഭാഗമാണ്. ആര്‍ക്കും സ്ഥാനാര്‍ഥിയായി നില്‍ക്കാനോ സ്ഥാനാര്‍ഥിയെ നിര്‍ദേശിക്കാനോ അവകാശമുണ്ട്. അത് നിഷേധിച്ചിട്ട് കാര്യമില്ല.
കൈയേറ്റം പാര്‍ട്ടിക്കാരുടേത്
എന്നാല്‍, വോട്ടര്‍മാരെ പ്രലോഭിപ്പിച്ചോ നിര്‍ബന്ധിച്ചോ ഭയപ്പെടുത്തിയോ വോട്ട് ചെയ്യിക്കാന്‍ ആര്‍ക്കും അവകാശമില്ല. തെറ്റായ പ്രചാരണം വഴി ആളുകളെ വഞ്ചിക്കുകയോ, ബൂത്ത് പിടിച്ചെടുക്കുകയോ ഒന്നും ചെയ്യുന്നത് ശരിയല്ല. പക്ഷേ, ഇതെല്ലാം രാഷ്ട്രീയക്കാരും പാര്‍ട്ടിക്കാരും ചെയ്യുന്നതാണ്. ഇത്തരം ശൈലികളെയാണ് അപലപിക്കുകയും തിരുത്തുകയും ചെയ്യേണ്ടത്. പക്ഷേ, അതിനുള്ള കരുത്ത് മാധ്യമങ്ങളോ വിമര്‍ശകരോ കാട്ടാറില്ല. വോട്ടേഴ്സ് ലിസ്റ്റില്‍ തിരിമറി നടത്തുക, പാര്‍ട്ടി അനുഭാവികളെ പോളിംഗ് ഓഫീസറാക്കുക, പാവപ്പെട്ട വോട്ടര്‍മാരുടെ തിരിച്ചറിയല്‍കാര്‍ഡ് പിടിച്ചെടുക്കുക, ബൂത്തിലേക്കുള്ള വഴി ഉപരോധിക്കുക, ചിലരെ ഭീഷണിപ്പെടുത്തി വീട്ടിലിരുത്തുക തുടങ്ങിയ എത്രയോ അടവുകളാണ് ചില പാര്‍ട്ടികള്‍ ഉപയോഗിക്കുന്നത്. ഒരേ പേരുള്ള സ്ഥാനാര്‍ഥികളെ നിര്‍ത്തി വോട്ടര്‍മാരെ വഞ്ചിക്കുക, വോട്ട് ഭിന്നിപ്പിക്കുന്നതിനായി ചില സ്ഥാനാര്‍ഥികളെ രംഗത്തിറക്കി ആളുകളെ വഴിതെറ്റിക്കുക തുടങ്ങിയ തന്ത്രങ്ങള്‍ ഏതാണ്ട് പതിവുള്ളതാണല്ലോ.ഇതിനെല്ലാം മറയിടാന്‍ മറ്റ് വിവാദങ്ങള്‍ ഉയര്‍ത്തുക അവര്‍ക്കാവശ്യമാണ്. മതനേതാക്കന്മാരെ ഇരയാക്കി ജനശ്രദ്ധ നേടുക എളുപ്പമുള്ള തന്ത്രവുമാണ്. മാധ്യമങ്ങള്‍ക്ക് പ്രിയമുള്ള ചര്‍ച്ചാവിഷയമാണത്. പക്ഷേ, അതിലെല്ലാം തെളിഞ്ഞുനില്‍ക്കുന്നത് ചിലരുടെ മതവിരുദ്ധതയും മറ്റ് ചിലരുടെ വര്‍ഗീയതയും മാത്രമാണ്. മതേതരത്വം അവര്‍ക്ക് പൊള്ളയായ മുദ്രാവാക്യമോ, മൂടുപടമോ മാത്രമാണെന്ന് നാം തിരിച്ചറിയണം.
0 നിരൂപണങ്ങള്‍:
Post a Comment