കെ.എം. ചുമ്മാര്‍
മതം രാഷ്ട്രീയത്തിലിടപെടുന്നത് തെറ്റാണെങ്കില്‍ സംസ്കാരശൂന്യമായ സി.ഡി. കള്‍ ഇറക്കിക്കൊണ്ടും പാഠപുസ്തകങ്ങളില്‍ മതവിരുദ്ധത വിളമ്പിക്കൊണ്ടും ഭരണകൂടം മതകാര്യങ്ങളില്‍ ഇടപെടുന്നത് ശരിയാണോ എന്ന് ഒരു സിപിഎം നേതാവും പറഞ്ഞിട്ടില്ല. പി.ജെ. ജോസഫ് പുറപ്പുഴ പള്ളിയോഗത്തിലംഗമാകുന്നത് തെറ്റ്; ഇ.എം.എസിന്റെ മരുമകന്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനാകുന്നത് ശരി. നല്ല മതനിരപേക്ഷത തന്നെ!
"ഭരണഘടന അനുശാസിക്കുന്ന മതേതരത്വം കാത്തുസംരക്ഷിക്കാന്‍ കേരളത്തില്‍ പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുള്ളത് ഇടതുജനാധിപത്യമുന്നണിക്കാണ്."
മന്ത്രി മോന്‍സ് ജോസഫ് ഈരാറ്റുപേട്ടയില്‍ കേരളാകോണ്‍ഗ്രസ് (ജെ) യുടെ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടു നടത്തിയ പ്രസംഗത്തില്‍ പുറപ്പെടുവിച്ച അവകാശവാദമാണിത് (ദീപിക 15-3-09). മന്ത്രി ഇങ്ങനെ തുടര്‍ന്നു-
"മതേതരത്വദര്‍ശനവും മതസൗഹാര്‍ദ്ദവും സംരക്ഷിക്കാന്‍, എല്ലാ മതങ്ങള്‍ക്കും വിവിധ മതസ്ഥര്‍ക്കും സ്വാതന്ത്ര്യത്തോടെയും സൗഹാര്‍ദ്ദപരമായും പ്രവര്‍ത്തിച്ചു മുന്നോട്ടു പോകുവാന്‍ കഴിയുന്ന സാമൂഹികസാഹചര്യം സംസ്ഥാനത്ത് അഭംഗുരം പരിപാലിക്കാന്‍ കഴിഞ്ഞിട്ടുള്ളത് എല്‍ഡിഎഫ് സര്‍ക്കാര്‍ നിശ്ചയദാര്‍ഢ്യത്തോടെ ഭരണം കാഴ്ചവച്ചതുകൊണ്ടാണ്."
ഈ മന്ത്രി ഈ നാട്ടിലാണോ കഴിയുന്നത്? അദ്ദേഹവും കൂടി അംഗമായിരിക്കുന്ന ഇടതുപക്ഷജനാധിപത്യമുന്നണി മന്ത്രിസഭയുടെ പ്രവര്‍ത്തനങ്ങളില്‍, മറ്റു സമുദായക്കാരുടെ കാര്യം പോകട്ടെ, സ്വന്തം സമുദായം എത്രത്തോളം അസംതൃപ്തരാണെന്ന് അദ്ദേഹം മനസ്സിലാക്കിയിട്ടില്ലെ?
മുന്‍നായനാര്‍ മന്ത്രിസഭക്കാലത്ത് കേരളാകോണ്‍ഗ്രസ് (ജെ) നേതാവ് കൈകാര്യം ചെയ്തിരുന്ന വിദ്യാഭ്യാസവകുപ്പ് ഇത്തവണ പിടിച്ചെടുത്ത് മാര്‍ക്സിസ്റ്റുപാര്‍ട്ടിയംഗത്തെത്തന്നെ ഏല്‍പിച്ചത് 'മതേതരത്വം കാത്തു സംരക്ഷിക്കാന്‍' വേണ്ടി 'എല്‍.ഡി.എഫ്. സര്‍ക്കാര്‍ നിശ്ചയദാര്‍ഢ്യത്തോടെ' കൈക്കൊണ്ട സദുദ്ദേശപരമായ ഒരു നടപടിയാണെന്ന് കോണ്‍ട്രാക്ടര്‍മാരെ 'കൈകാര്യം ചെയ്യുന്ന' മരാമത്തു വകുപ്പു മന്ത്രി വിശ്വസിക്കുന്നുണേ്ടാ?
ഇന്നത്തെ മന്ത്രിസഭ അധികാരമേറ്റെടുത്ത അന്നുമുതല്‍ വിദ്യാഭ്യാസവകുപ്പില്‍ നടന്നുവരുന്ന എല്ലാ പരിഷ്കാരങ്ങളും സിപിഎം ബോധപൂര്‍വ്വം നടത്തുന്ന നടപടികളാണെന്ന് ഈ മന്ത്രിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടി നേതൃത്വത്തിനും ഇന്നുവരെ ബോദ്ധ്യമായിട്ടില്ലാ എന്നു തോന്നുന്നു. പാഠപുസ്തകങ്ങളും ചോദ്യക്കടലാസുകളും ഒന്നും വരുത്തി പരിശോധിച്ചിട്ടില്ലെങ്കില്‍ പോകട്ടെ, ബിഷപ്പിന്റെ ആട്ടിറച്ചി ഭക്ഷണം ചിത്രീകരിച്ച സിഡി യെങ്കിലും ഒന്നു വരുത്തിക്കാണാന്‍ ഇന്നുവരെ സമയം കിട്ടിയില്ലെ? കണ്ടിട്ടും അതില്‍ പ്രതിഷേധാര്‍ഹമായി എന്തെങ്കിലും ഉണെ്ടന്നു തോന്നിയില്ലെ? തോന്നിയിട്ടുണെ്ടങ്കില്‍ ഇതിനെതിരേ ഒരു വാക്ക് ഉരിയാടാന്‍ ധൈര്യം തോന്നിയില്ലെ?
ഇന്ത്യന്‍ ഭരണഘടനയും അതിലെ മതേതരത്വദര്‍ശനവുമെല്ലാം 1946-49 കാലഘട്ടത്തില്‍ കോണ്‍ഗ്രസുകാര്‍ക്ക് ബഹുഭൂരിപക്ഷമുണ്ടായിരുന്ന കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി എഴുതിയുണ്ടാക്കിയതാണ്. അതിലെ ന്യൂനപക്ഷാവകാശങ്ങളെപ്പറ്റി വ്യക്തമായ വിയോജിപ്പുള്ള ബിജെപി യുടെ ഒരു മന്ത്രിസഭ കേന്ദ്രത്തില്‍ ഭരണം നടത്തിയിട്ടുണെ്ടങ്കിലും ഭരണഘടനയിലെ ഈ വകുപ്പുകള്‍ വെട്ടിത്തിരുത്തലുകള്‍ക്കു വിധേയമാകാതെ ഇന്നും നിലനില്‍ക്കുന്നു.
സി.പി.എം. കടിഞ്ഞാണ്‍ പിടിക്കുന്ന മൂന്നാംചേരി ഇന്നത്തെ യുപിഎ ഭരണത്തെ തുടച്ചുമാറ്റിക്കൊണ്ട് അടുത്ത തെരഞ്ഞെടുപ്പിനുശേഷം അധികാരത്തില്‍ വന്നാല്‍ അവര്‍ ഇന്നത്തെ ഭരണഘടനയും മതേതരത്വവും ന്യൂനപക്ഷാവകാശവുമെല്ലാം കാത്തുസൂക്ഷിക്കുമെന്ന് ജോസഫ് ഗ്രൂപ്പുകാര്‍ പ്രതീക്ഷിക്കുന്നുണേ്ടാ? കമ്യൂണിസ്റ്റുകള്‍ക്ക് ഇന്ത്യയുടെ ഭരണാവകാശം ഒരു ദിവസത്തേക്കെങ്കിലും ലഭിച്ചാല്‍ അവര്‍ മാതൃകയാക്കി നടപ്പാക്കാന്‍ പോകുന്നത് സോവ്യറ്റ് യൂണിയനില്‍ നിലനിന്നിരുന്ന ഭരണഘടനയായിരിക്കും. സോവ്യറ്റ് ഭരണഘടനയുടെ 124-ാം വകുപ്പായി മതവിശ്വാസത്തെപ്പറ്റി എഴുതി വച്ചിരുന്നത് അതേപടി താഴെ പകര്‍ത്തുന്നു-
"പൗരന്മാര്‍ക്ക് മന:സാക്ഷി സ്വാതന്ത്ര്യത്തിന് ഉറപ്പുനല്‍കാന്‍ വേണ്ടി സോവ്യറ്റ് യൂണിയനിലെ സഭയെ (പള്ളിയെ) സ്റ്റേറ്റില്‍ നിന്നും സ്കൂളിനെ സഭ (പള്ളി) യില്‍ നിന്നും വേര്‍പെടുത്തിയിരിക്കുന്നു. മതപരമായ ആരാധനാസ്വാതന്ത്ര്യവും മതത്തിനെതിരായ പ്രചരണസ്വാതന്ത്ര്യവും എല്ലാ പൗരന്മാര്‍ക്കും വേണ്ടി അംഗീകരിക്കപ്പെട്ടിരിക്കുന്നു."
ഇന്ത്യന്‍ ഭരണഘടന മതവിശ്വാസം, മതാചരണം, മതപ്രചാരണം എന്നീ മൂന്നു സ്വാതന്ത്ര്യങ്ങള്‍ അനുവദച്ചിരിക്കുന്ന സ്ഥാനത്ത് സോവ്യറ്റ് ഭരണഘടന മതത്തിനെതിരായ പ്രചാരണസ്വാതന്ത്ര്യമാണ് അംഗീകരിച്ചിരുന്നത്!
ജോസഫ് ഗ്രൂപ്പുകാരുടെ മുന്നണിയുടെ സാരഥ്യം വഹിക്കുന്നവരുടെ ദൃഷ്ടിയില്‍ മതനിരപേക്ഷത (മതേതരത്വം എന്നവര്‍ പറയാറില്ല) കൊണ്ട് ഉദ്ദേശിക്കുന്നതെന്താണ്? ഈ.എം.എസിന്റെ വാക്കുകള്‍ തന്നെ ഉദ്ധരിക്കട്ടെ-"മതനിരപേക്ഷതയെന്നാല്‍ രാഷ്ട്രീയവും വിദ്യാഭ്യാസവും മതത്തില്‍ നിന്ന് പൂര്‍ണ്ണമായും വേര്‍പെടുത്തുകയെന്നര്‍ത്ഥം... സ്കൂളുകളും കോളേജുകളും മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങളും അവരുടെ ഇഷ്ടത്തിനൊത്തു നടത്താന്‍ അനുവദിക്കണമെന്നാണ് ക്രിസ്തീയസമുദായത്തിലെ പ്രമാണിമാര്‍ ആവശ്യപ്പെടുന്നത്. ഈ സ്ഥാപനങ്ങളുടെ നടത്തിപ്പില്‍ യാതൊരു തരത്തിലുമുള്ള സര്‍ക്കാര്‍ ഇടപെടലും ഉണ്ടാവരുത്. അതേസമയം മതേതരരീതിയില്‍ നടത്തപ്പെടുന്ന വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നല്‍കി വരുന്നതുപോലെ അവര്‍ക്കും സര്‍ക്കാര്‍ സഹായം നല്‍കണം എന്നും അവര്‍ ആവശ്യപ്പെടുന്നു" (മതനിരപേക്ഷതയുടെ പ്രശ്നങ്ങള്‍ - പേജ് 39).
സിപിഎമ്മിന്റെ ഭരണത്തില്‍ ഇത്തരം 'തോന്ന്യാസ'മൊന്നും നടക്കാന്‍ പോകുന്നില്ല എന്ന സൂചന ഈ പ്രസ്താവനയില്‍ അടങ്ങിയിട്ടുണ്ടല്ലൊ.
എന്നെങ്കിലും ഒരു കാലത്ത് ഇന്ത്യാ റിപ്പബ്ലിക്കിന്റെ ഭരണം സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഒരു മുന്നണിക്കു ലഭിക്കുകയും ആ മുന്നണിയില്‍ ജോസഫ് ഗ്രൂപ്പ് കേരളകോണ്‍ഗ്രസ് ഉണ്ടായിരിക്കുകയും ചെയ്താല്‍ സോവ്യറ്റ് മോഡല്‍ മതനിരപേക്ഷത ഇവിടെ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ജോസഫ് ഗ്രൂപ്പുകാര്‍ എന്തു നിലപാടെടുക്കും എന്ന് ജോസഫ് ഗ്രൂപ്പ് നേതാക്കളിലൊരാളും നാളിതുവരെ പറഞ്ഞുകേട്ടിട്ടില്ല. എന്നാല്‍ സിപിഎമ്മിന്റെ നീക്കങ്ങളെ അവര്‍ അനുകൂലിക്കും എന്ന ഉറപ്പുലഭിച്ചതിനുശേഷമാണ് ആ പാര്‍ട്ടിയെ മുന്നണിയില്‍ ചേര്‍ത്തത്. ഇ.എം.എസ്. തന്നെ ഇക്കാര്യം എഴുതിവച്ചിട്ടുള്ളതു നോക്കുക-
"ഇടതുജനാധിപത്യമുന്നണിയില്‍പ്പെട്ടവരും, കേരളാകോണ്‍ഗ്രസ് (ജെ) യില്‍പ്പെട്ടവരും തമ്മില്‍ സഹകരണബന്ധം വളര്‍ത്തുമ്പോള്‍ത്തന്നെ ആ പാര്‍ട്ടിയുടെ നേരെ വിമര്‍ശനാത്മകമായ നിലപാട് അംഗീകരിക്കുക കൂടി ചെയ്യേണ്ടതുണ്ട്. അതിന്റെ ഒരു രൂപമാണ് കേരളാകോണ്‍ഗ്രസ് (ജെ) യ്ക്ക് ക്രിസ്ത്യന്‍ പള്ളി മേധാവികളുമായുള്ള ബന്ധം സംബന്ധിച്ച് എന്റെ പരാമര്‍ശം. പള്ളിയോടു വിധേയത്വം പുലര്‍ത്താത്ത, മതനിരപേക്ഷതയുടെ രാഷ്ട്രീയത്തില്‍ ഊന്നിനില്‍ക്കുന്ന, ഒരു പാര്‍ട്ടിയായി കേരളാ ജോസഫ് ഗ്രൂപ്പു മാറണം എന്നാണ് ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം" (17-11-1989-ലെ വ'ചിന്ത' വാരികയില്‍)
ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍ ചേരാന്‍ ചെന്ന ജോസഫിനോട് പള്ളിയെയും പട്ടക്കാരനെയും തള്ളിപ്പറഞ്ഞുവരാന്‍ നമ്പൂതിരിപ്പാടു പറഞ്ഞുവിട്ടല്ലൊ. അതിന് ജോസഫ് ഗ്രൂപ്പിന്റെ പ്രതികരണമെന്തായിരുന്നു എന്നറിയാന്‍ ഇ.എം.എസിന്റെ താഴെപ്പറയുന്ന പരാമര്‍ശങ്ങള്‍ ശ്രദ്ധിക്കുക-
1. "യഥാര്‍ത്ഥത്തില്‍ ക്രിസ്ത്യന്‍ പള്ളി മേധാവികളുടെ നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയെന്ന പ്രതീതിയാണ് കേരളാകോണ്‍ഗ്രസ് ഉണ്ടാക്കിയിട്ടുള്ളത്. അത് ജോസഫ് കേരളായെ സംബന്ധിച്ചും ബാധകമാണ്. പക്ഷേ അതില്‍ ഇപ്പോള്‍ ഒരു മാറ്റം വന്നിട്ടുണ്ട്. മതവും രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കുഴയ്ക്കരുതെന്നും, കൂട്ടിക്കുഴയ്ക്കുന്നത് മതനിരപേക്ഷത യെന്ന നമ്മുടെ ദേശീയ പാരമ്പര്യത്തിന് എതിരാണെന്നും ജോസഫ് ഗ്രൂപ്പ് കേരളാ വ്യക്തമായി പ്രഖ്യാപിച്ചിരിക്കുന്നു." (ചിന്ത വാരിക 25.1.1991).
മതം രാഷ്ട്രീയത്തിലിടപെടുന്നത് തെറ്റാണെങ്കില്‍ സംസ്കാരശൂന്യമായ സി.ഡി. കള്‍ ഇറക്കിക്കൊണ്ടും പാഠപുസ്തകങ്ങളില്‍ മതവിരുദ്ധത വിളമ്പിക്കൊണ്ടും ഭരണകൂടം മതകാര്യങ്ങളില്‍ ഇടപെടുന്നത് ശരിയാണോ എന്ന് ഒരു സിപിഎം നേതാവും പറഞ്ഞിട്ടില്ല. പി.ജെ. ജോസഫ് പുറപ്പുഴ പള്ളിയോഗത്തിലംഗമാകുന്നത് തെറ്റ്; ഇ.എം.എസിന്റെ മരുമകന്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനാകുന്നത് ശരി. നല്ല മതനിരപേക്ഷത തന്നെ!
ഇ.എം.എസ്. വീണ്ടും ഇങ്ങനെ ആവര്‍ത്തിക്കുന്നു-
2. "ഇതിലൊരു വ്യത്യാസം അടുത്ത കാലത്തു വന്നിരിക്കുന്നു. പള്ളിമേധാവികള്‍ സജീവരാഷ്ട്രീയത്തില്‍ പങ്കുകൊള്ളുന്നതിനെ ജോസഫ് കേരളാ എതിര്‍ത്തിരിക്കുന്നു... പള്ളി മേധാവികള്‍ രാഷ്ട്രീയത്തില്‍ നിന്നും തികച്ചും വേര്‍പെട്ടു നില്‍ക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അങ്ങനെ പള്ളിയുടെ ഇടപെടലിനെ എതിര്‍ക്കുന്ന ഒരു പാര്‍ട്ടിയായി ജോസഫ് കേരളാ സ്വയം മാറിയിരിക്കുന്നു." (ചിന്ത വാരിക. 22-3-1991).
3. "ഒരു മതത്തിന്റെ പേരില്‍ രൂപവല്‍ക്കരിച്ച രാഷ്ട്രീയപാര്‍ട്ടിയല്ല കേരളാകോണ്‍ഗ്രസ്സെങ്കിലും ഒരു കാലത്ത് അതിനുമേല്‍ ക്രിസ്ത്യന്‍ പള്ളി മേധാവികള്‍ക്ക് വമ്പിച്ച സ്വാധീനമുണ്ടായിരുന്നു. ആ സ്ഥിതിയില്‍ മാറ്റം വന്നുവെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്താനാണ് പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള കേരളാകോണ്‍ഗ്രസ് മതവും രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കുഴയ്ക്കുന്നതിനെതിരേ ശക്തമായ നിലപാട് എടുത്തത്. മാണി കേരളാ അതു ചെയ്തിട്ടില്ല" (ജാതി, മതം, രാഷ്ട്രീയം എന്ന ലഘുലേഖയില്‍ പേജ് 37).
നമ്പൂതിരിപ്പാടു പറയുന്ന തരത്തിലൊരു മാറ്റം ജോസഫ് ഗ്രൂപ്പ് കേരളാകോണ്‍ഗ്രസ്സില്‍ വന്നിട്ടുണേ്ടാ? ഉണെ്ടന്നോ ഇല്ലെന്നോ തുറന്നുപറയേണ്ടത് ആ പാര്‍ട്ടിയുടെ നേതാക്കളാണ്. പക്ഷേ ചെയര്‍മാന്‍ തൊട്ടിങ്ങോട്ട് എല്ലാ നേതാക്കളും വായ് മുറുക്കി അടച്ചിരുപ്പാണ്-തന്ത്രപൂര്‍വ്വമായ മൗനം! ഉണെ്ടന്നു പറഞ്ഞാല്‍ പള്ളി പിണങ്ങും; ഇല്ലെന്നു പറഞ്ഞാല്‍ സഖാക്കള്‍ പിണങ്ങും. ആരെയും പിണക്കുന്നത് ബുദ്ധിപൂര്‍വ്വമല്ലല്ലൊ.
ഇ.എം.എസ്. പറഞ്ഞവിധമുള്ള ഒരു മാറ്റം ആ പാര്‍ട്ടിയില്‍ വന്നിട്ടുണെ്ടങ്കില്‍ കേരളാകോണ്‍ഗ്രസിന്റെ സ്ഥാപകപ്രസിഡന്റായ കെ.എം. ജോര്‍ജിന്റെ ആത്മാവ് അതു ക്ഷമിക്കുകയില്ല. എന്തായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട് എന്നു മനസ്സിലാക്കാന്‍ 1967-ലെ തിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം പേരു വച്ചു പ്രസിദ്ധീകരിച്ച 'വോട്ടര്‍മാര്‍ക്ക് ഒരു തുറന്ന കത്ത്' എന്ന പ്രസ്താവനയിലെ ആദ്യഖണ്ഡിക വായിച്ചാല്‍ മതി. അത് താഴെ ഉദ്ധരിക്കുന്നു-
"ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തുടരുന്ന കാലത്തോളം ജനാധിപത്യശത്രുക്കളും സ്വാതന്ത്ര്യധ്വംസകരുമായ കമ്യൂണിസ്റ്റുകാരുടെ കാലുകള്‍ ഈ മണ്ണില്‍ ഉറയ്ക്കുകയേ ഉള്ളൂ. കോണ്‍ഗ്രസ് അധികാരത്തില്‍ തുടര്‍ന്നാല്‍ അവര്‍ ഈ രാജ്യത്തെ ഒരു തളികയില്‍ വച്ച് കമ്യൂണിസത്തിന് കാഴ്ചവയ്ക്കുന്ന ദുരന്തം നാം കാണേണ്ടിവരും. കോണ്‍ഗ്രസ് + ഭരണം = ദുരിതം ആണെന്ന് നാം മനസ്സിലാക്കിക്കഴിഞ്ഞു. ദുരിതത്തില്‍ നിന്നാണ് കമ്യൂണിസ്റ്റ് വിഷവൃക്ഷം മുളച്ചുവളരുന്നത്. കേരളത്തിലെ രാഷ്ട്രീയപെന്‍ഡുലം കോണ്‍ഗ്രസിനും കമ്യൂണിസ്റ്റുപാര്‍ട്ടിക്കും ഇടയ്ക്കാണ് ആടുന്നതെന്ന് ഒരു രാഷ്ട്രീയനിരീക്ഷകന്‍ മുമ്പൊരിക്കല്‍ എഴുതി. ഇന്ന് ആ സ്ഥതി മാറിയിരിക്കുന്നു. പെന്‍ഡുലം മുട്ടുന്ന ഒരറ്റം കേരളാ കോണ്‍ഗ്രസ്സാണിന്ന്"
കോണ്‍ഗ്രസിനെ സംബന്ധിച്ച് 1967-ല്‍ ഉണ്ടായിരുന്ന ജോര്‍ജ് സാറിന്റെ കാഴ്ചപ്പാട് പില്‍ക്കാലത്തു മാറിയെന്ന് നമുക്കറിയാം. പക്ഷേ ഒരുകാലത്തും കമ്യൂണിസത്തെ സംബന്ധിച്ച അദ്ദേഹത്തിന്റെ കാഴ്ചപ്പാടു മാറിയിരുന്നില്ല.
എന്നാല്‍ കെ.എം. ജോര്‍ജിന്റെയും പി.ടി. ചാക്കോയുടെയും മക്കളുടെ കാലമായപ്പോള്‍ രാഷ്ട്രീയപെന്‍ഡുലം 'കമ്യൂണിസ്റ്റു വിഷവൃക്ഷ' ത്തിന്റെ കൊമ്പിലുടക്കി ആട്ടം നിലച്ച കാഴ്ചയാണ് നാമിപ്പോള്‍ കാണുന്നത്.
March 26, 2009
ഈ മൗനത്തിന്റെ അര്‍ത്ഥമെന്ത്?
Subscribe to:
Post Comments (Atom)
4 നിരൂപണങ്ങള്‍:
മതമേലധ്യക്ഷന്മാർ പറയുന്നതെല്ലാം വേദവാക്യമായി എടുക്കരൗത്.ഒന്നു ചിന്തിക്കൂ ക്രിസ്തീയപ്രമാണിമാർ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളിൽ വിദ്യാഭ്യാസം ഒരു കചവടചരക്ക് മാത്രമായി തരം താനിരിക്കുന്നു അവിടെ അധ്യപകനും വിദ്യാർദ്ധിയും കോഴ നൽകണം ഞാൻ അതിനുള്ള ഒരു പ്രത്യക്ഷ്മയ തെളിവാണ് കേരളതെ അറിവിന്റെ വഴിയിലേക്ക് കൈപിടിച്ച് നടതിയ മിഷണരിമാരുടെ പിന്മുറക്കരാണ് ഇത് ചെയുന്നത് എന്നോർക്കുംബോൾ കഷ്ടം തോന്നുന്നു
അവരെ കയറൂരി വിടാം ഇനി ക്രിസ്തീയവിദ്യാഭ്യാസസ്ഥാപനങ്ങളിൽ വിദ്യാഭ്യസക്കചവടം നടക്കില്ലെന്ന് തങ്ങൾക് ഉറപ്പ് തരാനാകുമോ??????????????????????????????????
"മുന്‍നായനാര്‍ മന്ത്രിസഭക്കാലത്ത് കേരളാകോണ്‍ഗ്രസ് (ജെ) നേതാവ് കൈകാര്യം ചെയ്തിരുന്ന വിദ്യാഭ്യാസവകുപ്പ് ഇത്തവണ പിടിച്ചെടുത്ത്"
മനസ്സിലിരുപ്പ് നോക്കിയ്യേ.... വകുപ്പുകള്‍ എന്താ ഓരോ പാര്‍ട്ടിക്കും തീറെഴുതി കൊടുത്തിരിക്കുന്നോ?
“ബിഷപ്പിന്റെ ആട്ടിറച്ചി ഭക്ഷണം ചിത്രീകരിച്ച സിഡി യെങ്കിലും ഒന്നു വരുത്തിക്കാണാന്‍ ഇന്നുവരെ സമയം കിട്ടിയില്ലെ?“
ചുമ്മാര്‍ ഏത് ലോകത്താണോവോ ജീവിച്ചിരിക്കുന്നത്? ആ സി.ഡി. വിദ്യാസവകുപ്പുമയി യാതൊരു ബന്ധവുമില്ല എന്ന് വെളിപ്പെട്ടിട്ടും ചുമ്മാറിനോ ചുമ്മാര്‍ ചുമന്ന് നടക്കുന്നവര്‍ക്കോ ഇത് വരെ വെളിപാടുണ്ടായിട്ടില്ല... പാഴടിക്കുന്നതിനുമില്ലേ ഒരു പരിധിയൊക്കെ... കഷ്ടം....
യേശു ദൈവമോ അതോ ദൈവ പുത്രനോ?
സംഘ പരിവാറിന്റെ വര്‍ഗ്ഗീയ വിഷത്തിലും ഒട്ടും വീര്യം കുറഞ്ഞതല്ല ഈ പോസ്റ്റും...! കൃസ്തീയ സമൂഹത്തില്‍ വര്‍ഗ്ഗീയത വളര്‍ത്തുകയാണ് ഈ ബ്ലോഗിന്റെ ലക്ഷ്യമെന്നു ഇതിലെ പല പോസ്റ്റുകളും തെളിയിക്കുന്നൂ. ഇത് കൃസ്തീയ സമൂഹത്തിനും രാജ്യത്തിനും ആപത്തു ആണെന്ന് വിഷം കുത്തി വയ്ക്കുന്നവര്‍ മനസിലാക്കുന്നത് നന്നായിരിക്കും.
".........മതപരമായ ആരാധനാസ്വാതന്ത്ര്യവും മതത്തിനെതിരായ പ്രചരണസ്വാതന്ത്ര്യവും എല്ലാ പൗരന്മാര്‍ക്കും വേണ്ടി അംഗീകരിക്കപ്പെട്ടിരിക്കുന്നു."
എന്താ സംശയം! ഇത് തന്നെയാണ് യഥാര്‍ത്ഥ മതേതരം. മതങ്ങള്‍ക്ക് യുക്തിയില്ലയ്മയെ പ്രച്ചരിപ്പിക്കമെങ്കില്‍, അതിന്റെ പൊള്ളത്തരത്തെ തുറന്നു കാട്ടാന്‍ മറ്റുള്ളവര്‍ക്ക് സ്വാതന്ത്യം ഇല്ല എന്നുണ്ടോ......?!!!!!
Post a Comment