March 27, 2009

ന്യൂനപക്ഷസംരക്ഷണം എന്ന തമാശക്കഥ

പ്രഫ. ഡോ. കുര്യാസ്‌ കുമ്പളക്കുഴി



"പാത്തുമ്മയുടെ ആട്‌ അഥവാ പെണ്ണുങ്ങളുടെ ബുദ്ധി എന്ന തമാശക്കഥയാണ്‌ ഞാനിവിടെ പറയാന്‍ പോകുന്നത്‌" എന്ന മുഖവുരയോടെയാണ്‌ വൈക്കം മുഹമ്മദ്‌ ബഷീര്‍ തന്റെ വിഖ്യാതമായ നോവല്‍ ആരംഭിക്കുന്നത്‌. പക്ഷേ, പാത്തുമ്മയുടെ ആട്‌ ഒരു തമാശക്കഥയായില്ല.

എന്നാല്‍, ഈ മാര്‍ച്ച്‌ 18-ലെ ദേശാഭിമാനി പത്രത്തിലെ ബെയിലൈന്‍ വാര്‍ത്ത വായിച്ചവര്‍ ഒരു തമാശക്കഥ ആസ്വദിച്ചിരിക്കണം. ഒറീസയുടെ തലസ്ഥാന നഗരിയിലെ സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി ഓഫീസ്‌ ക്രൈസ്തവര്‍ക്കു പ്രാര്‍ഥനാലയമായി മാറിയിരിക്കുകയാണത്രെ! അത്‌ ഒറീസയിലെ പീഡിതമായ ക്രൈസ്തവ ന്യൂനപക്ഷത്തിനു സി.പി.എം നല്‍കുന്ന സംരക്ഷണത്തിന്റെ മഹത്തായ സാക്ഷ്യമായി അവതരിപ്പിച്ചിരിക്കുകയാണ്‌.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ സംരക്ഷകര്‍ എന്ന ബഹുമതി സ്വയം എടുത്തണിയുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ്‌ സി.പി.എം. അതു പലപ്പോഴും മൂന്നു പ്രസ്താവനകളുടെയും രണ്ടു പ്രതിഷേധറാലികളുടെയും കഥയാണ്‌. 'എവിടെയൊരു ക്ഷാമമുണെ്ടന്നു കേട്ടാലുടന്‍ കവിതയെഴുതീട്ടതും കാശാക്കി മാറ്റുന്ന' കവികളെ നമ്മുടെ ഒരു കവി തന്നെ രൂക്ഷമായി പരിഹസിക്കുന്നുണ്ട്‌. അതു സി.പി.എമ്മിന്‌ നന്നേയിണങ്ങും. ഇന്ത്യയിലെവിടെയെങ്കിലും ക്രൈസ്തവരോ മുസ്ലിംകളോ പീഡിപ്പിക്കപ്പെട്ടാല്‍ അതിനെതിരേ കേരളത്തില്‍ പ്രതിഷേധ റാലികളും പ്രസ്താവനകളും നടത്താന്‍ പാര്‍ട്ടി വളരെ ഉത്സാഹത്തോടെ രംഗത്തിറങ്ങും. ന്യൂനപക്ഷ വോട്ട്‌ ഇവിടെ വളരെ വിലപ്പെട്ടതാണല്ലോ!

ഗാസയിലെ ഇസ്രയേല്‍ അതിക്രമങ്ങള്‍ ഒരു കാരണവശാലും ന്യായീകരിക്കാവുന്നതല്ല എന്നോര്‍ത്തുകൊണ്ടുതന്നെ ഒരു സംശയം ഉന്നയിക്കട്ടെ- അതിനെ അപലപിക്കുന്നവര്‍ തിബത്തിലെ ചൈനീസ്‌ അധിനിവേശത്തിനു ചരിത്രപരമായ നീതീകരണം അന്വേഷിക്കുന്നതു വൈരുധ്യമല്ലേ? ഒറീസയിലെ ക്രൈസ്തവപീഡനമോര്‍ത്തു നിലവിളിക്കുമ്പോള്‍ ചൈനയിലെ ക്രൈസ്തവസമൂഹം ആറു പതിറ്റാണ്ടായി അനുഭവിക്കുന്ന പീഡനത്തിന്റെ കാര്യം വിസ്മരിക്കുന്നതു രാഷ്ട്രീയ കാപട്യമല്ലേ? സി.പി.എമ്മിന്റെ ന്യൂനപക്ഷ സംരക്ഷണാവകാശവാദത്തിലും ഇതേ ഇരട്ടത്താപ്പുണ്ട്‌. അതുകൊണ്ടാണ്‌, ഒറീസയിലെ ക്രൈസ്തവപീഡനം പോലെയോ അതിലേറെയോ ദുസഹമാണു കേരള ക്രൈസ്തവ സമൂഹം സി.പി.എമ്മില്‍ നിന്നനുഭവിക്കുന്ന മാനസികപീഡനം എന്നു മാര്‍ ജോസഫ്‌ പവ്വത്തില്‍ തുറന്നുപറഞ്ഞത്‌.

മതത്തെ കമ്യൂണിസത്തിന്റെ മുഖ്യശത്രുവായി കരുതുന്നവര്‍ മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കും എന്നു വാദിക്കുന്നതിനെക്കാള്‍ തമാശയായി മേറ്റ്ന്താണുള്ളത്‌? കാലു രണ്ടും മുറിച്ചു മാറ്റി കൃത്രിമക്കാലു പിടിപ്പിക്കുന്ന കപടകാരുണ്യമാണത്‌. അതുകൊണ്ടാണ്‌ 'സി.പി.എം പാര്‍ട്ടി ഓഫീസ്‌ ക്രൈസ്തവര്‍ക്കു പ്രാര്‍ഥനാലയം' എന്ന വാര്‍ത്ത ഒരു തമാശക്കഥയായി മാറുന്നത്‌.

നാലഞ്ചു ചെറുപ്പക്കാര്‍, യശഃശരീരനായ എ.കെ ഗോപാലന്റെ ചിത്രം തൂക്കിയിരിക്കുന്ന ഒരു മുറിയില്‍ ഗാനാലാപനം നടത്തുന്ന ഒരു ഫോട്ടോയാണു വാര്‍ത്തയ്ക്കുള്ളിലുള്ളത്‌. സാധാരണ പ്രാര്‍ഥനാവേദികളില്‍ ഒരു കുരിശുരൂപമോ യേശുവിന്റെ രൂപമോ അല്ലെങ്കില്‍ ഏതെങ്കിലും വിശുദ്ധന്റെയോ വിശുദ്ധയുടെയോ ചിത്രങ്ങളോ ആണുണ്ടാവുക. പക്ഷേ, പത്രം നല്‍കുന്ന ഫോട്ടോയില്‍ അത്തരമൊരു ദൃശ്യം കാണുന്നില്ല. എ.കെ.ജിയെത്തന്നെ തങ്ങളുടെ പ്രാര്‍ഥനകള്‍ക്കു മധ്യസ്ഥനായി കാണുന്ന എതെങ്കിലും പുതിയ പ്രാര്‍ഥനക്കാരായിരിക്കാമവര്‍!

2008 ഓഗസ്റ്റ്‌ 23-ന്‌ ഒറീസയില്‍ വിശ്വഹിന്ദു പരിഷത്‌ നേതാവ്‌ സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയും നാല്‌ അനുയായികളും മാവോയിസ്റ്റുകളുടെ വെടിയേറ്റു മരിച്ചു. 25-ന്‌ സ്വാമിയുടെ സംസ്കാര ദിനത്തില്‍ നടത്തിയ ഒറീസാ ബന്തിനോടനുബന്ധിച്ചാണ്‌ ക്രൈസ്തവര്‍ക്കു നേരേയുള്ള അതിക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്‌. ഒട്ടേറെ പേര്‍ മരണമടഞ്ഞു. നൂറുകണക്കിനു വീടുകളും നിരവധി ദേവാലയങ്ങളും ക്രൈസ്തവ സ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടു. ആയിരക്കണക്കിനാളുകള്‍ ഭവനരഹിതരായി കാടുകളില്‍ അഭയംതേടി. കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ മാനഭംഗത്തിനിരയായി.

ഇന്ത്യയുടെ മതേതരത്വത്തിനേറ്റ മാരകമായ മുറിവായിരുന്നു ഒറീസകലാപം. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണു സംഭവിച്ചത്‌. അക്രമത്തിനിരയായവരെ ആശ്വസിപ്പിക്കാനും സഹായിക്കാനും നിരവധി മനുഷ്യസ്നേഹികള്‍ ഓടിയെത്തി. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തകരും അക്കുട്ടത്തിലുണ്ടായിരുന്നു. കേരളത്തില്‍ നിന്നുള്ള ഇടതുപക്ഷ എംപിമാരായ സുരേഷ്‌ കുറുപ്പും സി.കെ ചന്ദ്രപ്പനും സംഭവസ്ഥലം സന്ദര്‍ശിച്ചവരില്‍പെടുന്നു. ഇതാണ്‌ സി.പി.എമ്മിന്റെ ന്യൂനപക്ഷ സംരക്ഷണമായി ഉയര്‍ത്തിപ്പിടിക്കുന്നത്‌.

ഈ സന്ദര്‍ശനം നല്ലതുതന്നെ. പക്ഷേ, അവര്‍ മാത്രമേ അവിടെ ചെന്നിരുന്നുള്ളൂ എന്നും അതുകൊണ്ടാണു കലാപം ശമിച്ചത്‌ എന്നുമൊക്കെ തോന്നുംവിധം അവകാശവാദങ്ങള്‍ പുറപ്പെടുവിക്കുന്നതു ബാലിശമല്ലേ? ഇടതുപക്ഷ എംപിമാര്‍ ജീവന്‍ പണയംവച്ചാണ്‌ അവിടെ ചെന്നതെന്നും അന്നു കോണ്‍ഗ്രസും മറ്റും എവിടെയായിരുന്നു എന്നും കഴിഞ്ഞ ദിവസം കേരളത്തിലെ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ ആവേശം കൊള്ളുന്നതു കണ്ടു. കേള്‍ക്കുന്നവര്‍ക്കും സാമാന്യ ബുദ്ധിയുണെ്ടന്ന കാര്യമെങ്കിലും ഇത്തരം നേതാക്കള്‍ ഓര്‍മിക്കാത്തതെന്തുകൊണ്ടാണോ ആവോ? ഈ അവകാശവാദക്കാര്‍ക്ക്‌ അവിടെ ന്യൂനപക്ഷപീഡനക്കാരെ സംരക്ഷിച്ച രാഷ്ട്രീയപ്രസ്ഥാനവുമായി തെരഞ്ഞെടുപ്പ്‌ സഖ്യത്തിലേര്‍പ്പെടാന്‍ ഒരു മടിയുമുണ്ടായില്ലല്ലോ!

കമ്യൂണിസ്റ്റു പാര്‍ട്ടി അധികാരത്തിലെത്തിയ രാജ്യങ്ങളിലൊന്നും ക്രിസ്തുമതത്തിനു പരിക്കേല്‍ക്കാതിരുന്നിട്ടില്ല. കമ്യൂണിസ്റ്റുഭരണകൂടങ്ങള്‍ തകര്‍ന്ന്‌ ഒന്നരദശകം കഴിഞ്ഞിട്ടും, അവിടങ്ങളില്‍ പിടിച്ചെടുക്കപ്പെട്ട ദേവാലയങ്ങളും മറ്റും മുഴുവന്‍ തിരിച്ചുകൊടുത്തു കഴിഞ്ഞിട്ടില്ല. ആ പ്രസ്ഥാനത്തിന്റെ ഒരു സംസ്ഥാന കമ്മിറ്റി ഓഫീസ്‌ ക്രൈസ്തവര്‍ക്കു പ്രാര്‍ഥനാലയമായിരിക്കുന്നു എന്നു കേട്ടാല്‍ ചിരിക്കാതിരിക്കുന്നതെങ്ങനെ? കുറുക്കന്റെ അടുക്കളയിലോ കോഴിയുടെ സുഖവാസം?

ഇന്ത്യന്‍ സംസ്ഥാനങ്ങളിലാദ്യമായി, 1957-ല്‍ കേരളത്തില്‍ അധികാരത്തിലെത്തിയ കമ്യൂണിസ്റ്റു പാര്‍ട്ടി ആദ്യം നടത്തിയ ശ്രമങ്ങളിലൊന്ന്‌, വിദ്യാഭ്യാസ ബില്ലിന്റെ മറവില്‍ കേരളത്തിലെ ക്രൈസ്തവര്‍ ന്യൂനപക്ഷമല്ല എന്നു സ്ഥാപിച്ചെടുക്കാനായിരുന്നല്ലോ. ഇന്ത്യന്‍ ഭരണഘടനയില്‍ തട്ടിയാണ്‌ ആ ഗൂഢനീക്കം തകര്‍ന്നു പോയത്‌. അതിനു വേണ്ടി സുപ്രീം കോടതിയില്‍ വാദിക്കാന്‍ സംസ്ഥാനത്തിനു വെളിയില്‍ നിന്നുള്ള അഭിഭാഷകരെ മുഖ്യമന്ത്രി ഇ.എം.എസ്‌ ഏര്‍പ്പെടുത്തുകയും ചെയ്തു.

അതുതന്നെ 2006-ലെ സ്വാശ്രയ പ്രഫഷണല്‍ വിദ്യാഭ്യാസ ബില്ലിലും ആവര്‍ത്തിച്ചു. അതും ഭരണഘടനയില്‍ തട്ടിത്തന്നെ തകര്‍ന്നുവീണു. 2006 ജൂലൈ 19-ന്‌, കോടതിവിധി പ്രതികൂലമായതിന്റെ പേരില്‍ എസ്‌.എഫ്‌.ഐക്കാരുടെ വ്യാപകമായ അക്രമങ്ങള്‍ക്കിരയായതു കേരളത്തിലെ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ മാത്രമായിരുന്നില്ലേ? ഏതു ന്യൂനപക്ഷത്തോടാണു സി.പി.എംകാര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയല്ലാതെ സഹിഷ്ണുത കാണിച്ചിട്ടുള്ളത്‌? ഏതു ന്യൂനപക്ഷ സ്ഥാപനത്തെയാണവര്‍ സ്വതന്ത്രമായും സുരക്ഷിതമായും പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിട്ടുള്ളത്‌? ന്യൂനപക്ഷാവകാശ ധ്വംസന ത്തിന്റെ പേരില്‍ കേരളത്തിലെ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ 1957 മുതല്‍ നാളിതുവരെ മുടങ്ങാതെ കോടതി കയറേണ്ടിവരുന്നത്‌ സി.പി.എമ്മിന്റെ സംരക്ഷണസുഖം അനുഭവിക്കുന്നതു കൊണ്ടല്ലേ?

വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാത്രമല്ല, ആതുരശുശ്രൂഷാ കേന്ദ്രങ്ങളെയും ജീവകാരുണ്യപ്രസ്ഥാനങ്ങളെയും പോലും അവര്‍ ആക്രമണത്തില്‍ നിന്നൊഴിവാക്കാറുണേ്ടാ? പ്രാര്‍ഥനയും രോഗീശുശ്രൂഷയും മാത്രം സേവനമാക്കിയ മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തോടു ചെയ്ത ക്രൂരത ആര്‍ക്കാണു മറക്കാന്‍ കഴിയുക? എല്ലാം കഴിഞ്ഞപ്പോള്‍ മാധ്യമപ്പടയുടെ അകമ്പടിയോടെ അവിടെയെത്തിയ സി.പി.എം സെക്രട്ടറി പോലീസ്‌ അതിക്രമത്തെ അപലപിച്ചതും ഓര്‍മയുണ്ട്‌. ഒടുവില്‍ സുപ്രീംകോടതി തന്നെയാണ്‌ ധ്യാനകേന്ദ്രത്തിന്റെയും രക്ഷകനാ യത്‌.

സ്ഥാപനങ്ങള്‍ക്കു നേരേ മാത്രമല്ല, മതാധ്യക്ഷന്മാരും സമുദായാചാര്യന്മാരും ഉള്‍പ്പെടെയുള്ള വ്യക്തികള്‍ക്കു നേരെയും മാര്‍ക്സിസ്റ്റു നേതാക്കളും അവരുടെ കുട്ടിസഖാക്കളും ചൊരിയുന്ന ഭര്‍ത്സനങ്ങള്‍ എത്രയോ അപമാനകരമാണ്‌, വേദനാജനകമാണ്‌? മതാധ്യക്ഷന്മാര്‍ നികൃഷ്ട ജീവികളാണ്‌, അവരുടെ വാക്കുകള്‍ വിശുദ്ധ കള്ളങ്ങളാണ്‌, അവരുടെ ളോഹ അഴിമതിക്കുള്ള മറയാണ്‌, ളോഹധാരികളെ ചാട്ടവാറിനടിക്കണം, ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ സെന്‍ ഹെദ്രീന്‍ സംഘമാണ്‌, അതിന്റെ അധ്യക്ഷന്‍ കയ്യാഫസാണ്‌, യേശുക്രിസ്തു ഇന്നു ജീവിച്ചിരുന്നെങ്കില്‍ പോളിറ്റ്‌ ബ്യൂറോ അംഗമായേനേ തുടങ്ങിയ ദുര്‍മൊഴികള്‍ കേരളത്തിന്റെ സാംസ്കാരികാന്തരീക്ഷത്തെയാകെ മലീമസമാക്കിയില്ലേ?

ഇതാണോ ന്യൂനപക്ഷ സംരക്ഷണം? കേരളത്തിലെ ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ചും ക്രൈസ്തവരെ ഇത്രയേറെ വേദനിപ്പിക്കുകയും മുറിവേല്‍പിക്കുകയും ചെയ്ത രാഷ്ട്രീയ പ്രസ്ഥാനം സി.പി.എമ്മിനെപ്പോലെ മറ്റൊന്നില്ല. ഇന്ത്യയാകെ നോക്കുമ്പോള്‍, വിശ്വഹിന്ദു പരിഷത്തും ബജ്‌രംഗ്ദളും പോലെയുള്ള വര്‍ഗീയ സംഘടനകള്‍ അവരുടെ മൂര്‍ച്ച വരുത്തിയ കത്തികള്‍ ന്യൂനപക്ഷങ്ങളുടെ നെഞ്ചിനു നേരെയാണുയര്‍ത്തുന്നത്‌ എന്ന കാര്യം മറക്കുന്നില്ല. മതസഹിഷ്ണുതയുടെയും മതേതരത്വത്തിന്റെയും മൂല്യങ്ങള്‍ ദുസ്സഹമായി കാണുന്ന അത്തരക്കാര്‍ സ്വന്തം പല്ലും നഖങ്ങളും മൂടിവയ്ക്കുന്നില്ല. പക്ഷേ, സി.പി.എം ആട്ടിന്‍തോലണിഞ്ഞ ചെന്നായുടെ വേഷത്തിലാണു സൗഹൃദത്തിനെത്തുന്നത്‌. ധൃതരാഷ്ട്രരെപ്പോലെ കപടസ്നേഹം കാട്ടിയാണാലിംഗനം ചെയ്യുന്നത്‌. ഈ വൈരുധ്യാത്മക തമാശകള്‍ക്കൊക്കെ ചരിത്രംതന്നെ അന്ത്യം കുറിക്കുമെന്നു പൂര്‍വയൂറോപ്യന്‍ രാജ്യങ്ങള്‍ നമുക്കു പറഞ്ഞുതരുന്നു. അതാണൊരു പ്രതീക്ഷ; ആശ്വാസവും.

0 നിരൂപണങ്ങള്‍: