March 31, 2009

ക്രൈസ്തവത്വവും മാര്‍ക്സിസവും: സാധര്‍മ്യങ്ങളോ പൊരുത്തക്കേടുകളോ?

ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍

"ക്രിസ്തു ഇന്നു ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം പോളിറ്റ്ബ്യൂറോയിലെ അംഗമായിരുന്നേനെ" എന്ന്‌ ഒരു സമുന്നത നേതാവ്‌ കുറച്ചുനാള്‍ മുമ്പ്‌ പറഞ്ഞതായി നാം വായിച്ചിട്ടുണ്ടല്ലോ. ക്രൈസ്തവരുടെ വീക്ഷണത്തില്‍ ഇതൊരു ദൈവദൂഷണമാണ്‌. പണെ്ടാരു മാര്‍ക്സിസ്റ്റ്‌ നേതാവ്‌ (കെ. ദാമോദരന്‍) "യേശുക്രിസ്തു മോസ്കോയില്‍" എന്നൊരു പുസ്തകം (ബ്ര.വടക്കന്റെ ഭാഷയില്‍ 'നാലണ പുസ്തകം') എഴുതിയിരുന്നതായി ഓര്‍ക്കുന്നു. യേശുക്രിസ്തുവിന്‌ ജനിക്കാന്‍ പറ്റിയ സ്ഥലം മോസ്കോ മാത്രമാണന്നായിരുന്നു അദ്ദേഹത്തിന്റെ ബോധോദയം. ഇന്ന്‌ ആ മോസ്കോ എവിടെ?

ചില "ബുദ്ധിജീവികള്‍" ശരിയായ കമ്യൂണിസത്തിന്റ പ്രായോഗിക മാതൃക ആദിമക്രൈസ്തവസമൂഹമാണന്നു പറഞ്ഞുവച്ചതില്‍ കടലും കടലാടിയും തമ്മിലുള്ള സാധര്‍മ്യംപോലുമില്ലെന്ന്‌ വേണമെങ്കില്‍ പറയാം. ഓര്‍വെല്ലിന്റെ നോവലിലെ ('മൃഗസങ്കേതം') സമൂഹത്തിനും, ആദിമ ക്രൈസ്തവസമൂഹത്തിനും തമ്മില്‍ എന്തു സാധര്‍മ്യമാണുള്ളത്‌? 'സാമൂഹ്യ പ്രതിബദ്ധതയെക്കുറിച്ച്‌' മാര്‍ക്സിസ്റ്റുകാര്‍ വീമ്പുപറയാറുണ്ട്‌. (അങ്ങനെയൊരു പദം പഴയ മാര്‍ക്സിസ്റ്റ്‌ നിഘണ്ടുവിലില്ല എന്നതാണ്‌ വസ്തുത). പക്ഷേ, മനുഷ്യ മാഹാത്മ്യത്തിന്റെ അടിസ്ഥാനമെന്തെന്ന്‌ ചൂണ്ടിക്കാണിക്കാതെ എങ്ങനെ സാമൂഹ്യ നീതിയെക്കുറിച്ച്‌ പറയാനാകും?

മാര്‍ക്സിസം പാവങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നു, ക്രൈസ്തവര്‍ പാവങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു അതുകൊണ്ട്‌ ഇരുകൂട്ടര്‍ക്കും കൈകോര്‍ക്കാം എന്നുപറയുന്നവരുണ്ട്‌. എന്നാല്‍ എന്താണ്‌ പാവങ്ങള്‍ക്ക്‌ വേണ്ടിയുള്ള മാര്‍ക്സിസ്റ്റ്‌ പദ്ധതി? ആത്യന്തികമായി തൊഴിലാളിവര്‍ഗത്തിന്റെ പേരില്‍ പാര്‍ട്ടിയുടെ സര്‍വാധിപത്യത്തിലൂടെ വര്‍ഗരഹിതസമൂഹം സൃഷ്ടിക്കാനുള്ള അവരുടെ പരിപാടിയോട്‌ ക്രൈസ്തവര്‍ക്ക്‌ സഹകരിക്കാനാകുമോ? വ്യക്തിസ്വാതന്ത്ര്യത്തിന്‌ അവര്‍ എന്തു പ്രാധാന്യമാണു നല്‍കുക? മാര്‍ക്സിസം പ്രായോഗികമാക്കിയ രാജ്യങ്ങളില്‍ മനുഷ്യസ്വാതന്ത്ര്യം എങ്ങനെയായിരുന്നു? പാവങ്ങളുടെ സ്ഥിതി എന്തായിരുന്നു? കുരുതികഴിക്കപ്പെട്ട കോടിക്കണക്കിനാളുകളേയും സൈബീരിയായിലെ ക്രൂരമായ തടങ്കല്‍പാളയങ്ങളെപ്പറ്റിയും എന്തുപറയാനാവും?



ചില വിമോചനദൈവശാസ്ത്രക്കാരുടെ ഭ്രമം

ചില വിമോചനദൈവശാസ്ത്രജ്ഞന്മാരാണ്‌ ഇങ്ങനെയുള്ള നിലപാടുകള്‍ സഭയ്ക്കുള്ളിലെത്തിച്ചത്‌. പാവങ്ങളോട്‌ പക്ഷപാതപരമായ സമീപനം (ജൃലളലൃലിശേമഹ ീ‍ു‍ശ്ി‍ ) വേണമെന്നുപറയാന്‍ മാര്‍ക്സിസത്തിന്റെ ആവശ്യമില്ലായിരുന്നു. സഭയുടെ ആദ്യകാലം മുതലുള്ള ചരിത്രത്തില്‍നിന്നും സഭാപിതാക്കന്മാരുടേയും കഴിഞ്ഞ നൂറ്റാണ്ടിലെ തന്നെയും ഔദ്യോഗിക സാമൂഹിക പ്രബോധനത്തില്‍നിന്നുമെല്ലാം ഈ പ്രചോദനം ഉള്‍ക്കൊള്ളാമായിരുന്നു. പക്ഷേ, തെക്കേഅമേരിക്കയില്‍ ചിലര്‍ 'സമത്വസുന്ദര" വാഗ്ദാനത്തില്‍ മയങ്ങി മാര്‍ക്സിസ്റ്റ്‌ വിശകലനരീതിയെ അവലംബിച്ച്‌ ഒരു ചിന്താഗതി പ്രബലമാക്കി. ഇന്ത്യയില്‍തന്നെയും ചിലര്‍ ഈ സമീപനം ഉള്‍ക്കൊണ്ട്‌ എഴുതുകയും ക്രൈസ്തവസംഘടനകളില്‍ സ്വാധീനംചെലുത്തുകയും ചെയ്തു. കലാലയങ്ങളിലെ വിദ്യാര്‍ഥി സംഘടനയില്‍ പോലും ഇങ്ങനെയൊരു ധാരണ കടന്നുവരാന്‍ ഇക്കൂട്ടര്‍ ഇടയാക്കി. അവിടെ വിദ്യാര്‍ഥികളെ നയിക്കേണ്ട ചിലര്‍ പറഞ്ഞുകൊടുത്തത്‌ കുട്ടികള്‍ മാവോയുടെ 'ചുവപ്പുപുസ്തകം" പഠനവിഷയമാക്കണമെന്നായിരുന്നത്രേ!! മാവോയിസം ഇപ്പോള്‍ എവിടെ?

കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ ഇരുമ്പുവലയവും ചൈനയുടെ മുളവലയും തകര്‍ന്നപ്പോള്‍ ഇത്തരം പല സ്വപ്നങ്ങളും പൊലിഞ്ഞുപോയി എന്നതാണ്‌ വസ്തുത. എന്നാലും ഇപ്പോഴും ഈ പ്രത്യയശാസ്ത്രക്കാര്‍ പാവങ്ങളുടെ പക്ഷത്താണ്‌ എന്നുപറയുന്നത്‌ പഴയ ആശയങ്ങളുടെ അലയടികള്‍ മാത്രമായി കരുതിയാല്‍ മതി. ഇന്ന്‌ പ്രത്യയശാസ്ത്രക്കാരുടെ ധനക്കൊഴുപ്പ്‌ കൂടുതല്‍ വ്യക്തമായിരിക്കെ പാവങ്ങളോടുള്ള പക്ഷപാതത്തിന്‌ അവരുടെയിടയില്‍ മാതൃക തേടേണ്ടതില്ല. സഭ പാവപ്പെട്ടവര്‍ക്കു വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ കുറേക്കൂടി അനുഭാവത്തോടെ മനസിലാക്കാന്‍ ശ്രമിച്ചാല്‍ മതി.



അപക്വമായ വീക്ഷണങ്ങള്‍

കേരളത്തിലെ ശാസ്ത്രകലാരംഗത്തുള്ള ചില ഇടതുപക്ഷക്കാരുടെ വികലചിന്തകള്‍ 20-ാ‍ം നൂറ്റാണ്ടിന്റെ മധ്യകാലത്ത്‌ സമൂഹത്തെ ഏറെ സ്വാധീനിച്ചു. യുവത്വത്തിന്റെ അപക്വമായ ആവേശവും ഈ ആകര്‍ഷണത്തിന്‌ കാരണമായിരിക്കാം. ഇംഗ്ലണ്ടിലെ പ്രസിദ്ധനായ എഴുത്തുകാരന്‍ ചെസ്റ്റര്‍ട്ടന്‍ ഒരിക്കല്‍ പറയുകയുണ്ടായി, 'ഇരുപത്‌' വയസാകുമ്പോള്‍ ഒരാള്‍ ഒരു സോഷ്യലിസ്റ്റായില്ലെങ്കില്‍ അയാള്‍ക്ക്‌ ഹൃദയമില്ല' എന്ന്‌. എന്നാല്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തതും ഓര്‍ത്തിരിക്കണമല്ലോ, 'ഇരുപത്തഞ്ച്‌ വയസാകുമ്പോള്‍ അയാള്‍ സോഷ്യലിസ്റ്റായി തുടര്‍ന്നാല്‍ അയാള്‍ക്ക്‌ തലയില്ല'. (അതായത്‌ ചിന്താ ശക്തിയില്ലായെന്ന്‌). വിമോചനത്തിന്‌ മാര്‍ക്സിയന്‍ വിശകലനം ഉപാധിയാക്കിയവര്‍ ഇത്‌ ഓര്‍ത്തിരിക്കേണ്ടതാണ്‌.

ഇ.എം.എസിന്റെ ഭൂപരിഷ്കരണ നിയമമാണ്‌ സിദ്ധാന്തക്കാര്‍ പാവപ്പെട്ടവര്‍ക്ക്‌ ചെയ്ത വലിയകാര്യമായി കേരളത്തില്‍ ഉയര്‍ത്തിക്കാണിക്കുന്നത്‌. ഓര്‍ത്തിരിക്കേണ്ട ഒരുകാര്യം ഭൂപരിഷ്കരണം പല സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും വന്‍ കലാപങ്ങള്‍ക്ക്‌ ഇടയാക്കിയിട്ടുണ്ട്‌ എന്നതാണ്‌. എന്നാല്‍, കേരളത്തില്‍ അങ്ങനെയൊരു പ്രതികരണമുണ്ടായില്ല. ശരിയാണ്‌. എന്താണിതിനു കാരണം? ഒരു സുപ്രധാന കാരണം ഇവിടെ ക്രൈസ്തവ മിഷണറിമാരുടെ കാലം മുതല്‍ ആരംഭിച്ച വിദ്യാഭ്യാസപ്രവര്‍ത്തനമാണ്‌ എന്നതില്‍ സംശയമില്ല. വ്യക്തിമാഹാത്മ്യത്തെക്കുറിച്ചുള്ള അവബോധവും, സമത്വം, സ്വാതന്ത്ര്യം , സാഹോദര്യം തുടങ്ങിയ മൂല്യങ്ങളും വിദ്യാഭ്യാസത്തിലൂടെ കൈമാറിയതാണ്‌ അനുകൂല സാഹചര്യങ്ങള്‍ കേരളത്തില്‍ ഉണ്ടാകാന്‍ ഇടയാക്കിയത്‌.

എന്നാല്‍, അഞ്ചോ പത്തോ സെന്റ്‌ പിടിച്ചെടുത്ത്‌ നല്‍കിയാല്‍ പ്രശ്നപരിഹാരമാകില്ലല്ലോ. കുടികിടപ്പവകാശം കിട്ടിയവരുടെ മക്കള്‍ക്ക്‌ താമസസ്ഥലം ഇല്ലാതെയായി!! കൃഷി മെച്ചപ്പെടുത്താനുള്ള സംവിധാനമോ പ്രോത്സാഹനമോ ഇല്ലാതിരുന്നതുകൊണ്ട്‌ ആ രംഗത്ത്‌ എന്ത്‌ വളര്‍ച്ചയാണുണ്ടായത്‌? മുരിക്കന്റെ കായല്‍ എങ്ങനെയായി? മറ്റൊന്ന്‌, ഈ സിദ്ധാന്തത്തിന്റെ വേലിയേറ്റത്തില്‍ ഇവിടെയുണ്ടായിരുന്ന വ്യവസായങ്ങള്‍തന്നെ തകരുകയും പുതിയ വ്യവസായസംരംഭങ്ങള്‍ കടന്നുവരാതെയുമായി എന്നതാണ്‌. വാസ്തവത്തില്‍ തൊഴിലും വരുമാനവും ഉറപ്പാക്കുകയായിരുന്നു യഥാര്‍ഥ ആവശ്യം. ലോകത്ത്‌ എല്ലായിടങ്ങളിലുമുള്ള അനുഭവങ്ങളില്‍നിന്നും ഇതാണ്‌ നാം മനസിലാക്കുക. പക്ഷേ, ഇവിടെ നിക്ഷേപ സൗഹൃദസമൂഹമുണ്ടായില്ല. ശരിയായ തൊഴില്‍സംസ്കാരവും രൂപപ്പെട്ടില്ല. കംപ്യൂട്ടര്‍ വന്നപ്പോള്‍ അതിനെ എതിര്‍ത്തത്‌ ഈ പശ്ചാത്തലത്തിലാണല്ലോ. ഇതെല്ലാം മറന്ന്‌ ഭൂപരിഷ്കരണത്തെ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ കഥയില്ല.



മാര്‍ക്സിസം, പരിമിതമായ വീക്ഷണം

മാര്‍ക്സിയന്‍ സിദ്ധാന്തത്തെ ദൈവികവെളിപാടിന്‌ സമാനമായി കരുതുന്നത്‌ പാടേ തെറ്റാണ്‌. ഈ സിദ്ധാന്തം ഒരു പ്രത്യേക കാലഘട്ടത്തിലെ (1850-1920) യൂറോപ്യന്‍ സാമ്പത്തിക സാമൂഹ്യ സാഹചര്യങ്ങളില്‍ ഉരുത്തിരിഞ്ഞ ഒരു പ്രത്യയശാസ്ത്രമാണ്‌. അന്നത്തേതില്‍നിന്നെല്ലാം എത്രയോ വ്യത്യസ്തമായ സങ്കീര്‍ണ സാഹചര്യങ്ങളാണ്‌ ഇന്ന്‌ ലോകത്തിലും ഭാരതത്തിലുമുള്ളത്‌. ഇന്ത്യയിലെ ജാതിസമ്പ്രദായത്തേയും മറ്റും കണക്കിലെടുത്ത്‌ ഒരു സാമൂഹ്യവിശകലനം നടത്താന്‍ മാര്‍ക്സിനു കഴിഞ്ഞില്ല എന്ന്‌ പണേ്ട വിമര്‍ശനമുണ്ടായിരുന്നു. ഇന്നത്തെ ആഗോള സാമ്പത്തികക്രമങ്ങളേയും ഫിനാന്‍ഷ്യല്‍ മുതലാളിത്തത്തിന്റെ രീതികളെയും വേണ്ടരീതിയില്‍ വിശകലനം ചെയ്ത്‌ വളരാന്‍ മാര്‍ക്സിസത്തിന്‌ കഴിഞ്ഞിട്ടില്ല. കേരളത്തില്‍ പ്രത്യേകിച്ചും മാര്‍ക്സിസത്തിന്റെ പഴഞ്ചന്‍ രീതികള്‍ അടിച്ചേല്‍പ്പിക്കാനുള്ള വ്യഗ്രതയിലാണ്‌ പല നേതാക്കളും. മതത്തോടുള്ള സമീപനംതന്നെ ഇതിനുദാഹരണമാണ്‌.



ഏതുതരത്തിലുള്ള ഹ്യൂമനിസം?

മാര്‍ക്സിസ്റ്റുകാര്‍ വ്യവസ്ഥിതിയേക്കാള്‍ മനുഷ്യന്‌ കൂടുതല്‍ പ്രാധാന്യം നല്‍കുന്നുവെന്നതാണ്‌ അവരെപ്പറ്റി നല്ലത്‌ പറയണമെന്നുള്ളവര്‍ പറയുന്ന ഒരുകാര്യം. മനുഷ്യനു നല്‍കുന്ന പ്രാധാന്യം ക്രൈസ്തവദര്‍ശനത്തിന്റെ അവിഭാജ്യഭാഗമാണല്ലോ. എന്നാല്‍, മനുഷ്യനെ മാര്‍ക്സിസം എങ്ങനെയാണ്‌ കാണുന്നത്‌ എന്നുകൂടി അന്വേഷിക്കേണ്ടതുണ്ടല്ലോ. മാര്‍ക്സിന്റേയും കൂട്ടരുടേയും കാഴ്ചപ്പാടില്‍ മനുഷ്യന്‍ കേവലം ഭൗതീകയാഥാര്‍ഥ്യം മാത്രമാണ്‌. ദൈവത്തേയും നിത്യജീവിതത്തേയും കുറിച്ചുള്ള ധാരണകളെല്ലാം മിഥ്യകളാണ്‌, മാത്രമല്ല അങ്ങനെയുള്ള ധാരണകള്‍ മനുഷ്യനെ മയക്കത്തിലാക്കി യഥാര്‍ഥ പുരോഗതിക്ക്‌ തടസമുണ്ടാക്കുന്നു എന്നുമായിരുന്നു അവരുടെ കാഴ്ചപ്പാട്‌. വാസ്തവത്തില്‍ കേവലം ഭൗതികവാദത്തിന്റ തീവ്രമായ രൂപമാണ്‌ മാര്‍ക്സിസം. മനുഷ്യമാഹാത്മ്യത്തിന്റെ അടിസ്ഥാനമായി ചൂണ്ടിക്കാണിക്കേണ്ട വ്യക്തിസ്വാതന്ത്ര്യത്തിനോ സ്വകാര്യസ്വത്തിനോ മനുഷ്യാവകാശങ്ങള്‍ക്കോ ഈ പ്രത്യയശാസ്ത്രത്തില്‍ വലിയ പ്രസക്തിയില്ല. ഒരു മോഹനസുന്ദരസ്വപ്നത്തിനുവേണ്ടി എല്ലാം ബലികഴിക്കുന്നതിന്‌ അവര്‍ക്ക്‌ മടിയില്ല. ഇങ്ങനെയൊരു ദര്‍ശനത്തിലെ മാനവികത എന്താണ്‌?

നീതിപൂര്‍വ്വമായ ഒരു സമൂഹം രൂപപ്പെടുത്തുന്നതിന്‌ സ്നേഹം കൂടാതെ സാധിക്കുകയില്ല. പക്ഷേ, സ്നേഹത്തിന്‌ ഈ പ്രത്യയശാസ്ത്രത്തില്‍ എവിടെയാണ്‌ സ്ഥാനം? പരി.പിതാവിന്റെ വാക്കുകള്‍ ഇവിടെ ശ്രദ്ധേയമാണ്‌. പരസ്നേഹപ്രവര്‍ത്തനങ്ങള്‍ വിപ്ലവത്തെ മന്ദീഭവിപ്പിക്കുന്നുവെന്നും മറ്റുമുള്ള മാര്‍ക്സിസ്റ്റ്‌ നിലപാടിനെ ചൂണ്ടിക്കാട്ടിയ ശേഷമാണ്‌ പരി.പിതാവിന്റെ ഈ പരാമര്‍ശം: "ഈ വിധത്തില്‍ കാണുമ്പോള്‍ പരസ്നേഹപ്രവര്‍ത്തനത്തെ, നിലവിലുള്ള അവസ്ഥയെ സംരക്ഷിക്കാനുള്ള മാര്‍ഗമെന്ന നിലയില്‍ (ഇവര്‍) നിരസിക്കുകയും ആക്രമിക്കുകയും ചെയ്യുന്നു. ഇവിടെ നാം കാണുന്നത്‌ യഥാര്‍ഥത്തില്‍ മനുഷ്യത്വരഹിതമായ ഒരു തത്വശാസ്ത്രമാണ്‌. വര്‍ത്തമാനകാലത്തുള്ള മനുഷ്യര്‍ ഭാവിയിലെ മോളോക്ക്്‌ ദേവന്‌ ബലിയര്‍പ്പിക്കപ്പെടുന്നു. ആ ഭാവിയുടെ സാക്ഷാത്കാരം സംശയാസ്പദവുമാണ്‌. ഇവിടെ ഇപ്പോള്‍ മാനുഷികതയോടെ പ്രവര്‍ത്തിക്കാന്‍ വിസമ്മതിക്കുന്നതിലൂടെ ആരും ലോകത്തെ കൂടുതല്‍ മാനുഷികമാക്കുന്നില്ല" (ഉലൗെ‍ ഇമൃശമേെ‍ ലെ‍േ‍ 31.യ ). സ്നേഹത്തിന്‌ സ്ഥാനമില്ലാത്ത ഒരു മാനവികതയ്ക്ക്‌ ക്രൈസ്തവികതയുമായി എങ്ങനെ പൊരുത്തപ്പെടാന്‍ കഴിയും. അതുകൊണ്ട്‌ ക്രിസ്തു യഥാര്‍ത്ഥ മാര്‍ക്സിസ്റ്റാണന്നും മറ്റും പറയുന്നത്‌ കടുത്ത അവഹേളനമാണ്‌.

ദൈവത്തെ പാടേ നിഷേധിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തോടും, സ്നേഹത്തിന്‌ ഇടമില്ലാത്ത ഒരു സിദ്ധാന്തത്തോടും ക്രൈസ്തവര്‍ക്ക്‌ പൊരുത്തപ്പെടാനാവില്ല. എന്നാല്‍, മാര്‍ക്സിസ്റ്റുകളോട്‌ ഒരുവിധത്തിലും ഇടപെടാന്‍ പറ്റില്ലേ? ക്രൈസ്തവര്‍ മനുഷ്യരെ വെറുക്കുന്നില്ല. തെറ്റായ സിദ്ധാന്തങ്ങളെയും നയപരിപാടികളെയുമാണ്‌ എതിര്‍ക്കുന്നത്‌; ശക്തമായി എതിര്‍ക്കേണ്ടതും. അതിന്‌ ഒത്തുതീര്‍പ്പില്ല. ക്രൈസ്തവസ്നേഹത്തിന്റെ സ്വഭാവം ശത്രുക്കളേയും സ്നേഹിക്കുന്നതാണ്‌. പക്ഷേ, സിദ്ധാന്തങ്ങളോടും നയപരിപാടികളോടും ഭരണശൈലിയോടും മമത പുലര്‍ത്തുന്നത്‌ ആത്മവഞ്ചനയാകും, നീതീകരിക്കാനുമാവില്ല.

4 നിരൂപണങ്ങള്‍:

t.k. formerly known as തൊമ്മന്‍ said...

നല്ല ലേഖനം. കാലഹരണപ്പെട്ട കമ്യൂണിസ്റ്റ്/സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ അപാകതകളെ നല്ലവണ്ണം ചുരുക്കിയെഴുതിയിരിക്കുന്നു.

കമ്യൂണിസത്തെ ആദിമക്രൈസ്തവസമൂഹവുമായി ബന്ധിപ്പിക്കുന്നവര്‍ മറന്നുപോകുന്നത്, റഷ്യന്‍ ചിന്തകനായ വ്ലാഡിമിര്‍ സൊളോവീവിന്റെ ഈ നിരീക്ഷണമാണ്: യേശു അനുയായികളെ തങ്ങള്‍‌ക്കുള്ളത് മറ്റുള്ളവര്‍ക്ക് പങ്കുവയ്ക്കാന്‍ ഉപദേശിച്ചു; കമ്യൂണിസ്റ്റുകാര്‍ മറ്റുള്ളവരെ സമ്പത്ത് ഉപേക്ഷിക്കുവാന്‍ നിര്‍ബന്ധിച്ചു. പ്രയോഗത്തില്‍ രണ്ടാമത്തെ ചിന്താഗതി എത്ര പൈശാചികമാകാമെന്ന് ഏകദേശം മുക്കാല്‍ നൂറ്റാണ്ട് നീണ്ട കമ്യൂണിസ്റ്റ് പരീക്ഷണങ്ങള്‍ തെളിയിക്കുകയും ചെയ്തു.

N.J ജോജൂ said...

Really powerful article.

Manoj മനോജ് said...

അഭിനന്ദനങ്ങള്‍. നല്ല കഥ വായിച്ചതിന്റെ സംതൃപ്തി ആദ്യമേ അറിയിക്കട്ടെ. കഥയുടെ പ്ലോട്ട് നന്നായിട്ടുണ്ട്. എന്നിരുന്നാലും ചില സ്ഥലങ്ങളില്‍ കഥയ്ക്ക് ചില വീക്കനെസ്സ് വന്നിട്ടുണ്ട്. തുടര്‍ന്നെഴുതുന്ന കഥകള്‍ കൂടുതല്‍ ആസ്വാദകരമായിരിക്കുമെന്ന് കരുതട്ടെ.... തുടര്‍ന്നും എഴുതുക.

Manoj മനോജ് said...

"ഒരു സുപ്രധാന കാരണം ഇവിടെ ക്രൈസ്തവ മിഷണറിമാരുടെ കാലം മുതല്‍ ആരംഭിച്ച വിദ്യാഭ്യാസപ്രവര്‍ത്തനമാണ്‌ എന്നതില്‍ സംശയമില്ല. വ്യക്തിമാഹാത്മ്യത്തെക്കുറിച്ചുള്ള അവബോധവും, സമത്വം, സ്വാതന്ത്ര്യം , സാഹോദര്യം തുടങ്ങിയ മൂല്യങ്ങളും വിദ്യാഭ്യാസത്തിലൂടെ കൈമാറിയതാണ്‌ അനുകൂല സാഹചര്യങ്ങള്‍ കേരളത്തില്‍ ഉണ്ടാകാന്‍ ഇടയാക്കിയത്‌."

ബ്രിട്ടീഷ് ഭരണ സമയത്തെ ക്രൈസ്തവ മിഷണറീമാര്‍ നടത്തിയിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ “സ്വാതന്ത്ര്യം” എന്ന ആശയം വിദ്യാഭ്യാസത്തിലൂടെ കൈമാറിയെന്ന്...

നല്ല തമാശ....

പാവം ഗാന്ധി കോണ്‍ഗ്രസ്സ്...