March 20, 2009

മുറിവുണ്ടാകുന്നവരല്ല, മുറിവുണക്കുന്നവരാണ്‌ ബിഷപ്പുമാര്‍

പ്രഫ. ഡോ. കുര്യാസ്‌ കുമ്പളക്കുഴി

കേരളത്തിന്‌ ഇതു മുറിവുകളുടെ കാലം. മുറിവുണക്കാന്‍ ചുമതലപ്പെട്ടവര്‍ ഉള്ള മുറിവുകള്‍ കരിയുന്നില്ല എന്നുറപ്പുവരുത്തുകയും പുതിയ മുറിവുകളുണ്ടാക്കി രസിക്കുകയും ചെയ്യുന്നു. അക്കൂട്ടത്തില്‍ ഏറ്റവും പുതിയതാണ്‌ അധ്യാപകര്‍ക്കു ബോധന സഹായിയും കുട്ടികള്‍ക്കു പഠന സഹായിയുമായി വിദ്യാഭ്യാസ വകുപ്പ്‌ വിതരണംചെയ്ത മുറിവ്‌ എന്ന ഹ്രസ്വ ചലച്ചിത്രം.

ഒരു ബിഷപ്പിന്റെ കാറുമുട്ടി ഒരു പാവം കുട്ടിയുടെ കുഞ്ഞാട്‌ ചത്തുവീഴുന്നു. കുട്ടിയുടെ കരച്ചില്‍ കേള്‍ക്കാതെ ആടിനെ വണ്ടിയിലിട്ട്‌ ബിഷപ്സ്‌ ഹൗസിലെത്തുന്ന ബിഷപ്‌ അതു പാകം ചെയ്യിച്ച്‌ അത്താഴം കഴിക്കുന്നു. ഇത്‌ ഏതു നാട്ടില്‍ ഏതു കാലത്തു സംഭവിച്ചതാണാവോ? തിരക്കഥാകൃത്തും സംവിധായകനും പ്രത്യേക വിശദീകരണമൊന്നും നല്‍കാത്തതുകൊണ്ട്‌ എല്ലാക്കാലത്തും സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ എന്നായിരിക്കാം വിവക്ഷ.

ഇത്രയും ക്രൂരനായ ഒരു ബിഷപ്‌ ചലച്ചിത്രശില്‍പ്പികളുടെ പരിചയ സീമയില്‍ ഉണേ്ടായെന്നുമറിയില്ല. ഇത്തരത്തിലൊരു ബിഷപ്പിനെ നേരിട്ടറിയാനോ കേട്ടറിയാനോ ചരിത്രത്തില്‍നിന്നു പരിചയപ്പെടാനോ എനിക്കിതുവരെ അവസരം ലഭിച്ചിട്ടുമില്ല. പക്ഷേ, മറിച്ചൊരു ബിഷപ്പിനെ ലോകോത്തരമായ ഒരു നോവലില്‍ പരിചയപ്പെട്ടിട്ടുണ്ട്‌. ഫ്രഞ്ചുകവിയും നോവലിസ്റ്റുമായ വിക്തോര്‍ യൂഗോവിന്റെ 'പാവങ്ങള്‍' എന്ന നോവലിലെ കഥാപാത്രമായ ഡി.യിലെ മെത്രാനാണത്‌.

വര്‍ഷത്തില്‍ പതിനയ്യായിരം ഫ്രാങ്ക്‌ അദ്ദേഹത്തിനു സര്‍ക്കാരില്‍നിന്നു വേതനം ലഭിച്ചിരുന്നു. അതില്‍നിന്നു പതിനാലായിരം ഫ്രാങ്കും വിവിധ ധര്‍മസ്ഥാപനങ്ങള്‍ക്കും സഹായം അര്‍ഹിക്കുന്നവര്‍ക്കും നീക്കിവച്ചിട്ട്‌ ആയിരം ഫ്രാങ്കുകൊണ്ടാണദ്ദേഹം തന്റെ ചെലവുകള്‍ നിര്‍വഹിച്ചിരുന്നത്‌. ഒരു കുഞ്ഞാടിനെയെന്നല്ല ഒരുറുമ്പിനെപ്പോലും കൊല്ലാന്‍ വയ്യാത്തത്ര അഹിംസാവാദിയായിരുന്നു അദ്ദേഹം. ഒരിക്കല്‍ വഴിനടക്കുന്നതിനിടയില്‍ കാലിനടിയില്‍ പെട്ടേക്കാവുന്ന ഒരുറുമ്പിനെ രക്ഷിക്കാന്‍വേണ്ടി ഒക്കിച്ചാടിയതുകൊണ്ട്‌ നടുവുളുക്കി അദ്ദേഹം കുറേക്കാലം കിടപ്പിലായിപ്പോയി!

സ്വന്തം വസതിയുടെ പ്രധാന വാതില്‍ ആര്‍ക്കും പ്രവേശിക്കാവുന്നവിധം രാവും പകലും തുറന്നിട്ടിരുന്നു. തന്റെ സമ്പത്തിനെപ്പറ്റി അദ്ദേഹത്തിനു യാതൊരുത്കണ്ഠയും ഉണ്ടായിരുന്നില്ല. കാരണം, അങ്ങനെ എടുത്തുപറയാവുന്നതായി ആ വീട്ടില്‍ യാതൊന്നുംതന്നെ ഉണ്ടായിരുന്നില്ല. എന്നിട്ടും ഒരുദിവസം രാത്രിയില്‍ അവിടെ അഭയംതേടിയെത്തിയ ഒരു കുറ്റവാളി യാങ്ങ്‌ വേല്‍ ഴാങ്ങ്‌ (നോവലിലെ മുഖ്യകഥാപാത്രം), അവിടെ ആകെയുണ്ടായിരുന്ന ഒരു വെള്ളിപ്പാത്രവും സ്പൂണും മോഷ്ടിച്ചുകൊണ്ടു പൊയ്ക്കളഞ്ഞു!

പിന്നെയാണു രസം. പോലീസുകാരുടെ പിടിയില്‍പ്പെട്ട കള്ളന്റെ ഭാണ്ഡത്തില്‍ കിടന്ന വെള്ളിപ്പാത്രത്തില്‍ ബിഷപ്പിന്റെ പേരു കണ്ട പോലീസുകാര്‍ അയാളെ തൊണ്ടി സഹിതം ബിഷപ്പിന്റെ അടുത്തെത്തിച്ചു. അദ്ദേഹം മോഷ്ടാവിനോടു ചോദിച്ചു: ഞാന്‍ നിങ്ങള്‍ക്കു രണ്ടു മെഴുതിരിക്കാലുകള്‍ക്കൂടി തന്നുവല്ലോ. അവയും കട്ടിവെള്ളിയാണ്‌. നിങ്ങള്‍ക്കവയില്‍നിന്ന്‌ ഇരുന്നൂറു ഫ്രാങ്ക്‌ കിട്ടും. നിങ്ങള്‍ എന്തുകൊണ്ട്‌ അവകൂടി കൊണ്ടുപോയില്ല?

അമ്പരന്നുപോയ പോലീസുകാര്‍ ക്ഷമാപണത്തോടെ സ്ഥലംവിട്ടു. തനിച്ചായപ്പോള്‍ ഴാങ്ങ്‌ വേല്‍ ഴാങ്ങിനോടു മെത്രാന്‍ പറഞ്ഞു: "ഒരു സത്യവാനായി കഴിയാന്‍ നിങ്ങള്‍ എന്നോടു പ്രതിജ്ഞ ചെയ്തിട്ടുണ്ട്‌. നിങ്ങളുടെ ആത്മാവിനെ ഞാന്‍ വിലയ്ക്കുവാങ്ങുന്നു. അതിനെ നരകദേവതയുടെ അടുക്കല്‍നിന്നു വീണെ്ടടുക്കുന്നു. ഞാന്‍ അതിനെ ദയാലുവായ ഈശ്വരങ്കല്‍ സമര്‍പ്പിക്കുന്നു."

പിന്നെ എന്തുണ്ടായി? ഴാങ്ങ്‌ വേല്‍ ഴാങ്ങ്‌ പില്‍ക്കാലത്തു പൊതുജീവിതത്തില്‍ പ്രത്യക്ഷപ്പെട്ടു. എല്ലാവര്‍ക്കും ആദരണീയനായ നന്മമാത്രം ചെയ്യുന്ന മഹാത്മാവായി അദ്ദേഹം പരിവര്‍ത്തനംകൊണ്ടു. അത്രയ്ക്കു തീക്ഷ്ണവും അപരന്റെ ആത്മാവിലെ പാപക്കറ ഉരുക്കിയെടുക്കുന്നതുമായിരുന്നു ഡി.യിലെ മെത്രാന്റെ ആന്തരിക ചൈതന്യം.

യൂഗോ എഴുതുന്നു: "ഈശ്വരന്റെ മാഹാത്മ്യത്തെപ്പറ്റിയും സാന്നിധ്യത്തെപ്പറ്റിയും അദ്ദേഹം ചിന്തിച്ചു. അവസാനമില്ലാത്ത ഭാവിയെപ്പറ്റി- ആ അത്ഭുതകരമായ ലോകരഹസ്യത്തെപ്പറ്റി- അദ്ദേഹം ആലോചിച്ചു. അവസാനമില്ലാത്ത ഭൂതകാലത്തെപ്പറ്റി- കുറേക്കൂടി അത്ഭുതകരമായ ലോകരഹസ്യത്തെപ്പറ്റി- അദ്ദേഹം വിചാരിച്ചു. തന്റെ നോട്ടത്തിനടിയിലൂടെ തന്റെ എല്ലാ വിഷയേന്ദ്രീയങ്ങളിലേക്കും തുളഞ്ഞുകയറുന്ന എല്ലാ അപാരതകളെക്കുറിച്ചും അദ്ദേഹം നിരൂപിച്ചു. എന്നിട്ട്‌ ആ അറിവാന്‍ കഴിയാത്തതിനെ അറിവാന്‍ ശ്രമിക്കാതെ, അദ്ദേഹം അതിനെ സൂക്ഷിച്ചുനോക്കും. താന്‍ ഈശ്വരനെ പഠിച്ചുനോക്കിയില്ല; ഈശ്വരനെ കണ്ടു താന്‍ അമ്പരന്നു."

ഈശ്വരനെപ്പറ്റി പഠിക്കാതെ ഈശ്വരനെ മുഖാമുഖം കണ്ടുകൊണ്ടിരിക്കുന്ന ദിവ്യാനുഭവമായിരുന്നു ഡി.യിലെ മെത്രാന്റെ ആത്മശക്തിയുടെ രഹസ്യം. കാരുണ്യത്തിന്റെ മൂര്‍ത്തിമദ്ഭാവമായി, ജീവിക്കുന്ന ക്രിസ്തുവായി, അദ്ദേഹം ജനങ്ങള്‍ക്കിടയില്‍ അവരെ വിശുദ്ധീകരിച്ചുകൊണ്ട്‌ അജപാലകധര്‍മം നിര്‍വഹിച്ചു.

ദരിദ്രനായ അയല്‍ക്കാരന്റെ ആകെ സമ്പത്തായ കുഞ്ഞാടിനെ കൊന്നു വിരുന്നൊരുക്കിയവന്‍ എന്നു നാഥാന്‍ പ്രവാചകന്‍ ശാസിച്ചതു ദാവീദുരാജാവിനെയാണ്‌. അതു രാഷ്ട്രീയത്തിന്റെയും അധികാരത്തിന്റെയും വഴികള്‍. അവരാണു മറ്റുള്ളവരുടെ കുഞ്ഞാടുകളെ കൊന്നു ബിരിയാണി വയ്ക്കുന്നവര്‍. ആധ്യാത്മികാചാര്യന്മാരുടെ വഴികള്‍ വേറെയാണ്‌. ബിംബിസാര രാജാവിന്റെ യാഗശാലയിലേക്കു തെളിച്ചുകൊണ്ടുപോയ ആട്ടിന്‍കൂട്ടത്തിലെ മുടന്തനാടിനെ തോളിലേറ്റുന്ന ശ്രീബുദ്ധകാരുണ്യമാണ്‌ ആധ്യാത്മിക നേതാക്കളുടേത്‌. അതു തിരിച്ചറിയാതെ നിന്ദയും പരിഹാസവും ചൊരിയുന്നവര്‍ മതമുള്ള ജീവന്റെ കരുത്തറിയാത്തവരാണ്‌.

മുറിവിന്റെ തിരക്കഥ തയാറാക്കിയവരും അതു സംവിധാനം ചെയ്തവരും ഇക്കൂട്ടത്തിലാണു പെടുന്നത്‌. അവര്‍ ചെയ്യുന്നതു തങ്ങളിലെതന്നെ തിന്മയുടെ വികാരവിചാരങ്ങള്‍ മറ്റുള്ളവരില്‍ ആരോപിക്കുകയാണ്‌. ജനങ്ങള്‍ക്കിടയിലേക്കിറങ്ങുന്ന ഒരു മെത്രാനില്‍ നായാട്ടുകാരന്റെ കൗശലവും ശൗര്യവും കൂട്ടിയിണക്കാന്‍ മേറ്റ്ങ്ങനെയാണു കഴിയുക? ബുദ്ധന്റെ കാരുണ്യത്തിനവിടെ പ്രവേശനമില്ലെന്നു വിധിക്കാന്‍ അത്തരക്കാര്‍ക്കല്ലേ കഴിയൂ?

കേരള സഭയ്ക്കും സഭാധ്യക്ഷന്മാര്‍ക്കും എതിരെയുള്ള ആസൂത്രിതമായ ഒരു നീക്കത്തിന്റെ അണിയറയൊരുക്കങ്ങളില്‍നിന്ന്‌ ഒരു കരു അബദ്ധത്തില്‍ പുറത്തായിപ്പോയതാണു വിവാദവിധേയമായ ചിത്രം. വളരുന്ന തലമുറയില്‍നിന്ന്‌ മാനവികതയുടെ ആര്‍ദ്രവികാരങ്ങള്‍ തുടച്ചുനീക്കുകയാണു ലക്ഷ്യം. അതിനുപറ്റിയ ആയുധങ്ങള്‍ നല്‍കി ഗുരുനാഥന്മാരെത്തന്നെ പടയ്ക്കിറക്കാനാണു പുറപ്പാട്‌. അന്ധകാരത്തിന്റെ തേര്‍വാഴ്ചയ്ക്കു വിളക്കുകളെല്ലാം കെടുത്തി വഴിയൊരുക്കുകയാണു ആദ്യം ചെയ്യേണ്ടത്‌?

ഭൗതികവിജ്ഞാനത്തിന്റെ അളവുകോലുകള്‍കൊണ്ട്‌ അതിരുകള്‍ നിശ്ചയിക്കാന്‍ സാധ്യമല്ലാത്ത ഒരു ആന്തരിക ജീവിതംകൂടി മനുഷ്യനുണെ്ടന്ന്‌, അതാണു മനുഷ്യനെ ഇതര ജീവികളില്‍നിന്നും വേര്‍തിരിക്കുന്ന സുപ്രധാന ഘടകമെന്ന്‌ ഇത്തരക്കാര്‍ എന്തേ മറന്നുപോകുന്നു? ആ ജീവിതംകൊണ്ടാണ്‌ ആധ്യാത്മിക പുരുഷന്മാര്‍ താളംതെറ്റിയ മനസുകള്‍ക്കു സാന്ത്വനം പകരുന്നത്‌. ഭഗവത്ഗീത ഉപദേശിക്കുന്ന സമദര്‍ശനം, പുല്‍കളും പുഴുക്കളും കൂടി തന്‍ കുടുംബക്കാര്‍ എന്ന സര്‍വസമ വീക്ഷണം അത്തരം മഹാപുരുഷന്മാര്‍ക്കു സ്വന്തം. അതുകൊണ്ടാണു യൂഗോവിന്റെ മെത്രാന്‍ ചെടികളോടും പുഴുക്കളോടും മനുഷ്യരോടെന്നതുപോലെ വര്‍ത്തമാനം പറയുകയും കുശലം ചോദിക്കുകയും ചെയ്തിരുന്നത്‌. അടുത്ത നിമിഷം ശിരസുയര്‍ത്തി നക്ഷത്രങ്ങളോടു സ്വര്‍ഗീയകാര്യങ്ങള്‍ ചര്‍ച്ചചെയ്തിരുന്നത്‌.

ഭാരതീയചിന്ത ഈ സ്ഥിതിവിശേഷത്തെ 'ദര്‍ശനം' എന്നു പേരിട്ടുവിളിക്കുന്നു. 'ദര്‍ശനമുള്ളവന്‍ ഋഷി' എന്നു നിര്‍വചിക്കുന്നുമുണ്ട്‌. പാവങ്ങളിലെ മെത്രാന്‍ ഒരു ഋഷിയായിരുന്നു എന്ന്‌ യൂഗോ സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ടാണദ്ദേഹത്തിനു ദൈവത്തെപ്പറ്റി പഠിക്കാതെ ദൈവത്തെ മുഖാമുഖം കാണാന്‍ കഴിഞ്ഞത്‌. തന്നോടുതന്നെ എന്നതുപോലെ ദൈവവുമായി സംസാരിക്കാന്‍ കഴിഞ്ഞത്‌.

പക്ഷേ, എല്ലാ വിജ്ഞാനവും വൈരുധ്യാത്മക ഭൗതികവാദത്തില്‍ അവസാനിക്കുന്നു എന്നു തീരുമാനിക്കുന്നവര്‍ക്ക്‌ ഇതൊക്കെയെങ്ങനെയാണു മനസിലാവുക? മനസിന്റെ മുറിവുകള്‍ അവര്‍ക്കെങ്ങനെയാണു തിരിച്ചറിയാന്‍ കഴിയുക? ഐന്ദ്രിയാനുഭവങ്ങള്‍ക്കപ്പുറത്തുള്ള ഒന്നിനെയും 'അനുഭവിക്കാനാവുന്നില്ല' എന്ന യുക്തികൊണ്ടവര്‍ നിഷേധിക്കുന്നു. ഇവരുടെ മാതൃകാപുരുഷന്മാരിലൊരാളായ പ്രശസ്ത യുക്തിവാദി ഇംഗര്‍സോള്‍ ഒരു പൊതുസമ്മേളനത്തിനിടയില്‍ "അടുത്ത മൂന്നുമിനിട്ടിനകം ഞാന്‍ മൂന്നുപ്രാവശ്യം തുമ്മിയാല്‍ ഈശ്വരനുണെ്ടന്നു വിശ്വസിക്കാം" എന്നു വാതുവയ്ക്കുകയുണ്ടായത്രേ. പക്ഷേ, അതില്‍ തോല്‍പ്പിച്ച്‌ ഇംഗര്‍ സോളിനെക്കൊണ്ടു മൂന്നുതവണ തുമ്മിച്ച്‌ തന്റെ അസ്തിത്വം പ്രഖ്യാപിക്കാന്‍ ദൈവത്തിനു മനസുണ്ടായില്ല! മാനവരാശിക്കു മുറിവുകളുണ്ടാക്കുന്നത്‌ ഇത്തരം ഇംഗര്‍ സോള്‍മാരാണ്‌. അവരുടെ പിന്മുറക്കാര്‍ കുഞ്ഞാടുകളെക്കൊന്നു ബിഷപ്പുമാര്‍ ബിരിയാണി ഉണ്ടാക്കുന്ന കഥകള്‍ മെനയുന്നു!

കേരളത്തിലെ സാംസ്കാരിക നായകരിലൊരാളെന്നു പലരും കരുതുന്ന സുകുമാര്‍ അഴീക്കോട്‌, കഴിഞ്ഞവര്‍ഷം പ്രസംഗത്തിനിടയില്‍, കമ്യൂണിസ്റ്റുപാര്‍ട്ടിയില്‍ ചേരുന്നതില്‍നിന്നു വിശ്വാസികളെ ചില പുരോഹിതര്‍ വിലക്കുന്നതില്‍ രോഷംകൊണ്ട്‌, "ആട്ടിറച്ചി ബിരിയാണിക്കു നല്ലതാണെന്നു കരുതി കുഞ്ഞാടുകളെ ബിരിയാണിവച്ചു നശിപ്പിക്കരുത്‌" എന്നു മുന്നറിയിപ്പു നല്‍കുകയുണ്ടായി. ഗുരുവില്‍നിന്നുള്ള ഈ പ്രചോദനം ഏറ്റുവാങ്ങിയ ശിഷ്യരാവും മുറിവു നിര്‍മിച്ചത്‌.

അവരോട്‌ ഒരപേക്ഷയുണ്ട്‌. വിക്തോര്‍ യൂഗോവിന്റെ പാവങ്ങള്‍ ഒരുകുറി വായിക്കുക. ഡി.യിലെ മെത്രാനെ പരിചയപ്പെടുക. മുറിവുണ്ടാക്കുന്നവരല്ല മുറിവുണക്കുന്നവരാണ്‌, ആത്മാവിനെ നരകത്തിലേക്കയയ്ക്കുന്നവരല്ല നരകദേവതയുടെ പക്കല്‍ നിന്നു വീണെ്ടടുത്തു ദയാലുവായ ഈശ്വരങ്കല്‍ സമര്‍പ്പിക്കുന്നവരാണു ബിഷപ്പുമാര്‍ എന്നു തിരിച്ചറിയുക.

2 നിരൂപണങ്ങള്‍:

കിടങ്ങൂരാൻ said...

മാർപ്പാപ്പ പറഞ്ഞതു കേട്ടില്ലേ മക്കളേ.. കോണ്ടം ഉപയോഗിക്കുന്നത്‌ എയിഡ്സ്‌ പോലുള്ള ലൈംഗിക രോഗങ്ങൾ പടർന്നുപിടിക്കാൻ കാരണമാവുമത്രെ.. എന്തൊരു മഹത്തായ കണ്ടുപിടുത്തം!!! നോബൽ സമ്മാനത്തിന്‌ അങ്ങേരുടെ പേര്‌ ശുപാർശ ചെയ്തിട്ടുണ്ടെന്നാണ്‌ കേട്ടത്‌...മാർപ്പാപ്പ സ്വന്തം അനുഭവത്തിൽനിന്ന് പറഞ്ഞതാകും.അലവലാതി..

Baiju Elikkattoor said...

അച്ചോ,

അച്ഛന്‍ വിക്തോര്‍ യൂഗോവിന്റെ 'പാവങ്ങള്‍' പലകുറി വായിച്ചു കാണും, പക്ഷെ തല തിരിച്ചു പിടിച്ചാണ് വായിച്ചതെന്ന് തോന്നുന്നൂ.......!

"ഞാന്‍ നിങ്ങള്‍ക്കു രണ്ടു മെഴുതിരിക്കാലുകള്‍ക്കൂടി തന്നുവല്ലോ. അവയും കട്ടിവെള്ളിയാണ്‌. നിങ്ങള്‍ക്കവയില്‍നിന്ന്‌ ഇരുന്നൂറു ഫ്രാങ്ക്‌ കിട്ടും. നിങ്ങള്‍ എന്തുകൊണ്ട്‌ അവകൂടി കൊണ്ടുപോയില്ല?" എന്ന് ചോദിച്ച യൂഗോവിന്റെ വിശുദ്ധനായ കഥാപാത്രത്തോട് എങ്ങനെ "കാശുള്ളവര്‍ പഠിച്ചാല്‍ മതി" എന്ന് പറഞ്ഞു വിദ്യഭ്യാസ കച്ചവടം നടത്തുന്നവരെ ഉപമിക്കാന്‍ കഴിയുക? അങ്ങ് ഷേക്സ്പ്യറിന്‍റെ 'മെര്‍ച്ചന്റ ഓഫ് വെനീസ്' വായിച്ചിട്ടില്ല എന്ന് തോന്നുന്നൂ. അതില്‍ ഷൈലോക് എന്നരാളുണ്ട്, അതിയാനീ അച്ചന്മാരുടെയും മെത്രാന്മാരുടെയും നല്ല ഛായയാ.........!!!