March 24, 2009

മതേതരത്വവും ആത്മീയതയില്‍ അടിയുറച്ച സംസ്കാരവും ഉള്ളവരായിരിക്കണം സ്ഥാനാര്‍ഥികള്‍: കെസിബിസി ഇടയലേഖനം

ന്യൂനപക്ഷ, ദളിത്‌, ട്രൈബല്‍, പിന്നോക്ക വിഭാഗങ്ങള്‍ക്ക്‌ നീതി ഉറപ്പാക്കാനും അവരുടെ നേര്‍ക്കുണ്ടായ കൊടുംക്രൂരതകളുടെ മുറിവുണക്കാനുമുള്ള നിശ്ചയദാര്‍ഢ്യവും പ്രതിജ്ഞാബദ്ധതയും രാഷ്ട്രീയകക്ഷികള്‍ പരസ്യമായി വ്യക്തമാക്കണമെന്ന്‌ കെസിബിസിയുടെ ഇടയലേഖനം.ഇടയലേഖനം ഈ മാസം 29-ാ‍ം തീയതി ഞായറാഴ്ച ദിവ്യബലി മധ്യേ വായിക്കും.രാജ്യത്തിന്റെ പരമാധികാരവും ജനാധിപത്യവും ഭരണഘടനയും സമഭാവനയിലൂന്നിയ മതേതരത്വവും ആത്മീയതയില്‍ അടിയുറച്ച സംസ്കാരവും സംരക്ഷിക്കാന്‍ കെല്‍പ്പുള്ള ശക്തമായ ഭരണം കേന്ദ്രത്തില്‍ ഉണ്ടാകണമെന്നും ഇടയലേഖനത്തില്‍ തുടര്‍ന്നു പറയുന്നുണ്ട്‌. ഐക്യവും സഹവര്‍ത്തിത്വവും വിവിധ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങളും വീണ്ടും ശക്തമായി മുന്നോട്ടുകൊണ്ടുപോകാന്‍ കേന്ദ്രത്തില്‍ അത്തരമൊരു ഭരണ സംവിധാനം ഉണ്ടായേ പറ്റൂ. ഭരണഘടന ഉറപ്പാക്കുന്ന ന്യൂനപക്ഷാവകാശങ്ങള്‍ അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ഭാഗം തന്നെയാണെന്നത്‌ തര്‍ക്കമറ്റ യാഥാര്‍ഥ്യമാണ്‌. പ്രാദേശിക, ദേശീയ തലങ്ങളില്‍ ഇവയ്ക്കെല്ലാമെതിരേ അതിരൂക്ഷമായ കടന്നാക്രമണങ്ങളും വെല്ലുവിളികളും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ദേശീയതയുടെയും പാവപ്പെട്ടവരോടുള്ള ആഭിമുഖ്യത്തിന്റെയുമൊക്കെ കപട മേലങ്കിയണിയുന്ന തീവ്രവാദവും, വര്‍ധിച്ചുവരുന്ന സങ്കുചിത ചിന്താഗതികളും മതമൗലിക സംഘട്ടനങ്ങളും ആള്‍ക്കൂട്ടാധിപത്യ പ്രവണതയും പലപ്പോഴും ഭീകരതയുടെ രൂപം സ്വീകരിക്കുന്നു. അനുദിനം വര്‍ധമാനമായിക്കൊണ്ടിരിക്കുന്ന സാമ്പത്തികമാന്ദ്യവും കാര്യങ്ങള്‍ പൂര്‍വോപരി സങ്കീര്‍ണമാക്കുന്നുണ്ട്‌. കൂടുതല്‍ ജാഗ്രതയും വിവേചനബുദ്ധിയും വോട്ടര്‍മാരില്‍ നിന്ന്‌ ആവശ്യപ്പെടുന്ന സവിശേഷ സാഹചര്യമാണിത്‌. അധികാരത്തിലേറുമ്പോള്‍ നീതി ഉറപ്പാക്കുമെന്ന പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കണം. ഗുജറാത്ത്‌ കലാപം പോലുള്ള സംഭവങ്ങളെയും ഒറീസ ഉള്‍പ്പെടെ രാജ്യത്തി ന്റെ വിവിധഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരേ ഉണ്ടായ അതിക്രമങ്ങളെയും ഈ പശ്ചാത്തലത്തില്‍ ഓര്‍ക്കാതിരിക്കുക വയ്യ. ഭരണഘടന ഉറപ്പുനല്‍കുന്ന മനുഷ്യാവകാശങ്ങള്‍ ഇങ്ങനെ നഗ്നമായി ലംഘിക്കപ്പെടുമ്പോള്‍, ഒരു രാഷ്ട്രമെ ന്ന നിലയിലുള്ള നമ്മുടെ നിലനില്‍പ്പ്‌ ഭീഷണിയിലാണ്‌. വിദ്യാഭ്യാസ മേഖലയിലും മറ്റും തുടരെത്തുടരെ നടക്കുന്ന ന്യൂനപക്ഷാവകാശധ്വംസനങ്ങളെ തിരിച്ചറിയാം.കോടതിയും ഭരണഘടനയും മാത്രമാണു പലപ്പോഴും ന്യൂനപക്ഷങ്ങള്‍ക്ക്‌ ആശ്രയം. സഭാസംവിധാനങ്ങളുടെ മാത്രമല്ല കോടതിയുടെയും വിശ്വാസ്യത തകര്‍ക്കാനും ഭരണഘടനയുടെ പ്രഥമസ്ഥാനം നിഷേധിക്കാനും തത്പരകക്ഷികള്‍ പരിശ്രമിക്കുന്നു. അവര്‍ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന നിരന്തര ശ്രമങ്ങളെ ന്യൂനപക്ഷങ്ങള്‍ക്കു മാത്രമല്ല മറ്റുള്ളവര്‍ക്കും ഭയാശങ്കകളോടെ മാത്രമേ വീക്ഷിക്കാനാവൂ. ഭരണഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്കൊത്ത്‌ രാഷ്ട്രഗതിയെ നയിക്കാനും മാര്‍ഗഭ്രംശമുണ്ടായാല്‍ അതിനെ തിരുത്താനുമുളള ശക്തി ജനങ്ങളില്‍ത്തന്നെയാണ്‌ നിക്ഷിപ്തമായിരിക്കുന്നത്‌. ഈ വിധത്തില്‍ നമ്മുടെ രാജ്യ ത്തെ ശക്തവും ശ്രേഷ്ഠവും സമ്പന്നവും നീതിനിഷ്ഠവുമാക്കാന്‍ ആവശ്യമായ കരുത്തും അര്‍പണ ബോധവും സ്വഭാവവൈശിഷ്ട്യവുമുള്ള സ്ഥാനാര്‍ഥികളെയാണ്‌ നാം തെരഞ്ഞെടുക്കേണ്ടത്‌. തീവ്രവാദം ചെറുക്കാനും ഭീകരപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാനും വര്‍ഗീയത ഉന്മൂലനം ചെയ്യാനും ഭരണഘടനയുടെ അന്തഃസത്ത ഉയര്‍ത്തിപ്പിടിച്ച്‌ മതേതര മൂല്യങ്ങള്‍ സംരക്ഷിക്കാനും എല്ലാവര്‍ക്കും നീതി ഉറപ്പാക്കാനും രാജ്യത്തെ സമഗ്ര പുരോഗതിയിലേക്ക്‌ നയിക്കാനും കഴിവുളള പാര്‍ട്ടികളെയും വ്യക്തികളെയുമാണ്‌ വിജയിപ്പിക്കേണ്ടത്‌. അവര്‍ അഴിമതിയുടെ കറപുരളാത്തവരും മാനുഷിക-ധാര്‍മ്മിക മൂല്യങ്ങളില്‍ അടിയുറച്ച വിശ്വാസമുളളവരും ആയിരിക്കണം. നിരീശ്വരവാദവും അക്രമരാഷ്ട്രീയവും മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പി ക്കുന്നവരാകരുത്‌. ദേശീയ താത്പര്യങ്ങളും ജനങ്ങളുടെ ക്ഷേമവും അവഗണിച്ചു വ്യക്തിതാത്പര്യങ്ങളും പാര്‍ട്ടിതാത്പര്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നവരും ആയിരിക്കരുത്‌. തെരഞ്ഞെടുക്കപ്പെടുന്നവര്‍ എല്ലാവരുടെയും അവകാശങ്ങള്‍ നീതിപൂര്‍വം കാത്തുസംരക്ഷിക്കുവാന്‍ കടപ്പെട്ടിട്ടുണെ്ടന്ന്‌ ഓര്‍ക്കണം-ഇടയലേഖനം ആഹ്വാനം ചെയ്തു.എല്ലാ മതങ്ങളെയും തുല്യമായി കാണുകയും ഭാഷ, മതന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുകയും മതേതരത്വം സംരക്ഷിക്കുകയും ചെയ്യുന്നവര്‍ തെരഞ്ഞെടുക്കപ്പെടണം. അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുക, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍, ദരിദ്രര്‍, സ്ത്രീകള്‍ മുതലായവരുടെ ക്ഷേമം ഉറപ്പു വരുത്തുക, ദളിത്‌ ക്രൈസ്തവരോട്‌ കാട്ടുന്ന വിവേചനം അവസാനിപ്പിച്ച്‌ അതേ സാമൂഹ്യ വ്യവസ്ഥിതിയില്‍ പെട്ടവര്‍ക്കൊപ്പം തുല്യ സംവരണം ഏര്‍പ്പെടുത്തുക തുടങ്ങിയ കാര്യങ്ങളില്‍ താത്പര്യമുളളവരായിരിക്കണം നമ്മുടെ ജനപ്രതിനിധികള്‍. ഭാരതീയസംസ്്കാരം ഉയര്‍ത്തിപ്പിടിക്കുന്ന ധാര്‍മിക, മാനുഷികമൂല്യങ്ങള്‍ക്കു ക്ഷയം സംഭവിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഈശ്വരവിശ്വാസം, സത്യം,നീതി, സാഹോദര്യം, സമഭാവന, സഹിഷ്ണുത തുടങ്ങിയ മൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്നവരായിരിക്കണം നമ്മുടെ ഭരണകര്‍ത്താക്കള്‍. വിവാഹത്തിന്റെയും കുടുംബത്തിന്റെയും ഭദ്രതയും മൂല്യങ്ങളും കാത്തു സംരക്ഷിക്കുന്നതോടൊപ്പം ഗര്‍ഭഛിദ്രം, ദയാവധം തുടങ്ങിയ തിന്മകളെ ചെറുക്കുന്നവരുമായിരിക്കണം അവരെന്ന്‌ കേരള കത്തോലിക്കാമെത്രാന്‍ സമിതിക്കുവേണ്ടി ആര്‍ച്ച്‌ ബിഷപ്‌ ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍ (കെ.സി.ബി.സി. പ്രസിഡന്റ്‌), കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ (മേജര്‍ ആര്‍ച്ചുബിഷപ്‌ സീറോ മലബാര്‍ സഭ) ബസേലിയോസ്‌ മാര്‍ ക്ലീമിസ്‌ കാതോലിക്കാബാവ (മേജര്‍ ആര്‍ച്ചുബിഷപ്‌ മലങ്കരസഭ) എന്നിവര്‍ സംയുക്തമായി പുറത്തിറക്കിയ ഇടയലേഖനത്തില്‍ വ്യക്തമാക്കി.

0 നിരൂപണങ്ങള്‍: