സജി സിറിയക്
ജനകീയ വിപ്ലവം 2
ഒന്നും രണ്ടും ലോക മഹായുദ്ധങ്ങള്‍ ലോകത്തിനു നല്‍കിയ സംഭാവനയാണ് കമ്യൂണിസ്റ്റ് ഭരണം. ഒന്നാം ലോക മഹായുദ്ധം റഷ്യന്‍ വിപ്ലവം സാധ്യമാക്കി. രണ്ടാം ലോക മഹായുദ്ധം കമ്യൂണിസ്റ്റ് സാമ്രാജ്യത്തിന്റെ അതിരുകള്‍ വിസ്തൃതമാക്കി. രണ്ടാം ലോക മഹായുദ്ധം 1945ല്‍ അവസാനിക്കുമ്പോഴേക്കും കിഴക്കന്‍ യൂറോപ്പിന്റെ ഭൂരിഭാഗവും റഷ്യന്‍ ചെമ്പടയുടെ നിയന്ത്രണത്തിലായിക്കഴിഞ്ഞിരുന്നു. ജര്‍മനിയുടെ കീഴടങ്ങലും കിഴക്കന്‍ യൂറോപ്പിന്റെ ഭാവിയും ചര്‍ച്ച ചെയ്യാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഫ്രാങ്ക്ലിന്‍ ഡി. റൂസ്‌വെല്‍റ്റും ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലും സോവ്യറ്റ് നേതാവ് ജോസഫ് സ്റ്റാലിനും യാള്‍ട്ടയില്‍ സമ്മേളിച്ചു. പൂര്‍വ യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്വതന്ത്ര തെരഞ്ഞെടുപ്പു നടത്തി അവിടങ്ങളില്‍ ജനാധിപത്യ സര്‍ക്കാരുകളെ അവരോധിക്കാമെന്ന് സ്റ്റാലിന്‍ ഉറപ്പു നല്‍കി. പൂര്‍വ യൂറോപ്പ് റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്നതിനാല്‍ അതു വലിയ കാര്യമായി മറ്റു രണ്ടു പേരും കരുതി.സ്റ്റാലിന്‍ പക്ഷേ വാക്കു പാലിച്ചില്ല. സോവ്യറ്റ് യൂണിയന്റെ രക്ഷാകര്‍തൃത്വത്തില്‍ പൂര്‍വ യൂറോപ്പിലെ എട്ടു രാജ്യങ്ങളില്‍ കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ നിലവില്‍വന്നു. പോളണ്ട്, ഹംഗറി, റുമേനിയ, ബള്‍ഗേറിയ, യുഗോസ്ലാവിയ, അല്‍ബേനിയ, ചെക്കോസ്ലോവാക്യ, പൂര്‍വ ജര്‍മനി എന്നീ രാജ്യങ്ങളാണ് കമ്യൂണിസ്റ്റ് ഭരണത്തിലമര്‍ന്നത്. ഈ രാജ്യങ്ങളിലെല്ലാം സോവ്യറ്റ് മാതൃക നടപ്പാക്കാന്‍ സ്റ്റാലിന്‍ ഉത്തരവിട്ടു. അതോടെ അവിടങ്ങളില്‍ ജനാധിപത്യം ഇല്ലാതായി. ജനകീയ ജനാധിപത്യത്തിന്റേയും സോഷ്യലിസത്തിന്റേയും പേരുകളിലാണ് ഈ രാജ്യങ്ങളിലെല്ലാം കമ്യൂണിസം അറിയപ്പെട്ടത്. എന്നാല്‍ സ്വതന്ത്രമായ രാഷ്ട്രീയ പ്രവര്‍ത്തനമോ തെരഞ്ഞെടുപ്പോ അനുവദിക്കപ്പെട്ടില്ല. പൗരാവകാശങ്ങള്‍ നിയന്ത്രിക്കപ്പെട്ടു. കമ്യൂണിസ്റ്റ് പാര്‍ട്ടിയേയോ നേതാക്കളേയോ സര്‍ക്കാരിനേയോ വിമര്‍ശിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടായിരുന്നില്ല. സ്വകാര്യ വ്യവസായസ്ഥാപനങ്ങളും കൃഷിയിടങ്ങളും ദേശസാത്കരിക്കപ്പെട്ടു. 1953ല്‍ സ്റ്റാലിന്റെ മരണശേഷം സോവ്യറ്റ് യൂണിയന്‍ കിഴക്കന്‍ യൂറോപ്പിലെ കമ്യൂണിസ്റ്റ് രാജ്യങ്ങളെ ചേര്‍ത്ത് വാഴ്സോ സഖ്യം എന്ന പേരില്‍ സൈനിക സഖ്യം ഉണ്ടാക്കിയിരുന്നു. അങ്ങ നെ സോവ്യറ്റ് യൂണിയന്റെ സാമന്ത രാജ്യങ്ങളായി അവ തുടര്‍ന്നു. യുദ്ധാനന്തര കാലത്തെ കഷ്ടപ്പാടുകള്‍ക്കിടയില്‍ സ്വാതന്ത്ര്യത്തെക്കുറിച്ചു ചിന്തിക്കാന്‍ അധികം പേര്‍ക്കൊന്നും സമയം കിട്ടിയില്ല.യുദ്ധാനന്തരം പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങള്‍ നേടിയ വികസനവുമായി താരതമ്യം ചെയ്യുമ്പോള്‍ കിഴക്കന്‍ യൂറോപ്പിന്റെ സ്ഥിതി പരിതാപകരമായി തുടര്‍ന്നു. ജനങ്ങളുടെ ജീവിതനിലവാരവും താഴ്‌ന്നുനിന്നു. കൂടുതല്‍ അധ്വാനവും കുറഞ്ഞ കൂലിയും. അതേസമയം കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ പ്രത്യേക അവകാശങ്ങളും അധികാരങ്ങളുമുള്ള വര്‍ഗം എന്ന നിലയില്‍ സവിശേഷ പരിഗണനയും ആനുകൂല്യങ്ങളും നേടി. ഉയര്‍ന്ന സര്‍ക്കാര്‍ ജോലികളെല്ലാം അവര്‍ക്കായി മാറ്റിവയ്ക്കപ്പെട്ടു. സാധാരണക്കാര്‍ക്കു സ്വപ്നം കാണാന്‍ പോലുമാകാത്ത സുഖസൗകര്യങ്ങളും സമൃദ്ധിയും അവര്‍ക്കു ലഭിച്ചു. സ്വതന്ത്ര തെരഞ്ഞെടുപ്പു പോലുള്ള ജനഹിത പരിശോധനയൊന്നും ഇല്ലാതിരുന്നതിനാല്‍ ആരെയും പേടിക്കാനുമില്ലായി രുന്നു.സോവ്യറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും കമ്യൂണിസത്തെ നിലനിര്‍ത്തിയത് ജനങ്ങളല്ല. പട്ടാളത്തെയും രഹസ്യപ്പോലീസിനെയും ഉപയോഗിച്ചാണ് അതു സാധിച്ചത്. ഇവയുടെ കഴുകന്‍ കണ്ണുകള്‍ക്കു കീഴെയായിരുന്നു ജനങ്ങളുടെ ജീവിതം. ആശ്രിതരാജ്യങ്ങളില്‍ കമ്യൂണിസം വളര്‍ത്തിയത് സോവ്യറ്റ് യൂണിയനില്‍ നിന്നുള്ള സാമ്പത്തിക സഹായം സ്വീകരിച്ചാണ്. സോവ്യറ്റ് ചാരസംഘടനയായ കെ.ജി.ബി വളരെ സാമര്‍ഥ്യത്തോടെ ഇതു കൈകാര്യം ചെയ്തു. സഹായങ്ങളുടേയും സ്കോളര്‍ഷിപ്പുകളുടേയും ഫെലോഷിപ്പുകളുടേയും അവാര്‍ഡുകളുടേയുമൊക്കെ പേരില്‍ ഇങ്ങനെ കെ.ജി.ബി പണം പല രാജ്യങ്ങളിലേക്കും ഒഴുകിയെത്തി. ഇന്ത്യയിലും ഇങ്ങനെ പണം സ്വീകരിച്ചവരും സോവ്യറ്റ് യൂണിയനില്‍ പോയവരും നിരവധിയുണ്ട്. സി.ഐ.എ ഫണ്ടിംഗിനെപ്പറ്റി ഉച്ചത്തില്‍ ആരോ പണം ഉന്നയിക്കുന്നവര്‍ കെ.ജി.ബി പണത്തെപ്പറ്റി മിണ്ടാറില്ലായിരുന്നു.തൊഴിലാളിവര്‍ഗ സര്‍വാധിപത്യ ത്തിന്റെ യഥാര്‍ഥ രൂപം കണ്ട്, കമ്യൂണിസ്റ്റ് ഭരണം അനുഭവിച്ച രാജ്യങ്ങളിലെ സാധാരണ ജനങ്ങള്‍ അന്തംവിട്ടു. അതിനെതിരേ ശബ്ദമുയര്‍ത്താന്‍ ധൈര്യപ്പെട്ടവര്‍ ഒന്നുകില്‍ തടവിലായി, അല്ലെങ്കില്‍ അവരെപ്പറ്റി പിന്നെയാരും കേട്ടില്ല. എന്നാല്‍ മാറ്റമെന്ന ചരിത്രത്തിന്റെ അനിവാര്യതയെ തടഞ്ഞുനിര്‍ത്താന്‍ ആര്‍ക്കും കഴിയില്ലല്ലോ. പോളണ്ടിനു ശേഷം പൂര്‍വ യൂറോപ്പില്‍ കമ്യൂണിസത്തെ തൂത്തെറിഞ്ഞ രാജ്യം ഹംഗറിയാണ്. യൂറോപ്പില്‍ ഏറ്റവും കടുത്ത ഏകാധിപത്യ ഭരണം നടന്ന കമ്യൂണിസ്റ്റ് രാജ്യങ്ങളിലൊന്ന് ഹംഗറിയായിരുന്നു. ഇരുമ്പുമറയ്ക്കുള്ളിലെ അടിമത്തത്തിനെതിരേ 1956ല്‍ ഹംഗറിയില്‍ വിപ്ലവശ്രമമുണ്ടായി. എന്നാല്‍ സോവ്യറ്റ് ചെമ്പട ഹംഗറിയില്‍ പ്രവേശിച്ച് വിപ്ലവം അടിച്ചമര്‍ത്തി. മൂന്നു പതിറ്റാണ്ടിനുശേഷം പോളണ്ടിലുണ്ടായ മാറ്റങ്ങളാണ് ഹംഗേറിയന്‍ ജനതയുടെ സ്വാതന്ത്ര്യ മോഹങ്ങളെ വീണ്ടും തൊട്ടുണര്‍ത്തിയത്. പരിഷ്കരണവാദിയായ മിഖായല്‍ ഗോര്‍ബചേവ് 1985ല്‍ സോവ്യറ്റ് യൂണിയനില്‍ അധികാരമേറ്റതും കിഴക്കന്‍ യൂറോപ്പിലെ രാഷ്ട്രീയ മാറ്റങ്ങളെ ത്വരിതപ്പെടുത്തി. വാഴ്സോ സഖ്യ രാജ്യങ്ങളില്‍ ജനകീയ പ്രക്ഷോഭമുണ്ടായാല്‍ അതിനെ അടിച്ചമര്‍ത്താന്‍ സോവ്യറ്റ് ചെമ്പടയെ അയയ്ക്കേണ്ടതില്ലെന്ന ഗോര്‍ബചേവിന്റെ തീരുമാനം കിഴക്കന്‍ യൂറോപ്പിനെ സ്വാധീനിച്ചു. കമ്യൂണിസം വളര്‍ത്താന്‍ ചെമ്പടയേയും കെ.ജി.ബിയേയും തീറ്റിപ്പോറ്റി സോവ്യറ്റ് യൂണിയന്റെ നടുവൊടിഞ്ഞിരുന്നു. അതിനിയും തുടരാനാവാത്തവിധം സോവ്യറ്റ് യൂണിയന്‍ വലിയ കടബാധ്യതയിലായി.എണ്‍പതുകളുടെ തുടക്കത്തില്‍ത്തന്നെ ഹംഗറിയില്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ ആരംഭിച്ചിരുന്നു. 1988ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ജാനോസ് കാദറിനെ മാറ്റിയതിനുശേഷമാണ് യഥാര്‍ഥ രാഷ്ട്രീയ പരിഷ്കാരങ്ങള്‍ തുടങ്ങിയത്. ആ വര്‍ഷം പാര്‍ലമെന്റ് അംഗീകരിച്ച ജനാധിപത്യ പാക്കേജിലൂടെ ഹംഗറിയില്‍ ട്രേഡ് യൂണിയന്‍ സ്വാതന്ത്ര്യം, സംഘം ചേരാനുള്ള അവകാശം, പത്രസ്വാതന്ത്ര്യം, പുതിയ തെരഞ്ഞെടുപ്പു നിയമങ്ങള്‍ എന്നിവ നിലവില്‍ വന്നു. പാശ്ചാത്യ രാജ്യങ്ങളിലേക്ക് യാത്രയ്ക്കുള്ള നിയന്ത്രണങ്ങളിലും ഇളവു വരുത്തി.1989 ഒക്ടോബറില്‍ ചേര്‍ന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് പാര്‍ട്ടിയെ ഹംഗേറിയന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയായി പുനര്‍നാമകരണം ചെയ്തു. ആ മാസം തന്നെ നടന്ന പാര്‍ലമെന്റ് സമ്മേളനം ഹംഗറിയില്‍ ബഹുകക്ഷി ജനാധിപത്യം അനുവദിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പിന് അനുമതി നല്‍കി. പ്രസിഡന്റ് പദത്തിലേക്കു നേരിട്ടു തെരഞ്ഞെടുപ്പു നടത്താനും തീരുമാനമായി. 1990 മാര്‍ച്ചില്‍ ഹംഗറിയുടെ ചരിത്രത്തില്‍ ആദ്യത്തെ സ്വതന്ത്ര തെരഞ്ഞെടുപ്പു നടന്നു. ഹംഗേറിയന്‍ ഡെമോക്രാറ്റിക് ഫോറം എന്ന മധ്യപക്ഷ നിലപാടുള്ള പാര്‍ട്ടിയാണ് വിജയിച്ചത്. ഫ്രീ ഡെമോക്രാറ്റിക് അലയന്‍സ് രണ്ടാം സ്ഥാനത്തെത്തി. സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നു പേരുമാറ്റിയ മുന്‍ കമ്യൂണിസ്റ്റുകള്‍ മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെട്ടു. ഹംഗേറിയന്‍ ഡെമോക്രാറ്റിക് ഫോറം സര്‍ക്കാര്‍ രൂപീകരിച്ചു. ജോസഫ് ആന്റല്‍ ഹംഗറിയില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ത്തെ പ്രധാനമന്ത്രിയായി. 1991 ജൂണില്‍ അവസാനത്തെ സോവ്യറ്റ് ഭടനും ഹംഗറി വിട്ടു. ജനാധിപത്യത്തിന്റെ മറ്റൊരു വിജയം.
"ഇത് നിശബ്ദമായ രണ്ടാം വിമോചന സമരം".
മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതും മതസ്വാതന്ത്ര്യം നിഷേധിക്കുന്നതുമായ നിയമനിര്‍മാണത്തിനായുള്ള ശ്രമം തുടങ്ങിവരികയാണല്ലോ. ഇക്കാര്യവും തെരഞ്ഞെടുപ്പു വേളയില്‍ത്തന്നെ പലരുടെയും മനസില്‍ ഉണ്ടായിരുന്നുവെന്നത് ഓര്‍ക്കേണ്ടതാണ്. ആ പടവാള്‍ ഉറയിലിടാതെ ഇവിടെ ഭരണവിരുദ്ധവികാരം ഒടുങ്ങുകയില്ല. ഇവിടത്തെ ക്രൈസ്തവര്‍ മുഴുവന്‍ ഈ നിയമനിര്‍മാണ സംരംഭത്തെ കടുത്ത ഭീഷണിയായിട്ടാണ് കാണുന്നത്. അതിനെ എന്തു വില കൊടുത്തും എതിര്‍ക്കേണ്ടിവരും
കേരളത്തില്‍ യു.ഡി.എഫിനുണ്ടായ വന്‍ വിജയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം തെറ്റിദ്ധാരണയൊന്നും പുലര്‍ത്താതിരുന്നാല്‍ നന്ന്. ഇടതുപക്ഷത്തേക്കാള്‍ ഇടത്തോട്ടു ചാഞ്ഞുനിന്നാലേ കേരളത്തില്‍ വിജയിക്കാനാകൂ എന്ന ഒരു മിഥ്യാധാരണകൊണ്ട് ഇവിടത്തെ മതന്യൂനപക്ഷങ്ങളെയും ജനാധിപത്യ വിശ്വാസികളെയും അകറ്റിനിറുത്തിയതാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും അഞ്ചുകൊല്ലം മുമ്പു നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും തങ്ങള്‍ക്കു പച്ചതൊടാന്‍ സാധിക്കാതിരുന്നതിന്റെ കാരണമെന്ന് അവര്‍ വിസ്മരിക്കാതിരുന്നാല്‍ അവര്‍ക്കുതന്നെ നന്ന്. വിജയം ആരെയും അന്ധരാക്കരുത്. ആരാണ് തങ്ങളോടൊപ്പം ഉണ്ടാകുകയെന്നു മനസിലാക്കാനുള്ള വിവേകം യു.ഡി.എഫ് നേതൃത്വത്തിന് ഉണ്ടാകുന്നുവെങ്കില്‍ അവര്‍ക്കും സംസ്ഥാനത്തിനും ഇന്നാട്ടിലെ ജനാധിപത്യ വിശ്വാസികള്‍ക്കും നല്ലത്. ആവശ്യമില്ലാത്ത തെറ്റായ മനക്കോട്ട കെട്ടി കഴിയുന്നവര്‍ സ്വന്തം കാല്‍ക്കീഴിലെ മണ്ണ് എപ്പോഴാണ് ഒലിച്ചുപോകുന്നതെന്ന് അറിയില്ല. തിക്തമായ അനുഭവം എല്ലാവരുടെയും ഭാഗത്തുന്ന് ഇവിടത്തെ ജനാധിപത്യ വിശ്വാസികള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ഉണ്ടായിട്ടുണ്ട്. അവരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയവരൊക്കെ ഒരിക്കലല്ലെങ്കില്‍ മറ്റൊരവസരത്തില്‍ അതിന്റെ ഫലം അനുഭവിച്ചിട്ടുമുണ്ട്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പു നല്‍കുന്ന പാഠം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പഠിക്കുന്നുവെങ്കില്‍ നന്ന്.
കമ്യൂണിസവും കത്തോലിക്കാവിശ്വാസവും
ഇന്ത്യയില്‍ കമ്യൂണിസം ഒരു രാഷ്ട്രീയപാര്‍ട്ടി മാത്രമാണെന്ന് പറയുന്നവര്‍ കമ്യൂണിസ്റ്റു പ്രസ്ഥാനത്തെ അവഹേളിക്കുകയാണ്. നിരീശ്വര പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ ഭീഷണി മതവിശ്വാസമാണെന്നതില്‍ തര്‍ക്കമില്ലല്ലോ. ആയതിനാല്‍ ഏതുമാര്‍ഗമുപയോഗിച്ചും മതവിശ്വാസവും അതിന്റെ ധാര്‍മിക, ആത്മീയ, സാംസ്ക്കാരിക ഘടകങ്ങളും കൈമാറ്റം ചെയ്യുന്നതിനെ തടസ്സപ്പെടുത്തുക എന്നത് ഇന്ത്യന്‍ കമ്മ്യൂണിസത്തിന്റെ അജണ്ടയാണ്. മതവിശ്വാസികളുടെ സമൂഹത്തെ ഭിന്നിപ്പിച്ചെടുക്കുക എന്ന ലക്ഷ്യമാണ് ഇതിന്റെ പിന്നിലുള്ളത്. കമ്യൂണിസത്തോടുള്ള എതിര്‍പ്പ് ജനാധിപത്യത്തോടോ, ശ്രേഷ്ഠമായ രാഷ്ട്രീയചിന്തകളോടോ ഉള്ള എതിര്‍പ്പല്ല. ശ്രേഷ്ഠമായിട്ടുള്ളതൊന്നും കമ്യൂണിസത്തില്‍ ഇല്ലാത്തതുകൊണ്ടുള്ള എതിര്‍പ്പാണ്. ഭൗതികവീക്ഷണത്തോടുകൂടിയ വിദ്യാഭ്യാസം നല്‍കി ഭൗതികനേട്ടങ്ങളെക്കുറിച്ചുമാത്രം യുവതലമുറയെ പരിശീലിപ്പിച്ച് അവസാനം നിരീശ്വരത്വത്തിലെത്തിക്കുന്ന ഒരു ശിക്ഷണസമ്പ്രദായം ഒരിക്കലും വിശ്വാസികള്‍ക്ക് അംഗീകരിക്കാനാവില്ല. ഭൗതികവിദ്യാഭ്യാസത്തിലൂടെ മതത്തിന് അനുകൂലമായ സാമൂഹ്യരാഷ്ട്രീയ സാഹചര്യങ്ങള്‍ ഇല്ലാതാക്കാനാണ് കമ്യൂണിസം ശ്രമിക്കുന്നത്. ഭരണഘടനയും കോടതിവിധികളും ഇതിന് എതിരുനില്‍ക്കുന്നതുകൊണ്ട് അവര്‍ എപ്പോഴും വര്‍ഗ്ഗീയതയുടെ ആയുധം ഉപയോഗിക്കുകയും ചെയ്യുന്നു. ജനാധിപത്യവും മതേതരത്വവും സമന്വയിപ്പിച്ച ഒരു ഭരണസംവിധാനത്തിന് ആരും എതിരു നില്‍ക്കില്ല. അതിനു കപടജനാധിപത്യത്തിന്റെ മുഖംമൂടികള്‍ മാറ്റിവയ്ക്കേണ്ടിവരും. ജനാധിപത്യത്തിന്റെ സൂക്ഷിപ്പുകാരായിട്ട് വ്യാജവേഷം കെട്ടിയതുകൊണ്ടായില്ല. കമ്യൂണിസവും മതവിശ്വാസവും പൊരുത്തപ്പെട്ടുപോകും എന്നു പറഞ്ഞു പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. സാധാരണക്കാരെ വഴിതെറ്റിക്കുവാനുള്ള ഒരുതരം ഉപാധിയാണിത്. മാര്‍ക്സിസവും ക്രിസ്തീയ വിശ്വാസവും തമ്മില്‍ നിലനില്‍ക്കുന്നത് പരസ്പരവൈരുദ്ധ്യത്തിന്റെയോ, പരസ്പരപൂരകത്വത്തിന്റേതോ ആയ ബന്ധങ്ങളാനെന്നുമാത്രം പറയുന്നത് ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ തികച്ചും ഒരു ലളിതവത്ക്കരണം തന്നെയാണ്. നാമമാത്ര കമ്യൂണിസവും വിശ്വാസവും യോജിച്ചുപോകുമായിരിക്കും. അതുപോലെ കമ്മ്യൂണിസവും നാമമാത്രവിശ്വാസവും യോജിച്ചുപോകും.
സഭയ്ക്ക് രാഷ്ടീയവുമായി സമദൂര സിദ്ധാന്തമാണെന്നു ചിലര്‍ പറയും. സഭയ്ക്കു സമദൂര സിദ്ധാന്തവുമില്ല, ബഹുദൂര സിദ്ധാന്തവുമില്ല. സഭയുടെ സിദ്ധാന്തം സമസ്നേഹ സിദ്ധാന്തമാണ്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളെയും സഭ യ്ക്കു സ്വീകാര്യമാണ്. പക്ഷേ, അ വര്‍ നാടിന്റെ നന്മ മുന്നില്‍ കാണണം, മനുഷ്യന്റെ വികസനം ല ക്ഷ്യം വയ്ക്കണം. ഇന്നിപ്പോള്‍ അതൊന്നുമില്ലല്ലോ? രാഷ്ട്രീയപ്രസ്ഥാനങ്ങള്‍, ഇട തും വലതും, ഒളിഞ്ഞും തെളിഞ്ഞും മതങ്ങളെ ആക്രമിക്കുന്നുണ്ട്. ആഗോള തലത്തില്‍തന്നെ മതങ്ങള്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്തുകൊണ്ടായിരിക്കാം മതങ്ങള്‍ ആക്രമിക്കപ്പെടുന്നത്? ഒന്നാമതു മതത്തിന്റെ വലിയ സ്വാധീനം. ഈ സ്വാധീനത്തിന്റെ മുമ്പില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളൊക്കെ വിറളിപിടിച്ചു നില്‍ക്കുകയാണ്. അതുകൊണ്ടാണ് നൂറ്റാണ്ടുകളായി ഈ മതങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്.
കമ്യൂണിസത്തെ തിരിച്ചറിയുക : കാലഹരണപ്പെട്ട തത്വശാസ്ത്രങ്ങള്‍
നമ്മുടെ കൊച്ചു കേരളത്തില്‍ ഭരണാധികാരികള്‍ക്കു യാതൊരു മനംമാറ്റവുമുണ്ടാകുന്നില്ല. നമ്മുടെ ചുറ്റും നടക്കുന്ന കാര്യങ്ങള്‍ കാണാനുള്ള മനോഭാവം പോലും അവര്‍ പുലര്‍ത്തുന്നില്ല. തല്‍ഫലമായി കാര്‍ഷികരംഗത്തും വ്യാവസായികരംഗത്തും പൊതുഭരണത്തില്‍ത്തന്നെയും കാലഹരണപ്പെട്ട തത്വസംഹിതകളും പ്രത്യയശാസ്ത്രവും നയപരിപാടികളും അനുവര്‍ത്തിച്ചുവരുന്നു. ഇതു ഖേദകരമെന്നേ പറയേണ്ടതുള്ളൂ. രാജ്യതാല്‍പര്യത്തിനു പകരം പാര്‍ട്ടി താല്‍പര്യം മാത്രം നോക്കുന്ന ഒരു ഭരണസംവിധാനമാണിന്നു കേരളത്തിലുള്ളത്. രാജ്യത്തിന്റെ വികസനകാര്യത്തില്‍ അന്യരാജ്യങ്ങളെ അനുകരിക്കാന്‍ ശ്രമിക്കേണ്ടതാണ്. പരാജയങ്ങളില്‍ നിന്നും പാഠങ്ങള്‍ പഠിക്കണം. തൊഴില്‍ രംഗത്തും വിദ്യാഭ്യാസരംഗത്തും തുറന്ന സമീപനം കൈക്കൊള്ളുകയും പൊതുവിമര്‍ശനങ്ങള്‍ക്കു താക്കീതു കൊടുക്കുകയും ചെയ്യുന്ന പക്ഷം എല്ലാ രംഗത്തും കാര്യമായ മാറ്റങ്ങളുണ്ടാകും. അതിനു തക്ക പക്വതയും സന്മനസ്സും നേതാക്കന്മാരും മന്ത്രിമാരും കാണിക്കുകയും വേണം.
കമ്യൂണിസവും ക്രൈസ്തവ മാനവികതയും
സന്മനസ്സുള്ള എല്ലാവരോടും സഹകരിച്ചു മുന്നേറാനാണ് സഭ ആഗ്രഹിക്കുന്നതെങ്കിലും നിരീശ്വരപ്രസ്ഥാനങ്ങളോടുള്ള സഹവര്‍ത്തിത്വത്തിന് സഭ തയ്യാറല്ല. ആറാം പൗലോസ് മാര്‍പ്പാപ്പയുടെ വാക്കുകള്‍ ശ്രദ്ധേയമത്രേ: "ഒരു ക്രൈസ്തവന്‍ രാഷ്ട്രീയപ്രവര്‍ത്തനത്തെ ഒരു സേവനമായി കരുതുകയും തന്റെ വിശ്വാസത്തിനനുസരിച്ച് ജീവിക്കാനാഗ്രഹിക്കുകയും ചെയ്യുന്നു എന്നിരിക്കട്ടെ. അപ്പോള്‍ തന്റെ വിശ്വാസത്തിനും മനുഷ്യനെക്കുറിച്ചുള്ള ആദര്‍ശങ്ങള്‍ക്കും മൗലികമായും സത്താപരമായും വിരുദ്ധമായി നില്‍ക്കുന്ന പ്രത്യയശാസ്ത്രങ്ങളെ അവന് അവലംബിക്കാനാവില്ല. അങ്ങനെ ചെയ്താല്‍ അവന്‍ തനിക്കുതന്നെ വിരുദ്ധമായിട്ടായിരിക്കും പ്രവര്‍ത്തിക്കുക. അവന് മാര്‍ക്സിയന്‍ പ്രത്യയശാസ്ത്രത്തോടോ, നാസ്തിക ഭൗതികവാദത്തോടോ അതിന്റെ ഹിംസാത്മക സമീപനത്തോടോ, സമൂഹത്തിനുവേണ്ടി വ്യക്തിസ്വാതന്ത്ര്യം ബലികഴിക്കുന്ന രീതിയോടോ യോജിക്കുവാന്‍ സാധിക്കുകയില്ല". അതായത് നിരീശ്വരത്വം, വൈരുദ്ധ്യാത്മക ഭൗതികവാദം, വര്‍ഗ്ഗസമരം എന്നിവയില്‍ അധിഷ്ഠിതമായ ഒരു പ്രസ്ഥാനത്തോട് സഭയ്ക്കു കൂട്ടുകെട്ടില്ല. രാഷ്ട്രീയ ആത്മീയതയുടെ അന്തകനാണ് കമ്യൂണിസം.
0 നിരൂപണങ്ങള്‍:
Post a Comment