May 14, 2009

കത്തോലിക്കാ തൊഴിലാളിപ്രസ്ഥാനത്തെ രാഷ്ട്രീയക്കാര്‍ ഭയപ്പെടുന്നോ?

ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍



ഇത്തവണത്തെ പിതാക്കന്മാരുടെ മേയ്ദിനസന്ദേശവും കേരളാ ലേബര്‍ മൂവ്മെന്റിന്റെ സമ്മേളനങ്ങളുമെല്ലാം കേരളത്തി ലെ തൊഴിലാളിവര്‍ഗത്തിന്റെ ഉടമകളെന്നു കരുതുന്ന ചില രാഷ്ട്രീയക്കാരെ വല്ലാതെ അലോസരപ്പെടുത്തിയെന്നു തോന്നുന്നു. ഇതു സ്വാഭാവികമാണ്‌. അവര്‍ക്ക്‌ തൊഴിലാളിവര്‍ഗ സര്‍വാധിപത്യമെന്നു പറഞ്ഞാല്‍ പാര്‍ട്ടിസര്‍വാധിപത്യമാണല്ലോ. അപ്പോള്‍ അതിനപ്പുറം ആരെങ്കിലും തൊഴിലാളികളുടെ കാര്യം അന്വേഷിക്കാന്‍ പുറപ്പെട്ടാല്‍ അതെങ്ങനെ സഹിക്കാന്‍ കഴിയും? ഈ ഇടപെടല്‍ വഴി ജാതിയുടെയും മതത്തിന്റെയും പേരില്‍ അടിസ്ഥാനവര്‍ഗത്തെ വിഭജിക്കുന്നുവെന്നും അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു പ്രതിബന്ധമുണ്ടാക്കുന്നുവെന്നാണ്‌ പുതിയ ആരോപണം. തെരഞ്ഞെടുപ്പു സംബന്ധിച്ചു പിതാക്കന്മാര്‍ നിര്‍ദേശങ്ങള്‍ നല്‍കിയപ്പോള്‍ അതു രാഷ്ട്രീയ ഇടപെടലായി വ്യാഖ്യാനിച്ചു. സാമൂഹ്യപ്രവര്‍ത്തനത്തിനായി ഒരു വികസനരേഖ കെ.സി.ബി.സി കമ്മീഷന്‍ തയാറാക്കാന്‍ തുടങ്ങുന്നു എന്നു കേട്ടപ്പോള്‍തന്നെ പടവാളുകളുമായി ചിലര്‍ രംഗത്തെത്തിക്കഴിഞ്ഞു. ചില നേതാക്കന്മാര്‍ ഇത്തരം കാര്യങ്ങള്‍ പറഞ്ഞുകഴിഞ്ഞാല്‍ പിന്നെ "ബുദ്ധിജീവികളും്‌" മാധ്യമങ്ങളും അതിന്റെ പിന്നാലെ സഭയ്ക്കെതിരായി ആക്ഷേപശരങ്ങളുമായി രംഗത്തിറങ്ങുക ഇന്നു പതിവായിട്ടുണ്ടല്ലോ.

ഇതിന്റെ പിന്നിലുള്ള പ്രത്യയശാസ്ത്രം മനസിലാക്കുന്നതു നല്ലതാണ്‌. ഇവരുടെയെല്ലാം മനസില്‍ മതമെന്നാല്‍ ചില സ്വകാര്യചിന്തകളോ ബോധ്യങ്ങളോ അനുഷ്ഠാനങ്ങളോ മാത്രമാണ്‌. ഇതിന്‌ സാമൂഹ്യജീവിതത്തില്‍ ഒരു പ്രസക്തിയുമില്ല. സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ച്‌ എന്തെങ്കിലും പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ അതെല്ലാം രാഷ്ട്രീയ ഇടപെടലായി വ്യാഖ്യാനിക്കാം. അക്കൂട്ടത്തില്‍ ജാതിയും മതവും കൂട്ടിക്കുഴച്ചു പറഞ്ഞു മതസമൂഹങ്ങളുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ അവഹേളിതമാക്കിത്തീര്‍ക്കുവാനാണ്‌ അവര്‍ ശ്രമിക്കുക. മതത്തെ പുറംതള്ളി കേവലം ഭൗതികതയുടെ മാത്രം സമൂഹം സൃഷ്ടിക്കാനുള്ള ശ്രമമാണ്‌ ഇവരെല്ലാംകൂടി നടത്തുന്നത്‌. മതവിശ്വാസവും വൈദികശുശ്രൂഷയുമെല്ലാം ദേവാലയത്തിലും സങ്കീര്‍ത്തിയിലുമായി ഒതുക്കിയാല്‍മതിയെന്നു സാരം. ഇതു കടുത്ത ഭൗതികവാദമാണ്‌. ഇതു നാം തിരിച്ചറിയേണ്ടതുണ്ട്‌.

സഭ എന്നും സാമൂഹ്യപ്രവര്‍ത്തനരംഗത്ത്‌

കത്തോലിക്കാസഭ ആരംഭംമുതലേ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കിയിരുന്നു. ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല, മനുഷ്യന്റെ സമഗ്രമായ വളര്‍ച്ചയിലാണ്‌ സഭയ്ക്ക്‌ ആത്യന്തികമായ താത്പര്യം. ശാസ്ത്ര സാംസ്കാരികരംഗങ്ങളിലെല്ലാമുള്ള സഭാമക്കളുടെ സംഭാവന ചരിത്രത്തിലേക്കു തിരിഞ്ഞുനോക്കിയാല്‍ വ്യക്തമാണ്‌.

സാമൂഹ്യനീതിയെക്കുറിച്ചുള്ള ചിന്ത സഭയുടെ പ്രബോധനങ്ങളില്‍ നിന്നും രൂപംകൊണ്ടിട്ടുള്ളതാണ്‌. സഭാംഗങ്ങള്‍ സമൂഹത്തിന്റെ എല്ലാ മേഖലകളിലും കടന്നുചെന്ന്‌ നീതിക്കനുസൃതമായി പ്രവര്‍ത്തിക്കുകയും വേണം. എന്നാല്‍, സഭ ഔദ്യോഗികമായി, സഭയെന്ന നിലയില്‍ അവിടെയെല്ലാം ഇടപെടില്ല. ഈ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ആവശ്യമായ ജീവിതദര്‍ശനം നല്‍കാനും മനഃസാക്ഷിരൂപീകരണം നടത്താനും സഭയ്ക്കു ശ്രമിക്കേണ്ടതുണ്ട്‌. വ്യക്തിയുടെയും സമൂഹത്തിന്റെയും സുസ്ഥിതി സഭയുടെയും ലക്ഷ്യമാണ്‌.

വ്യവസായവിപ്ലവം ആരംഭിച്ച കാലഘട്ടത്തില്‍ ഫാക്ടറി തൊഴിലാളികളുടെ ദുരവസ്ഥ മനസിലാക്കി അവര്‍ക്കു നീതി ലഭിക്കുന്നതിനായി ബിഷപ്‌ കെറ്റ്ലറെപ്പോലെയുള്ളയാളുകള്‍ തീവ്രശ്രമങ്ങള്‍ നടത്തുകയുണ്ടായി. ഈ ഘട്ടത്തില്‍തന്നെ, 19-ാ‍ം നൂറ്റാണ്ടിന്റെ അവസാനം 1891-ല്‍ 'റേരും നൊവാരും' എന്ന തന്റെ ചാക്രികലേഖനത്തിലൂടെ ലെയോ പതിമൂന്നാമന്‍ മാര്‍പാപ്പ തൊഴിലാളികള്‍ക്കു ന്യായമായ കൂലി നല്‍കേണ്ടതിനെപ്പറ്റിയും സഭയുടെ അന്നത്തെ സാമൂഹ്യദര്‍ശനത്തെക്കുറിച്ചും സഭാംഗങ്ങള്‍ക്കു ശക്തമായ ഉദ്ബോധനം നല്‍കി. സ്പെയിനിലും മറ്റും മുതലാളിമാര്‍ അതിനെതിരെ ശക്തമായി പ്രതികരിച്ചുവെന്നതും വസ്തുതയാണ്‌. സഭയുടെ നിലപാടിന്റെ സ്വാഭാവിക പരിണാമമായി വേണം തൊഴില്‍രംഗത്തെ പ്രശ്നങ്ങള്‍ മനസിലാക്കാനും പ്രവര്‍ത്തിക്കാനും. ഇതിനെ സഹായിക്കാനാണ്‌ പന്ത്രണ്ടാം പീയൂസ്‌ മാര്‍പാപ്പ മേയ്‌ 1 തൊഴിലാളിദിനമായി പ്രഖ്യാപിച്ചതും തച്ചനായിരുന്ന വി. യൗസേപ്പിനെ തൊഴിലാളിമധ്യസ്ഥനായി നിശ്ചയിച്ചതും (1955). ഇരുപതാം നൂറ്റാണ്ടില്‍ ക്രൈസ്തവസാന്നിധ്യം ഏറെയുള്ള പല രാജ്യങ്ങളിലും കത്തോലിക്കാ തൊഴിലാളിപ്രസ്ഥാനങ്ങള്‍ രൂപംകൊള്ളുകയുണ്ടായി.

കത്തോലിക്കാ തൊഴിലാളിപ്രസ്ഥാനം ട്രേഡ്‌ യൂണിയനല്ല

സഭ തൊഴില്‍രംഗത്തു പ്രവേശിക്കുന്നത്‌ ട്രേഡ്‌ യൂണിയന്‍ ശൈലിയില്‍ (പ്രത്യേകിച്ചു കേരള ശൈലിയില്‍) പ്രവര്‍ത്തിക്കാനല്ല. എന്നാല്‍, ക്രൈസ്തവ വിശ്വാസികളില്‍ ശരിയായ ബോധ്യവും പ്രാപ്തിയുമുള്ളവര്‍ സ്വന്തം നിലയില്‍ തൊഴിലാളിസംഘടനകള്‍ രൂപീകരിക്കുന്നതിനു സഭ എതിരല്ല. (ഭാരതംപോലൊരു രാജ്യത്ത്‌ അതു മതാടിസ്ഥാനത്തിലാകുന്നതു ശരിയല്ല എന്നതു മറ്റൊരു കാര്യം). സഭയുടെ തൊഴിലാളിപ്രസ്ഥാനങ്ങള്‍ പ്രധാനമായും ഉന്നംവയ്ക്കുന്നത്‌ ശരിയായ സാമൂഹ്യദര്‍ശനം നല്‍കാനും നേതൃത്വവാസന വളര്‍ത്താനും അംഗങ്ങളുടെ ക്രൈസ്തവമനഃസാക്ഷി രൂപപ്പെടുത്താനുമെല്ലാമാണ്‌. (സഭയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന യുവജന, വിദ്യാര്‍ഥിപ്രസ്ഥാനങ്ങള്‍ക്കും സമാനസ്വഭാവമാണുള്ളത്‌). അതു സഭയുടെ മൗലികമായ ദൗത്യത്തിന്റെ ഭാഗമാണുതാനും. സഭ മേയ്ദിനസന്ദേശം നല്‍കാന്‍ തുടങ്ങിയിട്ട്‌ അനേകവര്‍ഷങ്ങളായി. കേരള കത്തോലിക്കാ തൊഴിലാളിപ്രസ്ഥാനം ആരംഭിച്ചിട്ടും ഏറെ നാളായി. അതിനെ ഉത്തേജിപ്പിക്കുന്നതിനായി പരിശ്രമിക്കുന്നതില്‍ ആത്മരോഷം കൊള്ളേണ്ടതില്ല.

മനുഷ്യന്‍ ഒരു രാഷ്ട്രീയജീവിമാത്രമല്ല. അവനു സ്വകാര്യജീവിതം മാത്രവുമല്ല വേണ്ടത്‌. കലാ-ശാസ്ത്ര സാംസ്കാരിക മേഖലകളിലും അവനു പ്രവര്‍ത്തിക്കേണ്ടതുണ്ട്‌. ആ തലങ്ങളിലെല്ലാം പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യനുണ്ട്‌. അവിടെയെല്ലാം രാഷ്ട്രീയാധികാരം കൊടികുത്തിവാഴേണ്ടതില്ല. ഇതിനെല്ലാമുപരിയായി ധാര്‍മിക-ആത്മീയതലങ്ങളുമാവശ്യമാണ്‌. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഈ മണ്ഡലങ്ങള്‍ക്കു പരമപ്രാധാന്യമുണ്ട്‌. ഇവിടെനിന്നു ലഭിക്കുന്ന ജീവിതദര്‍ശനവും ധാര്‍മികബോധവും അവനെ മറ്റു തലങ്ങളിലെല്ലാം നയിക്കേണ്ടതുണ്ട്‌. രാഷ്ട്രീയത്തില്‍തന്നെ ധാര്‍മികതയില്ലാതെ വന്നാലുള്ള അപകടത്തെ ഗാന്ധിജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. ധാര്‍മികതയില്ലാത്ത രാഷ്ട്രീയത്തിന്റെ കെടുതികള്‍ നാം ഇന്ന്‌ അനുഭവിച്ചുകൊണ്ടിരിക്കുകയാണുതാനും.

കത്തോലിക്കാ തൊഴിലാളിപ്രസ്ഥാനം തൊഴില്‍രംഗത്തുള്ളവരുടെ കഴിവുകള്‍ വികസിപ്പിക്കാനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്താനും ക്രൈസ്തവമനഃസാക്ഷി രൂപപ്പെടുത്താനുമെല്ലാമാണു ശ്രമിക്കുക. ട്രേഡ്‌ യൂണിയനുകള്‍ക്കു ബദലായി കത്തോലിക്കര്‍ വേര്‍തിരിഞ്ഞു പ്രവര്‍ത്തിക്കുകയില്ല. എന്നാല്‍, തൊഴില്‍രംഗത്തെ മൗലികാവകാശത്തിനും ധര്‍മച്യുതിക്കുമെതിരായി ഈ പ്രസ്ഥാനത്തില്‍ പരിശീലനം ലഭിച്ചവര്‍ ശബ്ദിച്ചെന്നുവരും. അതിന്‌ എല്ലാ പൗരന്മാര്‍ക്കും കടമയുണ്ട്‌. സംഘടിച്ച്‌ ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാനും അവര്‍ക്ക്‌ അവകാശമുണ്ട്‌. എന്തു തട്ടിപ്പും നടത്താനുള്ള മേഖലയായി തൊഴില്‍രംഗത്തെ വിട്ടുകൊടുക്കുന്നത്‌ അപകടകരമായിരിക്കും.

ഭദ്രമായ തൊഴില്‍സംസ്കാരം ആവശ്യം

ഈയിടെ കോടതി നടത്തിയ പരാമര്‍ശം- അവകാശങ്ങളെക്കുറിച്ചു മാത്രമല്ല, ചുമതലകളെക്കുറിച്ചും ചിന്തിക്കണമെന്നും തെറ്റായ പ്രവര്‍ത്തനശൈലി സാമൂഹ്യദ്രോഹമാണെന്നും മറ്റും പറഞ്ഞത്‌, ശ്രദ്ധിക്കേണ്ട കാര്യമാണ്‌. നോക്കുകൂലിയെപ്പറ്റി മാര്‍ക്സിസ്റ്റു നേതാക്കള്‍തന്നെ പറഞ്ഞിട്ടുണ്ടല്ലോ? എന്നിട്ടും സ്ഥിതിഗതികള്‍ക്കു മാറ്റമില്ല എന്നതും വിചിത്രമാണ്‌. തൊഴിലാളികള്‍ ചുമതലകളെക്കുറിച്ചും ചിന്തിക്കണമെന്നു ശ്രീമതി ഗൗരിയമ്മയെപ്പോലുള്ള നേതാക്കള്‍ പണേ്ട പറഞ്ഞതും മറന്നതുപോലെ തോന്നുന്നു. അതുകൊണ്ടാണല്ലോ കോടതിയെ വിമര്‍ശിക്കാന്‍ നേതാക്കന്മാരും ചാനലുകളും ഓടിയെത്തുക. സംസ്ഥാനത്തു നിലവിലിരിക്കേണ്ട തൊഴില്‍സംസ്കാരത്തെക്കുറിച്ചും എല്ലാവരും ചിന്തിക്കേണ്ടതാണ്‌. ഇതേക്കുറിച്ചെല്ലാം ട്രേഡ്‌ യൂണിയനുകളെ ഓര്‍മിപ്പിക്കാനും കേരള ക്രൈസ്തവ തൊഴിലാളിപ്രസ്ഥാനത്തിനു സാധിച്ചെന്നുവരും.

തൊഴില്‍രംഗവും ട്രേഡ്‌ യൂണിയനുകളുമെല്ലാം രാഷ്ട്രീയപാര്‍ട്ടികള്‍ക്ക്‌ തീര്‍ത്തും വിധേയമായിരിക്കണമെന്ന ഭാവം അധികപ്പറ്റാണ്‌. അതു ജനാധിപത്യവിരുദ്ധമായ സമീപനമാണ്‌. ട്രേഡ്‌ യൂണിയനുകള്‍ക്കു സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയണം. അവ കേവലം പ്രത്യയശാസ്ത്രങ്ങളുടെ ഉപകരണങ്ങളായാല്‍ പാളം തെറ്റുകയാണ്‌. തൊഴില്‍രംഗത്തും മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം, ധാര്‍മികത പുലരണം, പൊതുസമൂഹനിര്‍മിതിക്കു തൊഴില്‍രംഗം തീര്‍ത്തും സഹായകരമാവുകയും വേണം.

1 നിരൂപണങ്ങള്‍:

ജനശക്തി said...

ഇതും വായിക്കാം
(കത്തോലിക്ക തൊഴിലാളിസംഘടനയോ! പരീക്ഷിച്ച് പരാജയപ്പെട്ട സംരംഭം)