June 7, 2009

വിമോചന സമരം അമ്പതാണ്ടു പിന്നിടുമ്പോള്‍

ബാലറ്റിലൂടെ അധികാരത്തില്‍ വന്നവര്‍ ജനാധിപത്യത്തേയും ഇന്ത്യന്‍ ഭരണഘടനയേയും അകത്തുനിന്ന്‌ അട്ടിമറിക്കാന്‍ ശ്രമിച്ചതാണ്‌ കേരളത്തിലെ വിമോചന സമരത്തിന്‌ ഇടയാക്കിയ സാഹചര്യം. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെയോ, ബഹുപാര്‍ട്ടി ജനാധിപത്യ ത്തെയോ പ്രത്യയശാസ്ത്രപരമായി കമ്യൂണിസ്റ്റ്‌ പാര്‍ട്ടി അംഗീകരിക്കുന്നില്ല. ആയുധവിപ്ലവത്തിലൂ ടെ അധികാരത്തില്‍ വരാന്‍ കഴിയില്ലെന്ന യാഥാര്‍ഥ്യബോധത്തിന്റെ ഫലമായാണ്‌ അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്‌. ഇന്നും ബഹു പാര്‍ട്ടി ജനാധിപത്യം പാര്‍ട്ടി അംഗീകരിക്കുന്നു ണേ്ടായെന്ന്‌ സംശയമാണ്‌. മാര്‍ക്സിസ്റ്റ്‌ പ്രത്യയശാസ്ത്രം പൊളിച്ചെഴുതാതെ ഇത്‌ സാധ്യമല്ല. ഇന്ത്യന്‍ ഭരണഘടനയെപ്പോലും തള്ളിപ്പറയുന്നതും നീതിന്യായകോടതികളെ നിഷേധിക്കുന്നതും നാം കാണുന്നു. വിമോചന സമരം സെക്കുലര്‍ ജ നാധിപത്യത്തിന്റെ സംരക്ഷണത്തിനുവേണ്ടിയുള്ള ബഹുജന മുന്നേറ്റമായിരുന്നു.

1957 ഏപ്രില്‍ അഞ്ചിന്‌ സത്യപ്രതിജ്ഞ ചെയ്ത്‌ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ 27 മാസവും 27 ദിവസവും മാത്രമേ കേരളം ഭരിച്ചുള്ളൂ. സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂനയ ബില്ല്‌ വലിയ എതിര്‍പ്പ്‌ കൂടാതെ പാസായി. എന്നാല്‍, സര്‍ക്കാരിന്റെ വിദ്യാഭ്യാസ ബില്ല്‌ വലിയ വിവാദവിഷയമായി. കാരണം വിദ്യാലയങ്ങളെല്ലാം സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ കൊണ്ടുവരാനും വിദ്യാലയങ്ങളില്‍ കമ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രത്തിന്‌ അടിത്തറ പാകാനുമുള്ള നിഗൂഢപദ്ധതി ബില്ലി ല്‍ ഒളിപ്പിച്ചിരുന്നു. റഷ്യയിലും പൗരസ്ത്യ യൂറോപ്പിലെ ഇതര രാജ്യങ്ങളിലും കമ്യൂണിസ്റ്റ്‌ സ്വേച്ഛാധിപത്യം മാര്‍ക്സിയന്‍ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാന്‍ ശ്രമിച്ചിരുന്ന കാലഘട്ടമായിരുന്നു അതെന്നും ഓര്‍മിക്കണം.

കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭ അധികാരത്തില്‍വന്നിട്ട്‌ നടത്തിയ നയപ്രഖ്യാപനങ്ങളില്‍നിന്നും വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനകളില്‍ നിന്നും ഈശ്വരാസ്തിത്വബോധത്തില്‍ അടിയുറച്ച ഭാരതീയ സംസ്കാരത്തിന്‌ ഒട്ടും യോജിക്കാത്ത വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ വരുത്തുന്നതിനുള്ള ശ്രമമാണെന്ന്‌ ബോധ്യമായി. ഇക്കാര്യത്തില്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി പുറപ്പെടുവിച്ച പ്രസ്താവനയില്‍ "വിദ്യാഭ്യാസ വിഷയമായി എന്തെങ്കിലും പരിഷ്കാരങ്ങള്‍ വരുത്താന്‍ ഉദ്ദേശിക്കുന്നെങ്കില്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയുവാന്‍ അര്‍ഹതയും അവകാശവുമുള്ള ഏവര്‍ക്കും ശരിയായ പഠനത്തിനും അഭിപ്രായ പ്രകടനത്തിനും വേണ്ടുവോളം സാവകാശം ലഭിക്കത്തക്കവിധം തല്‍സംബന്ധമായ നക്കല്‍ നിര്‍ദേശങ്ങള്‍ നേരത്തെ തന്നെ പ്രസിദ്ധപ്പെടുത്തേണ്ടതുമാണ്‌". എന്നു വ്യക്തമാക്കിയിരുന്നു.

1957 ജൂലൈ 25-ാ‍ം തീയതി കേരള കത്തോലിക്കാ മെത്രന്മാര്‍ പുറപ്പെടുവിച്ച മറ്റൊരു സംയുക്ത പ്രസ്താവനയില്‍ ഗവണ്‍മെന്റ്‌ വിഭാവനം ചെയ്ത വിദ്യാഭ്യാസ ബില്ലില്‍ അടങ്ങിയിരിക്കുന്ന അപകടങ്ങള്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്‌. പൊതു ജനവിമര്‍ശനത്തെയും പൊതുജനപ്രക്ഷോഭ ത്തെ യും ഭയന്ന്‌ ബില്ല്‌ പരസ്യപ്പെടുത്താതെ സൂക്ഷിക്കുകയായിരുന്നു. അസംബ്ലിയില്‍ ബില്ല്‌ അവതരിപ്പിക്കുന്നതിന്‌ തൊട്ടുമുമ്പു മാത്രമാണ്‌ ബില്ല്‌ പ്രസിദ്ധപ്പെടുത്തിയത്‌.

പാഠ്യപദ്ധതികളും വിദ്യാലയങ്ങളും തികച്ചും സ്വേച്ഛാധിപത്യരീതിയില്‍ നിയന്ത്രിക്കാനുതകുന്ന വ്യവസ്ഥകളാണ്‌ ബില്ലില്‍ ക്രോഡീകരിക്കപ്പെട്ടിരുന്നത്‌. അങ്ങനെ, സ്വകാര്യ ഏജന്‍സികള്‍ മുഖേന നടത്തപ്പെടുന്ന വിദ്യാഭ്യാസക്രമത്തെ പ്രായോഗികമായി ഇല്ലാതാക്കാന്‍ ആവിഷ്കരിച്ച പദ്ധതിയായിരുന്നു വിദ്യാഭ്യാസനിയമം

വിദ്യാഭ്യാസ ബില്ല്‌ പ്രസിദ്ധം ചെയ്തതു മുതല്‍ ജനങ്ങള്‍ പ്രക്ഷോഭം ആരംഭിച്ചു. സംസ്ഥാനത്തെ വിവിധ സമുദായങ്ങളില്‍പ്പെട്ട ചിന്താശീലരായ ജനവിഭാഗം സര്‍ക്കാരിന്റെ നിയമത്തില്‍ അന്തര്‍ലീനമായിരിക്കുന്ന അപകടങ്ങള്‍ നിറഞ്ഞ വ്യവസ്ഥകള്‍ തിരിച്ചറിഞ്ഞ്‌ ഒന്നടങ്കം സര്‍ക്കാരിന്‌ എതിരേ തിരിഞ്ഞു.

അങ്ങനെയാണ്‌ സഭാനേതാക്കന്മാരും നായര്‍, ഈഴവ, മുസ്ലിം സമുദായ നേതാക്കന്മാരും ഒന്നിച്ചുനിന്ന്‌ പ്രസിദ്ധമായ വിമോചന സമരം നയിച്ചത്‌. വിദ്യാഭ്യാസ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി ആരംഭിച്ച ധാര്‍മിക സമരം രണ്ടുവര്‍ഷത്തോളം ദീര്‍ഘിച്ചു. കേരളത്തിന്റ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ ചര്‍ച്ചാ ക്ലാസുകളും സമ്മേളനങ്ങളും സംഘടിപ്പിക്കപ്പെട്ടു. 1959 ജൂണ്‍ 12ന്‌ ആരംഭിച്ച പ്രത്യക്ഷ സമരപരിപാടികള്‍ അമ്പതു ദിവസം നീണ്ടുനിന്നു. തികച്ചും സമാധാനപരമായി നടന്ന സമരത്തിനിടയില്‍ നാല്‌ സ്ഥലങ്ങളിലുണ്ടായ പോലീസ്‌ വെടിവയ്പില്‍ പതിനഞ്ച്‌ ജീവിതങ്ങളാണ്‌ പൊലിഞ്ഞത്‌.

അങ്കമാലി (7)പുല്ലുവിള (2)വെട്ടുകാട്‌ (4) ചെറിയതുറ (2) എന്നിങ്ങനെയായിരുന്നു വിമോചന സമരത്തിലെ രക്തസാക്ഷികളുടെ കണക്ക്‌. ഒമ്പത്‌ രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായി. 248 സ്ഥലങ്ങളില്‍ ഉണ്ടായ പോലീസ്‌ ലാത്തിച്ചാര്‍ജില്‍ 1,937 പേര്‍ക്കു പരിക്കുപറ്റി. മൊത്തം അറസ്റ്റ്‌ ചെയ്യപ്പെട്ടവര്‍ 1,77,850 ആയി. ഇതില്‍ 42,745 പേര്‍ സ്ത്രീകളായിരുന്നു.

1959 ജൂലൈ 31-ന്‌ ഡോ.രാജേന്ദ്രപ്രസാദ്‌ ഇടപെട്ട്‌ ഭരണഘടനാനുസൃതം കമ്യൂണിസ്റ്റ്‌ സര്‍ക്കാരിനെ പിരിച്ചുവിടുകയായിരുന്നു. അങ്ങനെ അമ്പത്‌ ദിവസം നീണ്ടുനിന്ന വിമോചന സമരം വിജയകരമായി പര്യവസാനിച്ചു.

1957 ജൂണ്‍ 13 ശനിയാഴ്ച വൈകിട്ടാണ്‌ അങ്കമാലിയില്‍ വെടിവയ്പുണ്ടായത്‌. മറ്റൂര്‍, കൈപ്പട്ടൂര്‍, കൊറ്റമം എന്നീ ഇടവകകളില്‍ നിന്നായി ഏഴുപേര്‍ രക്തസാക്ഷികളായി. 14-ാ‍ം തീയതി ഞായറാഴ്ച ഇവരുടെ മൃതദേഹം വിലാപയാത്രയായി കാലടിയിലേക്ക്‌ കൊണ്ടുപോകുകയും പിന്നീട്‌ അങ്കമാലി ഫൊറോന പള്ളിയില്‍ സംസ്കരിക്കുകയും ചെയ്തു. എല്ലാ വര്‍ഷവും ജൂണ്‍ 13ന്‌ രക്തസാക്ഷികളുടെ അനുസ്മരണം ആചരിച്ചുവരുന്നു.

അമ്പതുകൊല്ലം മുമ്പു നടന്ന വിമോചന സമരമെന്ന പൊതുജനമുന്നേറ്റത്തെ ഇകഴ്ത്തി കാണിക്കാന്‍ ചില ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. കേരള ചരിത്രത്തില്‍നിന്ന്‌ വിമോചന സമരത്തെ മായ്ച്ചുകളയാന്‍ ശ്രമമുണ്ടായതു ചില സ്ഥാപിത താത്പര്യങ്ങളെ മുന്‍നിറുത്തിയാണ്‌. എന്നാല്‍, വിമോചന സമരം കേരള ചരിത്രത്തിലെ അതിപ്രധാന സംഭവമായി എന്നും നിലനില്‍ക്കും.

അതുകൊണ്ടുതന്നെ വിമോചനസമരത്തിന്‌ എക്കാലത്തും കേരള ചരിത്രത്തില്‍ സ്ഥാനമുണ്ടായിരിക്കും. ഏതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സഭയുടെ നിലപാടിന്‌ മാറ്റമുണ്ടാകില്ല. സദാ ജാഗ്രത പുലര്‍ത്തി ഉണര്‍ന്നിരുന്നില്ലെങ്കില്‍ വിദ്യാഭ്യാസ വിഷയത്തില്‍ മാതാപിതാക്കള്‍ക്കും സഭയ്ക്കുമുള്ള അവകാശങ്ങള്‍ നഷ്ടപ്പെടാനിടയുണ്ട്‌. ഇക്കാര്യം സഭാ മക്കള്‍ എന്നും ഓര്‍മിക്കുകയും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്യണം.

2 നിരൂപണങ്ങള്‍:

ലൂസിഫര്‍ said...

അങ്കമാലിയില്‍ വെടിയേറ്റു മരിച്ചവരെ ഫാദര്‍ വടക്കന്‍ തള്ളി പറഞ്ഞിരുന്നു . കാരണം ഒരു കള്ള് ഷാപ്പില്‍ നിന്നും കുടിചിരങ്ങിയവര്‍ പോലീസ് നു നേരെ നടത്തിയ അക്രമം ആണെന്ന് പ്രഞ്ഞിത്റ്റ്‌ ആയിരുന്നു അത് .
പിന്നെ വെട്ടുകാട് ,പുതിയ തുറ എന്നിവിടങ്ങളില്‍ മരിച്ചവര്‍ ലത്തീന്‍ കത്തോലിക്കര്‍ മാത്രം ആയതു എങ്ങനെ ? , വിമോചന സമരത്തില്‍ ചേര്‍ത്ത വെള്ളം കത്തോലിക്കാ സഭ ചൂടാക്കിയത്‌ തന്നെ
റോബിന്‍ താങ്കള്‍ നാളെയുടെ പ്രതീക്ഷയാണ് .

ഓ ടോ :
പിണറായി യെ വിചാരണ ചെയ്യാന്‍ പോവുന്നു .
അച്ചന്മാരും ,കന്യാസ്ത്രീകളും ,പിണറായിയും നിരപരാധികള്‍ ആവട്ടെ അല്ലെ .
ആമേന്‍

Idea said...

http://vidushakan.wordpress.com/2009/06/07