റവ. ഡോ. മാണി പുതിയിടം
മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനം ത്വരിതപ്പെടുത്തുമെന്നും ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കുണ്ടായ ആശങ്ക ഇല്ലാതാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് നിശ്ചയിച്ചതായി പത്രവാര്‍ത്ത കണ്ടു. പാര്‍ട്ടിപത്രമായതിനാല്‍ വാര്‍ത്ത അവിശ്വസിക്കേണ്ട കാര്യമില്ലല്ലോ. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ സമുദായങ്ങള്‍ പൊതുവില്‍ എല്‍.ഡി.എഫിനെതിരായ നിലപാടാണ് സ്വീകരിച്ചതെന്ന് സെക്രട്ടറി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. റോമന്‍ കത്തോലിക്കാസഭ വിമോചന സമരകാലത്തെ തീക്ഷ്ണതയോടെയാണു തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും ക്രിസ്ത്യന്‍ മതവിഭാഗത്തിന് ചില ആശങ്കകളുണ്ട്; അതില്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പറഞ്ഞു. ഈ തിരിച്ചറിവ് സ്വാഗതാര്‍ഹമാണ്. എന്നാല്‍, ക്രിസ്ത്യന്‍ മതവിഭാഗത്തിന്റെ ആശങ്കകള്‍ നീക്കാന്‍ എന്തൊക്കെയാണാവോ ചെയ്യാന്‍ പോവുന്നത് എന്നതിനെക്കുറിച്ച് സൂചനയൊന്നുമില്ല.
വിമോചന സമരകാലത്തെ തീക്ഷ്ണതയോടെയാണ് റോമന്‍ കത്തോലിക്കാസഭ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നു കാണുന്നതില്‍ തെറ്റില്ല. അതിനു കാരണക്കാര്‍ പാര്‍ട്ടിനേതാക്കള്‍ തന്നെയായിരുന്നില്ലേ. ഞങ്ങള്‍ 57-ന്റെ തുടര്‍ച്ചയാണെന്ന് എത്രയോ പ്രാവശ്യം വിദ്യാഭ്യാസമന്ത്രി പ്രസ്താവിച്ചു! അപ്പോള്‍ 57-ന്റെ മനോഭാവം റോമന്‍ കത്തോലിക്കാസഭയും വീണെ്ടടുക്കാന്‍ ശ്രമിച്ചതു തെറ്റാവുകയില്ലല്ലോ. 57-നുശേഷം എത്രയോ കമ്യൂണിസ്റ്റു സര്‍ക്കാരുകള്‍ കേരളം ഭരിച്ചു! അന്നൊന്നും റോമന്‍ കത്തോലിക്കാസഭ ഒരെതിര്‍പ്പും പ്രകടിപ്പിച്ചില്ല. നേരെ മറിച്ച് ഒരു മുഖ്യമന്ത്രി പലപ്പോഴും ബിഷഫൗസുകള്‍ സന്ദര്‍ശിക്കുകയും സൗഹൃദം പങ്കുവയ്ക്കുകയും "എടോ ഈ ബിഷപ്പുമാരൊക്കെ നല്ല മനുഷ്യരാണെടോ"യെന്ന് സഹപ്രവര്‍ത്തകരോടു സസന്തോഷം പറയുകയും ചെയ്തതോര്‍ക്കുന്നു. ഒരു ബിഷപ്പിനു പ്രമേഹത്തിനുള്ള മരുന്നുവരെ ഉപദേശിച്ചുകൊടുത്തത് അദ്ദേഹമായിരുന്നു. അദ്ദേഹം റോമില്‍ ചെന്ന്, മാര്‍പാപ്പയെ കണ്ട്, അദ്ദേഹത്തിനു ലഭിച്ച ജപമാല ആദരവോടെ സ്വീകരിച്ചതിനൊന്നും ഒരു പ്രത്യയശാസ്ത്രവും എതിരുനിന്നില്ല. അദ്ദേഹത്തില്‍ തിളങ്ങിയതു മനുഷ്യത്വമായിരുന്നു.
ജനം നിയതമായി തെരഞ്ഞെടുക്കുന്ന സര്‍ക്കാരിനെ ആദരിക്കാനും അനുസരിക്കാനുമാണു സഭ പഠിപ്പിക്കുന്നതും പഠിപ്പിച്ചിട്ടുള്ളതും. എല്ലാ അധികാരവും ദൈവത്തില്‍നിന്നാണെന്നുള്ള വിശ്വാസമാണ് അതിനു പിന്നിലുള്ളത്. എന്നാല്‍, തൊണ്ണൂറ്റൊന്‍പതു ശതമാനവും ദൈവവിശ്വാസികളായ നാട്ടില്‍ ദൈവമില്ലായെന്നു പരസ്യമായി പറയുന്ന മന്ത്രിയേയും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തവരെ ശകാരിക്കുന്ന ചിന്താഗതികളെയുമൊക്കെ സമൂഹം അംഗീകരിക്കുമെന്ന് കരുതാനാവില്ല.
ഭരണഘടനയെയും കോടതി വിധികളെയും കാറ്റില്‍ പറത്തുകയും ചീഫ് ജസ്റ്റീസുമാരെയൊക്കെ ജനകീയ വിചാരണ നടത്തി പ്രതീകാത്മകമായി നാടുകടത്തുകയും ജീവിക്കാന്‍ പറ്റാത്ത സാമൂഹ്യാവസ്ഥ സൃഷ്ടിച്ച് സ്ഥാപനങ്ങളെ തല്ലിത്തകര്‍ക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നിടത്ത് സമാധാനപ്രിയര്‍ മറിച്ചു ചിന്തിച്ചെന്നു വരും.
സഭ സാമൂഹ്യരംഗത്തും രാഷ്ട്ര നിര്‍മാണ രംഗത്തും സ്വതന്ത്ര സംഘടനയെന്ന നിലയില്‍ ചെയ്യുന്ന എണ്ണമറ്റ പ്രവര്‍ത്തനങ്ങളെ തമസ്കരിച്ച് വിദ്യാഭ്യാസക്കച്ചവടക്കാരും കരിഞ്ചന്തക്കാരുമായി സഭാ നേതാക്കളെ ചിത്രീകരിച്ചു കരിതേച്ചു കാണിക്കുന്നതിനോട് എല്ലാക്കാലത്തും സഹിഷ്ണുത കാണിച്ചുവെന്നു വരുകയില്ല. കത്തോലിക്കാസഭയും സമര്‍പ്പിതരും എന്തു ചെയ്യുന്നുവെന്ന് അറിയാത്തവരല്ല കേരള ജനത. അധികാരിയില്‍നിന്ന് ഒരു സ്ഥലംമാറ്റ ഉത്തരവു കിട്ടിയാല്‍ കാലിലെ പൊടിപോലും തട്ടിയിട്ടു അടുത്ത ശുശ്രൂഷാരംഗത്ത് ആത്മാര്‍ഥതയോടെ പ്രവേശിക്കുന്നവരാണ് കത്തോലിക്കാ വൈദികരും സന്യസ്ഥരും. അവരെയൊക്കെ അഴിമതിക്കാരാക്കി സമൂഹമധ്യത്തില്‍ അവതരിപ്പിച്ചാല്‍ കേരളജനം വിശ്വസിക്കുമെന്നു കരുതേണ്ട.
നാല്‍പതിനായിരത്തോളം കത്തോലിക്കാ സന്യാസിനികള്‍ കേരളത്തില്‍ ജനസേവനം നടത്തുന്നുണ്ട്. അവരെല്ലാം പൊതുസമൂഹത്തിനു സേവനം ചെയ്യുന്നവരാണ്. അനാഥാലയങ്ങള്‍ തൊട്ട് കുഷ്ഠരോഗികളെയും എയ്ഡ്സ് രോഗികളെയും ശുശ്രൂഷിക്കുന്ന സ്ഥാപനങ്ങള്‍വരെ അവര്‍ നടത്തുന്നു. അവര്‍ ഒരു പബ്ലിസിറ്റിയും പ്രതിഫലവും പ്രതീക്ഷിച്ചല്ല ഇതൊക്കെ ചെയ്യുന്നത്.
അവര്‍ക്കതിനുള്ള പ്രേരകശക്തി അവരുടെ വിശ്വാസമാണ്. കേരളം ആത്മഹത്യാ മുനമ്പാണെന്നു പറയേണ്ടതില്ലല്ലോ. സന്യാസാര്‍ഥിനികളായി വരുന്നവരിലും ചിലപ്പോള്‍ ആത്മഹത്യാ പ്രവണതയുണ്ടാവും. അങ്ങനെയുണ്ടാവുന്ന സാഹചര്യങ്ങളെ മുതലെടുക്കാന്‍ കോഴിക്കൂട്ടിലേക്ക് ഉന്നം വയ്ക്കുന്ന കുറുക്കനെപ്പോലെ മന്ത്രിമാര്‍ വ്യാപരിച്ചാലെന്തു ചെയ്യും. ഒരു സന്യാസിനിയുടെ ആത്മഹത്യ ആഘോഷമാക്കാന്‍ ഒരു മന്ത്രി പെട്ടപാട്, അവളുടെ അപ്പനെയുംകൊണ്ട് മുഖ്യമന്ത്രിയുടെ പക്കലെത്തി നഷ്ടപരിഹാരവും കൊടുപ്പിച്ചു, എഴുപതു വയസിലധികം പ്രായമുള്ള വൃദ്ധ സന്യാസിനികളെയൊക്കെ ലൈംഗികാപവാദത്തിനിരയാക്കാന്‍ കാണിച്ച ഉത്സാഹം-ഇതൊക്കെ കേരളജനത കണ്ടു. കൈയടികിട്ടുമെന്നാണു മന്ത്രി കരുതിയത്. അക്കൂട്ടത്തില്‍ സന്യാസസഭകളിലേക്ക് അര്‍ഥിനികളെ വിട്ടാല്‍ അവരുടെ മാതാപിതാക്കളുടെ പേരില്‍ നടപടിയെടുക്കുമെന്നു പറയാന്‍ മാത്രം പാര്‍ട്ടിക്കാരെ കുത്തിനിറച്ച വനിതാ കമ്മീഷനും കൂടിയായപ്പോള്‍ ഭേഷായി.
2006 മേയ് 18-ന് അധികാരമേറ്റ സര്‍ക്കാര്‍ ഒറ്റമാസം തികയുന്നതിനു മുമ്പേ ഭരണഘടനയെ ചോദ്യം ചെയ്യുന്ന സ്വാശ്രയ നിയമമുണ്ടാക്കി, സിംഗിള്‍ ബഞ്ചിലും ഡിവിഷന്‍ ബഞ്ചിലും സുപ്രീംകോടതിയിലും തോറ്റു തൊപ്പിയിട്ടു. അതിനു ചെലവായ തുക സര്‍ക്കാരിന്റെ നികുതിപ്പണമാണ്. ആവശ്യത്തിനു ഹോംവര്‍ക്കു ചെയ്യാതെയാണ് നിയമം ഉണ്ടാക്കിയതെന്നു പിന്നീടു പരിഭവിച്ചിട്ടെന്തു കാര്യം. തോറ്റു കഴിഞ്ഞപ്പോള്‍ ആര്‍ച്ച് ബിഷപ് മാര്‍ പവ്വത്തില്‍ കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നുവെന്നാണ് ആവലാതി. മാനേജ്മെന്റുകള്‍ വിവേകശൂന്യരെന്നു വിവേകമതിയായ മന്ത്രി! നിയമയുദ്ധം കഴിഞ്ഞു തിരിച്ചുവരുമ്പോള്‍ കേരളത്തിലാണു പ്രവര്‍ത്തിക്കേണ്ടതെന്ന ഭീഷണി ഏറ്റെടുത്തു നശീകരണം നടത്തിയ കുട്ടിനേതാക്കള്‍!
ഈശോയിലാണു വിശ്വാസം കീശയിലാണു ആശ്വാസം, രൂപതയെന്നാല്‍ രൂപാ താ എന്നൊക്കെ തട്ടിവിട്ടുകൊണ്ട് പരിഹാസവര്‍ഷം. മേലധ്യക്ഷന്മാരെയൊക്കെ അതിവന്ദ്യമാരെന്നും നികൃഷ്ടരെന്നുമൊക്കെ വിളിച്ചപ്പോള്‍ തെരഞ്ഞെടുപ്പു വരുമെന്നോര്‍ത്തില്ലായിരുന്നോ? തിരുവാമ്പാടിയിലെ ചരമവാര്‍ഷികവും അതോടുചേര്‍ന്ന കോലാഹലങ്ങളും ആരുമറക്കും? അപ്പനെ ചീത്ത വിളിച്ചാല്‍ മക്കള്‍ അടങ്ങിയിരിക്കുമോ? അപ്പന്റെ ചെകിട്ടത്തടിച്ചാല്‍ നോക്കി നില്‍ക്കുമോ?
ബിഷപ്പുമാര്‍ പറയുന്നതു വിശുദ്ധകള്ളം. വിശുദ്ധ കള്ളത്തിന്റെ വിചാരണയ്ക്കും കുട്ടി നേതാക്കള്‍ നാടുനീളെ. ബിഷപ്പുമാര്‍ വിളിച്ചിട്ടല്ല വിശ്വാസികള്‍ പാര്‍ട്ടിയില്‍ വന്നത്. അവര്‍ തിരിച്ചു വിളിച്ചാല്‍ വിശ്വാസികളെ കിട്ടില്ല. ഇടയലേഖനമൊന്നും വിലപ്പോവില്ല!- ആരോപണങ്ങളും അവകാശവാദങ്ങളും എന്തൊക്കെയായിരുന്നു! ഇപ്പഴോ?
കത്തോലിക്കാ വൈദികരെ സാമൂഹ്യദ്രോഹികളും വെള്ളയടിച്ച കുഴിമാടങ്ങളും കരിഞ്ചന്തക്കാരും മുക്കാലിയില്‍ കെട്ടിയടിക്കപ്പെടേണ്ടവരും വഴിയില്‍ തടയപ്പെടേണ്ടവരുമൊക്കെയായി ചിത്രീകരിച്ചപ്പോള്‍ കേരളത്തിലെ പൊതുസമൂഹം അതു സമ്മതിച്ചു തരുമെന്നായിരിക്കും കരുതിയത്.
കത്തോലിക്കാ വൈദികരും സന്യസ്ഥരും നടത്തുന്ന സ്ഥാപനങ്ങളില്‍ വെറും മുപ്പതു ശതമാനമേ സഭാമക്കളുള്ളൂ. ബാക്കി 70 ശതമാനം പൊതുസമൂഹത്തില്‍നിന്നുമാണ്. അവരൊക്കെ ളോഹയിട്ടവരെ ആദരിക്കുന്ന വിവിധ മതസ്ഥരാണെന്ന കാര്യം മറന്നുപോയി. കയ്യഫാസായിട്ടും സാന്‍ഹെദ്രീന്‍ സംഘമായിട്ടുമൊക്കെ മുദ്രകുത്തിയപ്പോള്‍ പൊതുജനവികാരമാണു വ്രണപ്പെട്ടത്.
ഏതു വിദ്യാഭ്യാസ പ്രവര്‍ത്തകരോടു ചര്‍ച്ച ചെയ്തിട്ടാണ് കെ.ഇ.ആര്‍ പരിഷ്കരണമുണ്ടാക്കിയത്? വിദ്യാഭ്യാസമന്ത്രി ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ അജന്‍ഡ നടപ്പാക്കുന്ന റബര്‍ സ്റ്റാമ്പാണോ എന്നു ചോദിച്ചാല്‍ തെറ്റുവരുമോ? പാഠപുസ്തകവിവാദം ഇളകി മറിഞ്ഞു. എന്നിട്ടോ, അതു പഠിക്കാനുള്ള സമിതിയും തഥൈവ! പുതിയ കമ്മിറ്റിയും അങ്ങനെതന്നെ. ഏകജാലകം ആദ്യമായി നടപ്പാക്കാന്‍ ശ്രമിച്ച വര്‍ഷം കാട്ടിയ കൃത്രിമത്വം എന്തായിരുന്നു! ഉള്ളിലൊന്നു വച്ചിട്ടു പുറമേ മറ്റൊന്നു പറയുന്നരീതി കുറെക്കാലം കഴിഞ്ഞെങ്കിലും മനുഷ്യന്‍ മനസിലാക്കും. എല്ലാക്കാലത്തും എല്ലാവരെയും പറ്റിക്കാനാവില്ലല്ലോ. പരീക്ഷാ ചോദ്യങ്ങളില്‍ പോലും ക്രൈസ്തവവിരുദ്ധത! ഒടുവിലിതാ ക്രൈസ്തവ വിവാഹത്തിന്റെ പരിശുദ്ധി തകര്‍ക്കുന്ന ക്രിസ്ത്യന്‍ വിവാഹനിയമനിര്‍ദേശം! ദയാവധവും ആത്മഹത്യയും ഔദാര്യപൂര്‍വം! ആത്മീയ സമൂഹങ്ങള്‍ ആര്‍ജിച്ചെടുത്ത സ്വത്തു കൈകാര്യം ചെയ്യാന്‍ ആരോടും ചോദിക്കാത്ത ട്രസ്റ്റു നിയമവും!
ക്രൈസ്തവരുടെ ആശങ്ക നീക്കുമെന്നു പറയുന്നവര്‍ ചെയ്ത തെറ്റുകള്‍ തിരുത്തുമോ? വിദ്യാഭ്യാസരംഗത്തെ അനിയന്ത്രിത കടന്നുകയറ്റം അവസാനിപ്പിക്കുമോ? ഭൂരിപക്ഷത്തെ കൂട്ടുപിടിച്ച് ന്യൂനപക്ഷത്തെ ഒതുക്കാമെന്ന വ്യാമോഹം ഉപേക്ഷിക്കുമോ? മന്ത്രിക്കസേരകളില്‍ നിന്നും ജനത്തിനു നേരേ ഉയരുന്ന ഭീഷണികള്‍ അവസാനിപ്പിക്കുമോ?
ക്രൈസ്തവരുടെ ആശങ്ക ഇല്ലാതാക്കാന്‍ നടപടിയെടുക്കുമോ?
ചത്തപട്ടിയുടെ ജാതകം അവലോകനം - ഒരു നേര്‍ക്കാഴ്ച്ച - വി.എസിന്റെ ചിരിയല്ല... ഇതു ധരിച്ചിരി...പുതിയതാന്നു
ക്രിസ്ത്യന്‍ സമുദായം തെറ്റിദ്ധരിപ്പിക്കപ്പെട്ടു... -> അതു ശരിയല്ലല്ലോ സഖാവേ... ശരിയായിതന്നെ ഞങ്ങള്‍ അതു ഇടവകസമൂഹത്തിനു പറഞ്ഞുകൊടുത്തതാണല്ലോ... അവര്‍ ശരിയായിതന്നെ ധരിച്ചു... അതല്ലേ വോട്ടുപെട്ടി പൊട്ടിച്ചപ്പോള്‍ കണ്ടത്...അതായത് ശരിയായിതന്നെ ധരിച്ചിരിക്കുന്നു..(ഇതു വി.എസിന്റെ ചിരിയല്ല... ഇതു ധരിച്ചിരി...പുതിയതാന്നു.)
റോമന്‍കത്തോലിക്കാ സഭ വിമോചനസമരകാലത്തേപ്പോലെ പെരുമാറി -> അതിനു 57 അല്ലല്ലോ സഖാവേ 2007... മറന്നോ അതൊക്കെപ്പറഞ്ഞത്.. 2-ആം വിമോചനസമരം എന്നു പറഞ്ഞപ്പോള്‍ എന്താ ഹാലിളക്കം... ഇത് ഒന്നും ആയിട്ടില്ല... വടിവെട്ടാന്‍ പോയിട്ടേ ഉള്ളു...
ക്രിസ്ത്യന്‍ സംഘടനകളുടെ ആശങ്കമാറ്റും - > ഞങ്ങള്‍ക്ക് ഒരാശങ്കയും ഇല്ല... ശുഭപ്രതീക്ഷകള്‍മാത്രം... (ജനങ്ങള്‍ക്കറിയാം ഇപ്പോള്‍ ആശങ്കയാര്‍ക്കാണെന്നു...)
പൊതുജനാടിത്തറ തകര്‍ന്നതായി കാണുന്നില്ല -> ഇല്ലാത്തത് എവിടെ തകരാന്‍... തറയല്ലേ...
തെറ്റുതിരുത്താന്‍ നടപടികള്‍ -> തെറ്റുതിരുത്തിയാല്‍ തിരുത്തുന്നവര്‍ക്കു കൊള്ളാം... അല്ലെങ്കില്‍ ജനം തിരുത്തും ... വെട്ടിയെഴുതും....മായിച്ചുകളയും...കീറിക്കളയും...
സമ്മതിദായകര്‍ ഉറക്കമുണര്‍ന്നപ്പോള്‍
ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍
നമ്മുടെ ജനാധിപത്യം നേര്‍ദിശയില്‍ സഞ്ചരിക്കുന്നുവെന്നതിന് തെളിവാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലം. കേന്ദ്രത്തില്‍ യു.പി.എയ്ക്കും കേരളത്തില്‍ യു.ഡി.എഫിനും അനുകൂലമായി ജനവിധിയുണ്ടായി. രാഷ്ട്രീയ നിരീക്ഷകരെയും മാധ്യമപ്രവര്‍ത്തകരെയുമെല്ലാം അത്ഭുതപ്പെടുത്തിയ വിജയമാണ് കോണ്‍ഗ്രസ് കൈവരിച്ചത്. വര്‍ഗീയവികാരം ഉണര്‍ത്തി ഭൂരിപക്ഷവോട്ടുകള്‍ സമാഹരിക്കാമെന്ന എന്‍.ഡി.എയുടെ മോഹങ്ങള്‍ പൊലിഞ്ഞു. തൂക്കുപാര്‍ലമെന്റ് പ്രതീക്ഷിച്ച് വിലപേശല്‍ രാഷ്ട്രീയത്തിന് കാത്തിരുന്നവര്‍ നിരാശരായി. ഏറെ കൊട്ടിഘോഷിക്കപ്പെട്ട മൂന്നാം മുന്നണിയുടെ സ്വപ്നവും തകര്‍ന്നു.
തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ നഷ്ടം സംഭവിച്ചത് ഇടതുമുന്നണിക്കാണ്. ബി.ജെ.പിക്കും കോണ്‍ഗ്രസിനുമെതിരേ ബദല്‍ മുന്നണിക്കുവേണ്ടി മുന്‍കൈയെടുത്ത കമ്യൂണിസ്റ്റ് നീക്കത്തെ ജനങ്ങള്‍ തള്ളിക്കളഞ്ഞു. അസംതൃപ്തരും അധികാരമോഹികളുമായ ചെറുകക്ഷികളെ ഉള്‍പ്പെടുത്തി മൂന്നാംമുന്നണിയു ണ്ടാക്കി രാജാപാര്‍ട്ട് അഭിനയിക്കാനുള്ള സി.പി.എമ്മിന്റെ യോഗങ്ങളെ ജനങ്ങള്‍ ഏകമനസോടെ നിരാകരിച്ചു.
1964-നു ശേഷം പാര്‍ട്ടിക്കുണ്ടായ ഏറ്റവും വലിയ പരാജയമാണിത്. 2004-ല്‍ 61 എം.പി.മാരുണ്ടായിരുന്ന ഇടതുസഖ്യത്തിന് ഇത്തവണ ലഭിച്ചത് 24 സീറ്റ് മാത്രം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രമായ പശ്ചിമബംഗാളില്‍ പാര്‍ട്ടിയുടെ അടിത്തറ ഇളകി. കേരളത്തില്‍ പാര്‍ട്ടിക്ക് സീറ്റ് മാത്രമല്ല, വോട്ടും കുറഞ്ഞു. യു.ഡി.എഫിന് ഒമ്പത് ശതമാനം വോട്ട് വര്‍ധനയുണ്ടായി. 101 നിയോജകമണ്ഡലങ്ങളില്‍ യു.ഡി.എഫ് വ്യക്തമായ മേല്‍ക്കൈ നേടി. 39 മണ്ഡലങ്ങളില്‍ മാത്രമാണ് എല്‍.ഡി.എഫിന് നേരിയ ഭൂരിപക്ഷമുള്ളത്. സാങ്കേതികമായി സര്‍ക്കാര്‍ രാജിവയ്ക്കേണ്ടതില്ലെങ്കിലും ജനങ്ങളുടെ മനസില്‍ ന്യൂനപക്ഷമായി മാറിയ സര്‍ക്കാരിന് രാജിവയ്ക്കാന്‍ തക്ക ധാര്‍മിക ന്യായങ്ങളുണ്ട്.
നേതാക്കന്മാരുടെ തമ്മിലടിയും മുന്നണിക്കുള്ളിലെ പോരും മൂലം മനസ് മടുത്തു കഴിഞ്ഞിരുന്ന അണികളെ നേതൃത്വത്തിനെതിരെ പരസ്യമായി പ്രതിഷേധിക്കാന്‍ തെരഞ്ഞെടുപ്പ് പരാജയം നിര്‍ബന്ധിതരാക്കി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ, കേരള സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ എന്നിവര്‍ രാജിവയ്ക്കണമെന്ന് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നു. അധികാരമോഹികളായ കമ്യൂണിസ്റ്റ് നേതാക്കന്മാര്‍ രാജിവയ്ക്കില്ലെന്നതിന് ചരിത്രം സാക്ഷി. ക്യൂബയില്‍ 49 വര്‍ഷം സര്‍വാധിപതിയായി വാണ ഫിഡല്‍കാസ്ട്രോ അനാരോഗ്യംമൂലം വിട്ടൊഴിയേണ്ടിവന്നപ്പോള്‍ കസേര ഇളയ സഹോദരന്‍ റൗള്‍ കാസ്ട്രോയിക്ക് കൈമാറി. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ സ്വാതന്ത്ര്യമോ ജനാധിപത്യമോ ഇല്ല.
കോണ്‍ഗ്രസ് മുന്നണിക്കുണ്ടായ അപ്രതീക്ഷിതവിജയം കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. സോണിയാ ഗാന്ധിയുടെ നേതൃപാടവവും മന്‍മോഹന്‍സിംഗിന്റെ ഭരണമികവും രാഹുല്‍ഗാന്ധിയുടെ സംഘാടക വൈഭവവും കോണ്‍ഗ്രസ് വിജയത്തിന് ഹേതുവായി. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാനും മതേതരത്വം സംരക്ഷിക്കാനും വര്‍ഗീയ ശക്തികളെയും ഭീകരപ്രവര്‍ത്തകരെയും ചെറുത്തുതോല്‍പ്പിക്കാനുമുള്ള ചുമതലയാണ് ജനം കോണ്‍ഗ്രസിനെ ഏല്‍പ്പിക്കുന്നത്. വികസനം, സ്ഥിരത, സുരക്ഷിതത്വം എന്നീ കോണ്‍ഗ്രസ് മുദ്രാവാക്യങ്ങളെ ഇന്ത്യന്‍ ജനത ഏറ്റെടുത്തുവെന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലം. മതന്യൂനപക്ഷങ്ങളെയും ദളിത് പിന്നോക്കവിഭാഗങ്ങളെയും വിശ്വാസത്തിലെടുക്കുന്ന കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണ്.
സംഭവിച്ച അപമാനകരമായ പരാജയത്തിന് കാരണം കണ്ടുപിടിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് സി.പി.എം നേതൃത്വം. ന്യൂനപക്ഷങ്ങളുടെ വോട്ട് നഷ്ടപ്പെട്ടതാണ് പരാജയകാരണമെന്ന് പോളിറ്റ് ബ്യൂറോ ഗത്യന്തരമില്ലാതെ സമ്മതിച്ചിട്ടുണ്ട്. നിരീശ്വരത്വവും മതനിന്ദയും സര്‍വാധിപത്യവും മുഖമുദ്രയായുള്ള കമ്യൂണിസ്റ്റുപ്രസ്ഥാനം ന്യൂനപക്ഷ പീഡനത്തിലൂടെ ഏറ്റുവാങ്ങിയതാണ് നാണംകെട്ട ഈ തോല്‍വി.
മതമൈത്രിക്കും ജനാധിപത്യത്തിനും ഈശ്വരവിശ്വാസത്തിനും സാമൂഹിക ക്ഷേമത്തിനും വേണ്ടി നിലകൊള്ളുന്ന ക്രൈസ്തവസമുദായത്തെ അപമാനിക്കാനും അവരുടെ സേവനങ്ങളെ വിലയിടിച്ചുകാണിക്കാനും പാര്‍ട്ടി നടത്തിയ ശ്രമങ്ങള്‍ക്ക് പ്രബുദ്ധതയുള്ള കേരളസമൂഹം കനത്ത തിരിച്ചടി നല്‍കി. ന്യൂനപക്ഷങ്ങള്‍ തങ്ങള്‍ക്കൊപ്പമാണ്, മെത്രാന്മാരുടെകൂടെ ആളുകളില്ല, അമ്പത്തിയേഴല്ല രണ്ടായിരത്തി ഏഴ്, ഇടയലേഖനത്തിന് ആരും വില കല്‍പ്പിക്കില്ല, കൂട്ടമണിയടിച്ചാല്‍ ആരും വരില്ല തുടങ്ങിയ ധാര്‍ഷ്ട്യം കലര്‍ന്ന പ്രസ്താവനകള്‍ക്കുള്ള വിശ്വാസസമൂഹത്തിന്റെ ശക്തമായ മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലം.
ഈ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷത്തിന്റെ നിലപാട് നിര്‍ണായകമായി. ന്യൂനപക്ഷ സാന്നിധ്യമുള്ള എല്ലാ മണ്ഡലങ്ങളിലും ഇടതുപക്ഷം തറപറ്റി. ചില മണ്ഡലങ്ങളിലെ വമ്പിച്ച ഭൂരിപക്ഷം ന്യൂനപക്ഷത്തിന്റെ കരുത്ത് തെളിയിച്ചു.
ക്രൈസ്തവസഭയ്ക്ക് കക്ഷി രാഷ്ട്രീയമില്ല. ആര്‍ക്കെങ്കിലും വേണ്ടിയോ ആര്‍ക്കെങ്കിലും എതിരായോ ക്രൈസ്തവ ന്യൂനപക്ഷം പ്രവര്‍ത്തിച്ചില്ല. എന്നാല്‍, അവരുടെ നിലപാട് വ്യക്തമായിരുന്നു. നിരീശ്വരവാദികളും മതനിന്ദയുള്ളവരും ഭിന്നിപ്പും വര്‍ഗവിദ്വേഷവും പ്രചരിപ്പിക്കുന്ന വര്‍ഗീയശക്തികളുമായി കൂട്ടുചേരുന്നവരും നേട്ടങ്ങള്‍ക്കുവേണ്ടി മാത്രം അവസരവാദ രാഷ്ട്രീയം കളിക്കുന്നവരും ഭരണത്തിലെത്തുന്നത് മതസ്വാതന്ത്ര്യത്തിനും സാമൂഹികസുരക്ഷയ്ക്കും ആപത്താണ്.
ഇടതുപക്ഷപ്രസ്ഥാനം ആട്ടിന്‍തോല്‍ ധരിച്ച ചെന്നായയാണെന്ന് ജനം തിരിച്ചറിഞ്ഞുകഴിഞ്ഞു. ഇരുമ്പുമറയുണ്ടായിരുന്ന കാലത്ത് കമ്യൂണിസ്റ്റ് നേതാക്കന്മാരുടെ കപടമുഖം കണെ്ടത്താന്‍ ജനങ്ങള്‍ക്കു കഴിയുമായിരുന്നില്ല. കാമറാ കണ്ണുകള്‍ക്കു മുമ്പില്‍ ഒരു നേതാവിനും ഒളിച്ചുനില്‍ക്കാനാവില്ല. പൊതുപ്രവര്‍ത്തകരെ ഇന്നു ജനങ്ങള്‍ തനിനിറത്തില്‍ കാണുന്നു.
പാവപ്പെട്ടവരുടെ പേരുപറഞ്ഞോ മതേതരത്വത്തിന്റെ പേരിലോ സാമ്രാജ്യത്വവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയോ ഇനി ആരേയും കബളിപ്പിക്കാനാവുകയില്ല. പാവപ്പെട്ടവരെക്കുറിച്ച് വായ് തോരാതെ പ്രസംഗിക്കുന്ന നേതാക്കന്മാരുടെ ആര്‍ഭാടജീവിതവും അഴിമതിക്കേസുകളും പാര്‍ട്ടിപ്രവര്‍ത്തകരില്‍ പോലും അമര്‍ഷം ഉളവാക്കി. പാര്‍ട്ടിയുടെ വമ്പിച്ച ആസ്തി പാവപ്പെട്ടവരില്‍ നിന്നും പിരിക്കുന്ന ലെവിയില്‍ നിന്നല്ല, മുതലാളിമാരില്‍ നിന്നു ലഭിക്കുന്ന കിഴിയില്‍ നിന്നാണെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടു. അങ്ങനെ പൊതുജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു.
മാധ്യമങ്ങളെ സിന്‍ഡിക്കറ്റ് ബന്ധം ആരോപിച്ച് അധിക്ഷേപിച്ചതും മാധ്യമ സ്ഥാപനങ്ങള്‍ക്കും മാധ്യമപ്രവര്‍കര്‍ക്കുമെ തിരെ അക്രമങ്ങള്‍ നടത്തിയതും ഇടതുപക്ഷ പ്രസ്ഥാനത്തിന് തിരിച്ചടിയായി. ഭരണഘടനയെ വിലമതിക്കാത്തതും കോടതി വിധികളെ തുടര്‍ച്ചയായി ചോദ്യംചെയ്തതും ഇടതുപക്ഷ പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള മതിപ്പ് ജനങ്ങളില്‍ നഷ്ടപ്പെടുത്തി. പാര്‍ട്ടി ഒരു ക്വട്ടേഷന്‍ സംഘത്തിന്റെ നിലവാരത്തിലേക്കു താഴ്‌ന്നപ്പോള്‍ അന്തസുളളവര്‍ പാര്‍ട്ടിയെ കൈവിട്ടു.
പാര്‍ട്ടി സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കണ്ണൂര്‍ ലോബിയുടെ ധാര്‍ഷ്ട്യത്തിനും വിദ്യാഭ്യാസമന്ത്രിയുടെ മണ്ടന്‍ പരിഷ്കരണങ്ങള്‍ക്കും അര്‍ഹിക്കുന്ന ശിക്ഷ ലഭിച്ചു. 'നികൃഷ്ടജീവി' പ്രയോഗം കേട്ടും അഭിവന്ദ്യന്മാരെന്ന പരിഹാസപ്രയോഗം ശ്രവിച്ചും മനസുനൊന്ത ന്യൂനപക്ഷസമുദായം ഉണര്‍ന്നു പ്രവര്‍ത്തിച്ചപ്പോള്‍ ഇടതന്മാര്‍ മാളങ്ങളില്‍ ഒളിച്ചു. ന്യൂനപക്ഷസമൂഹത്തിനും മാധ്യമങ്ങള്‍ ക്കും ഇത് അഭിമാനത്തിന്റെയും ആഹ്ലാദത്തിന്റെയും നിമിഷങ്ങളാണ്.
നിശബ്ദമായി വിജയിച്ച രണ്ടാം വിമോചന സമരം
ഒന്നാം വിമോചന സമരം കഴിഞ്ഞ് അമ്പതുകൊല്ലം കഴിയുമ്പോള്‍ ഒരു രണ്ടാം വിമോചന സമരത്തിനു സാഹചര്യമുണ്ടാകുമെന്ന് ആരും ധരിച്ചിട്ടുണ്ടാവില്ല. 1956-ല്‍ കേരള സംസ്ഥാനം രൂപംകൊണ്ടതിനു ശേഷം നടന്ന ആദ്യത്തെ പൊതു തെരഞ്ഞെടുപ്പില്‍ സാമൂഹ്യരംഗത്തു മികച്ച സംഭാവന നല്‍കിയിട്ടുള്ള സാമുദായിക സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടാതെ നിസംഗരായി മാറിനിന്നു. ലോകചരിത്രത്തില്‍ ആദ്യമായി ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലൂടെ 'കമ്യൂണിസ്റ്റ് മന്ത്രിസഭ' രൂപംകൊണ്ടു. സാമൂഹ്യ വികസന രംഗത്ത് മികവു തെളിയിച്ച ക്രൈസ്തവ സഭയോടു പകപോക്കുന്നതിന് അവസരം പാര്‍ത്തിരുന്ന ക്രൈസ്തവനാമധാരികളെ മുന്‍നിര്‍ത്തി നടത്തിയ 'മഹാവിപ്ലവ'മായിരുന്നു മന്ത്രിസഭയുടെ ആദ്യ അജണ്ട.
'വിനാശകാലെ വിപരീതബുദ്ധി' എന്നപോലെ പകപോക്കലും വാചകവിപ്ലവവും നടത്തുന്നതിനിടയില്‍ ഭരണം അഴിമതിയും ജനദ്രോഹവുമായി മാറുകയായിരുന്നു. വളരെ കൊട്ടിഘോഷിച്ചുകൊണ്ടുവന്ന 'ഭൂനയബില്ലും' രൂപപ്പെടുത്തി അവതരിപ്പിച്ച മന്ത്രി സ്വന്തം ഭൂമി സംരക്ഷിക്കുന്നതിനുള്ള തന്ത്രങ്ങളും രേഖകളും ചമച്ചതിനു ശേഷമായിരുന്നു വിപ്ലവമെന്ന വസ്തുത ഇന്നും നിലനില്‍ക്കുന്നു.
ഇതിനിടയില്‍ ഭരിക്കാന്‍ മറന്നുപോയതും കിട്ടിയ അവസരം പ്രയോജനപ്പെടുത്തി ഖജനാവു കൊള്ളയടിച്ചതും അരി കുംഭകോണവും ഭരണാഭാസത്തിനുമെതിരായി പൊതുജനരോഷം ശക്തമാകുന്നതിനു കാരണമായി. രാഷ്ട്രീയകക്ഷികള്‍ക്കു പുറമേ എല്ലാ സാമുദായിക ശക്തികളും-ഹിന്ദു-മുസ്ലിം-ക്രൈസ്തവര്‍- ഒത്തൊരുമിച്ചപ്പോള്‍ ജനരോഷം വന്‍ ജനമുന്നേറ്റമാകുകയായിരുന്നു. അങ്ങനെ ഭരണം തുടങ്ങി മൂന്നുകൊല്ലത്തിനകം സമൂഹത്തെ മൊത്തം എതിര്‍ചേരിയിലാക്കി സമരമുഖത്ത് എത്തിക്കാന്‍ അന്നത്തെ ഭരണാധികാരികള്‍ക്കായി. അങ്ങനെയാണു സമുദായാചാര്യനായ മന്നത്തുപത്മനാഭന്റെ നേതൃത്വത്തില്‍ 'വിമോചന സമരം' ആരംഭിച്ചത്. വിദ്യാര്‍ഥികളും തൊഴിലാളികളും എല്ലാ വിഭാഗത്തില്‍പ്പെടുന്ന ഈശ്വരവിശ്വാസികളുടെ കൂട്ടായ്മയും അങ്ങനെ സമൂഹം അടിമുടി ഏറ്റെടുത്തു നടത്തിയ 'വിമോചന സമരം' 1959-ല്‍ വിജയസമാപ്തിയിലെത്തിയതു ചരിത്രം.
അരനൂറ്റാണ്ടു കഴിഞ്ഞപ്പോള്‍ മറ്റൊരു 'വിമോചന സമരത്തിനു' സാഹചര്യമുണ്ടാക്കിയതു ചരിത്രത്തിന്റെ ആവര്‍ത്തന സ്വഭാവം മാത്രം. പഴയതൊക്കെ മറന്നും പൊറുത്തും ഇനി അത്തരത്തിലൊന്നും സംഭവിക്കില്ലെന്നും പ്രതീക്ഷിച്ച് 2006-ലെ തെരഞ്ഞെടുപ്പില്‍ സാമുദായിക ഇടപെടലുകളില്ലാതെ രാഷ്ട്രീയ പാര്‍ട്ടികളെ വിശ്വാസത്തിലെടുത്തു ജനങ്ങള്‍ ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുത്തു. ക്രൈസ്തവ ആത്മീയ നേതാക്കള്‍ പള്ളികളില്‍ ഇടയലേഖനങ്ങള്‍ വായിച്ചില്ല. ജനങ്ങളുടെ രാഷ്ട്രീയകാര്യങ്ങളില്‍ തികഞ്ഞ നിഷ്പക്ഷത കാണിച്ചു. ആരോടും പ്രത്യേക മമത കാണിക്കുന്നതിനുള്ള സാഹചര്യം നിലവില്‍ ഇല്ലായിരുന്നു. പക്ഷേ, തെരഞ്ഞെടുപ്പിലുണ്ടായ അതിവിജയം അപകടം ക്ഷണിച്ചുവരുത്തി. അഹങ്കാരികളും വികലമനസുള്ളവരുമായ ഒരുകൂട്ടം ഭരണാധികാരികളെയാണു കേരളത്തിനു ലഭിച്ചത്. ഭരിക്കുന്നതിനേക്കാള്‍ ഭരണം ഇല്ലാതാക്കുന്നതിനായിരുന്നു തുടക്കം മുതലേ നടത്തിയ ശ്രമങ്ങള്‍. നല്ല രീതിയില്‍ വളരെ പ്രശംസാര്‍ഹമായ തരത്തില്‍ മുമ്പോട്ടുപോയിരുന്ന വിദ്യാഭ്യാസരംഗം അങ്ങേയറ്റം വഷളാക്കി. മറ്റു സംസ്ഥാനങ്ങളിലെ സ്വകാര്യ വിദ്യാഭ്യാസ ലോബികളെ സഹായിക്കുന്നതിനും അവരില്‍നിന്നും വന്‍തോതില്‍ പണം പറ്റിയും കേരളത്തിലെ വിദ്യാര്‍ഥികളെ അവരുടെ മുന്നിലേക്ക് എറിഞ്ഞുകൊടുത്തു.
കാര്‍ഷിക മേഖലയില്‍ ഉത്പാദകരായ കര്‍ഷകരെ പരമാവധി ദ്രോഹിച്ചും നെല്ലുവിളവെടുക്കാന്‍ അനുവദിക്കാതെയും തങ്ങളുടെ ചാവേറുകളായ അണികളെ വിട്ട് നിയമം കൈയിലെടുത്തും നാശത്തിലേക്കു നയിച്ചു. വീട്ടുകരം മുതല്‍ ജനജീവിതം ദുഃസഹമാക്കുന്ന തരത്തില്‍ ടാക്സുകള്‍ സാധാരണ ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ചു. അക്രമവും വടിവാള്‍, ബോംബു പ്രയോഗങ്ങളുംകൊണ്ട് ജനങ്ങളുടെ സ്വൈര്യജീവിതം തകര്‍ക്കുന്നതരത്തില്‍ ഭരണമില്ലാത്ത അവസ്ഥ സൃഷ്ടിച്ചു. ഉദ്യോഗസ്ഥരുടെ അഴിമതിയും അലസതയും ഒന്നിനൊന്നു വര്‍ധിച്ചു ഭരണതലത്തിലെ അച്ചടക്കവും തൊഴില്‍ മര്യാദകളും ഇല്ലാതായി. എല്ലാറ്റിനുമുപരി ഈശ്വരവിശ്വാസികളായ ജനങ്ങളെ അതില്‍നിന്നും പിന്തിരിപ്പിക്കുന്നതിനും അവരുടെ ആത്മീയാചാര്യന്മാരെ അപമാനിക്കുന്നതിനും ആക്രമിക്കുന്നതിനും തയാറായി. ഒന്നാം വിമോചന സമരത്തിന്റെ സാഹചര്യത്തിനു സമാനമായ അന്തരീക്ഷം. ഭരണം തുടങ്ങി മൂന്നുകൊല്ലം തികയ്ക്കുന്നതിനു മുമ്പ്. അന്ന് 1959. ഇന്ന് 2009. സമാനതകളേറെ. പക്ഷേ, അന്നത്തെപ്പോലെ വിദ്യാര്‍ഥികളും ജനസാമാന്യവും ദിവസങ്ങളോളം തെരുവിലിറങ്ങേണ്ടിവന്നില്ല. അന്ന് അങ്കമാലിയിലും വലിയതുറയിലും ഉണ്ടായതുപോലുള്ള പോലീസ് നരനായാട്ടും കൊലപാതകങ്ങളും ഉണ്ടായില്ല. എത്രയോ മനുഷ്യപ്രയത്നവും ധനവിഭവങ്ങളും ചെലവഴിക്കേണ്ടിവന്നില്ല.
അങ്ങനെ 'സ്വാഭാവിക ചെലവില്ലാ കൃഷി' എന്ന ആധുനിക കൃഷിരീതി പോലെ ചെലവില്ലാ ജനമുന്നേറ്റത്തിലൂടെ 'രണ്ടാം വിമോചന സമരം' വിജയകരമായി നയിച്ച് പരിസമാപ്തിയിലെത്തിച്ചതില്‍ സന്തോഷിക്കുകയാണു കേരള ജനത.
ഡല്‍ഹിയിലും ആന്ധ്രയിലും ഒറീസയിലും ബിഹാറിലും എന്തുകൊണ്ട് ജനം ഭരിക്കുന്നവരെ തന്നെ വീണ്ടും തെരഞ്ഞെടുക്കുന്നു. കേരളത്തില്‍ത്തന്നെ എന്തുകൊണ്ട് 1977-ലെ തെരഞ്ഞെടുപ്പില്‍ നിലവിലെ ഭരണമുന്നണിക്കുതന്നെ ജനം വീണ്ടും വോട്ടു ചെയ്ത് അധികാരത്തിലേറ്റി എന്നെല്ലാം മനസിലാക്കുന്നതിനു തയാറാകണം.
ജനങ്ങള്‍ ആഗ്രഹിക്കുന്നത് നിയമവാഴ്ചയെ നിലനിര്‍ത്തുന്ന തരത്തിലുള്ള സമാധാനപരമായി തൊഴിലെടുത്ത് അവനവന്റെ വിശ്വാസ ആചാരങ്ങള്‍ക്കനുസരിച്ചു ജീവിക്കാനുള്ള മിനിമം സാഹചര്യം സൃഷ്ടിക്കാനുതകുന്ന ഭരണകൂടത്തെയാണ്. ഇതൊരു സൂചനയാണ്. സൂചന കണ്ടു പഠിക്കുമെന്നു പ്രതീക്ഷിക്കാം.
ഡോ. എം.സി ജോര്‍ജ് മൂവാറ്റുപുഴ.
കേരളമാണെന്ന കാര്യം വിസ്മരിക്കരുത്
റവ.ഡോ. മാണി പുതിയിടം
രാജ്യത്തിന്റെ തെരഞ്ഞെടുപ്പു ഫലങ്ങളെ വിലയിരുത്തുന്ന ഘട്ടമാണല്ലോ ഇത്. വിജയപരാജയങ്ങളാണു മുഖ്യചര്‍ച്ചാവിഷയം. തോറ്റവര്‍ തോല്‍വിയ്ക്കുള്ള കാരണങ്ങള്‍ തങ്ങളുടെതല്ലാതെ മറ്റാരുടെയെങ്കിലും തലയില്‍ കെട്ടിവച്ചു രക്ഷപെടാന്‍ ശ്രമിക്കുന്നു. വിജയിച്ചവര്‍ അപ്രതീക്ഷിതമായുണ്ടായ വലിയ വിജയത്തിന്റെ ലഹരിയില്‍ തങ്ങളെത്തന്നെ മറന്ന് എക്കാലവും തങ്ങള്‍ ഇങ്ങനെയായിരിക്കുമെന്ന മിഥ്യധാരണയിലും കഴിയുന്നു.
അതിനിടയിലാണ് പാര്‍ട്ടിയുടെ താത്ത്വികാചാര്യന്മാരും തങ്ങള്‍ ചിന്തിക്കുന്നതിനപ്പുറത്തുള്ള മറ്റൊന്നുമുണ്ടാവില്ലെന്നു കരുതുന്ന ചില ഉന്നതന്മാരും വിലയിരുത്തലുകളുമായി രംഗത്തു വരുന്നത്. ഉള്ളില്‍ ചില പ്രത്യേക താത്പര്യങ്ങള്‍ വച്ചു പുലര്‍ത്തുന്നുവെന്നു തോന്നിപ്പിക്കുന്ന ചില 'ഷെവലിയാര്‍'മാരും മറ്റുള്ളവരെ അടിച്ചിരുത്തി സ്വന്തം അഭിപ്രായം തട്ടിവിടാന്‍ മടികാണിക്കാതെ രംഗത്തുണ്ട്.
സോണിയ-മന്‍മോഹന്‍ ഭരണത്തിന്റെ, സദ്ഭരണസാക്ഷ്യപത്രമായി തെരഞ്ഞെടുപ്പിനെ കാണണമെന്ന അഭിപ്രായം തരക്കേടില്ല. ത്യാഗം, വിനയം, പ്രാഗല്‍ഭ്യം, സുതാര്യത, സത്യസന്ധത, സമചിത്തത, സമന്വയം തുടങ്ങിയ ഗുണങ്ങള്‍ ഇവരില്‍ കാണുന്നതും മോശമല്ല. വിഭാഗീയതയ്ക്കെതിരായ വിധിയായും ആണവക്കരാറിനും ഇസ്രയേലുമുള്ള ബന്ധങ്ങള്‍ക്കും, നവസാമ്പത്തിക നയങ്ങള്‍ക്കു ഭാരതജനത നല്‍കിയ അംഗീകാരമായും തെരഞ്ഞെടുപ്പിനെ കാണുന്നതില്‍ തെറ്റില്ല. പ്രസ്തുത ദേശീയതാത്പര്യത്തിനപ്പുറത്തോട്ടു കേരളത്തില്‍ മറ്റൊന്നും പ്രതിഫലിച്ചില്ലെന്നു പറഞ്ഞിട്ട് ഉള്ളിലിരിക്കുന്ന കത്തോലിക്കാവിരോധം താനറിയാതെ പുറത്തു ചാടിയത് ഒരു പക്ഷേ അറിയാതെയായി രിക്കാം.
കത്തോലിക്കാസഭയുടെ സ്വാധീനത്തെ അപ്പാടെ വില കുറച്ചു കാണിക്കാനും അതിന്റെ ആത്മീയ നേതൃത്വത്തെ 'സ്വന്തം നാസാഗ്രത്തെ കേന്ദ്രമാക്കി ഭൂഗോളം ചരിക്കുന്നുവെന്നു കരുതുന്നവരായി പരിഹസിക്കാനും കാണിച്ച തന്റേടം അപാരം തന്നെ. ഇടയലേഖനങ്ങള്‍ക്കൊന്നും വലിയ സ്വാധീനമുണ്ടായില്ലത്രേ! അല്ലെങ്കില്‍ തൃശൂരിലും എറണാകുളത്തും സ്ഥിതി മെച്ചമാകുമായിരുന്നില്ലെയെന്നാണു ചോദ്യം. കത്തോലിക്കാ സഭ തന്നെ ഒരുപാടു ആദരിച്ചിട്ടുള്ള ഈ തൂലികയുടെ ഉടമ മേറ്റ്ങ്ങും കത്തോലിക്കരില്ലാത്തതു പോലാണു ചിന്തിക്കുന്നതെന്നു തോന്നിപ്പോവും. ചങ്ങനാശ്ശേരിയും പത്തനംതിട്ടയും തിരുവനന്തപുരവുമൊക്കെ വിസ്മൃതിയിലായി! കോട്ടയത്തിന്റെ വിജയമാവട്ടെ മാണിയുടെ പ്രാഗല്‍ഭ്യവും കുട്ടിയമ്മപ്പെങ്ങളുടെ സൗഭ ാഗ്യവുമത്രേ!
എന്നാല്‍, പാര്‍ട്ടിയുടെ താത്ത്വികാചാര്യനാവട്ടെ ഇക്കാര്യത്തില്‍ കുറച്ചു കൂടി ആത്മാര്‍ഥത പുലര്‍ത്തുന്നു. ഇവിടെയുണ്ടായത് ഒരു കോണ്‍ഗ്രസ് അനുകൂലതരംഗമേയല്ലായെന്ന് അദ്ദേഹം ആണയിട്ടു പറയുന്നു. പകരം എതിര്‍കക്ഷിയുടെ ദൗര്‍ബല്യങ്ങളും വൈകല്യങ്ങളും സംബന്ധിച്ചുണ്ടായ വിപ്രതിപത്തി കോണ്‍ഗ്രസിന് അനുകൂലമായി ഭവിച്ചു എന്നു മാത്രം. ഇതിനെ തരംഗമെന്നല്ല 'നിവൃത്തികേട്' എന്നാണദ്ദേഹം വിളിക്കുക. ഛിന്നഭിന്നമായ ഒരു സംയുക്തകക്ഷി പ്രസ്ഥാനമായി അദ്ദേഹം ഇടതുപക്ഷത്തെ കാണുന്നു. സീറ്റിനുവേണ്ടിയുണ്ടായ മത്സരങ്ങള്‍, മദനി വിവാദം, ഘടകകക്ഷി നേതാവിനോടു കാണിച്ച കുടിപ്പക, പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ പോളിറ്റ് ബ്യൂറോയ്ക്കുണ്ടായ പരാജയം എന്നിവ യഥാര്‍ഥ്യബോധത്തോടെ വിലയിരുത്തുന്നു. അഭിപ്രായഭിന്നത കാന്‍സറായും പ്രസ്തുത കാന്‍സര്‍ പാര്‍ട്ടിയുടെ ജീവകോശങ്ങളെ ആക്രമിച്ചു കഴിഞ്ഞിരിക്കുന്നുമെന്നും അദ്ദേഹം കണെ്ടത്തി. എന്തുകൊണ്ടാണോ ആവോ അദ്ദേഹം ഒരു പക്ഷേ, ഇഷ്ടനേതാവിനെ പിണക്കാന്‍ വിഷമമായിട്ടാവാം, ലാവ്ലിന്‍ പ്രശ്നം കാണുന്നതേയില്ല.
എന്നാല്‍, ഇവരെല്ലാം മനഃപൂര്‍വം കണ്ടില്ലെന്നു നടിക്കുന്ന എത്രയെത്ര സംഭവങ്ങള്‍ കേരളസമൂഹത്തില്‍ അരങ്ങേറി! പരസ്പരബഹുമാനവും ആദരവും നിലനിര്‍ത്തുന്ന സാംസ്കാരികകേരളത്തിന്റെ നെഞ്ചിലേക്ക് അപമര്യാദയുടെയും അശ്ലീലഭാഷ്യത്തിന്റെയും വിഷക്കാറ്റ് തുറന്നുവിട്ടത് ആരാണ്? കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത അശ്ലീലഭാഷണങ്ങള്‍ കൊണ്ട് മാധ്യമലോകത്തെ നിറച്ചതാരാണ്. ആരാണു ഇത്തരക്കാരില്‍ നിന്നു മുറിവേല്‍ക്കാത്തത്! ഒരു മതത്തെ മാത്രമല്ല സര്‍വമതങ്ങളെയും മതാചാര്യന്മാരെയും അടച്ചാക്ഷേപിച്ചപ്പോള്‍, ശത്രുക്കളുടെ എണ്ണം വര്‍ധിപ്പിച്ചപ്പോള്‍ കാല്‍ച്ചുവട്ടില്‍നിന്ന് മണ്ണ് ഊര്‍ന്നുപോയതറിഞ്ഞില്ല. ഹിന്ദുവിനെ പരിഹസിക്കാന്‍ ഹിന്ദുമന്ത്രി, ക്രിസ്ത്യാനിയെ പരിഹസിക്കാന്‍ ക്രിസ്ത്യന്‍ മന്ത്രി എന്നു വേണ്ട മനുഷ്യന് കേള്‍ക്കാള്‍ക്കൊള്ളില്ലാത്ത ഭാഷകള്‍ ഭരണരംഗത്തു നിന്ന് ഇത്രയും ഇതിനുമുമ്പ് ഉണ്ടായിട്ടുണേ്ടാ?
സ്വാശ്രയ വിഷയമായിരുന്നല്ലോ വലിയ പ്രശ്നം. അതിനെതിരേയുണ്ടായ നടപടി ക്രമങ്ങള്‍ കോടതി വിധിയുണ്ടായിട്ടും അടിച്ചു തകര്‍ക്കലിലേക്കും തല്ലിപ്പൊള്ളിക്കലിലേക്കും നീങ്ങിയത് ഭരണഘടനയെയും കോടതിയെയും ധിക്കരിക്കുന്നതായി കേരളസമൂഹം കണ്ടു. എത്ര തവണയാണ് കോടതി തന്നെ ഇ തുപോലുള്ള അക്രമപ്രവര്‍ത്തനങ്ങളെ ശകാരിച്ചത്! എന്നിട്ടെന്തു ഫലം. കുട്ടിനേതാക്കളെ അഴിച്ചു വിട്ട് സര്‍വതും തല്ലിത്തകര്‍ക്കല്‍ ഒരു സ്ഥിരം പരിപാടിയായി. കോടതി യുദ്ധം കഴിഞ്ഞു തിരിച്ചുവരുമ്പോള്‍ കേരളത്തിലാണു ജീവിക്കേണ്ടതെന്നോര്‍ ത്തോണം എന്ന ഭീഷണി അക്ഷരാര്‍ഥത്തില്‍ സാക്ഷാത്കരിച്ചു.<BR>
അടിസ്ഥാനപരമായി 99 ശതമാനവും ദൈവവിശ്വാസികളായ സമൂഹത്തില്‍ ഇളം തലമുറയുടെ മനസില്‍ നിരീശ്വരത്വവും പാര്‍ട്ടിപ്രേമവും കുത്തിവയ്ക്കാന്‍ മനഃപൂര്‍വം തയാറാക്കിയ പാഠ്യ പദ്ധതി. അതു പരിശീലിപ്പിക്കാനുപയോഗിച്ച സിഡി! വിദ്യാഭ്യാസരംഗം മുഴുവന്‍ കുളമാക്കിയ പരിഷ്ക്കാരങ്ങളേയും കേരളസമൂഹം നേരില്‍ കണ്ടു. എന്തേ ഇപ്പോള്‍ സി.ബി.എസ്.സി സ്കൂളുകളിലേക്ക് നിവൃത്തിയില്ലാത്തവരും ഓടിക്കൂടുന്നത്? അദ്ധ്യാപകപരിശീലന പരിപാടികളിലൂടെ കോടികള്‍ ഒഴുക്കിയിട്ടെന്തുണ്ടായി. അദ്ധ്യാപകസമൂഹവും തനിനിറം മനസിലാക്കി.
1947-ലെ വിദ്യാഭ്യാസം കമ്മീഷന്റെ ചെയര്‍മാനായിരുന്ന ഡോ. രാധാകൃഷ്ണന്‍ എഴുതി: 'വിദ്യാഭ്യാസരംഗത്തുള്ള സര്‍ക്കാരിന്റെ പരിധിവിട്ട ഇടപെടല്‍ സര്‍ക്കാരിനുവേണ്ടി കൂലിപ്പട്ടാളത്തെ വാര്‍ത്തെടുക്കുന്ന രംഗമായി വിദ്യാഭ്യാസത്തെ മാറ്റുമെന്ന്'. ശരിയായ അന്വേഷണവും പഠനവും നടക്കേണ്ട സര്‍വകലാശാലകള്‍ രാഷ്ട്രീയ കലാപങ്ങളുടെ സ്ഥിരം വേദിയായി മാറി.
പാഠപുസ്തകപരിഷ്കാരം, കെ.ഇ.ആര്‍ പരിഷ്കരണം തുടങ്ങിയ വിവാദങ്ങള്‍ സര്‍ക്കാരിന്റെ തനിനിറം മനസിലാക്കുന്നതിനു കേരള ജനതയെ സഹായിച്ചു. ഒടുവില്‍ ആര്‍ക്കുവേണ്ടി നിയമം സൃഷ്ടിക്കുന്നുവോ അവരോടോ അവരുടെ തലവന്മാരോടോ ആലോചിക്കാതെയുള്ള നിയമപരിഷ്കാരവും!
ഒരു വിഭാഗത്തെ തന്നെ മാറ്റി നിര്‍ത്തി ക്രൂശിക്കുന്ന എത്രയെത്ര സംഭവങ്ങള്‍! ഇത് ഭൂരിപക്ഷ വോട്ടിനു വേണ്ടിയായിരുന്നുവോ? എങ്കില്‍ തെറ്റിപ്പോയി. കേരളജനത മതവ്യത്യാസമില്ലാതെ അധാര്‍മികതയെ ചോദ്യം ചെയ്യും.
അന്ധന്മാരുടെ സ്കൂളില്‍ പോയി ദൈവമുണെ്ടങ്കില്‍ അന്ധമാരുണ്ടാവില്ലെന്ന വിളിച്ചു പറയുവാന്‍ പ്രേരിപ്പിച്ചവങ്കത്തവും അഹങ്കാരവും കേരളജനത കണ്ടു. ദൈവനാമത്തില്‍ സത്യ പ്രതിജ്ഞ ചെയ്താല്‍ കുറ്റം. ദൈവവിശ്വാസകളെ പാര്‍ട്ടിയില്‍ വേണം താനും. ഇതിലെ ഇരട്ടമുഖം ജനം മനസിലാക്കി. എന്തായാലും കേരളത്തിലാണു ജീവിക്കേണ്ടതെന്നോര്‍ത്തോണമെന്നു ഭീഷണി അക്ഷരാര്‍ഥത്തില്‍ തെരഞ്ഞെടുപ്പിലൂടെ ഫലവത്തായിരിക്കുന്നു. എയ്ത അമ്പ് തിരിച്ചാണു പാഞ്ഞതെന്നു മാത്രം.<BR>
മുറിയുന്നതെന്തെടോ ഭീമാ?
പ്രവാചകന്മാര്‍ നടുങ്ങാന്‍ തയ്യാറായിരിക്കുക എന്നു മുന്നറിയിപ്പു നല്‍കിയതു മറ്റാരുമല്ല മാര്‍ക്സിസ്റ്റു പ്രത്യയശാസ്ത്രത്തിന്റെ മഹാപ്രവാചകനും കേരളസംസ്ഥാനത്തെ സിപിഎമ്മിന്റെ പരമാധികാരിയും ആയ സാക്ഷാല്‍ പിണറായി വിജയനാണ്. സാക്ഷിയും ഒരു പ്രവാചകനാണെന്നു വെറുതെയൊരു തോന്നലുള്ളതുകൊണ്ട് നടുങ്ങേണ്ടിവരും എന്നു തീര്‍പ്പാക്കി ഇരിക്കുകയായിരുന്നു.
ആ മഹാദിനം വന്നണഞ്ഞു. May 16. അന്നാണു തെരഞ്ഞെടുപ്പുഫലം വരുന്നത്. അതു വരുമ്പോള്‍ ഞെട്ടാന്‍ തയ്യാറായിരിക്കാനാണു പിണറായി പറഞ്ഞിരുന്നത്. ഫലം വന്നു. പക്ഷേ, എത്ര ആലോചിച്ചിട്ടും ഞെട്ടല്‍ വരുന്നില്ല. ടിവി ചാനലുകളെല്ലാം മാറി മാറി വച്ചു നോക്കി. പ്രതീക്ഷിച്ചതൊക്കെത്തന്നെയാണു സംഭവിച്ചുകൊണ്ടിരിക്കുന്നത്. പിന്നെങ്ങനെ ഞെട്ടും? ഇനി ഇതിന്റെ അവസാനം ഉത്സവപ്പറമ്പിലെ വെടിക്കെട്ടിന്റേതുപോലെ വല്ല ഗര്‍ഭം കലക്കിയും ഉണ്ടാകുമോ? പക്ഷേ, അതും ഉണ്ടായില്ല.
അപ്പോളാണു മാധ്യമക്കാരെല്ലാം ഒരു വാര്‍ത്ത കൊണ്ടുവരുന്നത്. തിരുവനന്തപുരത്ത് ഇ.കെ.ജി. സെന്ററില്‍ ഒരാള്‍ക്കു മിണ്ടാട്ടമില്ല. ഉരിയാട്ടമില്ല. ഒരേയിരുപ്പാണ്. തെരഞ്ഞെടുപ്പുഫലം വന്നപ്പോള്‍ ഞെട്ടിയതാണത്രെ. ആളാര്? നമ്മുടെ അങ്ങേരു തന്നെ. പിണറായി വിജയന്‍!
കിഴിഞ്ഞുകിഴിഞ്ഞു ചോദിച്ചപ്പോള്‍ നാഴിയില്‍ പാതി ആടിയത്രെ. 'ഒക്കെ പിന്നെപ്പറയാം' എന്ന്! പക്ഷേ, ശനി പോയി ഞായര്‍ വന്നു. പിന്നാലെ തിങ്കളും വന്നു. സാക്ഷി ഇതു കുറിക്കുമ്പോഴും ആളു കാര്യമായൊന്നും മിണ്ടിയിട്ടില്ല. ഡല്‍ഹിയിലെ ചാനലുകാര്‍ മൈക്കു നീട്ടി നീട്ടിപ്പിടിച്ചപ്പോള്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതൊന്നും എന്റെ കൈയില്‍ നിന്നു കിട്ടില്ല എന്നോ മറ്റോ ബോധിസത്വനെപ്പോലെ ഏതാണ്ടു പറഞ്ഞത്രെ. അതേയതെ, സംശയമില്ല; ഞെട്ടല്‍ മാറിയിട്ടില്ല.
ഇപ്പോള്‍ ഡല്‍ഹിയില്‍ പോളിറ്റ് ബ്യൂറോ നടക്കുകയാണ്. അവിടെ ചില കിണ്ണം കൊട്ടലുകളും കോരുകൊട്ട കമിഴ്ത്തലുകളുമൊക്കെ നടക്കുമത്രെ. അപ്പോള്‍ കക്ഷിയുടെ ഞെട്ടല്‍ മാറിയേക്കും. പ്രതികരണശേഷി വീണ്ടുകിട്ടിയേക്കും. ഒരു ചുക്കുമറിഞ്ഞുകൂടാത്ത മാധ്യമപ്പടയോടു വല്ലതുമൊക്കെ തിരുവായ് മൊഴിഞ്ഞേക്കും. അതുവരെ കാത്തിരിക്കുക തന്നെ.
പണ്ടു വഴിയില്‍ കിടന്ന കിഴവന്‍ കുരങ്ങച്ചാരുടെ വാലു കവച്ചു കടക്കാനും വഴി വളഞ്ഞു നടക്കാനും വയ്യെന്നായപ്പോള്‍ ഭീമസേനന്‍ കുരങ്ങനോടലറിയത്രെ - മര്‍ക്കടാ നീയങ്ങു മാറിക്കിടാശഠാ! അപ്പോള്‍ കുരങ്ങു ദയനീയമായി ഞരങ്ങി: വയ്യാ, അങ്ങ് ആ വാലു മാറ്റിയിട്ടു കടന്നുപോയാലും.
ഭീമന്‍ തന്റെ ഗദ കൊണ്ടു വാലു തോണ്ടി മാറ്റാന്‍ തീരുമാനിച്ചു. വാലനങ്ങുന്നില്ല. ഭീമന്‍ വീണ്ടും വീണ്ടും ആഞ്ഞുപിടിച്ചു. എന്തോ ഒടിയുന്ന ശബ്ദം. കുരങ്ങു ചോദിച്ചു: മുറിയുന്നെന്തെടോ ഭീമാ, ഗദയോ നമ്മുടെ വാലോ?
മേയ് 16 നും അങ്ങനെയൊരു ശബ്ദം നാം കേള്‍ക്കുകയുണ്ടായി.
ചിരിക്കാം ചിരിക്കാം ചിരിച്ചുകൊണ്ടു ഭരിക്കാം
നാറാണത്തുഭ്രാന്തന്റെ ചിരിയാണു ചിരി. മലയുടെ അടിവാരത്തില്‍നിന്ന് ഉരുട്ടിക്കയറ്റി മലമുകളിലെത്തിച്ച പാറ അവിടെനിന്നു താഴേക്ക് ഉരുണ്ടു ചാടിപ്പോകുന്ന കാഴ്ച കണ്ടു കൈകൊട്ടിച്ചിരിക്കുന്ന ചിരി. ആ ചിരി ചിരിക്കാന്‍ ഭ്രാന്തനല്ലാതെ മറ്റാര്‍ക്കു കഴിയും?
എനിക്കും കഴിയും. പറയുന്നതു മറ്റാരുമല്ല. നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി അച്ചുതാനന്ദ സഖാവു തന്നെ. തെരഞ്ഞെടുപ്പുഫലം വന്നനാള്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ നിന്ന് ആര്‍ത്തുചിരിച്ച ചിരി ഓര്‍ക്കുന്നില്ലേ? സ്വന്തം പാര്‍ട്ടി ഇലക്ഷനില്‍ തോറ്റമ്പിയ വാര്‍ത്തയറിഞ്ഞു പൊട്ടിച്ചിരിക്കുന്ന രാഷ്ട്രീയഭ്രാന്തന്‍!
അതേ, അദ്ദേഹമൊരു രാഷ്ട്രീയഭ്രാന്തനാണ്. ഓര്‍മ്മ വച്ച നാള്‍ മുതല്‍ കമ്യൂണിസ്റ്റുമാനിഫെസ്റ്റോയില്‍ ജീവിതത്തിന്റെ പരമരഹസ്യങ്ങള്‍ വായിച്ചറിഞ്ഞ്, മാനിഫെസ്റ്റോ മുതല്‍ മാനിഫെസ്റ്റോ വരെ നീണ്ടു പരന്ന വിജ്ഞാനസമുദ്രം നീന്തിക്കയറിയവന്‍. പുന്നപ്രവയലാറിന്റെ സമരഭൂമിയില്‍ നിന്ന് ഒളിച്ചോടി ജീവിതത്തിന്റെ ഊടും പാവും നെയ്തുകൂട്ടിയ വിപ്ലവകാരി. കുറച്ചുകാലം ജയിലില്‍ കിടക്കാന്‍ യോഗമുണ്ടായതുകൊണ്ടു സഹനസാക്ഷിയുമായി.
നീണ്ട ആറേഴു ദശകങ്ങള്‍ പരിപ്പുവടയും കട്ടന്‍കാപ്പിയും പോലും കുടിക്കാതെ വിപ്ലവസേവ ചെയ്തു നിവര്‍ന്നു നില്‍ക്കാന്‍ സമയമൊത്തപ്പോള്‍ ഒന്നു മുഖ്യമന്ത്രിയാകാന്‍ പെട്ട പാട് എന്തായിരുന്നു! പിന്നെ എങ്ങനെ ഭ്രാന്തനാകാതിരിക്കും?
ഏറെ ബുദ്ധിമാനല്ലെന്നും അഭ്യാസമല്ലാതെ വിദ്യാഭ്യാസമില്ലെന്നും എതിരാളികള്‍ അടക്കം പറയുന്ന ഈ പ്രായോഗികകമ്യൂണിസ്റ്റുചാണക്യന്‍ അറിയാത്ത വഴികളേത്? പ്രയോഗിക്കാത്ത അടവുകളേത്? ഗൗരിയമ്മ മുതല്‍ രാഘവന്‍ വരെ, വഴി മുടക്കുമെന്നു കണ്ട് എല്ലാവരെയും ഒന്നൊന്നായി പെരുവഴിയിലാക്കി തലസ്ഥാനത്തേക്കു ജൈത്രയാത്ര നടത്തിയ മാവോഭക്തന്‍. സ്റ്റാലിന്‍ദാസന്‍. ഏഴുരണ്ടുലകും സൃഷ്ടിച്ചുഭരിച്ചു സംഹരിക്കാന്‍ കെല്‍പുള്ളവന്‍. ക്യൂബയിലായിരുന്നെങ്കില്‍ കാസ്ട്രോ ആയേനേ. ബൊളീവിയയിലായിരുന്നെങ്കില്‍ ചെഗുവേര ആകുമായിരുന്നുമില്ല. വാരിക്കുന്തം കൊടുത്തയച്ചു രക്തസാക്ഷിയാക്കാനല്ലാതെ കുന്തമെടുത്തു സ്വയം രക്തസാക്ഷിയാവാന്‍ ചെഗുവേരയെപ്പോലുള്ള മണ്ടന്മാര്‍ക്കല്ലേ കഴിയൂ.
പണ്ട് ആണിമാണ്ഡവ്യന്‍ ഈച്ചകളെ ഈര്‍ക്കിലില്‍ ചേര്‍ത്തതുപോലെ തന്റെ രാഷ്ട്രീയ എതിരാളിയെ ലാവ്ലിന്‍ ചൂണ്ടയില്‍ കോര്‍ത്തു രസിക്കാന്‍ മറ്റാര്‍ക്കു കളിയും? ആണിമാണ്ഡവ്യനു ശിക്ഷയായി പില്‍ക്കാലത്തു ശൂലത്തില്‍ കയറേണ്ടി വന്നത്രെ. അതൊന്നും ഈ അഭിനവമാണ്ഡ്യനു വേണ്ടി വരില്ലെന്നുറപ്പ്.
അതുകൊണ്ടാണദ്ദേഹം ആര്‍ത്തുചിരിക്കുന്നത്. ഓരോ സീറ്റും താഴേക്കു താഴേക്കു പോരുമ്പോള്‍ കൈകൊട്ടിച്ചിരിക്കുന്നത്. ആ പോകുന്ന ഓരോ സീറ്റിലും അദ്ദേഹം കാണുന്നത് ഒരേയൊരാളുടെ മുഖം മാത്രം. പിണറായി വിജയന്റെ. ഈ ജന്മത്തിലും വരും ജന്മങ്ങളിലും തനിക്കു ശത്രുവായവന്‍. അതുകൊണ്ടാണദ്ദേഹം ചിരിക്കുന്നത്. നിര്‍ത്താതെ ചിരിക്കുന്നത്. ക്ലിഫ് ഹൗസിലും സെക്രട്ടറിയേറ്റിലും ഇ.കെ.ജി സെന്ററിലും ഇന്ദ്രപ്രസ്ഥത്തിലും വരെ ആ ചിരി മുഴങ്ങുന്നു. ചിരിക്കാം ചിരിക്കാം ചിരിച്ചുകൊണ്ടിരിക്കാം എന്നു പാടിയതരായാലും വേണ്ടില്ല. ഇപ്പോളതു ചെയ്യുന്നതു മറ്റാരുമല്ല, നമ്മുടെ മുഖ്യമന്ത്രി തന്നെ. ലാല്‍സലാം.
ഇപ്പശ്ചാത്താപമേ പ്രായശ്ചിത്തം!
അതേ, അവര്‍ പശ്ചാത്തപിക്കുകയാണ്. നെഞ്ചത്തടിച്ചുനിലവിളിച്ചു പ്രായശ്ചിത്തം ചെയ്യുകയാണ്. ആരാണെന്നോ? ആളുകള്‍ ചില്ലറക്കാരൊന്നുമല്ല. ഒത്താല്‍ ഇന്ദ്രപസ്ഥത്തിലെ പ്രധാനമന്ത്രിക്കസേരയില്‍ ഒന്നിരിക്കണം എന്നായിരുന്നു മോഹം. പക്ഷേ, എല്ലാം തകര്‍ന്നു. കടലിലെ ഓളവും കരളിലെ മോഹവും അടങ്ങുകില്ലെന്നു കവി പാടിയതു മുഴുവന്‍ ശരിയല്ല. ചുരുങ്ങിയതു കരളിലെ മോഹമെങ്കിലും അടങ്ങും.
സംശയമുണെ്ടങ്കില്‍ ചോദിക്ക്. രാഷ്ട്രീയജനതാദള്‍ നേതാവ് ലാലുപ്രസാദ് യാദവിനോടും ലോക്ജനശക്തി പാര്‍ട്ടി നേതാവ് റാംവിലാസ് പാസ്വാനോടും ചോദിക്ക്. രണ്ടുപേരും ഇന്നു പശ്ചാത്താപവഴിയിലാണ്. തെരഞ്ഞെടുപ്പിനു മുമ്പു കോണ്‍ഗ്രസിനോടു കൂട്ടു വിട്ടത് 'ആനമണ്ടത്തര' മായിപ്പോയെന്ന് ഇപ്പോള്‍ രണ്ടുപേരും സമ്മതിക്കുന്നു. വീണ്ടും വീണ്ടും ആണയിട്ടും അലമുറയിട്ടും സമ്മതിക്കുന്നു.
എന്തായിരുന്നു പത്രാസ്? ബീഹാറിലെ 40 സീറ്റും തങ്ങളുടെ കുത്തകയാണെന്നായിരുന്നു ഭാവം. കോണ്‍ഗ്രസിനു വേണമെങ്കില്‍ പടിക്കുതാഴെ ഒരിലയിടാം. രണേ്ടാ മൂന്നോ സീറ്റു വിളമ്പാം. ദഹിക്കുമെങ്കില്‍ കഴിക്കാം എന്നല്ലേ പറഞ്ഞത്? എന്നിട്ടിപ്പോളെന്തായി? പാസ്വാന്‍ജിക്കു വട്ടപ്പൂജ്യം. ലാലുജിക്കു തലയും വാലും ചേര്‍ത്തു നാലേ നാലു കഷണങ്ങളും. ആദ്യകക്ഷിക്കു നാലില്‍ നാലും പോയതുകൊണ്ടും രണ്ടാംകക്ഷിക്ക് ഇരുപതില്‍ 16 പോയതുകൊണ്ടുമാണ് ഈ ഗതി വന്നത്.
അവര്‍ക്കൊരു കൂട്ടാളി കൂടിയുണ്ടായിരുന്നു. ഉത്തര്‍പ്രദേശിലെ യാദവരക്ഷകന്‍ മുലായംസിംഗ്. പ്രധാനമന്ത്രിയാകാനുള്ള മോഹം അതികലശലായിരുന്നതുകൊണ്ട് കോണ്‍ഗ്രസിനെ കൂട്ടുന്നതു ചരിത്രപരമായ അബദ്ധമായെങ്കിലോ എന്നു കരുതി ഉത്തരപ്രദേശിലും മുലായംജി പടിക്കുതാഴെയേ കോണ്‍ഗ്രസിന് ഇലയിടാന്‍ തയ്യാറായുള്ളൂ. വേണമെങ്കില്‍ ഒമ്പതു കഷണം വരെ വിളമ്പാമെന്നും പറഞ്ഞു. അതു വേണെ്ടന്നു വച്ച കോണ്‍ഗ്രസിന്റെ ഇലയില്‍ ജനങ്ങള്‍ വിസ്തരിച്ചു വിളമ്പി. 21 സീറ്റുകള്‍!
അപ്പോളാണു മുലായംജി ഞെട്ടിയത്. തന്റെ പാത്രത്തില്‍ കിടന്ന 35 ല്‍ 12 എണ്ണം കാണുന്നില്ല! പ്രധാനമന്ത്രിക്കസേര പോയിട്ട് മന്ത്രിക്കസേരയെങ്കിലും കിട്ടാന്‍ ഇനിയിപ്പോ സോണിയാജിയുടെ കാലു പിടിക്കണം. മന്‍മോഹന്‍ജിയുടെ കാരുണ്യംവേണം! മനുഷ്യര്‍ക്കു വന്നു ചേരുന്ന ഓരോ പങ്കപ്പാടുകളേ! പാസ്വാന്‍ജിയും ലാലുജിയും കരഞ്ഞും മൂക്കുപിഴിഞ്ഞും നടക്കുന്നുണെ്ടങ്കിലും മുലായംജി മൗനത്തിലാണ്. ആ മൗനം പശ്ചാത്താപലക്ഷണം എന്നു ഹിന്ദിയില്‍ വല്ലവരും പാടിയിട്ടുണേ്ടാ എന്നു സാക്ഷിക്കു പിടിയില്ല. എങ്കിലും വേണ്ടതു നമ്മുടെ മലയാളമഹാകവി തന്നെ പണ്ടു പറഞ്ഞുവച്ചിട്ടുണ്ടല്ലൊ: "അപ്പപ്പോള്‍ പാതകം ചെയ്തതിനൊക്കെയും ഇപ്പശ്ചാത്തപമേ പ്രായശ്ചിത്തം!"
അതേ അതു തന്നെയാണ് പ്രതിവിധി. ഇനിയൊരഞ്ചുവര്‍ഷക്കാലമുണ്ടല്ലൊ. കേഴട്ടേ. കേഴുന്നവര്‍ക്കാശ്വാസം ദൈവം നല്‍കുമല്ലൊ!
ഭാരതത്തിന്റെ യശസ്സുയര്‍ത്തിയ തെരഞ്ഞെടുപ്പ്
അധികാരത്തിന്റെ ഹുങ്കും അനുയായിവൃന്ദത്തിന്റെ മസില്‍പവറും മാഫിയാകളുടെ പണവും ഉണെ്ടങ്കില്‍ ആരെയും ആക്ഷേപിക്കാനും അധിക്ഷേപിക്കാനും മടിയില്ലെന്നു തെളിയിച്ച കേരളത്തിലെ സിപിഎം നേതൃത്വത്തിന്റെ കണ്ണുതുറപ്പിക്കുവാന്‍ ഈ ജനവിധിയും മതിയാകുമോ എന്നു നിശ്ചയമില്ല.
'അഹങ്കാരികളെ അവരുടെ സിംഹാസനങ്ങളില്‍ നിന്ന് തട്ടിമറിക്കുകയും വിനയാന്വിതരെ ഉയര്‍ത്തുകയും ചെയ്തു' എന്ന ബൈബിള്‍ വാക്യം അന്വര്‍ത്ഥമാകുന്നതായിരുന്നു ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലെ ജനവിധി. ദേശീയതലത്തിലും സംസ്ഥാനതലത്തിലും സമ്മതിദായകര്‍ പ്രകടിപ്പിച്ച അസാമാന്യമായ വിവേചനാശക്തി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തി വിളിച്ചോതുന്നതായിരുന്നു. ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം നേടിയ മിക്ക രാജ്യങ്ങളിലും ഏകാധിപത്യവും പട്ടാളഭരണവും ആഭ്യന്തരക്കുഴപ്പങ്ങളും നിത്യസംഭവമായിരിക്കുമ്പോള്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പിലൂടെ സുഗമമായ അധികാരക്കൈമാറ്റം നടത്തുന്ന നമ്മുടെ രാജ്യത്ത് നിലവിലിരുന്ന ഭരണകര്‍ത്താക്കളെ കൂടുതല്‍ ശക്തന്മാരാക്കുന്ന പ്രത്യക്ഷമായ ജനവിധിയാണ് ഉണ്ടായിരിക്കുന്നത്. ജനനന്മയ്ക്കായി പുരോഗമനപരമായ നയപരിപാടികള്‍ ആവിഷ്കരിക്കുകയും ഐക്യത്തോടും അച്ചടക്കത്തോടുംകൂടി ഭരണകര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുകയും ചെയ്ത സര്‍ക്കാരുകളെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്നതായിരുന്നു തെരഞ്ഞെടുപ്പുഫലം.
താന്‍പോരിമയും തമ്മിലടിയും ശൈലിയാക്കിയവരെ കണക്കിനു ശിക്ഷിക്കാനും ജനങ്ങള്‍ തയ്യാറായിരിക്കുന്നു. സ്വാര്‍ത്ഥമോഹങ്ങളുമായി അവസരവാദരാഷ്ട്രീയം പയറ്റാനുറച്ച് രംഗത്തുവന്നവരെയെല്ലാം നിരാശരാക്കാനും ജനം ഉത്സാഹം പ്രകടിപ്പിച്ചിരിക്കുന്നു. കേന്ദ്രസര്‍ക്കാരിനും രാജസ്ഥാന്‍, ബീഹാര്‍, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഭരണാധികാരികള്‍ക്കും ആവേശം പകരുന്ന ജനപിന്തുണ ലഭിച്ചപ്പോള്‍ ജനദ്രോഹനടപടികളുമായി മുന്നോട്ടു നീങ്ങിയ ബംഗാള്‍ - കേരളസര്‍ക്കാരുകള്‍ക്ക് ശക്തമായ താക്കീതു നല്‍കാനും സമ്മതിദായകര്‍ തയ്യാറായിരിക്കുന്നു.
അധികാരത്തിന്റെ ഹുങ്കും അനുയായിവൃന്ദത്തിന്റെ മസില്‍പവറും മാഫിയാകളുടെ പണവും ഉണെ്ടങ്കില്‍ ആരെയും ആക്ഷേപിക്കാനും അധിക്ഷേപിക്കാനും മടിയില്ലെന്നു തെളിയിച്ച കേരളത്തിലെ സിപിഎം നേതൃത്വത്തിന്റെ കണ്ണുതുറപ്പിക്കുവാന്‍ ഈ ജനവിധിയും മതിയാകുമോ എന്നു നിശ്ചയമില്ല. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്ഥാനമൊഴിയാന്‍ ബംഗാള്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവ് അഡ്വാനിയും മറ്റും തയ്യാറായതായി വാര്‍ത്തകള്‍ വരുമ്പോഴും കേരളത്തിലെ ചില നേതാക്കന്മാരുടെ ധാര്‍ഷ്ട്യത്തിന് കുറവു വന്നിട്ടില്ല. സ്വേച്ഛാധിപതികളെയും അക്രമരാഷ്ട്രീയക്കാരെയും കാത്തിരിക്കുന്നത് ദുരന്തങ്ങളാണെന്നു ബന്ധപ്പെട്ടവരെയെല്ലാം ഓര്‍മ്മപ്പെടുത്തുന്ന സംഭവപരമ്പരകളില്‍ പ്രധാനപ്പെട്ടതാണ് പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പും.
മാന്യനും സൗമ്യനും ശാന്തശീലനും എന്നാല്‍ ഭരണരംഗത്ത് ധീരമായ നടപടികള്‍ സ്വീകരിക്കുന്നവനുമായ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ ബലഹീനനാണെന്ന് അധിക്ഷേപിച്ചുകൊണ്ട് സ്വയം ശക്തനായി പ്രഖ്യാപിച്ച പ്രതിപക്ഷനേതാവിനും പാര്‍ട്ടിക്കും ജനങ്ങളുടെ പ്രഹരമേല്‍ക്കേണ്ടി വന്നു. ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ഒരു ചുക്കും അറിയില്ലെന്ന് വീമ്പിളക്കിക്കൊണ്ട് ആദരണീയരെ നികൃഷ്ടജീവികളെന്നു സംബോധന ചെയ്യാന്‍ തയ്യാറായ കേരളത്തിലെ നേതാവിനും പാര്‍ട്ടിക്കുമുണ്ടായ തോല്‍വി എതിരാളികള്‍പോലും കണക്കുകൂട്ടിയതിലപ്പുറമായിരുന്നു. സ്ഥാനമോഹവുമായി ഇറങ്ങിത്തിരിച്ച നേതാക്കള്‍ക്കെല്ലാം ഒന്നടങ്കം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായത് ജനശക്തിയുടെ പ്രകടമായ മറ്റൊരു തെളിവാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ആശ്രിതവാത്സല്യം കാണിച്ച നേതാക്കള്‍ക്കും ആവശ്യമായ മുന്നറിയിപ്പ് തെരഞ്ഞെടുപ്പുഫലം നല്‍കുന്നുണ്ട്.
ആകെക്കൂടി ഒരു ജനാധിപത്യരാജ്യത്തിലെ നേതാക്കളും ഭരണാധികാരികളും സ്വീകരിക്കേണ്ട നയസമീപനങ്ങളും പിന്തുടരേണ്ട പ്രവര്‍ത്തനശൈലിയും നിര്‍ദ്ദേശിക്കുന്ന യജമാനന്മാരാണ് ഭാരതത്തിലെ ജനങ്ങള്‍ എന്ന് അവര്‍ ലോകത്തിനു വെളിപ്പെടുത്തിയിരിക്കുന്നു. ഭാരതജനതയ്ക്ക് സ്വയം അഭിമാനിക്കാവുന്ന സന്ദര്‍ഭമാണിത്.
ജസ്റ്റീസിന്റെ കമ്യൂണിസ്റ്റ് വാദങ്ങളും കര്‍ദിനാളിന്റെ ക്രൈസ്തവ മറുപടിയും
പ്രഫ. ഡോ. കുര്യാസ് കുമ്പളക്കുഴി
സമാദരണീയനായ നിയമജ്ഞനും സാംസ്കാരിക നായകനുമാണ് ജസ്റ്റീസ് വി.ആര്‍ കൃഷ്ണയ്യര്‍. ആദ്യത്തെ കേരളമന്ത്രിസഭയില്‍ നിയമ-ജലസേചന വകുപ്പുകളുടെ മന്ത്രിയായിരുന്ന അദ്ദേഹത്തിലെ രാഷ്ട്രീയക്കാരന്‍ അടിസ്ഥാനപരമായി കമ്യൂണിസ്റ്റാണ്. കമ്യൂണിസം അലങ്കാരമായി കൊണ്ടുനടക്കുന്ന ആധുനിക കമ്യൂണിസ്റ്റല്ല, മാര്‍ക്സിസം പ്രാണവായുവായി കരുതുന്ന പഴയതലമുറയിലെ അടിയുറച്ച കമ്യൂണിസ്റ്റുതന്നെ.
സുപ്രീംകോടതി ജഡ്ജിയായി വിരമിച്ച ഈ സമുന്നത നിയമജ്ഞന്‍ അടുത്തനാളില്‍ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിനയച്ച കത്തുകള്‍, ജരാനരകള്‍ അദ്ദേഹത്തിന്റെ ധിഷണയ്ക്കും മനസിനുംകൂടി ബാധിച്ചിരിക്കുന്നുവെന്ന ദുഃഖകരമായ സത്യം വെളിപ്പെടുത്തുന്നവയാണ്. നിയമപരിഷ്കരണ കമ്മീഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ അദ്ദേഹം സമര്‍പ്പിച്ച ചില ശിപാര്‍ശകള്‍ക്കെതിരേ കേരളസഭ ശക്തമായി രംഗത്തുവന്ന സാഹചര്യത്തിലാണെന്നു തോന്നുന്നു അദ്ദേഹം സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പുകൂടിയായ കര്‍ദിനാളിനു കത്തെഴുതിയത്.
മാര്‍ച്ച് 15-ലെ ആദ്യകത്തില്‍ അദ്ദേഹത്തിനു 'പള്ളിയുടെ സാമൂഹികസേവന തൃഷ്ണയോടുള്ള ബഹുമാന'ത്തിനു തെളിവായി, തലശേരിയിലെ അദ്ദേഹത്തിന്റെ 'പ്രിയപ്പെട്ട സുന്ദരഭവനം ബിഷപ്പിനു വിട്ടുകൊടുത്ത' കാര്യം അനുസ്മരിക്കുന്നുണ്ട്. ബിഷപ്പിനു വിട്ടുകൊടുത്തുവെന്ന പരാമര്‍ശത്തില്‍തന്നെ ഒരു അവ്യക്തതയുണ്ട്. ചരിത്രമറിയാത്തവര്‍, തലശേരിയിലെ അദ്ദേഹത്തിന്റെ വീടും സ്ഥലവും തലശേരി രൂപതയ്ക്കു സംഭാവനയായി നല്‍കിയെന്നു തെറ്റിദ്ധരിച്ചുപോകും.
സംഭവം 1957-ലാണ്. ഏപ്രില്‍ അഞ്ചിനു സത്യപ്രതിജ്ഞ ചെയ്തു മന്ത്രിയായി സ്ഥാനമേറ്റ കൃഷ്ണയ്യര്‍ തൊട്ടടുത്ത നാളുകളില്‍തന്നെ അദ്ദേഹത്തിന്റെ തലശേരിയിലെ വീടും സ്ഥലവും തലശേരി രൂപതയ്ക്കു വിറ്റു. ആത്മകഥയില്‍ ഇക്കാര്യം അന്നത്തെ മെത്രാന്‍ ദിവംഗതനായ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി രേഖപ്പെടുത്തുന്നുണ്ട്. അതനുസരിച്ച് ഏഴേക്കര്‍ തെങ്ങിന്‍തോപ്പും അതിന്റെ നടുവിലുള്ള മനോഹരമായ വീടും 1,83,000 രൂപയ്ക്കാണ് അന്ന് രൂപത വാങ്ങിയത്. അരനൂറ്റാണ്ടു മുമ്പുള്ള ഭൂമിവിലയനുസരിച്ച് നല്ലവിലതന്നെ. സൗജന്യമായി നല്‍കിയെന്നു സൂചിപ്പിക്കുന്നില്ലെങ്കിലും ബിഷപ്പിനു വിട്ടുകൊടുത്തുവെന്ന പ്രസ്താവം വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇത്തരത്തിലുള്ള അവ്യക്തത ഒരു നിയമജ്ഞന്റെ വാക്കുകളില്‍ ഉണ്ടാവില്ല. പക്ഷേ, ഒരു കമ്യൂണിസ്റ്റിന്റെ വാക്കുകളില്‍ തീര്‍ച്ചയായും ഉണ്ടാവുകയും ചെയ്യും.
'യേശു ഏറ്റവും പവിത്രരായവരിലൊരാളും ലളിതനായ മനുഷ്യസ്നേഹിയും ആത്മീയ വിപ്ലവകാരികളിലൊരാളുമാണെന്നു വിശ്വസിക്കുന്നവനാണ് ഞാന്‍,' എന്നു കത്തിന്റെ തുടക്കത്തില്‍ ജസ്റ്റീസ് കൃഷ്ണയ്യര്‍ ആണയിടുന്നുണ്ട്. കത്തു കിട്ടുന്നയാളെ ആദ്യമേതന്നെ സ്വാധീനിക്കാനുള്ള ഈ 'സൂത്രപ്പണി' വാസ്തവത്തില്‍ കൃഷ്ണയ്യരെപ്പോലൊരാള്‍ വിതയത്തില്‍ പിതാവിന് എഴുതുമ്പോള്‍ പ്രയോഗിക്കേണ്ടതുണേ്ടാ? ഇങ്ങനെ സംശയം തോന്നാന്‍ കാരണം, യേശ്രുക്രിസ്തുവിനെപ്പറ്റി അദ്ദേഹത്തിനുള്ള മതിപ്പ് വെളിപ്പെടുത്തിക്കൊണെ്ടഴുതിയ 'ജീസസ് ഓഫ് നസ്രത്ത്' എന്ന ലേഖനത്തിന്റെ ഒരു കോപ്പി കത്തിനൊപ്പം കര്‍ദിനാളിന് അയച്ചുകൊടുത്തിരിക്കുന്നുവെന്നതാണ്. കര്‍ദിനാള്‍ യേശുവിനെ വേണ്ടവിധം മനസിലാക്കിയിട്ടില്ലെന്ന് അദ്ദേഹം കരുതുന്നുണ്ടാവുമോ?
നിയമജ്ഞനായ കൃഷ്ണയ്യരല്ല, കമ്യൂണിസ്റ്റായ കൃഷ്ണയ്യരാണ് വാസ്തവത്തില്‍ ഇതു ചെയ്തത്. ക്രിസ്തുവിനെ തങ്ങള്‍ മനസിലാക്കിയതുപോലെയാവണം മറ്റുള്ളവരും മനസിലാക്കേണ്ടതെന്നു ശാഠ്യം പിടിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്കല്ലേ കഴിയൂ? 'പവ്വത്തില്‍ ബിഷപ് ബൈബിള്‍ വായിച്ചു പഠിക്കണം' എന്നു ചില സഖാക്കള്‍ അടുത്തകാലത്തു നല്‍കിയ ഉപദേശം ഓര്‍മിക്കുക. അതുകൊണ്ടുതന്നെ കര്‍ദിനാള്‍ ജസ്റ്റീസിനു നല്‍കിയ മറുപടി കുറിക്കുകൊള്ളുന്നതായി. "താങ്കളുടെ ലേഖനം യേശുവിന്റെ അപൂര്‍ണചിത്രം നല്‍കുന്നതുപോലെ തോന്നുന്നു. താങ്കളുടെ കാഴ്ചപ്പാടുകള്‍ക്കു ചേരുംവിധം വരച്ചെടുത്ത ഒരു ചിത്രം."
വിവാദവിധേയമായ ബില്ലുകള്‍ക്ക് കര്‍ദിനാളിന്റെ പിന്തുണ നേടിയെടുക്കുകയെന്ന ഗൂഢോദ്ദേശ്യമാണ് ജസ്റ്റീസ് കൃഷ്ണയ്യരുടെ കത്തുകള്‍ക്കു പിന്നിലുള്ളത്. ആദ്യകത്തിനു പിന്നാലെ ഏപ്രില്‍ മൂന്നിന് എഴുതിയ രണ്ടാമത്തെ കത്തിനും ഒരുമിച്ചു മറുപടിയെഴുതിയ കര്‍ദിനാള്‍ ഇക്കാര്യം ഭംഗ്യന്തരേണ സൂചിപ്പിക്കുന്നുണ്ട്. മാത്രവുമല്ല, കരടുബില്ലുകള്‍ ഗവണ്‍മെന്റിനു സമര്‍പ്പിക്കുന്നതിനു മുമ്പ്, കമ്മീഷന്‍ ചെയര്‍മാനെന്ന നിലയില്‍ കൃഷ്ണയ്യര്‍ തന്നോടാലോചിക്കുമായിരുന്നുവെന്നു പ്രതീക്ഷിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തുന്നു.
വിതയത്തില്‍പിതാവ് ഓര്‍മിപ്പിക്കുന്ന ഈ വസ്തുത ഗൗരവമേറിയതാണ്. പള്ളിവക സ്വത്തുക്കള്‍ നോക്കിനടത്താന്‍ ഒരു ട്രസ്റ്റ് എന്ന പുതിയ നിയമോപദേശം രൂപപ്പെടുത്തുന്നതിനു മുമ്പ് സഭാതലവന്മാരുമായി ആലോചിക്കുക എന്നത് ഒരു സമാന്യമര്യാദ മാത്രമായിരുന്നില്ലേ? ശിക്ഷ വിധിക്കുംമുമ്പ് ന്യായാധിപന്‍ പ്രതിയോടുപോലും 'എന്തെങ്കിലും പറയാനുണേ്ടാ' എന്നു ചോദിക്കാറുണ്ടല്ലോ. സഭയെയും സഭാംഗങ്ങളെയും ബാധിക്കുന്ന ഒരു നിയമനിര്‍മാണം അവര്‍കൂടി അറിഞ്ഞല്ലേ നടത്തേണ്ടത്.
ഇന്ത്യന്‍ ഭരണഘടന എഴുതിയുണ്ടാക്കിയതു കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയാണ്. അതിലെ അംഗങ്ങള്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രതിനിധികളായിരുന്നു. അല്ലാതെ ഒന്നോ രണേ്ടാ നിയമജ്ഞര്‍ ഒരിടത്തിരുന്ന് ഭരണഘടന എഴുതിയുണ്ടാക്കുകയായിരുന്നില്ല. ഇതൊന്നും അറിയാത്തയാളല്ല കൃഷ്ണയ്യര്‍. എന്നിട്ടും അദ്ദേഹമെന്തേ ക്രൈസ്തവ സഭകളോടിങ്ങനെ ചെയ്തു? 'അനുസരിച്ചാല്‍ മതി, ചോദ്യങ്ങള്‍ വേണ്ട' എന്ന കമ്യൂണിസ്റ്റ് ശാഠ്യമല്ലേ ഈ സമീപനത്തിലും തെളിയുന്നത്?
പള്ളിവക സ്വത്തുക്കളുടെ ഭരണം ഇപ്പോള്‍തന്നെ സ്റ്റേറ്റുകളുടെ നിയന്ത്രണത്തിലാണ് നടന്നുപോരുന്നത് എന്ന വസ്തുത നിയമപരിഷ്കരണ കമ്മീഷന്‍ അറിയാതെപോയതെന്തുകൊണ്ടാണ്? കമ്മീഷന്‍ ഒരു സ്വതന്ത്രബോഡിയാണെന്നും അതിന്റെ ബില്ലുകളെ ഗവണ്‍മെന്റ് നയങ്ങള്‍ സ്വാധീനിക്കുന്നില്ലെന്നും ചെയര്‍മാന്‍ ഭംഗിവാക്കെഴുതിയാല്‍ അതു വിശ്വസിക്കാന്‍ എത്രപേര്‍ക്കു കഴിയും? വാസ്തവത്തില്‍ കമ്മീഷന്റെ ശിപാര്‍ശകള്‍ക്കു പിന്നില്‍ ഒരു ഹിഡന്‍ അജന്‍ഡയില്ലേ? പള്ളിവക സ്വത്തുക്കള്‍ ഭരിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട കുറേ ട്രസ്റ്റ് അംഗങ്ങളും അതിന്റെ തലപ്പത്ത് ഒരു സര്‍ക്കാരുദ്യോഗസ്ഥനും. സഭാകൂട്ടായ്മയെ രാഷ്ട്രീയവത്കരിക്കാനും സഭാസമ്പത്ത് മുഴുവന്‍ ഗവണ്‍മെന്റ് നിയന്ത്രണത്തിലാക്കാനും ഒരു കുറുക്കുവഴി. ഹിന്ദുക്ഷേത്രങ്ങള്‍ ഭരിക്കാന്‍ ദേവസ്വംബോര്‍ഡുപോലെ ക്രൈസ്തവ ദേവാലയങ്ങളുടെ ഭരണത്തിന് ഒരു പള്ളിബോര്‍ഡില്ലാതെപോയല്ലോ എന്ന ഇന്നത്തെ ദേവസ്വം മന്ത്രിയുടെ നെടുവീര്‍പ്പിനുള്ള ഒരു സാന്ത്വന പ്രതികരണമല്ലേ ജസ്റ്റീസ് കൃഷ്ണയ്യരുടെ ശിപാര്‍ശ?
ജസ്റ്റീസിന്റെ കത്തുകള്‍ക്കു കര്‍ദിനാള്‍ നല്‍കിയ മറുപടി അര്‍ഥശങ്കക്കിടയില്ലാത്തതാണ്. സഭാവിഷയങ്ങളില്‍ ബാഹ്യ ഇടപെടലുകള്‍ അംഗീകരിക്കാന്‍ വയ്യാത്തതുകൊണ്ട് ബില്ലിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ താനാഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം തുറന്നെഴുതുന്നു. ദമ്പതിമാരുടെ മനസാക്ഷി സ്വാതന്ത്ര്യത്തിനെതിരേ ചൈനീസ് ഗവണ്‍മെന്റ് ഏര്‍പ്പെടുത്തുന്നതരം പൈശാചിക നിയമമാണ് ഗര്‍ഭഛിദ്രവും കുട്ടികളുടെ നിയന്ത്രണവും സംബന്ധിച്ചതെന്നും അതു മരണത്തിന്റെ സംസ്കാരമാണു സൃഷ്ടിക്കുന്നതെന്നും കര്‍ദിനാള്‍ നിര്‍ദയം വിമര്‍ശിക്കുന്നു. സ്വന്തമോ അന്യന്റെയോ ജീവനെടുക്കാന്‍ ഒരു മനുഷ്യനും അവകാശമില്ലെന്നിരിക്കെ അത്തരമൊരു വ്യവസ്ഥ അനുവദിക്കുന്ന കമ്മീഷന്‍ 'ദൈവംകളിക്കുക'യാണെന്നു പരുഷമായി കുറ്റപ്പെടുത്തുകയും ചെയ്യുന്നു.
നിര്‍ഭാഗ്യമെന്നു പറയട്ടെ, അഭിവന്ദ്യ കര്‍ദിനാളിന്റെ മറുപടി തുറന്ന മനസോടെ സ്വീകരിക്കുകയല്ല കൃഷ്ണയ്യര്‍ ചെയ്തത്. താന്‍ പ്രതീക്ഷിച്ച അനുകൂല മറുപടി ലഭിച്ചില്ലെന്നായപ്പോള്‍ കുപ്രസിദ്ധമായ കമ്യൂണിസ്റ്റ് അസഹിഷ്‌ണുത അദ്ദേഹത്തിലും ഉണര്‍ന്നു. മൂന്നാമത്തെ കത്തില്‍ ജസ്റ്റീസിന്റെ സ്വരവും ഭാവവും ഭാഷയും മാറി. ആദ്യ രണ്ടു കത്തുകളിലെ 'ആരാധ്യനായ ആര്‍ച്ച്ബിഷപ്' എന്ന സംബോധന മൂന്നാമത്തെ കത്തില്‍ 'ആദരണീയനായ ആര്‍ച്ച്ബിഷപ്' എന്നായി!
"രാജ്യത്തിന്റെ പരമാധികാരവാകാശങ്ങളില്‍പ്പെടുന്ന മതേതര കാര്യങ്ങളില്‍ ഇടപെടാന്‍ പള്ളിക്കു തീര്‍ച്ചയായും അധികാരമില്ല" എന്നൊരു ഭീഷണിയാണ് പിന്നാലെ വരുന്നത്. യേശു ഒരു ജനാധിപത്യവാദിയായിരുന്നെന്നും സമ്പത്തിനെ പരിപാലനവസ്തുവായിട്ടാണ് അദ്ദേഹം കണ്ടതെന്നും സ്വന്തം കാഴ്ചപ്പാടില്‍ വീണ്ടും ക്രിസ്തുവിനെ അവതരിപ്പിച്ചുകൊണ്ട്, ഒരു ജനാധിപത്യവാദിയാകാമെന്നു സമ്മതിക്കണമെന്നും സഭാസ്വത്തുക്കളുടെ ജനാധിപത്യനിയന്ത്രണത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം കര്‍ദിനാളിനെ നിര്‍ബന്ധിക്കുന്നു. 'അങ്ങ് കമ്മീഷനെ അപകീര്‍ത്തിപ്പെടുത്തിയതുകൊണ്ടാണ് ഞാനിതെല്ലാം പറഞ്ഞത്' എന്നു സ്വയം നീതീകരിച്ചുകൊണ്ടാണ് കൃഷ്ണയ്യര്‍ കത്ത് അവസാനിപ്പിക്കുന്നത്.
ബന്ധപ്പെട്ടവരോടു ചര്‍ച്ചചെയ്യാനുള്ള ജനാധിപത്യബോധം തെല്ലുമില്ലാതെ, ഏകപക്ഷീയമായി കുറേ ശിപാര്‍ശകള്‍ സമര്‍പ്പിക്കുക. അതുകഴിഞ്ഞ് നിര്‍ദേശങ്ങളെപ്പറ്റി അഭിപ്രായം പറയാന്‍ ആവശ്യപ്പെടുക. വേണമെങ്കില്‍ മാറ്റങ്ങള്‍ വരുത്താന്‍ തയാറാണെന്നു ഭംഗിവാക്കു പറയുക. ശിപാര്‍ശകളെ സംബന്ധിച്ച് ഉറച്ച തീരുമാനമാണ് കമ്മീഷനംഗങ്ങള്‍ക്കുള്ളത് എന്നാവര്‍ത്തിക്കുക. കൃഷ്ണയ്യരെപ്പോലെ പരിണതപ്രജ്ഞനായ ഒരു നിയമസംരക്ഷകനില്‍ നിന്നാണോ ഈ വൈരുധ്യങ്ങള്‍ പുറപ്പെടുന്നതെന്ന് ആശ്ചര്യപ്പെട്ടുപോകുന്നു. സ്വന്തം കട്ടിലിന്റെ പാകത്തില്‍ യാത്രക്കാരെ വെട്ടിമുറിച്ചും വലിച്ചുനീട്ടിയും സോഷ്യലിസം നടപ്പാക്കുന്ന ഗ്രീക്ക് പുരാണത്തിലെ പ്രോക്രസ്റ്റസിന്റെ നീതിബോധമാണു നിയമപരിഷ്കരണ കമ്മീഷനും പ്രകടിപ്പിക്കുന്നത്.
വിലയിരുത്തലുകള്‍ മുഖം രക്ഷിക്കാന്‍ മാത്രമാവരുത് !!
ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍
തെരഞ്ഞെടുപ്പിനു ശേഷമുള്ള പതിവാണ് അതിന്റെ ഫലത്തെപ്പറ്റി പാര്‍ട്ടികള്‍ വിലയിരുത്തുക എന്നത്. ജയിച്ചവരും തോറ്റവരും തീര്‍ച്ചയായും ഈ വിലയിരുത്തല്‍ നടത്തേണ്ടതാണ്. എന്നാല്‍, ഈ അഭ്യാസം പലപ്പോഴും പൊതുജനത്തെ വഴിതെറ്റിക്കാനും സ്വയം നീതീകരിക്കാനുമാണ് ഇടയാക്കുക. യഥാര്‍ഥ പാളിച്ചകള്‍ മറച്ചുവച്ചും തെറ്റായ നിഗമനങ്ങള്‍ നിരത്തിയുമെല്ലാമാണ് ഇത് സാധിക്കുന്നത്. രാഷ്ട്രീയക്കാരും ബുദ്ധിജീവികളും ചില മാധ്യമപ്രവര്‍ത്തകരും ചേര്‍ന്നാല്‍ ആടിനെ പട്ടിയാക്കാനും നമ്മുടെ നാട്ടില്‍ പ്രയാസമില്ല.
ഉദാഹരണങ്ങള്‍ പലതുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് ഭരണകക്ഷികള്‍ ഉറക്കെപ്പറഞ്ഞത് ഈ തെരഞ്ഞെടുപ്പ് സംസ്ഥാനത്തെ ഭരണത്തിന്റേയും വിലയിരുത്തലാകുമെന്നാണ്. ഇത് തീര്‍ച്ചയായും ഒരു യാഥാര്‍ഥ്യം തന്നെയാണ്. ഒരു ദേശീയപാര്‍ട്ടി രാജ്യത്തെ പാര്‍ലമെന്റിലേക്കു മത്സരിക്കുമ്പോള്‍ അവര്‍ ഒരു സംസ്ഥാനത്ത് ഭരണത്തിലുണെ്ടങ്കില്‍ അവരുടെ നയങ്ങളെയും നീക്കങ്ങളെയും അവഗണിച്ചുകൊണ്ട് ജനങ്ങള്‍ തീരുമാനമെടുക്കില്ല. അതുകൊണ്ട് കേരളത്തിലെ ഭരണവും ഈ അവസരത്തില്‍ വിലയിരുത്തപ്പെടുമെന്നുപറഞ്ഞതില്‍ പുതുമയൊന്നുമില്ല. പക്ഷേ, ഇപ്പോഴിതാ, പാര്‍ട്ടി പരാജയത്തിലേക്കു കൂപ്പുകുത്തിയപ്പോള്‍ നേരെത്തെ പറഞ്ഞയാള്‍തന്നെ ഈ യാഥാര്‍ഥ്യത്തെ നിഷേധിക്കുകയാണ്. ഭരണവിരുദ്ധവികാരം ഉണ്ടായിട്ടില്ല എന്നാണ് ഇവര്‍ പറയുന്നത്!!
രാജ്യമെമ്പാടുമുള്ള ആര്‍എസ്‌എസ്-ബിജെ പി വിരുദ്ധതരംഗമാണ് ഇവിടെയും അലയടിച്ചതെന്നാണ് മറ്റൊരു നേതാവ് തെരഞ്ഞെടുപ്പു ഫലം അറിഞ്ഞപ്പോള്‍ പറഞ്ഞത്. ഇതുവരെ ഒരാളെപ്പോലും പാര്‍ലമെന്റിലേക്കോ നിയമസഭയിലേക്കോ തെരഞ്ഞെടുത്തുവിടാന്‍ കഴിയാത്ത ബിജെപിയോടുള്ള എതിര്‍പ്പാണ് ഇവിടെ പ്രകടമായത്, മാര്‍ക്സിസ്റ്റുകളുടെ പതനത്തിനു കാരണമായത് എന്നെല്ലാം പറയാന്‍ ചിലരേ ഉണ്ടാകൂ. അതു കേരളീയര്‍ വിശ്വസിക്കുമെന്ന് ആരെങ്കിലും കരുതുന്നുണേ്ടാ? യാഥാര്‍ഥ്യത്തെ മറച്ചുവയ്ക്കാനുള്ള ശ്രമത്തിനു നല്ലൊരുദാഹരണമാണിത്.
വി.എസ് ഫാക്ടര്‍ എന്നൊക്കെ പറഞ്ഞുപരത്തുന്നതിന്റെ ലക്ഷ്യം അദ്ദേഹത്തെ പ്രതിക്കൂട്ടിലാക്കുക എന്നുള്ളതുമാത്രമായിരിക്കാം. ഏതായാലും അതിന്റെ പേരില്‍ ഏറെ പാര്‍ട്ടിവോട്ടുകള്‍ ചോര്‍ന്നുപോയി എന്നത് ഇത്തവണത്തെ വന്‍തകര്‍ച്ചയ്ക്കു കാരണമായി പറയാനാവില്ല. “
കേഡര്‍ പാര്‍ട്ടികള്‍ക്ക് അങ്ങനെ സംഭവിക്കില്ല എന്ന ഭാവമാണല്ലോ അത്തരം പാര്‍ട്ടികള്‍ക്ക് എന്നുമുള്ളത്. അച്ചടക്കബോധമാണ് ആ പാര്‍ട്ടികളുടെ സവിശേഷതയായി ഉയര്‍ത്തിക്കാട്ടുന്നത്. അതുകൊണ്ട് അങ്ങനെയൊരു വിലയിരുത്തല്‍ നടത്തുന്നതില്‍ പൊരുത്തക്കേടുണ്ട്.
മറ്റൊരു പാര്‍ട്ടിനേതാവ് കഴിഞ്ഞദിവസം പറഞ്ഞുവച്ചത് ബിജെപിവിരോധംകൊണ്ട് പ്രത്യയശാസ്ത്രക്കാരുടെ വോട്ടുകള്‍ മറിയുകയോ മറിച്ചുവില്‍ക്കുകയോ ചെയ്തുവെന്നാണ്. ഇതും വിചിത്രമായിരിക്കുന്നു. ഒരിക്കല്‍ പാര്‍ട്ടിക്കു വോട്ടുചെയ്തവരെല്ലാം പാര്‍ട്ടിക്കാരല്ലല്ലോ, അവരുടെ വോട്ട് എങ്ങനെയാണ് പാര്‍ട്ടി മറിച്ചു വില്‍ക്കുന്നത്! കേന്ദ്രത്തില്‍ അധികാരം പങ്കിടാന്‍ വ്യഗ്രതകാട്ടിയിരുന്ന പാര്‍ട്ടികളുടെ വോട്ടുകള്‍ മറിച്ച് പാര്‍ലമെന്റ്സീറ്റുകള്‍ ഗണ്യമായി കുറച്ച്, മറുപക്ഷത്തെ സഹായിച്ചുവെന്നാണ് വാദം. ഇത് യുക്തിക്ക് നിരക്കില്ല. സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസിലാക്കാന്‍ ഏറെ ബുദ്ധിമുട്ടുമുണ്ട്!
സത്യസന്ധത ആവശ്യം
ഇത്തരത്തില്‍ വിലയിരുത്തലുകള്‍ നടത്തിയാല്‍ എന്തു പ്രയോജനമാണ് ഉണ്ടാകുന്നതെന്നറിയില്ല. പാര്‍ട്ടികളുടെ നന്മയ്ക്കും രാജ്യത്തിന്റെ നന്മയ്ക്കും സത്യസന്ധമായ വിലയിരുത്തലുകളാണ് ആവശ്യം. അതു പരാജയപ്പെട്ട പാര്‍ട്ടികള്‍ക്കു മാത്രമല്ല വിജയിച്ച പാര്‍ട്ടികള്‍ക്കും കൂടിയേതീരൂ. വിജയിച്ച പാര്‍ട്ടികള്‍ വിജയത്തില്‍ ഉന്മത്തരായാല്‍ മാത്രം പോരാ. അവരുടെ നേട്ടങ്ങളെ സ്വാധീനിച്ച ഘടകങ്ങള്‍ എന്തെല്ലാമാണ്, കോട്ടങ്ങള്‍ ഉണ്ടായതിന്റെ കാരണമെന്ത് എന്നെല്ലാം മനസിലാക്കേണ്ടത് അവരുടെയും സുസ്ഥിതിക്ക് ആവശ്യമാണ്. ചരിത്രത്തില്‍നിന്ന് നിരന്തരമായി പഠിച്ചാലേ പുരോഗതിയുണ്ടാകൂ. ആ പഠനത്തിന്റെ അഭാവത്തിലാണ്‍് പാര്‍ട്ടികള്‍ തെറ്റുകള്‍ ആവര്‍ത്തിക്കുന്നത്.
ഭരണ വിരുദ്ധവികാരത്തിനു ചില കാരണങ്ങള്‍
വിജയവും പരാജയവും പല ഘടകങ്ങളെയും ആശ്രയിച്ചാണ് ഇരിക്കുക. അതെല്ലാം കണെ്ടത്തുന്നവര്‍ക്ക് ശരിയായ നടപടികള്‍ എടുക്കാന്‍ കഴിയും. കേരളത്തിലെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ ഭരണത്തെ വിലയിരുത്തുന്നവര്‍ക്ക് ജനങ്ങളെ അലോസരപ്പെടുത്തിയിട്ടുള്ള അനേകം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ടാകും. ചില നേതാക്കന്മാര്‍ ഭരണകര്‍ത്താക്കളുടെ അഹന്തയേയും ജനാധിപത്യവിരുദ്ധമനോഭാവത്തേയുംകുറിച്ച് പറഞ്ഞുകഴിഞ്ഞല്ലോ. ഇതു നിസാരമായ കാര്യമല്ല. അഭിപ്രായവ്യത്യാസമുള്ളവരോട് കാട്ടുന്ന മനോഭാവം, ഭാഷാപ്രയോഗങ്ങള്‍, തോന്നുന്നതെന്തും ചെയ്യാമെന്ന മനോഭാവം - ഇതെല്ലാം ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലൂടെ പുറത്തുവരുമ്പോള്‍ അനേകം ആളുകളുടെ ഇടയില്‍ അകല്‍ച്ച ഉളവാക്കാതിരിക്കില്ല. ഇതെല്ലാം അടുത്തനാളുകളില്‍ സാധാരണമായിട്ടുണ്ട്. ഭരണകര്‍ത്താക്കള്‍ ജനങ്ങളെ ആദരിക്കുന്നവരാകണം.
ജനാധിപത്യത്തിനു ചേരാത്തരീതിയില്‍ എല്ലാം പാര്‍ട്ടിക്ക് അധീനമാക്കുന്ന ഇന്നത്തെ സമ്പ്രദായം അനേകരില്‍ സര്‍ക്കാര്‍വിരുദ്ധ മനോഭാവം ഏറെ വളര്‍ത്തിയിട്ടുണ്ട്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും പാര്‍ട്ടി ആധിപത്യം ചെലുത്താന്‍ ശ്രമിക്കുന്നത് പൊറുക്കാനാവാത്ത കുറ്റമാണ്. ഇവിടെ പാര്‍ട്ടികളുടെ കുട്ടിസംഘടനകളും മറ്റു പോഷകസംഘടനകളും ലോക്കല്‍ സെക്രട്ടറിമാരും പ്രവര്‍ത്തകരുമെല്ലാം ജനങ്ങളെ നിരന്തരമായി അലട്ടുന്ന രീതി വ്യാപകമായിരുന്നല്ലോ. ചില കാര്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നിട്ടുണ്ട്. ഉദാഹരണമായി കുട്ടനാട്ടില്‍ കൊയ്ത്തിന് ജോലിക്കാരെ ലഭിക്കുന്നതിനും കൊയ്ത്തു യന്ത്രം ഇറക്കുന്നതിനുമെല്ലാം കാശു കൊടുത്ത് പാര്‍ട്ടിയുടെ ചീട്ടു വാങ്ങേണ്ടിവരുന്നുവെന്ന് പത്രവാര്‍ത്തകളുണ്ടല്ലോ. അധ്യാപകരുടെ നിയമനത്തിന് അംഗീകാരം വാങ്ങാന്‍, ശമ്പളം ലഭിക്കാന്‍ - എല്ലാക്കാര്യങ്ങള്‍ക്കും പാര്‍ട്ടിയുടെ തിട്ടൂരം വേണമെന്ന് എത്രയോ ആളുകള്‍ പറഞ്ഞിട്ടുണ്ട്. ഇത്തരം ഭരണശൈലിയെയാണ് 1957-59 കാലഘട്ടത്തില്‍ കേരളീയര്‍ സെല്‍‘ഭരണം എന്നു വിളിച്ചത്. അത് പ്രത്യയശാസ്ത്രത്തിനു ചേരുന്നതായിരിക്കാം. പക്ഷേ ജനാധിപത്യത്തിന് ഒട്ടും ചേരില്ല. ഈ തിരിച്ചറിവ് ഉണ്ടാകേണ്ടിയിരിക്കുന്നു.
നിരന്തരമായി ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങള്‍ നിസാരമായി തള്ളിക്കളയാനാവില്ല. എല്ലാ തലങ്ങളിലും അഴിമതി വ്യാപിച്ചിട്ടുണ്ട്. അതിനെതിരായി ശക്തമായ നിലപാടെടുക്കാന്‍ സര്‍ക്കാരിനു കഴിയുന്നില്ല. പോരെങ്കില്‍ ഭരിക്കുന്നവര്‍ തന്നെ ധാരാളം ആരോപണങ്ങള്‍ക്കു വിധേയരാകുന്നു. ആരോ പണങ്ങളുണ്ടാകുമ്പോള്‍ ജനമനസ് അസ്വസ്ഥമാകുന്നു. അങ്ങനെയുള്ള കേസുകളില്‍ ന്യായമായ അന്വേഷണത്തിനുപോലും തടയിടാന്‍ അധികാരം ദുര്‍വിനിയോഗിക്കുന്നു എന്ന തോന്നലുണ്ടാകുമ്പോള്‍ ജനങ്ങളുടെ അസ്വസ്ഥത രൂക്ഷമാകുകയാണ്. അനേകമാളുകളില്‍ പ്രതികൂല മനോഭാവമുണ്ടാക്കിയത് ഈ സാഹചര്യമാണന്നു പറയാം.
വിലയിരുത്തലുകാര്‍ മറക്കാന്‍ ശ്രമിക്കുന്ന രംഗം
എല്ലാ രാഷ്ട്രങ്ങളിലും പല സംഘടനകളും പ്രസ്ഥാനങ്ങളും സമുദായങ്ങളുമെല്ലാം ഉണ്ടാകും. അവയ്ക്ക് അവയുടേതായ സ്വാതന്ത്ര്യവും ഉള്‍ഭരണ സ്വാതന്ത്ര്യത്തിനുള്ള അവകാശവുമുണ്ട്. ജനാധിപത്യവ്യവസ്ഥിതികള്‍ എല്ലാം ഇതംഗീകരിക്കുന്നുണ്ട്. പക്ഷേ, ഇവിടെ സമുദായങ്ങളേയും മതവിഭാഗങ്ങളേയും ഭരണകക്ഷികള്‍ അലോസരപ്പെടുത്തുകയാണ്. ഈ യാഥാര്‍ഥ്യം അവഗണിച്ചതുകൊണ്ട് പ്രശ്നം തീരുന്നില്ല. അവരുടെ പ്രതിഷേധം വോട്ടിലൂടെ അവര്‍ രേഖപ്പെടുത്തുന്നത് ന്യായം മാത്രമാണ്.
ഇവിടെ രാഷ്ട്രീയക്കാരും പല മാധ്യമങ്ങളും സമുദായങ്ങളെയും മതവിഭാഗങ്ങളെയും പീഡിപ്പിക്കുന്നതു കണ്ടില്ലെന്നു നടിക്കുകയാണ്. അവര്‍ക്കുണ്ടായ ആഘാതത്തെ വിലയിരുത്തലുകാര്‍ അവഗണിക്കുകയാണെന്നാണ് തോന്നുന്നത്. ഇതേപ്പറ്റി പരാമര്‍ശിക്കുന്നവര്‍ പോലും അതു വിഭാഗീയതയുടെയോ വര്‍ഗീയതയുടെയോ പ്രതികരണമായിട്ടാണ് കാണുന്നത്. എന്നാല്‍, കേരളത്തില്‍ ബഹുഭൂരിപക്ഷം ആളുകളും ഈശ്വരവിശ്വാസികളും വിവിധ സമുദായസംഘടനകളിലും മതങ്ങളിലും ഉറച്ചു വിശ്വസിക്കുന്നവരുമാണെന്ന കാര്യം മറച്ചുവച്ച് അവരുടെ പ്രതികരണങ്ങളെ നിസാരവത്കരിക്കുന്നതു ശരിയല്ല.
കേരളത്തില്‍ രണ്ടുമൂന്നു വര്‍ഷമായി വിദ്യാഭ്യാസരംഗത്തു നടത്തുന്ന കൈയേറ്റങ്ങളും മതവിരുദ്ധത സൃഷ്ടിക്കാനുള്ള ശ്രമങ്ങളും മാധ്യമങ്ങളിലൂടെ നടത്തുന്ന ദുഷ്പ്രചാരണങ്ങളും അനേകലക്ഷങ്ങളെ വേദനിപ്പിച്ചെന്ന ചരിത്രയാഥാര്‍ഥ്യം അവഗണിച്ചാല്‍ ഈ വിലയിരുത്തലുകള്‍ക്ക് അര്‍ഥമില്ല. സര്‍ക്കാര്‍ ഇന്നും തുടരെ വിദ്യാഭ്യാസ ഏജന്‍സികളെ പീഡിപ്പിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നത് ഭരണവിരുദ്ധവികാരം ആളിക്കത്തിക്കുന്നുവെന്നത് അവഗണിക്കാനാകില്ല. ഇത്തരം നീക്കങ്ങളിലൂടെ വിദ്യാഭ്യാസരംഗം താറുമാറാക്കുന്നതില്‍ ദുഃഖിക്കുന്നവര്‍ ഏറെയുണ്ട്. ഈ ദുരവസ്ഥയ്ക്ക് മാറ്റം വരുത്താത്തിടത്തോളം കാലം അനേകരുടെ രോഷം ജ്വലിച്ചുകൊണേ്ടയിരിക്കും.
ഈ രംഗത്ത് സമാധാനം പുനഃസ്ഥാപിച്ച് വിദ്യാഭ്യാസപുരോഗതിക്കും സാമൂഹ്യവികസനത്തിനുമായി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. കേരളം അഭിമുഖീകരിക്കുന്ന അടിയന്തര പ്രശ്നമാണിത്. ഇന്ന് അടിസ്ഥാന സൗകര്യങ്ങള്‍(കിളൃമ്രെ്ൃല) എന്നുപറയുന്നത് വെള്ളം, വൈദ്യുതി, റോഡുകള്‍ തുടങ്ങിയവയെക്കുറിച്ചു മാത്രമല്ല വിദ്യാഭ്യാസ സൗകര്യങ്ങളെയും സംവിധാനങ്ങളെയുംകുറിച്ചു കൂടിയാണ്.
അതിലേറെ, മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതും മതസ്വാതന്ത്ര്യം നിഷേധിക്കുന്നതുമായ നിയമനിര്‍മാണത്തിനായുള്ള ശ്രമം തുടങ്ങിവരികയാണല്ലോ. ഇക്കാര്യവും തെരഞ്ഞെടുപ്പു വേളയില്‍ത്തന്നെ പലരുടെയും മനസില്‍ ഉണ്ടായിരുന്നുവെന്നത് ഓര്‍ക്കേണ്ടതാണ്. ആ പടവാള്‍ ഉറയിലിടാതെ ഇവിടെ ഭരണവിരുദ്ധവികാരം ഒടുങ്ങുകയില്ല. ഇവിടത്തെ ക്രൈസ്തവര്‍ മുഴുവന്‍ ഈ നിയമനിര്‍മാണ സംരംഭത്തെ കടുത്ത ഭീഷണിയായിട്ടാണ് കാണുന്നത്. അതിനെ എന്തു വില കൊടുത്തും എതിര്‍ക്കേണ്ടിവരും.
ഇങ്ങനെയുള്ള യാഥാര്‍ഥ്യങ്ങള്‍ കണെ്ടത്താന്‍ വിലയിരുത്തലുകള്‍ സഹായിക്കണം. വിലയിരുത്തലിനെ കേവലം രാഷ്ട്രീയ അടവായി കാണരുത്. തുറന്നമനസോടെ, സത്യസന്ധതയോടെ, നടത്തുന്ന വിലയിരുത്തലുകള്‍ ഗുണം ചെയ്യും. തെറ്റായ വ്യാഖ്യാനങ്ങള്‍ നല്‍കി മുഖംരക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ മൂഢസ്വര്‍ഗത്തിലാണു ജീവിക്കുക.
ദേശീയ രാഷ്ട്രീയത്തിലെ ഗുണപരമായ ചലനങ്ങള്‍
ഡോ. ജോസഫ് വെട്ടിക്കന്‍
ഇപ്രാവശ്യത്തെ ജനവിധിയില്‍ ഏറ്റവും കടുത്ത ശിക്ഷ ഏറ്റുവാങ്ങിയത് ഇന്ത്യയിലെ ഇടതുപക്ഷങ്ങളും അവര്‍ക്കു നേതൃത്വം നല്‍കുന്ന
കമ്യൂണിസ്റ്റ് പാര്‍ട്ടികളുമാണ്.
ഭാരതജനാധിപത്യത്തിന്റെ ശക്തി പൂര്‍വ്വാധികം വ്യക്തമായി ലോ കത്തെ വിളിച്ചറിയിച്ച പതിനഞ്ചാം ലോകസഭാ തെരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തിയായിരിക്കുന്നു. തെരഞ്ഞെടുപ്പു ഫലത്തെ ക്രിയാത്മകമായി വിലയിരുത്തുന്നവരും തങ്ങളുടെ കണക്കുകൂട്ടലുകള്‍ പിഴച്ചതിലുള്ള അന്ധാളിപ്പില്‍ നേര്‍ക്കാഴ്ച നഷ്ടപ്പെട്ടവരും ഒരുപോലെ ആധികാരികവിശകലനങ്ങളുമായി രംഗത്തുവരുന്ന കാലമാണിത്. അഭിപ്രായസര്‍വ്വേകള്‍ സംഘടിപ്പിച്ചവര്‍ക്കും മത്സരത്തിലേര്‍പ്പെട്ടിരുന്ന രാഷ്ട്രീയകക്ഷികള്‍ക്കും ഒരേ സമയം വിസ്മയം ജനിപ്പിക്കുന്നതായിരുന്നു ഇപ്രാവശ്യത്തെ ജനവിധി. അപ്രതീക്ഷിതമായ വിജയത്തില്‍ കോണ്‍ഗ്രസിന്റെയും യുപിഎ യുടെയും ഒട്ടനവധി നേതാക്കള്‍ അമ്പരക്കുകയാണ്. ആകാശംമുട്ടെ ഉയര്‍ത്തിയ പ്രതീക്ഷകളെല്ലാം ഒരു നിമിഷം തകര്‍ന്നുവീഴുന്നതിന്റെ ആഘാതത്തില്‍ നിന്ന് എന്‍.ഡി.എ. യും മൂന്നാംമുന്നണിക്കാരും ഇനിയും മോചിതരായിട്ടുമില്ല. രാഷ്ട്രീയചായ്‌വുകള്‍ ഉള്ളിലൊതുക്കി നിഷ്പക്ഷരുടെ വേഷമണിഞ്ഞിരുന്ന നിരീക്ഷകരും പുതിയ വ്യാഖ്യാനങ്ങള്‍ കണ്ടുപിടിക്കാനുള്ള നെട്ടോട്ടത്തിലാണ്. കക്ഷിരാഷ്ട്രീയത്തിന്റെ മഞ്ഞക്കണ്ണാടിയിലൂടെയല്ലാതെ തെരഞ്ഞെടുപ്പുഫലത്തെ വീക്ഷിക്കുന്ന രാജ്യസ്നേഹികളായ സാധാരണക്കാര്‍ക്ക് ആശ്വസിക്കാനും പ്രതീക്ഷിക്കാനും വകനല്‍കുന്നതാണ് അസാധാരണമായ ഈ ജനവിധി.
ബി.ജെ.പി. മുന്നണിയെയും മൂന്നും നാലും മുന്നണി സംരംഭങ്ങളേയും ദയനീയമായി പരാജയപ്പെടുത്തിയെന്നതിലുപരി കോണ്‍ഗ്രസിനെയും യു.പി.എ. യെയും വിജയിപ്പിച്ച തെരഞ്ഞെടുപ്പായിട്ടാണ് ഇതിനെ കാണേണ്ടത്. പരാജയത്തിന്റെ കാരണമന്വേഷിക്കാനുള്ള ചുമതല പരാജിതരെത്തന്നെ ഏല്‍പിച്ചുകൊണ്ട് നമുക്ക് ആദ്യമായി കോണ്‍ഗ്രസിന്റെയും യുപിഎ യുടെയും വിജയത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കാം. പാര്‍ട്ടിയുടെ സംഘടനാസംവിധാനം താരതമ്യേന ബലഹീനമായിരുന്ന ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി പ്രതീക്ഷിച്ചതിലേറെ മുന്നേറി. ഒറ്റയ്ക്ക് മത്സരിച്ച് യുപി യില്‍ ബി.ജെ.പി.യുടെയും മായാവതിയുടെയും മുമ്പിലെത്താനും മൂലായത്തിന്റെ ഒപ്പമെത്താനും കഴിഞ്ഞതിന് തിളക്കമേറെയാണ്. സിക്കിമും നാഗാലാന്‍ഡും ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ലോകസഭാംഗങ്ങളെ വിജയിപ്പിക്കാന്‍ കഴിഞ്ഞ ഏക പാര്‍ട്ടിയായി മാറാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞെന്നു മാത്രമല്ല, തൊട്ടടുത്ത ദേശീയപാര്‍ട്ടിയായ ബിജെപി യെക്കാള്‍ ബഹുദൂരം മുന്നിലെത്താനും കഴിഞ്ഞു. ഡല്‍ഹിയില്‍ നൂറു ശതമാനം (7 ല്‍ 7 ഉം) വിജയം ആഘോഷിച്ച പാര്‍ട്ടി രാജസ്ഥാനും ഹരിയാനയും പഞ്ചാബും ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ ബല്‍റ്റില്‍ ഗതകാലപ്രതാപം വീണെ്ടടുക്കുകയും ചെയ്തു. ബിജെപിയുടെ സ്വന്തമെന്നു കരുതപ്പെട്ടിരുന്ന ഗുജറാത്തിലും സിപിഎമ്മിന്റെ ഉരുക്കുകോട്ടയായിരുന്ന പശ്ചിമബംഗാളിലും അഭിമാനാര്‍ഹമായ മുന്നേറ്റം കൈവരിച്ചു. ആകെക്കൂടി ആസേതുഹിമാചലം പാര്‍ട്ടിയുടെ ശക്തി ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ കോണ്‍ഗ്രസിനു സാധിച്ചിരിക്കുന്നു.
2004 ല്‍ ബിജെപി നേതാക്കള്‍ പ്രകടിപ്പിച്ചതുപോലുള്ള അമിതമായ ആത്മവിശ്വാസം പരസ്യമായി പ്രകടിപ്പിക്കാതെ തന്നെ യുപിയിലും ബീഹാറിലും ഒറ്റയ്ക്ക് മത്സരിക്കാനുള്ള ധൈര്യം കാണിച്ച കോണ്‍ഗ്രസും അതിനു പ്രേരണ നല്‍കിയ രാഹുല്‍ഗാന്ധിയും അഭിനന്ദനമര്‍ഹിക്കുന്നു. ഇടതുപക്ഷത്തിന്റെ ചതിയും ബിജെപി യുടെ ആക്ഷേപശരങ്ങളും മുലായം-അമര്‍സിംഗ്-ലാലു-പാസ്വാന്‍ അച്ചുതണ്ടിന്റെ സമ്മര്‍ദ്ദങ്ങളും ഫലപ്രദമായി നേരിട്ട് കാലാവധി പൂര്‍ത്തിയാക്കിയ മന്‍മോഹന്‍ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളില്‍ മതിപ്പുളവാക്കിയതായി തെരഞ്ഞെടുപ്പുഫലം തെളിയിക്കുന്നു. ബലഹീനനായ പ്രധാനമന്ത്രിയെന്ന ആക്ഷേപത്തെ ആണവക്കരാറിന്റെയും സാമ്പത്തികനയങ്ങളുടെയും ഭരണപരിഷ്കാരങ്ങളുടെയും രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത സമീപനംകൊണ്ടാണ് മന്‍മോഹന്‍ സര്‍ക്കാര്‍ നേരിട്ടത്. താന്‍പോരിമയുടെയും ഏകാധിപത്യപ്രവണതകളുടെയും സ്ഥാനത്ത് പരസ്പപബഹുമാനത്തിന്റെയും സഹകരണത്തിന്റെയും ആള്‍രൂപങ്ങളായി ജനങ്ങളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട സോണിയ-മന്‍മോഹന്‍ കൂട്ടുകെട്ടിനെ ജനങ്ങള്‍ അത്യുത്സാഹേത്തോടെ സ്വാഗതം ചെയ്തതിന്റെ അനന്തരഫലമായിരുന്നു ദേശവ്യാപകമായി ദൃശ്യമായ പുതിയ വോട്ടിംഗ് പ്രവണതകള്‍. എതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് കൂടുതല്‍ ഉത്തരവാദിത്വത്തോടെ പെരുമാറുന്നതായി കാണാമായിരുന്നു. ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയും ന്യൂനപക്ഷ-പിന്നാക്ക ക്ഷേമപ്രവര്‍ത്തനങ്ങളും രാജ്യാന്തരരംഗത്ത് ശാന്തമായി കൈവരിച്ച നേട്ടങ്ങളും കോണ്‍ഗ്രസിന് അനുകൂലമായി ചിന്തിക്കാന്‍ സമ്മതിദായകരെ പ്രേരിപ്പിച്ചിരിക്കാം.
ശക്തനായ നേതാവെന്ന വിശേഷണവുമായി വളരെ നേരത്തെ തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടി അമിതപ്രതീക്ഷകളുമായി രംഗത്തെത്തിയ ബി.ജെ.പി. വോട്ടെടുപ്പ് കഴിഞ്ഞ ദിവസങ്ങളിലും പുതിയ സഖ്യകക്ഷികളുമായി രംഗം കൈയടക്കാന്‍ ശ്രമിച്ചിരുന്നു. ഗുജറാത്തില്‍പോലും പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്നു മാത്രമല്ല രാജസ്ഥാനുള്‍പ്പെടെയുള്ള കോട്ടകൊത്തളങ്ങള്‍ തകരുന്നതിന് മൂകസാക്ഷിയാകേണ്ടി വരികയും ചെയ്തു. പ്രാദേശികകക്ഷികളുടെ ബലത്തില്‍ ഒരു തവണ കേന്ദ്രഭരണം പിടിച്ച ബിജെപി ക്ക് ഇനിയും പഴഞ്ചന്‍ കാര്‍ഡുകളുമായി രംഗത്തിറങ്ങിയിട്ട് കാര്യമില്ലെന്ന അവസ്ഥയായിരിക്കുന്നു. എങ്കിലും ഉത്തരവാദിത്വപ്പെട്ട ഒരു പ്രതിപക്ഷകക്ഷിയെന്ന നിലയില്‍ തോല്‍വിയെ അംഗീകരിക്കാനും വിജയികളെ അഭിനന്ദിക്കാനും തയ്യാറായത് തികച്ചും സ്വാഗതാര്‍ഹവും മാതൃകാപരവുമാണ്. ഇനിയൊരങ്കത്തിനു ബാല്യമില്ലെന്ന തിരിച്ചറിവില്‍ പ്രതിപക്ഷനേതാവിന്റെ പദവി ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ച അഡ്വാനിജിയെ അതിന് അനുവദിക്കുന്നതായിരുന്നു കൂടുതല്‍ ഉചിതമായ സമീപനം.
ഇപ്രാവശ്യത്തെ ജനവിധിയില്‍ ഏറ്റവും കടുത്ത ശിക്ഷ ഏറ്റുവാങ്ങിയത് ഇന്ത്യയിലെ ഇടതുപക്ഷങ്ങളും അവര്‍ക്കു നേതൃത്വം നല്‍കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികളുമാണ്. സ്വതന്ത്രഇന്ത്യയിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റിലെ ഏറ്റവും വലിയ പ്രതിപക്ഷകക്ഷി ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു. പത്തുശതമാനം അംഗങ്ങള്‍ തികയാതിരുന്നതുകൊണ്ടു മാത്രമാണ് കമ്യൂണിസ്റ്റ് നേതാവായിരുന്ന ഇ.കെ.ജി. ക്ക് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗികസംവിധാനങ്ങള്‍ ലഭ്യമല്ലാതെ പോയത്. 1964 ല്‍ പാര്‍ട്ടി രണ്ടായി പിളര്‍ന്ന് സിപിഐ യും സിപിഎമ്മുമായി മാറിയതിനുശേഷം നടന്ന ആദ്യതെരഞ്ഞെടുപ്പില്‍ (1967) ഇരുവര്‍ക്കും യഥാക്രമം 23 ഉം 19 ഉം സീറ്റുകള്‍ നേടാന്‍ കഴിഞ്ഞിരുന്നു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി എല്ലാ ലോക്സഭകളിലും ഇടതുപക്ഷങ്ങള്‍ക്ക് 50 ല്‍ കുറയാത്ത സീറ്റുകള്‍ ഉണ്ടായിരുന്നു. 2004 ലെ തെരഞ്ഞെടുപ്പില്‍ അത് 61 ആയി ഉയരുകയും ചെയ്തിരുന്നു. പാര്‍ലമെന്റിലെ അംഗബലത്തിന് ആനുപാതികമല്ലാത്ത സ്വാധീനവും നിയന്ത്രണവും കേന്ദ്രഭരണത്തില്‍ ചെലുത്തുവാന്‍ ഇക്കാലമത്രയും ഇടതുപക്ഷത്തിനു കഴിഞ്ഞിരുന്നു. 1967-ല്‍ ഇന്ദിരാഗാന്ധി സര്‍ക്കാരിനേയും പിന്നീട് വി.പി. സിംഗ്, ദേവഗൗഡ, ഗുജ്‌റാള്‍ സര്‍ക്കാരുകളെയും അവസാനം കഴിഞ്ഞ നാലര വര്‍ഷക്കാലം മന്‍മോഹന്‍സിംഗ് സര്‍ക്കാരിനെയും ജീവവായു നല്‍കി നിലനിറുത്തിയത് കമ്യൂണിസ്റ്റ് പാര്‍ട്ടികളായിരുന്നു. ചരിത്രപരമായ വിഡ്ഢിത്തം കാണിച്ചില്ലായിരുന്നെങ്കില്‍ ഒരു വേള ഒരു കമ്യൂണിസ്റ്റുകാരന്‍ (ജ്യോതിബാസു) ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കസേരയും അനായാസേന അലങ്കരിക്കുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ എ.ബി. വാജ്പേയിക്ക് ഒരിക്കലും പ്രധാനമന്ത്രിയാകാന്‍ അവസരം ലഭിക്കുമായിരുന്നില്ലെന്നു പറയുന്ന നിരീക്ഷകരും ഉണ്ട്.
ഇ.എം.എസിന്റെ ക്യാമ്പസ് റിക്രൂട്ട്മെന്റിലൂടെ സിപിഎം പോളിറ്റ്ബ്യൂറോയിലെത്തിയ പ്രകാശ് കാരാട്ടിന്റെ മാനേജ്മെന്റില്‍ ബംഗാളും കേരളവും ഉള്‍പ്പെടെയുള്ള ഇടതുകോട്ടകളെല്ലാം വിണ്ടു കീറുകയായിരുന്നു. 61 എം.പി. മാരുടെ നേതൃത്വവും കേന്ദ്രസര്‍ക്കാരിന്റെ താക്കോലും ഹര്‍കിഷന്‍സിംഗ് സുര്‍ജിത്തില്‍ നിന്നും ഏറ്റുവാങ്ങിയ കാരാട്ട് മൂന്നുവര്‍ഷം കൊണ്ട് വെറും 16 എം.പിമാരു മാത്രമുള്ള (തൃണമൂലിന് ബംഗാളില്‍ നിന്നു തന്നെ 19 ഉണ്ട്) പാര്‍ട്ടിയുടെ നാനാവശത്തുനിന്നും വിമര്‍ശിക്കപ്പെടുന്ന നേതാവായി പരിണമിച്ചിരിക്കുന്നു. വസ്തുതകളുടെയോ യുക്തിയുടെയോ പിന്‍ബലമില്ലാത്ത വരട്ടു വാദവുമായി യുപിഎ സര്‍ക്കാരിനുള്ള പിന്തുണ അസമയത്തു പിന്‍വലിച്ചതിനുശേഷം മായാവതിയുടെയും ജയലളിതയുടെയും നേതൃത്വം അംഗീകരിക്കാനും അബ്ദുള്‍ നാസര്‍ മദനിയെ പാര്‍ട്ടിയുടെ മുഖ്യപ്രചാരകനാക്കാനും സമ്മതിച്ച സിപിഎം ജനറല്‍ സെക്രട്ടറിക്ക് ഇനി ആ പദവിയില്‍ തുടരണമെങ്കില്‍ സാധാരണക്കാര്‍ക്കു മനസ്സിലാകാത്ത ന്യായവാദങ്ങള്‍ നിരത്തേണ്ടി വരും.
ആരുമായും കൂട്ടുചേര്‍ന്ന് അധികാരത്തില്‍ പങ്കുപറ്റുകയെന്ന മിനിമം പരിപാടിയുമായി തെരഞ്ഞെടുപ്പുവേളയിലും തുടര്‍ന്നും കുതിരക്കച്ചവടത്തിനു തയ്യാറെടുത്ത ഒട്ടനവധി നേതാക്കളെ മാതൃകാപരമായി ശിക്ഷിച്ച നടപടിയിലൂടെ ഭാരതത്തിലെ ജനങ്ങള്‍ അവരുടെ രാഷ്ട്രീയാവബോധം പ്രകടിപ്പിക്കുകയാണു ചെയ്തത്. പ്രധാനമന്ത്രിയാകുക എന്ന മോഹവുമായി ഏതു വേഷവും കെട്ടിയാടാന്‍ തയ്യാറായി നിന്നിരുന്ന ശരദ്പവാര്‍, മായാവതി, ജയലളിത, മുലായംസിംഗ്‌യാദവ്, ലാലുയാദവ്, പസ്വാന്‍, ചന്ദ്രബാബു നായിഡു, ദേവഗൗഡ തുടങ്ങിയ കരുത്തരുടെയെല്ലാം ചിറകരിയുന്നതായിരുന്നു പുതിയ ജനവിധി. ഷിബുസോറന്റെ ജാര്‍ക്കണ്ഡ് മുക്തിമോര്‍ച്ചയും പാസ്വാന്റെ ലോകജനശക്തിയും, രാംദാസിന്റെ പട്ടാളിമക്കള്‍ കക്ഷിയും വൈകോയുടെ എം.സി.എം.കെ. യും ചന്ദ്രശേഖര്‍ റാവുവിന്റെ തെലുങ്കാന രാഷ്ട്രീയസമിതിയും എല്ലാം പരാജയത്തിന്റെ രുചിയറിഞ്ഞു. മന്‍മോഹന്‍സിംഗിനോട് അവസാനം നെറികേടു കാണിച്ച ലാലു യാദവിന്റെയും പാസ്വാന്റെയും നില അതിദയനീയമായിരിക്കുന്നു.
ദീര്‍ഘകാലത്തെ കഷ്ടപ്പാടുകള്‍ക്കും പീഡനങ്ങള്‍ക്കും ശേഷം ഉയിര്‍ത്തെഴുന്നേല്‍പിന്റെ മഹിമയിലാണ് ബംഗാളിലെ തൃണമൂല്‍ ലീഡര്‍. ഉറപ്പായിരിക്കുന്ന കേന്ദ്ര ക്യാബിനറ്റ് പദവി പോലും തിരസ്കരിച്ച് ബംഗാളിലെ തന്റെ യജ്ഞം തുടരുകയാണെങ്കില്‍ ദീദി ഒരു പക്ഷേ സിപിഎമ്മിന്റെ അന്ത്യകൂദാശയ്ക്ക് നേതൃത്വം കൊടുത്തുകൂടായ്കയില്ല. തന്ത്രവും മന്ത്രവും ഒരുപോലെ വശമുള്ള മുത്തുവേല്‍ കരുണാനിധി എണ്‍പത്തി ഒന്‍പതാം വയസിലും രാഷ്ട്രീയാരോഗ്യമുള്ളവനാണെന്നു തെളിയിച്ച തെരഞ്ഞെടുപ്പുകൂടിയാണിത്. പക്വമായ ദേശീയ കാഴ്ചപ്പാട് എക്കാലവും പ്രകടിപ്പിക്കാറുള്ള മുസ്ലീംലീഗിനും നാഷണല്‍ കോണ്‍ഫ്രന്‍സ്, കേരളാകോണ്‍ഗ്രസ് (എം) പോലെയുള്ള ചെറുകക്ഷികള്‍ക്കും അഭിമാനിക്കാവുന്ന നേട്ടമാണ് ജനങ്ങള്‍ സമ്മാനിച്ചത്.
രാഷ്ട്രീയത്തിനതീതമായി ചിന്തിക്കുന്നവരെ ഏറെ സന്തോഷിപ്പിക്കുന്നതാണ് ദേശീയ രാഷ്ട്രീയത്തിലെ പുതിയ പ്രവണതകള്‍. മുന്നണി സര്‍ക്കാര്‍ രൂപീകരണത്തിന്റെ പതിവു സമ്മര്‍ദ്ദങ്ങളൊന്നുമില്ലാതെ മന്‍മോഹന്‍സിംഗ് കൂടുതല്‍ ശക്തനായ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയാണ്. ഇന്നത്തെ ലോകനേതാക്കളില്‍ എന്തുകൊണ്ടും ഒന്നാമനാകാന്‍ യോഗ്യതയുള്ള ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യനായകനായ മന്‍മോഹന്‍സിംഗിന് ഭാരതത്തെ പ്രത്യാശയുടെ പുതിയ മേച്ചില്‍പ്പുറങ്ങളിലേക്കു നയിക്കാനാവുമെന്നതില്‍ സംശയമില്ല. പുതിയ നൂറ്റാണ്ട് ഇന്ത്യയുടേതായിരിക്കുമെന്നു പ്രവചിച്ച രാഷ്ട്രീയപ്രവാചകന്മാരെ സാധൂകരിക്കുന്ന ശക്തവും വ്യക്തവുമായ വിധിത്തീര്‍പ്പ് പുറപ്പെടുവിച്ച ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ വിവേചനാശക്തിയുടെ മുമ്പില്‍ നമുക്കു ശിരസു നമിക്കാം.
ജനങ്ങള്‍ നല്‍കിയത് അര്‍ഹിക്കുന്ന ശിക്ഷ
ഡോ.കുര്യാസ് കുമ്പളക്കുഴി
ജനങ്ങളുടെ സാമാന്യബുദ്ധിയെ പോലും പരിഹസിക്കുകയും അവരുടെ വികാരങ്ങള്‍ ഇത്രയേറെ ആഴത്തില്‍ മുറിപ്പെടുത്തുകയും സമൂഹത്തിലാകെ അരാജകത്വം സൃഷ്ടിക്കുകയും ചെയ്ത ഒരു ഭരണം ഇതിനുമുമ്പ് കേരളത്തിലുണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ ജനങ്ങള്‍ ശിക്ഷിച്ചു. കഠിനമായി ശിക്ഷിച്ചു. അതാവട്ടെ, അര്‍ഹിക്കുന്നതില്‍ ഒട്ടും കൂടിപ്പോയിട്ടുമില്ല.
- തെരഞ്ഞെടുപ്പു ഫലത്തിന്റെ പശ്ചാത്തലത്തില്‍ എല്‍.ഡി.എഫ് ഭരണത്തെക്കുറിച്ച് ഒരു വിലയിരുത്തല്‍
പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നുകൊണ്ടിരിക്കുന്നതിനിടയില്‍ കേരളീയര്‍ കേട്ട ഒരു നല്ല ഫലിതമുണ്ട്: കേരളത്തില്‍ ഭരണവിരുദ്ധവികാരമില്ല!
പറഞ്ഞതു കേരളത്തിന്റെ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന്‍. ഭരണത്തലവന്‍. ആകെയുള്ള 20 സീറ്റില്‍ ഭരണകക്ഷിക്കു കഷ്ടിച്ചു കിട്ടിയത് നാലു സീറ്റു മാത്രം. അതും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 20 ല്‍ 18 ഉം നേടിയിടത്ത്. എന്നിട്ടും മുഖ്യമന്ത്രി അവകാശപ്പെടുന്നു, ഭരണവിരുദ്ധവികാരമില്ലെന്ന്!
ഒരര്‍ത്ഥത്തില്‍ അച്ചുതാനന്ദന്റെ വിലയിരുത്തല്‍ ശരിയാണ്. തെരഞ്ഞെടുപ്പു ലോകസഭയിലേക്കാണ്. കേന്ദ്രഗവണ്‍മെന്റിനെ നിശ്ചയിക്കാനാണ്. അവിടെ ഭരിച്ചിരുന്നതു യു.പി.എ. ആയിരുന്നു. ആ സഖ്യമാകട്ടെ കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ ഏറെ മികച്ച വിജയം നേടുകയും ചെയ്തു. ഇന്ത്യയിലാകെ നോക്കിയാല്‍ ഭരണവിരുദ്ധവികാരമില്ല.
ഇതൊരു വ്യാഖ്യാനം മാത്രം. സാമാന്യം നല്ല ഭൂരിപക്ഷത്തില്‍ കേരളത്തിലെ 16 പാര്‍ലമെന്റു സീറ്റുകള്‍ യു.ഡി.എഫിനു സമ്മാനിച്ച ജനങ്ങള്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയതു കേരളഭരണം ഞങ്ങള്‍ക്കു മതിയായി എന്നു തന്നെയാണ്. അതു മനസ്സിലാക്കാനുള്ള സാമാന്യബുദ്ധിപോലും ഭരണകക്ഷികള്‍ക്കില്ലെന്നാണെങ്കില്‍, അവരെ കാത്തിരിക്കുന്നത് ഇതിലും വലിയ ദുരന്തമായിരിക്കും, തീര്‍ച്ച.
യുഡിഎഫ്, എല്‍ഡിഎഫിനെക്കാള്‍ 5.85 ശതമാനം വോട്ടു കൂടുതല്‍ നേടുകയും എല്‍ഡിഎഫിന്റെ കൈവശമിരുന്ന 15 സീറ്റുകള്‍ പിടിച്ചെടുക്കുകയും ചെയ്തപ്പോള്‍ യുഡിഎഫിന്റെ വിജയത്തിന്റെ കാരണങ്ങളല്ല, എല്‍ഡിഎഫിന്റെ ദയനീയപരാജയത്തിന്റെ കാരണങ്ങളാണു നമ്മള്‍ അന്വേഷിക്കേണ്ടത്. 2004 ല്‍ ലോക്സഭാതെരഞ്ഞെടുപ്പില്‍ 18 സീറ്റു കൈയടക്കുകയും 2005 ലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 80 ശതമാനം സ്ഥാനങ്ങളും സ്വന്തമാക്കുകയും 2006 ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ 140 ല്‍ 98 സീറ്റും നേടി ഭരണത്തിലേറുകയും ചെയ്ത രാഷ്ട്രീയ സഖ്യമാണ് ഇടതുമുന്നണി.
2006-ല്‍ 98 മണ്ഡലങ്ങളില്‍ വിജയിച്ച ഇടതുമുന്നണി നേടിയത് 48.58 ശതമാനം വോട്ടായിരുന്നു. സിപിഎമ്മിനു തന്നെ 32.53 ശതമാനം വോട്ടു ലഭിച്ചിരുന്നു; 65 സീറ്റുകളും. മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ ആ മുന്നണി പരാജയപ്പെട്ടിരിക്കുന്നതു 102 നിയമസഭാമണ്ഡലങ്ങളിലും 16 ലോക്സഭാമണ്ഡലങ്ങളിലും. 7.65 ശതമാനം വോട്ടു നഷ്ടപ്പെട്ടു.
കേരളത്തില്‍ നടന്നിട്ടുള്ള തെരഞ്ഞെടുപ്പുകളെല്ലാം നമുക്കു തരുന്ന ഒരു ചിത്രമുണ്ട്. രണ്ടു മുന്നണികള്‍ നേരിട്ടു മത്സരിക്കുമ്പോളൊക്കെ ജയം നേടുന്നവര്‍ക്ക് അധികം ലഭിക്കുന്നത് 5 മുതല്‍ 10 വരെ ശതമാനം വോട്ടാണ്. രണ്ടു മുന്നണികള്‍ക്കും കേരളത്തില്‍ ഏതാണ്ടു തുല്യമായ രാഷ്ട്രീയവോട്ടുകളുണ്ട്. അതവരുടെ ഫിക്സഡ് ഡെപ്പോസിറ്റാണ്. അധികം ലഭിക്കുന്നതും വിജയം നിര്‍ണ്ണയിക്കുന്നതുമായ വോട്ടു നിഷ്പക്ഷമതികളുടേതാണ്. അവര്‍ ഓരോ തെരഞ്ഞെടുപ്പിലും സാഹചര്യങ്ങള്‍ വിലയിരുത്തി വോട്ടു ചെയ്യുന്നു. ഇത്തവണ അവരുടെ വോട്ടു മുഴുവന്‍ വീണതു യുഡിഎഫിന്റെ പെട്ടിയിലാണ്. അവര്‍ ഭരണപരാജയത്തിനെതിരെയാണു വോട്ടവകാശം വിനിയോഗിച്ചത്.
രണ്ടാമത്തെ ശക്തമായ ഘടകം കേരളത്തിലെമ്പാടും ക്രൈസ്തവര്‍ക്കിടയിലുണ്ടായ സിപിഎം വിരുദ്ധവികാരമാണ്. ഇതിനു മുമ്പൊരിക്കലും കേരളത്തില്‍ സംഭവിച്ചിട്ടില്ലാത്തവിധം, അധികാരത്തിലേറിയ മാര്‍ക്സിസ്റ്റുപാര്‍ട്ടി തെരഞ്ഞെടുപ്പു വിജയം തലയ്ക്കുപിടിച്ചിട്ടെന്നതുപോലെ, അവരുടെ നിലപാടുകളോടു വിയോജിച്ച ക്രൈസ്തവസമൂഹത്തെ മുഴുവന്‍ രാഷ്ട്രീയവിവേകവും സാംസ്കാരികമാന്യതയും നഷ്ടപ്പെടുത്തിക്കൊണ്ടു തന്നെ നിരന്തരം ആക്ഷേപിച്ചുപോരുകയായിരുന്നു. മതമേലദ്ധ്യക്ഷന്മാരെ നികൃഷ്ടജീവികള്‍ എന്നും അതിവന്ദ്യന്മാര്‍ എന്നുമൊക്കെ അധിക്ഷേപിച്ച്, അവരെല്ലാം സാമൂഹികനീതിക്കെതിരെ ചുവടുറപ്പിച്ചിരിക്കുന്ന ജനശത്രുക്കളാണെന്നു വരുത്തിത്തീര്‍ക്കാനായിരുന്നു, ആസൂത്രിതനീക്കം.
ക്രൈസ്തവസമൂഹം കേരളത്തിന്റെ സമഗ്രവികസനത്തിനുനല്‍കിയ സംഭാവനകള്‍ മുഴുവന്‍ തമസ്കരിച്ചുകൊണ്ട്, വികസനനേട്ടങ്ങള്‍ മുഴുവന്‍ 1957 മുതലുള്ള കമ്യൂണിസ്റ്റു ഗവണ്‍മെന്റുകളുടെ സംഭാവനകള്‍ മാത്രമാണെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഈ ചരിത്രദുര്‍വ്യാഖ്യാതക്കള്‍ കേരളീയരെ കുറച്ചധികം തെറ്റിദ്ധരിപ്പിക്കുന്നതില്‍ വിജയിച്ചിട്ടുമുണ്ട്. വിദ്യാഭ്യാസം, സംസ്കാരം, ആതുരശുശ്രൂഷ, ദളിത് സമുദ്ധാരണം തുടങ്ങിയ മേഖലകളില്‍ ക്രൈസ്തവമിഷനറിമാര്‍ മുതലുള്ളവര്‍ വരുത്തിയ മുന്നേറ്റം സ്വന്തം നേട്ടമായി ചിത്രീകരിച്ച് രാഷ്ട്രീയവിജയം കൊയ്യുന്നതില്‍ അവര്‍ ബദ്ധശ്രദ്ധരാണു താനും. ഇത്തവണ എല്ലാ പരിധികളും ലംഘിച്ച് സഭയെയും സഭാസമൂഹത്തെയും ആക്രമിച്ച് ദുര്‍ബലരും നിശ്ബദരുമാക്കി തങ്ങളുടെ വരുതിക്കു നിര്‍ത്താനായിരുന്നു, മൂത്ത സഖാക്കളുടെയും കുട്ടിസഖാക്കളുടെയും ഒത്തുകളികള്‍. പാവപ്പെട്ട ഒരു പെണ്‍കുട്ടിയുടെ വളര്‍ത്തുകുഞ്ഞാടിനെ കാറിടിപ്പിച്ചു കൊന്നു കറിവച്ചു കഴിക്കുന്ന ബിഷപ്പിനെ അവതരിപ്പിക്കുന്ന സിഡി ചിത്രം വരെ നിര്‍മ്മിച്ചു വിശ്വാസിസമൂഹത്തെ മുഴുവന്‍ ആഴത്തില്‍ മുറിപ്പെടുത്താനുള്ള ധാര്‍ഷ്ട്യവും അവര്‍ പ്രകടിപ്പിച്ചു.
ഇത്ര സംഘടിതമായ ഒരാക്രമണത്തിനു പ്രകോപനമെന്തായിരുന്നു? ഭരണഘടനാവിരുദ്ധമായ വകുപ്പുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടു പാസാക്കിയ സ്വാശ്രയബില്‍ കോടതിയില്‍ ചോദ്യം ചെയ്തു, ന്യൂനപക്ഷസ്ഥാപനങ്ങളെ തകര്‍ക്കുന്ന വിധത്തിലുള്ള കെ.ഇ.ആര്‍. പരിഷ്കരണത്തെ എതിര്‍ത്തു. സ്വാശ്രയസ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ മേധാവിത്വം സ്ഥാപിക്കാനുള്ള നീക്കങ്ങളെ ചെറുത്തു, പാഠപുസ്തകങ്ങളിലെ നിരീശ്വരത്വം, മതനിഷേധം, മാര്‍ക്സിസ്റ്റ് അധിനിവേശം തുടങ്ങിയവയ്ക്കെതിരേ ജനവികാരം ഉണര്‍ത്തി, വിദ്യാഭ്യാസമന്ത്രിയുടെ തുഗ്ലക്ക് പരിഷ്കാരങ്ങളുടെ അപകടസാധ്യതകള്‍ ചൂണ്ടിക്കാട്ടി മതാദ്ധ്യക്ഷന്മാരെയും ആധ്യാത്മികനേതാക്കളെയും പരസ്യമായി അവഹേളിക്കുകയും രഹസ്യമായി പ്രീണിപ്പിക്കുകയും ചെയ്യുന്ന സിപിഎം കാപട്യം തുറന്നു കാട്ടി. ഇതൊന്നും സഹിക്കാന്‍ കഴിയുന്ന വരല്ലല്ലൊ ഫാസിസത്തിന്റെ അവതാരങ്ങളായ മാര്‍ക്സിസ്റ്റു നേതാക്കള്‍.
സ്വാശ്രയവിവാദവും മത്തായി ചാക്കോയുടെ അന്ത്യകൂദാശാസ്വീകരണവിവാദവും കത്തിനില്‍ക്കുന്നതിനിടയില്‍, 2006 ഡിസംബര്‍ ആറിനു തിരുവമ്പാടിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുണിക്കുണ്ടായ വിജയം മാര്‍ക്സിയന്‍ ധാര്‍ഷ്ട്യത്തിനു പിന്നെയും മൂര്‍ച്ച കൂട്ടി. ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ചു ക്രൈസ്തവര്‍ കൂടുതല്‍ കൂടുതലായി മാര്‍ക്സിസ്റ്റു പാര്‍ട്ടിയില്‍ ചേര്‍ന്നുകൊണ്ടിരിക്കുകയാണെന്ന സിപിഎം അവകാശവാദത്തെ ബലപ്പെടുത്തുന്നതായിരുന്നു ആ വിജയം. ഒരു അഭിവന്ദ്യനും ആശീര്‍വദിച്ച് അനുഗ്രഹിച്ചു വിട്ടിട്ടല്ല ക്രൈസ്തവര്‍ മാര്‍ക്സിസ്റ്റുപാര്‍ട്ടിയില്‍ ചേര്‍ന്നിരിക്കുന്നതെന്നും ഏതഭിവന്ദ്യന്‍ തിരിച്ചു വിളിച്ചാലും അവരാരും മടങ്ങിപ്പോകില്ലെന്നും സഭാനേതൃത്വത്തെ സിപിഎം സെക്രട്ടറി പിണറായി വിജയന്‍ പരസ്യമായി വെല്ലുവിളിച്ചു.
ഇത്തരം വെല്ലുവിളികളും ആക്രോശങ്ങളും മാത്രമായി അടങ്ങിയിരിക്കാനൊന്നും അവര്‍ തയ്യാറായിരുന്നില്ല. ക്രൈസ്തവസ്ഥാപനങ്ങള്‍ക്കുനേരേ, കിട്ടുന്ന അവസരമെല്ലാം ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്താനും വലിയ നാശനഷ്ടങ്ങള്‍ വരുത്തി മനോവീര്യം കെടുത്താനും കുട്ടി സഖാക്കള്‍ മുന്നിട്ടിറങ്ങി. സഹികെട്ടപ്പോള്‍ ഇതിനെതിരേ കരുതലെടുക്കാന്‍ ആഹ്വാനം ചെയ്യുന്ന ഇടയലേഖനങ്ങള്‍ കേരളത്തിലെ മുഴുവന്‍ ദേവാലയങ്ങളിലും വായിക്കപ്പെട്ടു. അപ്പോള്‍, ഇടയലേഖനങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടു പരസ്യപ്രസ്താവനയുമായി സിപിഎം സെക്രട്ടറി തന്നെ രംഗത്തു വന്നുകളഞ്ഞു.
ക്രൈസ്തവസമൂഹങ്ങള്‍ക്കിടയില്‍ കത്തോലിക്കാസഭയെ ഒറ്റപ്പെടുത്താനും കത്തോലിക്കാസഭയ്ക്കുള്ളില്‍ തന്നെ ചേരിതിരിവുകള്‍ ഉണ്ടാക്കാനുമുള്ള നാണം കെട്ട കളികള്‍ക്കും സിപിഎം നേതൃത്വം തയ്യാറായി. ഇത്രയുമായപ്പോഴേക്കും എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവച്ച് ക്രൈസ്തവസമൂഹം ഉണര്‍ന്നു. തെരഞ്ഞെടുപ്പു വന്നപ്പോള്‍ നാളിതുവരെ വോട്ടു ചെയ്യാന്‍ തയ്യാറാകാത്തവര്‍ പോലും ബൂത്തുകളിലേക്കു നീങ്ങി. ക്രൈസ്തവര്‍ക്കു സ്വാധീനമുള്ളിടത്തെല്ലാം പോളിംഗ് ശതമാനം ഉയര്‍ന്നു. അതെല്ലാം യുഡിഎഫിന് അനുകൂലമായിത്തീരുകയും ചെയ്തു. സിപിഎം ധാര്‍ഷ്ട്യത്തിനു ജനങ്ങള്‍ നല്‍കിയ കടുത്ത ശിക്ഷ!
ക്രൈസ്തവസമൂഹത്തെ ഭിന്നിപ്പിച്ച് അപമാനിച്ച് ദുര്‍ബലപ്പെടുത്താന്‍ നടത്തിയ സിപിഎം കുതന്ത്രങ്ങള്‍ മുസ്ലീം സമുദായത്തെയും വെറുതെ വിട്ടില്ല. തന്ത്രപൂര്‍വ്വം അതിലെ വിവിധ ഗ്രൂപ്പുകളെ തമ്മിലടിപ്പിച്ചും സമുദായത്തില്‍ നിന്നു കരുത്തരായ ചെറുപ്പക്കാരെ തട്ടിയെടുത്തു സമുദായനേതൃത്വത്തിനെതിരേ അണിനിരത്തിയും അവര്‍ കരുക്കള്‍ നീക്കി. മുസ്ലീംലീഗിനെ രാഷ്ട്രീയമായും സാമുദായികമായും തകര്‍ത്താലേ മാര്‍ക്സിസ്റ്റ് അധിനിവേശത്തിനു കളമൊരുങ്ങുകയുള്ളൂ എന്നായിരുന്നു സഖാക്കളുടെ നുഴഞ്ഞുകയറ്റ സിദ്ധാന്തം. കെ.ടി. ജലീല്‍ എം.എല്‍.എ. യെ നവകേരള മാര്‍ച്ചില്‍ പിണറായിക്കൊപ്പം കൂട്ടിയതും ജയില്‍ മോചിതനായെത്തിയ മദനിയെ വരവേറ്റു രാഷ്ട്രീയസഖ്യമുണ്ടാക്കിയതും അദ്ദേഹവുമായി മാര്‍ക്സിസ്റ്റു നേതാക്കള്‍ വേദി പങ്കിട്ടതുമൊക്കെ ഇതിന്റെ പ്രായോഗികപാഠങ്ങളായിരുന്നു. പക്ഷേ, സിപിഎമ്മിന്റെ രാഷ്ട്രീയധാര്‍മ്മികത നഷ്ടപ്പെടുത്തിക്കൊണ്ടുള്ള കുത്സിതനീക്കങ്ങളെ മുസ്ലീംജനത അമ്പേ തകര്‍ത്തുകളഞ്ഞു! ഇതു ഭരണമുന്നണിയുടെ തകര്‍പ്പന്‍ പരാജയത്തിന്റെ മൂന്നാമത്തെ കാരണം.
2001 ല്‍ അധികാരത്തിലെത്തിയ ഇ.കെ. ആന്റണിയുടെ നേതത്വത്തിലുള്ള യുഡിഎഫ് ഗവണ്‍മെന്റിനെ ആഭ്യന്തരക്കുഴപ്പങ്ങളില്‍ മുക്കി ജനങ്ങളുടെ മുഴുവന്‍ രോഷം ക്ഷണിച്ചു വരുത്തിയതു കരുണാകരനും മകന്‍ മുരളീധരനനും പാര്‍ട്ടിക്കകത്തു നിന്നുകൊണ്ടു നടത്തിയ ഗ്രൂപ്പുവഴക്കുകളും വിഴുപ്പലക്കലുകളുമായിരുന്നു. 2004 ലെ ലോകസഭാതെരഞ്ഞെടുപ്പിലുണ്ടായ യുഡിഎഫ് തകര്‍ച്ചയ്ക്കു കാരണവും മറ്റൊന്നായിരുന്നില്ല. അതിന്റെ പേരില്‍ അച്ഛനും മകനും ഏറ്റുവാങ്ങിയ രാഷ്ട്രീയാവമതി അവരെ കേരളരാഷ്ട്രീയത്തിലെ അപഹാസ്യവ്യക്തിത്വങ്ങളാക്കി മാറ്റിക്കളഞ്ഞു. ഇന്നും ആ നില തുടരുന്നു.
കേഡര്‍ പാര്‍ട്ടിയായ സിപിഎമ്മില്‍ ഇത്തരമൊരനുഭവം ആരും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ, യുഡിഎഫിനേക്കാള്‍ മോശമായി ഗ്രൂപ്പിസം കളിക്കാന്‍ കഴിയുമെന്ന് അവരും തെളിയിച്ചുകഴിഞ്ഞു. ഇവിടെ രണ്ടു ചേരികളായി തിരിഞ്ഞു നില്‍ക്കുന്നതു പിണറായി വിജയനും വി.എസ്. അച്ചുതാനന്ദനുമാണ്. 2006 ലെ തെരഞ്ഞെടുപ്പില്‍ സീറ്റു നിഷേധിച്ചുകൊണ്ടു വി.എസിന്റെ രാഷ്ട്രീയജീവിതം തകര്‍ക്കാന്‍ പിണറായി നടത്തിയ നീക്കങ്ങള്‍ ജനരോഷത്തില്‍ തകര്‍ന്നുപോയി. മുഖ്യമന്ത്രിപദം ഏറ്റെടുത്തു അന്നുമുതല്‍ ഇവര്‍ തമ്മില്‍ പരസ്യവിവാദങ്ങളും ആരംഭിച്ചു.
കമ്യൂണിസ്റ്റുപാര്‍ട്ടിയിലെ ഈ അത്യപൂര്‍വ്വപരിണാമം എല്ലാവരെയും അമ്പരപ്പിച്ചുകളഞ്ഞു. സഹികെട്ടു പോളിറ്റ് ബ്യൂറോ രണ്ടു നേതാക്കളെയും ഒരുമിച്ചു പുറത്താക്കി. പിന്നെ ഒരുമിച്ചു തിരിച്ചെടുത്തു. പക്ഷേ രണ്ടു പേരുടെയും വാലിപ്പോഴും വളഞ്ഞുതന്നെ! ലാവ്ലിന്‍ കേസു സജീവമാക്കി നിലനിര്‍ത്തിക്കൊണ്ട് പിണറായിയുടെ ഓരോ കുതിപ്പിനും തടയിടാന്‍ മുഖ്യമന്ത്രി നടത്തുന്ന ശ്രമങ്ങള്‍ ഏതു ബൂര്‍ഷ്വാപാര്‍ട്ടിനേതാവിനെയും പിമ്പിലാക്കാന്‍ പോന്നതാണ്. ഇപ്പോള്‍ അവസാനമായി തെരഞ്ഞെടുപ്പുപരാജയം കൂടി ആയുധമാക്കി മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറിയെ വിഷമവൃത്തത്തിലാക്കുകയും തന്റെ കസേരയില്‍ പൂര്‍വ്വാധികം ആത്മവിശ്വാസത്തോടെ അമര്‍ന്നിരിക്കുകയും ചെയ്യുന്നു.
മറ്റൊരു സംഭവം. കേരളയാത്രയുടെ സമാപനസമ്മേളനവേദിയിലേക്കുകയറിച്ചെന്ന വയോധികനായ മുഖ്യമന്ത്രിയെ എല്ലാവരും എഴുന്നേറ്റു സ്വീകരിച്ചപ്പോള്‍ രണ്ടു നേതാക്കള്‍ മാത്രം തങ്ങളുടെ പദവിയുടെ ബലത്തില്‍ കസേരകളില്‍ അനങ്ങാതിരുന്നു. ദേശീയസെക്രട്ടറി പ്രകാശ് കാരാട്ടും സംസ്ഥാനസെക്രട്ടറി പിണറായി വിജയനും! രണ്ടുപേരെയും അവഗണിച്ചുകൊണ്ടു തന്റെ പ്രസംഗം പൂര്‍ത്തിയാക്കി വി.എസ്. സ്ഥലം വിടുകയും ചെയ്തു. പക്ഷേ, ഏറെനാള്‍ കഴിയുംമുമ്പ്, പൊന്നാനിയിലെ തെരഞ്ഞെടുപ്പുപ്രചാരണവേദിയില്‍ മറ്റൊരു ദൃശ്യം കേരളീയര്‍ കണ്ടു. വേദിയിലേക്കു കടന്നുവരുന്ന പി.ഡി.പി. നേതാവു മദനിയെ വേദിയിലിരുന്ന പിണറായി വിജയന്‍ ആദരപൂര്‍വ്വം എഴുന്നേറ്റു നിന്നു സ്വീകരിക്കുന്നു! എല്ലാം കാണുന്ന പാര്‍ട്ടിക്കാരില്‍ കുറെയേറെപ്പേര്‍ മനസ്സുമടുത്ത് ഇത്തവണ വോട്ടു ചെയ്യേണെ്ടന്നു വച്ചു. ഇതു ഭരണകക്ഷിപരാജയത്തിന്റെ മറ്റൊരു കാരണം.
അച്ചുതാനന്ദന്‍ മന്ത്രിസഭയിലെ ഒരു മന്തിക്കുപോലും നല്ലൊരുഭരണാധികാരി എന്ന അംഗീകാരം നേടിയെടുക്കാന്‍ നാളിതുവരെ കഴിഞ്ഞിട്ടില്ല. കോടിയേരിയുടെ പോലീസ് ഭരണവും വിദ്യാഭ്യാസമന്ത്രി എം.എ. ബേബിയുടെ മണ്ടന്‍ പരിഷ്കാരങ്ങളും ജി. സുധാകരന്റെ വാമൊഴി വഴക്കങ്ങളും അരങ്ങുതകര്‍ക്കുന്നുണെ്ടന്നു സമ്മതിക്കാതെ വയ്യ! പക്ഷേ, ഓരോ നാടകം കഴിയുമ്പോഴും ജനപിന്തുണയുടെ ഗ്രാഫ് താഴ്‌ന്നുപോകുന്നത് സഹജമായ മാര്‍ക്സിയന്‍ ധാര്‍ഷ്ട്യത്തിനിടയില്‍ അവരറിയുന്നില്ലെന്നു മാത്രം.
അഴിമതിയുടെ ദുര്‍ഗന്ധം കേരളാന്തരീക്ഷത്തെ മുഴുവന്‍ മലീമസമാക്കിയിരിക്കുന്നു. മൂന്നാര്‍ കുടിയിറക്കുനാടകം, ലാവ്ലിന്‍ കേസ്, മെര്‍ക്കിന്‍സ്റ്റണ്‍ ഭൂമിവിവാദം, വല്ലാര്‍പാടം കുടിയിറക്ക്, എച്ച്.എം.ടി. ഭൂമി വില്‍പന, ദേശാഭിമാനി കോഴപ്പണം, ലോട്ടറി വിവാദം, ലിസ് ചാക്കോവിവാദം, ഫാരിസ് അബൂബേക്കര്‍ വിവാദം തുടങ്ങിയവയെല്ലാം ചേര്‍ന്ന് മുഖ്യമന്ത്രി തന്നെ ഒരിക്കല്‍ പറഞ്ഞതുപോലെ, 'കേരളഭരണം ഡുകുടു ഡുകുടു' എന്ന അവസ്ഥയിലായിരിക്കുന്നു. കമ്യൂണിസ്റ്റുകാരുടെ സത്യസന്ധതയും ത്യാഗസന്നദ്ധതയും സാമൂഹികപ്രതിബദ്ധതയും പാവങ്ങളുടെ പക്ഷംചേരലുമൊക്കെ പഴങ്കഥകളായി മാറിയിരിക്കുന്നു. എവിടെയും ജനങ്ങള്‍ മൂക്കത്തു വിരല് വയ്ക്കുന്നു. തമ്മില്‍ അടക്കം പറയുന്നു, നെടുവീര്‍പ്പിടുന്നു. എല്ലാം അവസാനം നിഷേധവോട്ടുകളായി മാറി. ഇതു ഭരണകക്ഷി പരാജയത്തിന്റെ മറ്റൊരു കാരണം.
പിണറായി വിജയന്‍ എന്ന ഒറ്റ വ്യക്തിയുടെ കടിഞ്ഞാണില്ലാത്ത ധാര്‍ഷ്ട്യം, ആരെയും പുച്ഛിക്കുന്ന അഹന്ത, പ്രതിപക്ഷബഹുമാനമില്ലാത്ത പ്രതികരണങ്ങള്‍, സകലരെയും വെല്ലുവിളിക്കുന്ന ഒറ്റയാന്‍ഭാവം എന്നിവ നഷ്ടപ്പെടുത്തിയ വോട്ടുകള്‍ എത്രയായിരിക്കുമെന്നു കണക്കെടുക്കാന്‍ നിര്‍വ്വാഹമില്ല. 'സിപിഎമ്മിനെപ്പറ്റി നിങ്ങള്‍ക്കൊരു ചുക്കുമറിയില്ല' എന്നദ്ദേഹം മാധ്യമക്കാരുടെ മുഖത്തു കാര്‍ക്കിച്ചു തുപ്പിയതു ഭരണത്തിന്റെ ആദ്യനാളുകളിലായിരുന്നു. ആ നേതാവ് പിന്നീടു നിലവിളിച്ചത് മാധ്യമസിന്‍ഡിക്കേറ്റു മാര്‍ക്സിസ്റ്റുപാര്‍ട്ടിക്കെതിരേ പ്രവര്‍ത്തിക്കുന്നു എന്നാണ്. ഇടയലേഖനങ്ങളെ പരിഹസിക്കുകയും അവ പിന്‍വലിക്കണം എന്നാവശ്യപ്പെടുകയും ചെയ്ത ധാര്‍ഷ്ട്യം മറ്റൊരു വശത്ത്. നാരായണപ്പണിക്കരുടെ ഏതു ഭാഷയും തനിക്കു മനസ്സിലാകും എന്ന പരിഹാസം വേറൊന്ന്. ആര്‍ച്ചുബിഷപ് പൗവത്തില്‍ കേരളത്തിന്റെ ശാന്തിയും സമാധാനവും നഷ്ടപ്പെടുത്തുന്നു എന്ന ആരോപണം മറ്റൊന്ന്. ഒരു ഫാസിസ്റ്റു ദുര്‍ഭൂതം തന്റെ ഉള്ളിലുണ്ട് എന്നു വ്യക്തമാക്കുന്ന ശരീരഭാഷയാണ് ഈ നേതാവിന്റേത്. അതു മാധ്യമങ്ങള്‍ ജനങ്ങള്‍ക്കു വിശദമായി പരിചയപ്പെടുത്തിയെന്നതും സത്യം. തെരഞ്ഞെടുപ്പുപരാജയത്തിന്റെ മുന്തിയ ഓഹരി വേണമെങ്കില്‍ സിപിഎം സെക്രട്ടറിക്കു തനിച്ചുതന്നെ അവകാശപ്പെടാവുന്നതേയുള്ളൂ.
പല കാരണങ്ങള്‍ ബാക്കിയുള്ളതില്‍ ഒന്നു കൂടി ചൂണ്ടിക്കാണിക്കട്ടെ. ഇടതുമുന്നണിയിലെ അനൈക്യം. സിപിഎമ്മിന്റെ വല്യേട്ടന്‍ നയം പലപ്പോഴും ഘടകകക്ഷികളുടെ അഭിമാനം ആഴത്തില്‍ വ്രണപ്പെടുത്തിക്കളഞ്ഞു. സിപിഐ, ആര്‍എസ്പി, ജനതാദള്‍, കോണ്‍ഗ്രസ് (എസ്), കേരളാകോണ്‍ഗ്രസ് (ജെ) തുടങ്ങി ഏതാണെ്ടല്ലാ കക്ഷികളും മുന്നണിയില്‍ ചോരയൊഴുക്കി നില്‍ക്കുന്നവരാണ്. എന്നിട്ടും തെരഞ്ഞെടുപ്പുവിജയം കൊയ്യാമെന്നു കരുതിയവരുടെ മൗഢ്യത്തിനു മുന്നില്‍ ഇരിക്കുന്ന കമ്പു മുറിക്കുന്ന പഴങ്കഥയിലെ നായകന്‍ പോലും ദക്ഷിണ വച്ചു പിന്‍വാങ്ങും. ജനങ്ങളുടെ സാമാന്യബുദ്ധിയെ പോലും പരിഹസിക്കുകയും അവരുടെ വികാരങ്ങള്‍ ഇത്രയേറെ ആഴത്തില്‍ മുറിപ്പെടുത്തുകയും സമൂഹത്തിലാകെ അരാജകത്വം സൃഷ്ടിക്കുകയും ചെയ്ത ഒരു ഭരണം ഇതിനുമുമ്പ് കേരളത്തിലുണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ ജനങ്ങള്‍ ശിക്ഷിച്ചു. കഠിനമായി ശിക്ഷിച്ചു. അതാവട്ടെ, അര്‍ഹിക്കുന്നതില്‍ ഒട്ടും കൂടിപ്പോയിട്ടുമില്ല.
മൂന്നു ഭരണരഹിതവര്‍ഷങ്ങള്‍ക്ക് എന്തിനിത്ര ആഘോഷം ?
ജിജി ജോണ്‍ തോമസ്
ഇടതു മുന്നണി സര്‍ക്കാര്‍ അധികാരത്തിലേറി മൂന്നുവര്‍ഷം തികയ്ക്കുന്നത് വിപുലമായി ആഘോഷിക്കുന്നു. വാസ്തവത്തില്‍ എന്തിന്റെ പേരിലാണ് ഈ ആഘോഷം?- ഭരിച്ചതിന്റെയോ ഭരിക്കാതിരുന്നതിന്റെയോ? സമസ്ത മേഖലകളിലും തികഞ്ഞ അരാജകത്വം നടമാടിയ, വിവിധ മന്ത്രിമാരും അവരുടെ വകുപ്പുകളും പരസ്പരം പോരടിച്ച, നേതാക്കന്‍മാരുടെ പരസ്യമായ വിഴുപ്പലക്കുകള്‍ ഭരണരഹിത ദിനങ്ങളുടെ സാക്ഷ്യപത്രമായി നിത്യേന മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന, ജനോപകാരപ്രദമായി വിനിയോഗിക്കപ്പെടേണ്ട ഒട്ടനവധി കേന്ദ്രപദ്ധതി വിഹിതങ്ങള്‍ തികഞ്ഞ പിടിപ്പുകേടിലൂടെ നഷ്ടപ്പെടുത്തിയ, സ്ഥാപനവത്കരിക്കപ്പെട്ട അഴിമതി പാരമൃതയിലെത്തിച്ച, അക്രമതേര്‍വാഴ്ചയും ഗുണ്ടായിസവും നടത്തുന്ന സഖാക്കള്‍ക്ക് സംരക്ഷണമേകിവന്ന, കാര്യക്ഷമത തൊട്ടുതീണ്ടിയിട്ടില്ലാത്ത ഈ സര്‍ക്കാരിന് എന്തിന്റെ പേരിലാണ് അഭിമാനിക്കാനും ആഘോഷിക്കാനും വകയുള്ളത്?
തങ്ങളിലൂടെയല്ലാതെയുള്ള വികസന പദ്ധതികളെയും പ്രധാന നയംമാറ്റങ്ങളെയും എങ്ങനെയും അട്ടിമറിക്കുന്ന സമരശൈലിയാണ് പ്രതിപക്ഷത്തിരിക്കാന്‍ എക്കാലത്തും ഇടതുപക്ഷം അനുവര്‍ത്തിച്ചിട്ടുള്ളത്. ഖജനാവ് കട്ടുമുടിച്ച്, സാമ്പത്തിക ബാധ്യതയൊക്കെ അടുത്ത സര്‍ക്കാരിന്റെ തലയില്‍ കെട്ടിവച്ച് കളം വിടുകയാണ് അധികാരത്തിലെത്തുമ്പോഴൊക്കെ ഇടതുപക്ഷം ചെയ്യുന്നത്. ഇത്തവണയും കാര്യങ്ങളുടെ പോക്ക് ആ വഴിക്കുതന്നെ.
കഴിഞ്ഞ തവണ അധികാരത്തിലിരുന്നപ്പോള്‍ വാഹനങ്ങളുടെ ടാക്സ് പതിനഞ്ചു വര്‍ഷത്തേത് ഒന്നിച്ചു വാങ്ങി, വിഴുങ്ങി. അടുത്ത സര്‍ക്കാരിനു വരുമാനവിഹിതമില്ല; ചെലവിന്റെ ബാധ്യത മാത്രം. ഇപ്പോള്‍ റോഡു വികസനത്തിനു ഫണ്ടില്ലെന്നു പറഞ്ഞ് 'റോഡ് സെസ്' എന്ന പേരില്‍ വീണ്ടും വാഹന ഉടമകളെ പിഴിയുന്നു. വരവ് പരമാവധി സ്വരൂപിച്ച് ധൂര്‍ത്തടിക്കുകയും ബാധ്യതകളെല്ലാം അടുത്ത സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കുകയുമാണ് ഇടതു സര്‍ക്കാര്‍ എല്ലാ തവണയും.
ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ തീയതി ഏകീകരണത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടതും ഈ സാമ്പത്തിക ബാധ്യത കൈമാറ്റം തന്നെ. 'വിരമിക്കല്‍ സാമ്പത്തികവര്‍ഷാന്ത്യം' എന്ന നടപടിയിലൂടെ, നടപ്പു സര്‍ക്കാരിന് ഇനിയുള്ള രണ്ടു സാമ്പത്തിക വര്‍ഷങ്ങളില്‍ വിരമിക്കുന്ന ഉദ്യോഗസ്ഥരില്‍, ആദ്യവര്‍ഷം പെന്‍ഷന്‍ പറ്റുന്നവരുടെ ബാധ്യതയേ ഈ സര്‍ക്കാരിനു വരികയുള്ളൂ. 2010-2011 സാമ്പത്തികവര്‍ഷം വിരമിക്കുന്ന ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ തീര്‍പ്പാക്കല്‍ ഇനി വരുന്ന സര്‍ക്കാരിന്റെ തലയിലാവും. എത്ര വിദഗ്ധമായ സാമ്പത്തിക ആസൂത്രണം!
മന്ത്രിമാര്‍ തമ്മിലും, വകുപ്പുകള്‍ തമ്മിലും, മുന്നണിയിലെ വല്യേട്ടനും കൊച്ചേട്ടന്‍മാരും തമ്മിലുമുള്ള തര്‍ക്കങ്ങളും വിഴുപ്പലക്കലുമല്ലാതെ അക്ഷരാര്‍ത്ഥത്തില്‍ സംസ്ഥാനത്ത് ഒന്നും നടന്നില്ല, അഥവാ എവിടെയെങ്കിലും സര്‍ക്കാര്‍ കൈവച്ചെങ്കില്‍ അത് സര്‍വ്വത്ര നാശമാക്കുകയും ചെയ്തു.
സംസ്ഥാനത്തെ സ്വയം പ്രഖ്യാപിത രണ്ടാംമുണ്ടശേരി വിദ്യാഭ്യാസ മേഖല അപ്പാടെ തച്ചു തകര്‍ത്തേ അടങ്ങുകയുള്ളൂ എന്ന വാശിയിലാണെന്നു തോന്നുന്നു! സംസ്ഥാനത്ത് ബി.എഡ് അധ്യയനം കാലങ്ങളായി ജൂണ്‍ ഒന്നുമുതല്‍ മാര്‍ച്ച് 31 വരെ കൃത്യമായി നടന്നുവരികയായിരുന്നു. ബി.എഡ് പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷ വച്ച് ക്ലാസുകള്‍ ആകെ താറുമാറാക്കി. ഇടതു സര്‍ക്കാര്‍ അധികാരമേറ്റശേഷം മൂന്നുവര്‍ഷവും സെപ്റ്റംബര്‍-ഒക്ടോബറിലാണ് ക്ലാസുകള്‍ ആരംഭിച്ചത്. അവസാനിക്കുന്നത് പിറ്റേവര്‍ഷം ജൂണ്‍-ജൂലൈയിലും. ഫലത്തില്‍, അധ്യാപകരാവാന്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ വിലപ്പെട്ട ഒരു അധ്യയനവര്‍ഷം നഷ്ടമാവുന്നു. 2006-ല്‍ പ്രവേശനപരീക്ഷ ആദ്യമായി നടപ്പിലാക്കിയപ്പോള്‍ ക്ലാസുകള്‍ വൈകിയത് മനസിലാക്കാം. മൂന്നു വര്‍ഷവും (ഇപ്പോള്‍ നാലാം വര്‍ഷവും) കാര്യങ്ങള്‍ ശരിയായവിധം ആസൂത്രണം ചെയ്യാന്‍ കഴിയാത്തതിനെ എങ്ങിനെ ന്യായീകരിക്കാ നാവും?
ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറി മൂന്നുവര്‍ഷം കഴിഞ്ഞിട്ടും സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ മാനേജ്മെന്റ് സീറ്റ് എത്ര, മെറിറ്റ് സീറ്റ് എത്ര എന്ന കാര്യത്തിലും, മെറിറ്റ്-മാനേജ്മെന്റ് സീറ്റുകള്‍ക്ക് എത്ര വീതമാണ് ഫീസ് എന്ന കാര്യത്തിലും തീര്‍പ്പുകല്‍പി ക്കാനായിട്ടില്ല.
ഉന്നത പ്രഫഷണല്‍ വിദ്യാഭ്യാസ മേഖല താറുമാറാക്കിയ 'നവമുണ്ടശേരി മാഷ്' ഏകജാലകം പദ്ധതിയിലൂടെ പ്ലസ്ടു മേഖലയെയും അവതാളത്തിലാക്കി. ഏകജാലകം എന്നു പേരിട്ടു വിളിച്ചിരുന്നില്ലെങ്കിലും സംസ്ഥാനത്തെ മുഴുവന്‍ പോളിടെക്നിക്കുകളിലേക്കുമുള്ള പ്രവേശനം മുമ്പ് കേന്ദ്രീകൃതമായിട്ടായിരുന്നു നടത്തിയിരുന്നത്. മലബാര്‍ മേഖലയില്‍ പ്രവേശനം കിട്ടുന്ന തെക്കന്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ വ്യാപകമായി ചേരാതിരിക്കയോ, ചേര്‍ന്നിട്ട് പാതിവഴിയില്‍ പഠനമുപേക്ഷിക്കുകയോ ചെയ്ത് ആര്‍ക്കും പ്രയോജനപ്പെടാതെ സീറ്റുകള്‍ നഷ്ടമാവുന്നു എന്ന കാരണത്താല്‍ പിന്നീട് പ്രവേശനം അതാത് പോളിടെക്നിക്കുകളിലായി വികേന്ദ്രീകരിക്കുകയായിരുന്നു. പ്രഫഷണല്‍ വിദ്യാഭ്യാസരംഗത്തു പരാജയമാണെന്നു തിരിച്ചറിഞ്ഞു പിന്‍വലിച്ച കേന്ദ്രീകൃത പ്രവേശന സമ്പ്രദായം പൊതു വിദ്യാഭ്യാസ മേഖലയില്‍ പുനരവതരിപ്പിച്ച ബേബിമാഷിനെ എത്ര ശ്ലാഘിച്ചാലാണധികമാവുക?
തമിഴ്‌നാടും ആന്ധ്രപ്രദേശുമൊക്കെ ജനപ്രീണനം ലക്ഷ്യമിട്ടാണെങ്കില്‍ക്കൂടി ആനുകൂല്യങ്ങളും നിരക്കു കുറയ്ക്കലും തകൃതിയായി നടത്തുമ്പോള്‍ ഇവിടെ മാത്രം അടിക്കടി എല്ലാറ്റിനും വര്‍ധനവു മാത്രം. വൈദ്യുതി, ബസ്, വെള്ളം നിരക്കുകള്‍ ഇടതുസര്‍ക്കാര്‍ മൂന്നു വര്‍ഷത്തിനിടെ പതവണ ക്രമാതീതമായി വര്‍ധിപ്പിച്ചു. ഡീസല്‍- പെട്രോള്‍ വിലയില്‍ അഞ്ചിലൊന്നു കുറവു വന്നപ്പോള്‍ ബസ്-ഓട്ടോ നിരക്കുകളില്‍ വരുത്തിയത് നാമമാത്രമായ ഇളവ്.
ഇടതു മുന്നണി സര്‍ക്കാരിന്റെ 'സംഭാവന'കള്‍ ഇതുകൊണെ്ടാന്നും തീരുന്നില്ല. സമൂഹത്തില്‍ മാന്യമായ പദവി വഹിക്കുന്നവരെപ്പോലും പരസ്യമായി ഭര്‍ത്സിക്കുന്ന മന്ത്രിമാര്‍, വെടിയുണ്ട കൊണ്ടുനടക്കുന്ന പാര്‍ട്ടി സെക്രട്ടറി, നീതി വേണമെങ്കില്‍ കോടതിയില്‍ പോകുവാന്‍ ഉപദേശിക്കുന്ന മുഖ്യമന്ത്രി തുടങ്ങിയവര്‍ ഒരു വശത്ത്; കോടതി വിധിക്കു 'പുല്ലുവില' കല്‍പിക്കുന്ന മന്ത്രിമാരും കോടതി വിധി നോട്ടുകെട്ടിന്റെ വലിപ്പത്തിന്റെ അടിസ്ഥാനത്തിലെന്നു വിശ്വസിക്കുന്ന മന്ത്രിമാരും മറുവശത്ത്. തങ്ങള്‍ക്ക് അനുകൂലപരാമര്‍ശം ഉണ്ടാവുമ്പോള്‍ മാത്രം (കൈയിലിരുപ്പു കാരണം അതിപ്പോള്‍ അത്യപൂര്‍വ സംഭവമാണെന്നതു വാസ്തവം) കോടതിവിധി കൊട്ടിഘോഷിച്ചു നടക്കുകയും, മറിച്ചാവുമ്പോള്‍ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്ത് ജൂഡിഷ്യറിയെ ഈ ഭരണകാലയളവില്‍ കമ്യൂണിസ്റ്റു പാര്‍ട്ടി നിന്ദിച്ചു. സഭ്യതയുടെ സമസ്ത രേഖകളും ലംഘിച്ച് പഴയ സുരേഷ്ഗോപി ചിത്രങ്ങളിലെ സംഭാഷണങ്ങളെ വെല്ലുന്ന രീതിയില്‍ മന്ത്രിമാര്‍ പൊതുവേദികളില്‍ പരസ്യമായി അങ്ങേയറ്റം ധാര്‍ഷ്ട്യമായി ആക്രോശിച്ചപ്പോള്‍ കുടുംബസദസുകള്‍ക്ക് വാര്‍ത്താധിഷ്ഠിത പരിപാടികള്‍ കാണുക വയ്യെന്നായി.
ഇടതുമുന്നണി സര്‍ക്കാരിന്റെ മൂന്നുവര്‍ഷത്തെ ദുര്‍ഭരണ/ഭരണരഹിത കാലയളവില്‍ പുറത്തുവന്ന ഏതു പ്രമാദമായ അഴിമതിക്കഥകളിലും, തട്ടിപ്പുകളിലും സ്ത്രീപീഡനപരമ്പരകളിലും (ബോംബുസ്ഫോടനങ്ങളിലും വരെ), സി.പി.എമ്മിന്റെ മന്ത്രിമാരുടെയോ, മന്ത്രി പുത്രന്‍മാരുടെയോ, പാര്‍ട്ടിയുടെ മറ്റു പ്രമുഖ നേതാക്കന്‍മാരുടെയോ പേരുകള്‍ മൂടിവയ്ക്കാന്‍ എത്ര ശ്രമിച്ചിട്ടും പൊന്തിവന്നു. പാര്‍ട്ടിക്കൊപ്പം നിന്നാല്‍ എന്തു തോന്ന്യാസവും ചെയ്യാം എന്നു നഗ്നമായി തെളിയിച്ചുകൊണ്ട് പ്രമാദമായ സാമ്പത്തിക ക്രമക്കേടുകാരും തട്ടിപ്പുമാഫിയകളും നിയമത്തിന്റെ പിടിയില്‍നിന്നു സമര്‍ഥമായി വഴുതിമാറി.
പാര്‍ട്ടിക്കൊപ്പം നില്‍ക്കാത്തവരെ എങ്ങിനെയും തച്ചു തകര്‍ക്കാന്‍ മടിക്കില്ലെന്നും ഇടതുസര്‍ക്കാര്‍ അര്‍ദ്ധശങ്കയ്ക്കിടയില്ലാതെ കാണിച്ചുകൊടുത്തു. രണ്ടാം ഭൂപരിഷ്കരണമെന്ന പേരില്‍ മൂന്നാറിലും സംസ്ഥാനത്തുടനീളവും ജെ.സി.ബികള്‍ ഇരമ്പിപ്പാഞ്ഞതും വിദ്യാഭ്യാസ പരിഷ്കരണമെന്ന പേരില്‍ മാനേജ്മെന്റുകളുടെ അധികാരം വെട്ടിച്ചുരുക്കാന്‍ ലക്ഷ്യമിട്ടതുമൊക്കെ കൂടെനില്‍ക്കാത്തവരെ വരുതിയില്‍ കൊണ്ടുവരുവാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നില്ലേ?
രാഷ്ട്രീയ മലക്കംമറിച്ചിലുകളിലും ഇടതു മുന്നണി പതിവു തെറ്റിച്ചില്ല. പ്രതിപക്ഷത്തിരുന്നപ്പോള്‍ സ്ത്രീപീഡനങ്ങള്‍ക്കും ലോക്കപ്പ് മരണങ്ങള്‍ക്കും കര്‍ഷക ആത്മഹത്യകള്‍ക്കുമൊ ക്കെ എതിരേ ഘോരഘോരം പ്രസംഗിച്ചവരുടെ ഭരണത്തിന്‍ കീഴില്‍ ഇവയൊക്കെ കൂടിയതല്ലാതെ കുറഞ്ഞു കണ്ടില്ല. രജനി എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിന്റെ പേരില്‍ കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ തീച്ചൂളയാക്കിയ സഖാക്കള്‍ പതിബെല്ലിന്റെ സ്ഥാനപതിയുടെ ആത്മഹത്യയില്‍ സര്‍ക്കാരിനുള്ള ഉത്തരവാദിത്വം അതിലും ഏറെ ആയിട്ടും ഗൗനിച്ചതേ ഇല്ല! നെല്‍വയല്‍ സംരക്ഷണമെന്ന പേരില്‍ കര്‍ഷകരുടെ കൃഷിഭൂമിയില്‍ അതിക്രമിച്ചു കടന്ന് വിളകള്‍ വെട്ടിനിരത്തിയ സഖാക്കള്‍, യഥാസമയം കൊയ്യാനാളില്ലാഞ്ഞിട്ടും കൊയ്ത്തുയന്ത്രം പാടത്തിറക്കുന്നതിനു തടസംനിന്ന് ലക്ഷങ്ങളുടെ വിള വേനല്‍മഴയില്‍ നശിച്ചത് കഴിഞ്ഞവര്‍ഷം. (ഇന്നിപ്പോള്‍ പാര്‍ട്ടി ലോക്കല്‍ നേതാവിന് ഏക്കറിന് 10 സെന്റ് എന്ന നിലയ്ക്കു വിഹിതം നല്‍കിയാല്‍ ഏക്കറു കണക്കിന് നെല്‍വയല്‍ നികത്തുന്നതിനും പ്രശ്നമില്ല!). രാഷ്ട്രീയാതീതമായി വര്‍ത്തിക്കേണ്ട പരമപ്രധാനമായ ഭരണപദവികളിലൊക്കെയും പാര്‍ട്ടിവിധേയത്വമുള്ളവരെ മാത്രം കുത്തിനിറയ്ക്കുകയും, ഭീഷണിപ്പെടുത്തിയും മറ്റു പ്രലോഭന സമ്മര്‍ദ്ദതന്ത്രങ്ങളാലും മറ്റുള്ളവരെ തങ്ങളുടെ ചൊല്‍പ്പടിക്കു നിര്‍ത്തുകയും ചെയ്ത് കമ്യൂണിസ്റ്റു പാര്‍ട്ടി നിഷ്പക്ഷവും നീതിപൂര്‍വവുമായി വര്‍ത്തിക്കേണ്ട അധികാര കേന്ദ്രങ്ങളുടെ വിലയും അന്തസും ഇടിച്ചു.
അധികാരത്തിലേറിയ നാള്‍മുതല്‍ ഇന്നുവരെ പാര്‍ട്ടിയിലെയും, മുന്നണിയിലെയും മന്ത്രിസഭയിലെയും ചേരിപ്പോരോ ഇതര വിവാദങ്ങളോ വിട്ടൊഴിഞ്ഞ ദിനങ്ങളുണ്ടായിട്ടില്ല. ഇടതുപക്ഷം പ്രതിപക്ഷത്തിരിക്കുമ്പോഴത്തെ സകലതും തച്ചു തകര്‍ക്കുന്ന സമരശൈലിയാണോ, ഭരണപക്ഷത്തിരിക്കുമ്പോഴത്തെ കാര്യക്ഷമത ഇല്ലായ്മയും, അപക്വവും, പക്ഷപാതപരവും ജനദ്രോഹപരവുമായ നടപടികളുമാണോ ഏറെ അപകടകരം എന്നു എളുപ്പത്തില്‍ പറയുകവയ്യ. എന്തായാലു ആഘോഷത്തിനു കുറവു വരുത്തേണ്ട!, ആഘോഷമില്ലാതെ എന്തു ഭരണം? ലോക്സഭാ തെരഞ്ഞെടുപ്പുവിജയവും കൂടി ഇതോടു ചേര്‍ത്ത് ആഘോഷിക്കാം.
സല്‍ഭരണത്തിന് അംഗീകാരം അഹന്തയ്ക്കു തിരിച്ചടി
ആര്‍ത്തട്ടഹസിക്കാന്‍ അറിയാത്ത പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് അതിസുന്ദരമായി, ശാന്തനായി പുഞ്ചിരിക്കാനറിയാം. അദ്ദേഹത്തിന്റെ ആ പുഞ്ചിരിക്ക് ഇന്നൊരു പുതുശോഭയുണ്ട്. ജനകീയാംഗീകാരം നല്‍കുന്ന പുതുശോഭയാണത്. രാഷ്ട്രത്തിന് കഴിഞ്ഞ അഞ്ചുവര്‍ഷമായി അദ്ദേഹം നല്‍കിക്കൊണ്ടിരിക്കുന്ന ധീരമായ, ശാന്തമായ, ലക്ഷ്യബോധമുള്ള നിര്‍ഭയമായ നേതൃത്വത്തിന് ഇന്ത്യന്‍ ജനത ഈ തെരഞ്ഞെടുപ്പു വിജയത്തിലൂടെ അംഗീകാരമുദ്ര നല്‍കിയിരിക്കുന്നു. ബലഹീനനെന്നു വിശേഷിപ്പിച്ച് അദ്ദേഹത്തെ ആക്ഷേപിച്ചവര്‍ക്ക് ആ ബലഹീനന്റെ ബലത്തിനു മുമ്പില്‍ നിഷ്പ്രഭരാകേണ്ടി വന്നിരിക്കുന്നു. ഗുസ്തിക്കാരന്റെയും ഗുണ്ടയുടെയും ബലമല്ല ഭരണാധികാരിയായ രാഷ്ട്രനേതാവിന് ഉണ്ടാകേണ്ടത്. നന്മയുടെ ബലമാണ്, രാജ്യത്തിന്റെ, ജനങ്ങളുടെ നന്മ ഉറപ്പുവരുത്താനുള്ള മാനസിക തന്റേടമാണ്, നിശ്ചയ ദാര്‍ഢ്യമാണ് ഒരു രാഷ്ട്രനേതാവിന് ഉണ്ടാകേണ്ടത്. ആ നന്മയാണ്, ആ തന്റേടമാണ് ഭാരതജനതയ്ക്ക് ഇഷ്ടം. അക്കാര്യം മനസിലാക്കി മന്‍മോഹന്‍ സിംഗിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാണിച്ചുകൊണ്ട് മത്സരിച്ച യു.പി.എയ്ക്കു ഇന്ത്യന്‍ ജനത അഭിമാനകരമായ വിജയമാണ് നല്‍കിയിരിക്കുന്നത്. മന്‍മോഹന്‍ സിംഗിന്റെ കരങ്ങള്‍ക്കു ശക്തി പകര്‍ന്നുകൊണ്ട് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയും മറ്റു പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചപ്പോള്‍ ജനാഭിലാഷത്തിന്റെ തിളക്കമാര്‍ന്ന വെളിപ്പെടല്‍ ഈ പൊതുതെരഞ്ഞെടുപ്പില്‍ സംഭവിച്ചു. പ്രധാനമന്ത്രിക്കും കോണ്‍ഗ്രസിനും യു.പി.എയോടൊപ്പം ഒന്നിച്ചുനിന്ന ഘടകകക്ഷികള്‍ക്കും അഭിമാനാര്‍ഹമായ തെരഞ്ഞെടുപ്പു വിജയം നല്‍കിയ സമ്മതിദായകര്‍ അന്തിമമായി നോക്കിയാല്‍ വോട്ടുചെയ്തത് രാഷ്ട്രത്തിനാണ്. കേന്ദ്ര സത്ഭരണത്തിനുള്ള അംഗീകാരമാണ് ഈ തെരഞ്ഞെടുപ്പു വിജയം.
ആണവക്കരാറിന്റെ പേരില്‍ പ്രധാനമന്ത്രിയെ രാജ്യദ്രോഹിയായി ചിത്രീകരിച്ചുകൊണ്ട് ഇടതുപക്ഷ കക്ഷികള്‍, ശക്തമായ മറ്റൊരു കമ്യൂണിസ്റ്റ് അയല്‍രാഷ്ട്രത്തിന് പാദസേവ ചെയ്യുന്നതിനുവേണ്ടി യു.പി.എയില്‍നിന്നും തന്ത്രപൂര്‍വം ഇറങ്ങിമാറിയത് രാഷ്ട്രത്തിന്റെ ഭാഗ്യം! പുല്‍ക്കൂട്ടിലെ ശ്വാനനെപ്പോലെ എപ്പോഴും മന്‍മോഹന്റെ സര്‍ക്കാരിനോട് പെരുമാറിയിരുന്ന അവര്‍ ഭരണത്തിന്റെ എല്ലാ ആനുകൂല്യങ്ങളും അനുഭവിച്ചുകൊണ്ട് ഗവണ്‍മെന്റിനെ നിയന്ത്രിക്കാനും കഴിവതും അലോസരപ്പെടുത്താനും സ്വന്തം വരുതിക്കുനിര്‍ത്താനും പാര്‍ട്ടി വളര്‍ത്താനുമാണ് പിന്തുണ നല്‍കിയിരുന്ന കാലമത്രയും ശ്രമിച്ചുകൊണ്ടിരുന്നത്. അവസാനം അവരുടെ കിനാവള്ളിപ്പിടുത്തത്തില്‍ നിന്നും രണ്ടും കല്‍പ്പിച്ച് മോചിതനാകാന്‍ മന്‍മോഹന്‍സിംഗ് തയാറായത് യഥാര്‍ഥത്തില്‍ അദ്ദേഹത്തെ ഏറെ ശക്തനാക്കുകതന്നെ ചെയ്തു. പിന്തുണ പിന്‍വലിച്ച ശേഷം കാരാട്ടും കൂട്ടരും രാജ്യഭരണം ഏറ്റെടുക്കാന്‍തന്നെ തയാറായിനില്‍ക്കുകയല്ലായിരുന്നോ! കാരാട്ട് യു.പി.എയുടെ കണ്ണിലെ കരടായി മാറിയപ്പോള്‍ പലരും കരുതി എല്ലാം തീര്‍ന്നുവെന്ന്. എന്നാല്‍, കാരാട്ട് തട്ടിക്കൂട്ടിയ മൂന്നാംമുന്നണി ജനരോഷത്തില്‍ ഒഴുകിപ്പോകുന്ന, നനഞ്ഞുകുതിര്‍ന്ന കടലാസ് കപ്പലായി. രാഷ്ട്രീയാഹന്തയ്ക്കു കിട്ടിയ അത്യുഗ്രമായ തിരിച്ചടിയെന്നേ മാര്‍ക്സിസ്റ്റ് മുന്നണിയുടെ പരാജയത്തെപ്പറ്റി പറയാനാകൂ. കാരാട്ടിന്റെ താരാട്ടില്‍ സുഖം തോന്നിയവര്‍ വഞ്ചിതരാകുകയും ചെയ്തു.
കേന്ദ്രഭരണവും സംസ്ഥാന ഭരണവുംകൂടിയായപ്പോള്‍ എന്തൊരു തണ്ടായിരുന്നു തമ്പുരാനേ.. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ചില നേതാക്കള്‍ക്ക്! എന്തും പറയാന്‍ അവരുടെ നാവ് വഴങ്ങും. അവരുടെ വായ്മൊഴിതന്നെ ഭാഷയില്‍ പുതിയ ശൈലിയായി! കൂടെ നിന്ന പാര്‍ട്ടികളോടും സാധാരണ ജനങ്ങളോടും അവര്‍ക്ക് എന്തു പുച്ഛമായിരുന്നു. ധിക്കാരത്തിന്റെയും അഹന്തയുടെയും സ്വരമല്ലേ കേരളത്തില്‍നിന്നും ബംഗാളില്‍നിന്നും മുഴങ്ങിക്കേട്ടുകൊണ്ടിരുന്നത്. സ്വന്തം വ്യക്തിത്വം മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് തീറെഴുതിക്കൊടുത്തവരെപ്പോലെ പ്രവര്‍ത്തിക്കുന്ന ഇടതുമുന്നണിയിലെ ഘടകകക്ഷികളും അതേ നിഷേധാത്മക നയംതന്നെ തുടര്‍ന്നു. സ്ഥാനാര്‍ഥിനിര്‍ണയക്കാലത്ത് അവരെയെല്ലാം ഒതുക്കി. ഒതുക്കാന്‍ കഴിയാത്തവരെ തൊഴിച്ചു പുറത്തുചാടിച്ചു. അല്‍പം അനുസരണക്കേടുകാണിച്ച് സ്ഥാനാര്‍ഥിത്വം പിടിച്ചുവാങ്ങിയവരെ തെരഞ്ഞെടുപ്പിലൂടെ പച്ചതൊടീക്കാതെ പറഞ്ഞയച്ചു. രണ്ടത്താണിമാര്‍ ആര്‍ക്കും ഒരത്താണിയായില്ല. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ രാഷ്ട്രീയത്തിലെ അത്താണിയായിക്കണ്ട ബലഹീന ഘടകകക്ഷികള്‍ക്ക് മാര്‍ക്സിസ്റ്റ് പാര്‍ട്ടി അത്താണിയായില്ലെന്നു മാത്രമല്ല അന്തകനായി മാറുകയും ചെയ്തു.
യാഥാസ്ഥിതിക ഗ്രൂപ്പുകളെയും അറിയപ്പെട്ട ഭീകര സംഘടനകളെയുമെല്ലാം പുരോഗമനവേഷം ധരിപ്പിച്ച്, കൂട്ടുപിടിച്ച് മുസ്ലിം ലീഗിനെയും ക്രൈസ്തവ ന്യൂനപക്ഷത്തെയും ഇല്ലാതാക്കാമെന്ന മാര്‍ക്സിസ്റ്റ് നേതൃത്വത്തിലെ സ്റ്റാലിനിസ്റ്റുകളുടെ വ്യാമോഹവും സ്വപ്നവും മണ്‍പാത്രംപോലെയാണ് തകര്‍ന്നത്. ലീഗ് ഇല്ലാത്ത പാര്‍ലമെന്റിനെയായിരുന്നല്ലോ അവര്‍ സ്വപ്നംകണ്ടിരുന്നത്! ഭൂരിപക്ഷജനവിഭാഗം പോലും അത് അംഗീകരിച്ചില്ല.
ദേശീയ പ്രാധാന്യത്തെക്കാള്‍ ഒട്ടും കുറഞ്ഞതല്ല ഈ തെരഞ്ഞെടുപ്പിന്റെ പ്രാദേശിക പ്രാധാന്യം. സംസ്ഥാന ഗവണ്‍മെന്റിനെ സംബന്ധിച്ചുള്ള ഒരു വിലയിരുത്തലാകും തെരഞ്ഞെടുപ്പു ഫലമെന്ന് കേരളത്തിലെ ഭരണക്കാരും ഭരണകക്ഷി നേതാക്കളും തെരഞ്ഞെടുപ്പു പ്രഖ്യാപനം നടന്നയുടനെ അവകാശപ്പെട്ടിരുന്നല്ലോ. ആ അവകാശവാദം ശരിയുമാണ്. ഈ തെരഞ്ഞെടുപ്പുഫലം ഗവണ്‍മെന്റിനെതിരെയുള്ള വിലയിരുത്തല്‍തന്നെയാണ്. സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പു ഫലം പാര്‍ട്ടി നേതൃത്വത്തിന്റെ ധിക്കാരത്തിനും അഹന്തയ്ക്കും കിട്ടിയ തിരിച്ചടികൂടിയാണ്. അവരെപ്പറ്റിയുള്ള ശരിയായ ഒരു വിലയിരുത്തല്‍ തന്നെ! കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം നല്‍കി അവരെ അധികാരത്തിലേറ്റിയ അതേ ജനതതന്നെയാണ് സമ്മതിദാനാവകാശം വിനിയോഗത്തിലൂടെ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്: 'മതി, ഞങ്ങള്‍ക്കു മതിയായി' എന്ന്. സംസ്ഥാനത്തെ ജനാധിപത്യ വിശ്വാസികളെയും ഈശ്വരവിശ്വാസികളെയും ന്യൂനപക്ഷ വിഭാഗങ്ങളെയും ഇത്രയേറെ അവഹേളിക്കുകയും അവമതിക്കുകയും അവരെ ഏറ്റവും തരംതാണ ഭാഷാവിശേഷണവര്‍ഷംകൊണ്ട് അഭിഷേകം ചെയ്യുകയും ചെയ്ത ഇങ്ങനെയൊരു പാര്‍ട്ടി നേതൃത്വം ഇന്നേവരെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് കേരളത്തിലുണ്ടായിട്ടില്ല. എന്തൊരു പുച്ഛം! എല്ലാവരോടും പുച്ഛം! പഞ്ചപുച്ഛം അടക്കിനില്‍ക്കാത്ത സര്‍വരോടും പുച്ഛം! ഇതു കണ്ടുമടുത്ത മാര്‍ക്സിസ്റ്റ് അനുഭാവികള്‍വരെ ഇപ്രാവശ്യം അരിവാളിന് വോട്ടുചെയ്തിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നത്.
സ്വതന്ത്ര ഇന്ത്യയില്‍ ഓരോ കാലഘട്ടങ്ങളില്‍ നടന്ന ഓരോ തെരഞ്ഞെടുപ്പിനും അതിന്റേതായ പ്രാധാന്യമുണ്ടായിരുന്നു. അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പ്രകടിപ്പിച്ച പ്രതികരണം എത്രയോ ശരിയായിരുന്നു. അതിനുശേഷം ജനാഭിലാഷത്തെ കറിവേപ്പിലപോലെ കരുതി രാഷ്ട്രീയക്കാര്‍ തമ്മിലടിച്ച് രാഷ്ട്രത്തെ നാശത്തിലേക്കു നയിച്ചപ്പോള്‍ വീണ്ടും ജനം തെരഞ്ഞെടുപ്പിലൂടെ പ്രതികരിച്ചു, ഇന്ദിരാഗാന്ധിയെ തിരിച്ചുവിളിച്ചുകൊണ്ട്. അതിനുശേഷം വര്‍ഗീയശക്തികള്‍ വളര്‍ന്നു വലുതായി രാഷ്ട്രഗാത്രത്തെ കരണ്ടുതിന്നുമെന്ന ഒരു സ്ഥിതിവിശേഷം വന്നപ്പോള്‍ 'നിങ്ങള്‍ അത്രയ്ക്കു കിഴക്കോട്ടു പോകേണ്ട, പനിപിടിക്കും' എന്ന സന്ദേശം നല്‍കി അവരെ ഒതുക്കാനും വര്‍ഗീയതയുടെ വിഷക്കാറ്റിനെ തടഞ്ഞുനിര്‍ത്താനും ജനങ്ങള്‍ തയാറായി. അങ്ങനെ നോക്കുമ്പോള്‍ ഫലമറിഞ്ഞുകഴിഞ്ഞ ഈ തെരഞ്ഞെടുപ്പിന്റെ ദേശീയവും പ്രാദേശികവുമായ പ്രധാന്യം ചെറുതൊന്നുമല്ല. പ്രാദേശിക കക്ഷികള്‍ അവരുടെ കരുത്തു തെളിയിക്കാന്‍ തെരഞ്ഞെടുപ്പിനെ അവസരമാക്കുന്നുവെങ്കിലും വലിയൊരു ദേശീയ കക്ഷിയുടെ കുടക്കീഴിലേ, രാഷ്ട്രഭരണം നടത്താനാവൂ എന്ന് അവര്‍ക്കും ഈ തെരഞ്ഞെടുപ്പിലൂടെ ബോധ്യമായിട്ടുണ്ടാവണം.
'ഇതു കേരളമാണെ'ന്ന് ചില ജനവിഭാഗങ്ങളെ വന്‍കിടക്കാരായ ചില രാഷ്ട്രീയ നേതാക്കള്‍ ഓര്‍മിപ്പിക്കാറുണ്ടല്ലോ. അത്തരം നേതാക്കള്‍ യു.ഡി.എഫിലും എല്‍.ഡി.എഫിലും ഉണ്ട്. ശരിയാണ്, ഇതു കേരളംതന്നെയാണ്. നന്മതിന്മ തിരിച്ചറിയാന്‍ കഴിയുന്ന ജനങ്ങള്‍ ജീവിക്കുന്ന കേരളം. കേരളത്തില്‍ യു.ഡി.എഫിനുണ്ടായ വന്‍ വിജയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം തെറ്റിദ്ധാരണയൊന്നും പുലര്‍ത്താതിരുന്നാല്‍ നന്ന്. ഇടതുപക്ഷത്തേക്കാള്‍ ഇടത്തോട്ടു ചാഞ്ഞുനിന്നാലേ കേരളത്തില്‍ വിജയിക്കാനാകൂ എന്ന ഒരു മിഥ്യാധാരണകൊണ്ട് ഇവിടത്തെ മതന്യൂനപക്ഷങ്ങളെയും ജനാധിപത്യ വിശ്വാസികളെയും അകറ്റിനിറുത്തിയതാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും അഞ്ചുകൊല്ലം മുമ്പു നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും തങ്ങള്‍ക്കു പച്ചതൊടാന്‍ സാധിക്കാതിരുന്നതിന്റെ കാരണമെന്ന് അവര്‍ വിസ്മരിക്കാതിരുന്നാല്‍ അവര്‍ക്കുതന്നെ നന്ന്. വിജയം ആരെയും അന്ധരാക്കരുത്. ആരാണ് തങ്ങളോടൊപ്പം ഉണ്ടാകുകയെന്നു മനസിലാക്കാനുള്ള വിവേകം യു.ഡി.എഫ് നേതൃത്വത്തിന് ഉണ്ടാകുന്നുവെങ്കില്‍ അവര്‍ക്കും സംസ്ഥാനത്തിനും ഇന്നാട്ടിലെ ജനാധിപത്യ വിശ്വാസികള്‍ക്കും നല്ലത്. ആവശ്യമില്ലാത്ത തെറ്റായ മനക്കോട്ട കെട്ടി കഴിയുന്നവര്‍ സ്വന്തം കാല്‍ക്കീഴിലെ മണ്ണ് എപ്പോഴാണ് ഒലിച്ചുപോകുന്നതെന്ന് അറിയില്ല. തിക്തമായ അനുഭവം എല്ലാവരുടെയും ഭാഗത്തുന്ന് ഇവിടത്തെ ജനാധിപത്യ വിശ്വാസികള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ഉണ്ടായിട്ടുണ്ട്. അവരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയവരൊക്കെ ഒരിക്കലല്ലെങ്കില്‍ മറ്റൊരവസരത്തില്‍ അതിന്റെ ഫലം അനുഭവിച്ചിട്ടുമുണ്ട്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പു നല്‍കുന്ന പാഠം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പഠിക്കുന്നുവെങ്കില്‍ നന്ന്.
ആഞ്ഞടിച്ചത് ഇടതുവിരുദ്ധ തരംഗം
ടി.ദേവപ്രസാദ്
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളം കണ്ടത് ഇടതുവിരുദ്ധ തരംഗത്തിന്റെ സംഹാരതാണ്ഡവം. തമ്മില്‍ തല്ലിയും നാട്ടുകാരെ തല്ലിയും മാക്ഫാസ്റ്റ് പോലുള്ള സ്ഥാപനങ്ങള്‍ അടിച്ചുതകര്‍ത്തും ന്യൂനപക്ഷ സമുദായങ്ങളെ സാധ്യമായ വിധത്തിലെല്ലാം ദ്രോഹിച്ചും സമുദായ നേതാക്കളെ നിന്ദിച്ചും നടത്തിയ വിളയാട്ടങ്ങള്‍ക്ക് അര്‍ഹമായ തിരിച്ചടി. അഴിമതി നടത്തിയതും അഴിമതിക്കാര്‍ക്കു സര്‍ക്കാര്‍ സംരക്ഷണം നല്‍കിയതും ജനങ്ങളെ വെറുപ്പിച്ചു. തീവ്രവാദികള്‍ക്കു സംരക്ഷണം നല്‍കിയതും കേരളത്തില്‍ മാഫിയ സംസ്കാരം വളര്‍ത്താന്‍ ശ്രമിച്ചതും തിരിച്ചടിയായി. ധാര്‍ഷ്ട്യത്തിന്റെ കൊടുമുടി കയറിയവര്‍ക്കു ജനം നല്‍കിയ ശക്തമായ താക്കീതാണ് ഈ കനത്തപരാജയം. 2004-ലെ ജനവിധിയുടെ നേര്‍ വിപരീതമായി 2009ലെ ജനവിധി. അന്ന് കോണ്‍ഗ്രസിന്റെ സര്‍ക്കാരും ന്യൂനപക്ഷങ്ങളെ കുത്തി നോവിക്കുന്ന വര്‍ത്തമാനങ്ങള്‍ പറഞ്ഞിരുന്നു. താത്വികമായി പറഞ്ഞാല്‍ കുറെക്കൂടി കാഠിന്യം കുറഞ്ഞ വിധി. 2004-ല്‍ കോണ്‍ഗ്രസിന് ഒറ്റ സീറ്റും കിട്ടിയില്ല. എന്നാല്‍, ഇക്കുറി സിപിഎമ്മിന് നാലു സീറ്റുണ്ട്.
1989-നു ശേഷം ഇടതുപക്ഷത്തിനുണ്ടാകു ന്ന ഏറ്റവും ദയനീയ തോല്‍വി. 1977-ല്‍ കോണ്‍ഗ്രസ് മുന്നണി 20 സീറ്റും നേടി. 1980-ല്‍ അത് എട്ടായി. ഇടതുപക്ഷത്തിന് 12. 1984-ല്‍ അത് 17-ഉം മൂന്നുമായി. 1989-ല്‍ 16-ഉം നാലുമായി. 2004-ല്‍ അത് 19 ആയി. 2009ല്‍ അതു കേവലം നാലായി ചുരുങ്ങി.
മെത്രാന്മാര്‍ പറഞ്ഞാല്‍ ജനം കേള്‍ക്കുന്ന കാലം കഴിഞ്ഞെന്നു സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിച്ചവര്‍ തങ്ങള്‍ക്കു തെറ്റിയെന്ന് ബോധ്യം പകരുന്ന വിധി. ഇടയലേഖനങ്ങളുടെ ശക്തിയും വ്യക്തമായി. മൂന്നു വര്‍ഷത്തോളമായി അധികാരത്തിന്റെ ഹുങ്ക് കൂടി ചാലിച്ച് സമുദായനേതാക്കള്‍ക്കെതിരേ തീര്‍ത്തും നിന്ദ്യമായ വാക്കുകള്‍ ഉപയോഗിക്കാന്‍ കൂടി മടിക്കാത്തവരോട് ജനം പറഞ്ഞു: "ഒന്നും ആരും മറക്കുന്നില്ല." ഇടയലേഖനങ്ങള്‍ തങ്ങള്‍ക്കുനുകുലമാണെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ നടത്തിയ നുണപ്രചാരണം ചീറ്റിപ്പോ യെന്നും വ്യക്തം. മെത്രാന്മാരെ വേദോപദേശം പഠിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയ കെ.കെ രാഗേഷ് വീണത് സിപിഎമ്മിന്റെ നെടുങ്കോട്ടയായ കണ്ണൂരിലാണ്.
കേന്ദ്രത്തില്‍ മതേതര സര്‍ക്കാര്‍ ഉണ്ടാവണമെന്ന മോഹവും ജനാധിപത്യമുന്നണിക്കു കൈവരിക്കാനായ ഐക്യവും പോലുള്ള ഘടകങ്ങള്‍ ജനതയില്‍ ജ്വലിച്ച വികാരത്തെ ഊതിക്കത്തിച്ചു.
സിപിഎമ്മിന്റെ നെടുംകോട്ടയായ കണ്ണൂരും വടകരയും അടക്കമുള്ള കേന്ദ്രങ്ങളില്‍ ലഭിച്ച തിരിച്ചടിക്ക് ഒരു ന്യായീകരണവും കാണാതെ തരിച്ചിരിക്കുകയാണ് ഇടതുപക്ഷം. സിപിഎമ്മിനൊഴികെ ആര്‍ക്കും കേരളത്തിലെ ഇടതു മുന്നണിയില്‍നിന്നു എംപിമാരില്ല. ഘടക കക്ഷികളെ ഇല്ലാതാക്കണമെന്ന സിപിഎമ്മിന്റെ ഹിഡന്‍ അജന്‍ഡ പൂര്‍ണമായും വിജയിച്ചു.
ഇടതുമുന്നണിയിലെ തമ്മിലടി അതിന്റെ ഏറ്റവും ഭീകരരൂപം പൂണ്ടാണ് തെരഞ്ഞെടുപ്പിലേക്കു നീങ്ങിയത്. ഭരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ നേതാവും മുഖ്യമന്ത്രിയും പരസ്പരം കടിച്ചുകീറാന്‍ നില്‍ക്കുന്ന ശത്രുക്കളെപ്പോലെ പോരടിക്കുന്നു. ഇടതുമുന്നണിയിലെ ഘടകകക്ഷികളെല്ലാം അസംതൃപ്തരായി. ജനതാദളിനു മുന്നണി വിടേണ്ടി വന്നു. സിപിഐക്കു മുന്നണി ഇല്ലാതായെന്നു പ്രഖ്യാപിക്കേണ്ടി വന്നു. ആര്‍എസ്പിക്കും സീറ്റില്ലാതായി. സിപിഐക്കു കൊടുത്ത പൊന്നാനി സീറ്റിലും സ്ഥാനാര്‍ഥിയെ സിപിഎം തീരുമാനിക്കുന്ന സ്ഥിതി. ഇതെല്ലാം കാണുന്ന ജനം എങ്ങനെ പ്രതികരിക്കുമെന്ന് മനസിലാക്കാന്‍ സിപിഎം നേതാക്കള്‍ക്കായില്ല. ആരുപോയാലും ഒന്നുമില്ലെന്ന ധിക്കാരപരമായ നിലപാടുകളോട് ജനം പ്രതികരിച്ചു. പലേടത്തും തോല്‍വിയുടെ ഏകകാരണം ഈ അനൈക്യമാണ്. ജനതാദളിന് ചിരിക്കാന്‍ ധാരാളം വകയുണ്ട്, ഈ തെരഞ്ഞെടുപ്പു ഫലത്തില്‍. അവരെ പുറത്താക്കിയപ്പോള്‍ നിശബ്ദത പാലിച്ചവര്‍ക്കും ഇപ്പോള്‍ അബദ്ധം മനസിലാകുന്നു.
ഇടത് ഏകോപന സമിതി എന്ന പേരില്‍ ഉണ്ടായ സിപിഎം റിബല്‍ പ്രസ്ഥാനം മത്സരിച്ചിടത്ത് വോട്ടുകള്‍ അധികം പിടിച്ചില്ലെങ്കിലും പാര്‍ട്ടി അനുഭാവികളില്‍ വലിയ ആശയക്കുഴപ്പം ഉണ്ടാക്കി. ധാരാളം വോട്ട് മരവിക്കുകയും മറിയുകയും ചെയ്തു എന്ന് സിപിഎമ്മിന് തന്നെ അറിയാം. അബ്ദുള്ളക്കുട്ടിയുടെ സ്വാധീനവും മനസിലാക്കിത്തരുന്നു.
ലീഗ് വിരുദ്ധ മുസ്ലിംവോട്ടുകള്‍ സമാഹരിക്കുന്നതിന്റെ ഭാഗമായി പിഡിപിയുമായി ഉണ്ടാക്കിയ ധാരണയുടെ പ്രായോഗികത അംഗീകരിക്കാമെങ്കിലും ജനം അവരുടെ തീവ്രവാദ സമീപനത്തെ ഇന്നും ഭയപ്പെടുന്നു എന്ന് ഈ വിധി സൂചിപ്പിക്കുന്നു. പിഡിപി ഗുണത്തെക്കാളേറെ ദോഷമാണ് ഉണ്ടാക്കിയത്. മുസ്ലിം മിതവാദത്തിന്റെ വക്താക്കളായ ലീഗ് ശക്തമാകുന്നതാണ് നാടിനു നല്ലതെന്ന ചിന്തയും ഈ വിധി നല്‍കുന്നു.
മഅദനി വന്നതോടെ ലാവ്ലിന്‍ ജനം മറന്നെന്നു കരുതിയവര്‍ക്കും തെറ്റി. വി.എസിനെ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്തി എങ്കിലും അനുഭാവികള്‍ക്ക് ആ നിസ്സഹായനോടുള്ള സഹതാപം ഇടതു മുന്നണിക്കു ശാപമായി. വി.എസ് ഇനി കൂടുതല്‍ ശക്തനായേക്കാം.
പിഡിപിക്കും എന്‍സിപിക്കും ഇനി വലിയ പ്രസക്തി ഇല്ലെന്ന ചിന്ത ശക്തമാകാം. മുരളീധരന് കോണ്‍ഗ്രസില്‍ തിരിച്ചെത്താനായാല്‍ പലതും ആകാനായേക്കാം. പിഡിപിക്കു ഒരിടവും കിട്ടാത്ത നില വരാം. ഇനി അവരെ സംരക്ഷിക്കാന്‍ പിണറായിക്കും പരിമിതികളുണ്ടാവും.
പള്ളിയുടെ സ്വത്തുക്കളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും മൂന്നാമത്തെ കുട്ടി ഉണ്ടാകുന്നവരെ ശിക്ഷിക്കാനുമൊക്കെ നിയമം ഉണ്ടാക്കാനുള്ള നീക്കത്തോടുള്ള പ്രതിഷേധവും വിധിയിലുണ്ട്.
അധികാരം ഇല്ലാത്തതുകൊണ്ടാവാമെങ്കിലും ജനാധിപത്യമുന്നണി ഒറ്റക്കെട്ടായി ഒരു മനസോടെ പ്രവര്‍ത്തിച്ചു. സ്വന്തം സ്ഥാനാര്‍ഥികളില്ലാത്ത പാര്‍ട്ടികള്‍ പോലും ഒരു മനസോടെ കിണഞ്ഞു ശ്രമിച്ചു. കേരളാ കോണ്‍ഗ്രസ് പിള്ള, ജേക്കബ്, സെക്കുലര്‍ ഗ്രൂപ്പുകളുടെ സഹകരണം അതിശക്തമായിരുന്നു. ചാനലുകളിലും മറ്റും പി.സി ജോര്‍ജ് നടത്തിയ ഇടപെടലുകള്‍ വളരെ ഫലപ്രദമായി. സിഎംപി, ജെഎസ്‌എസ് എന്നീ കക്ഷികളും അതിശക്തമായി പ്രചാരണ രംഗത്തുണ്ടായിരുന്നു. പ്രത്യേകിച്ചും സിഎംപിയുടെ സി.പി ജോണിനെപ്പോലുള്ളവര്‍. എങ്കിലും യുഡിഎഫിന്റെ സംഘടനാതല സംവിധാനം കുറ്റമറ്റതായിരുന്നു എന്നു പറയാനാവില്ല
ഇടതു സ്ഥാനര്‍ഥികള്‍ വിജയിച്ച കാസര്‍ഗോഡ് യുഡിഎഫ് എഴുതിത്തള്ളിയ മണ്ഡലമാണ്. പാലക്കാട്ടും ആറ്റിങ്ങലിലും ആലത്തൂരും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ നോട്ടപ്പിശകുകള്‍ തകരാറുണ്ടാക്കി എന്ന് യുഡിഎഫ് തന്നെ സമ്മതിക്കുന്നു. എറണാകുളത്ത് അവസാനംവരെ വിറച്ചു നില്‍ക്കേണ്ടി വന്നതും അതുകൊണ്ടാണെന്ന് വ്യക്തം.
കണ്ണൂരിലെ വോട്ടെടുപ്പിനുശേഷം നടത്തിയ സ്വകാര്യ സംഭാഷണത്തില്‍ സഭയുടെ സ്വാധീനം അനുസരിച്ചാവും അന്തിമ ഫലമെന്ന് കെ. സുധാകരന്‍ പറഞ്ഞതാണ്. ഇതുവരെ കാണാത്തവിധം ക്രൈസ്തവര്‍ രാവിലെതന്നെ വന്നു വോട്ടു ചെയ്തെന്നും അതിന്റെ പ്രത്യാഘാതം തീര്‍ച്ചയില്ലെന്നുമാണ് അദ്ദേഹം അന്നു ദീപികയോടു പറഞ്ഞത്. ആലപ്പുഴയിലെ ഡോ. മനോജ് പ്രചാരണകാലത്തെ ഏറ്റവും വലിയ വേദനയായി പറഞ്ഞത് സഭ തനിക്കെതിരേ പ്രവര്‍ത്തിച്ചതാണ്. വി.എം സുധീരനെപ്പോലെ ഒരു നേതാവിനെ മറന്നു, മനോജിനെ സഹായിച്ച സഭക്കെതിരേ മനോജിന്റെ പ്രസ്ഥാനം കഴിഞ്ഞ മൂന്നുവര്‍ഷം കാട്ടിയ ക്രൂരതകള്‍ മനോജ് മറന്നു. വയനാട്, കോഴിക്കോട്, ഇടുക്കി, ചാലക്കുടി, തൃശൂര്‍, കോട്ടയം പത്തനംതിട്ട, എറണാകുളം, തിരുവനന്തപുരം മണ്ഡലങ്ങളിലും സഭയുടെ നിലപാട് നിര്‍ണായകമായി. തിരുവനന്തപുരത്ത് ശശി തരൂര്‍ ഒരു ലക്ഷത്തിലധികം വോട്ടിന് ജയിച്ചത് വിജയന്‍ തോമസിനെ പിന്‍വലിപ്പിച്ചതുകൊണ്ടാണ്. ലത്തീന്‍ സഭയുടെ പിന്തുണ അങ്ങനെ ഉറപ്പാക്കാനായി.
മലപ്പുറത്തും പൊന്നാനിയിലും ലീഗ് തന്നെ വിജയക്കൊടി നാട്ടി. പൊന്നാനി രാഷ്ട്രീയമായി ഇടതുപക്ഷത്തിന് മേല്‍ക്കൈ ഉണെ്ടന്നു തോന്നാവുന്ന മണ്ഡലമാണ്. എന്നിട്ടും ഇ.ടി മുഹമ്മദ് ബഷീര്‍ ജയിച്ചു. ലീഗ് നേതാക്കള്‍ ഇതിനുവേണ്ടി മിക്കവാറും മുസ്ലിം സംഘടനകളുമായെല്ലാം അനുരഞ്ജനപ്പെട്ടു. മുസ്ലിം സമൂഹം മതേതരചേരിയില്‍ ഉറച്ചു നില്‍ക്കണമെന്ന ചിന്തയുടെ അടയാളം കൂടിയായി ഇതിനെ കണക്കാക്കാം.
ക്രൈസ്തവ സമൂഹത്തിന്റെ നിലപാടുകള്‍ നിര്‍ണായകമായി
തെരഞ്ഞെടുപ്പില്‍ ഇടതു കോട്ടകള്‍ തകര്‍ന്നടിഞ്ഞ പ്പോള്‍ നിര്‍ണായകമായ ഘടകങ്ങളിലൊന്ന് ക്രൈസ്തവ സമൂഹത്തിന്റെ നിലപാടുകള്‍. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ ക്രൈസ്തവ സമൂഹത്തിനെതിരേ പ്രത്യക്ഷമായും പരോക്ഷമായും നടത്തി വന്നിരുന്ന കടന്നാക്രമണങ്ങള്‍ക്കുള്ള തിരിച്ചടി കൂടിയാണ് ഈ തെരഞ്ഞെടുപ്പു ഫലമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
ക്രൈസ്തവ സമൂഹത്തെയും മതമേലധ്യക്ഷന്‍മാരെയും പരസ്യമായി അവഹേളിക്കുകയും പരസ്യമായി അപമാനിക്കുകയും ചെയ്തവര്‍ക്ക് ജനങ്ങള്‍ കൃത്യമായ മറുപടി നല്‍കിയെന്നു പറയാം. നികൃഷ്ടജീവി പ്രയോഗം മുതല്‍ മുറിവ് സിഡി വരെ ക്രൈസ്തവ സമൂഹത്തെ മുറിവേല്‍പ്പിക്കുന്ന നടപടികളുടെയും നീക്കങ്ങളുടെയും പരമ്പര തന്നെയാണ് ഇടതു സര്‍ക്കാരും സിപിഎമ്മും അഴിച്ചുവിട്ടത്. ഇതോടെ ഇത്തരം കടന്നാക്രമണങ്ങള്‍ക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കാന്‍ ക്രൈസ്തവ സമൂഹം നിര്‍ബന്ധിതരായി തീരുകയായിരുന്നു.
വിദ്യാഭ്യാസ രംഗത്ത് ക്രൈസ്തവ സമൂഹം നല്‍കുന്ന സേവനങ്ങളെ താറടിച്ചു കാണിക്കാനും ക്രൈസ്തവ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാനുമുള്ള നീക്കങ്ങളും ഈ കാലയളവില്‍ ഉണ്ടായി. കിട്ടുന്ന അവസരങ്ങളിലെല്ലാം ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കായികമായ കടന്നാക്രമണം നടത്താനും ഇക്കൂട്ടര്‍ മടിച്ചില്ല.
തിരുവല്ലയിലെ മാക്ഫാസ്റ്റ് കോളജും അതുപോലെയുള്ള സ്ഥാപ നങ്ങളും അടിച്ചു തകര്‍ത്തത് ജനങ്ങളുടെ മനസില്‍ ഇന്നും മായാത്ത മുറിവുകളാണ്. പാഠപുസ്തകങ്ങളില്‍ നിരീശ്വരവാദം കുത്തി നിറയ്ക്കാനും വിദ്യാഭ്യാസ നിലവാരം തകര്‍ക്കാനും നടത്തിയ നീക്കങ്ങള്‍ക്കെതിരേ ക്രൈസ്തവ സഭ ശബ്ദമുയര്‍ത്തിയും ഇടതു സര്‍ക്കാരിന്റെ ശത്രുത വര്‍ധിക്കാന്‍ കാരണമായി.
ക്രൈസ്തവമത നേതാക്കളെയും അംഗങ്ങളെയും തമ്മില്‍ അകറ്റാനുള്ള പല തന്ത്രങ്ങളും ഇതിനിടയില്‍ അവര്‍ പയറ്റുകയും ചെയ്തു. എന്നാല്‍, എല്ലാത്തിനും വ്യക്തമായ മറുപടി നല്‍കാന്‍ ക്രൈസ്തവസമൂഹം മടിച്ചില്ലെന്നു ഇലക്ഷന്‍ ഫലം തെളിയിക്കുന്നു. വോട്ടെടുപ്പ് ദിനം തന്നെ ഇതിന്റെ സൂചനകള്‍ പുറത്തു വന്നിരുന്നു. ക്രൈസ്തവ ശക്തി കേന്ദ്രങ്ങളിലെല്ലാം കനത്ത പോളിംഗ് ആണ് രേഖപ്പെടുത്തിയത്.
ക്രൈസ്തവ സമൂഹത്തിന്റെ ശക്തികേന്ദ്രമായ കോട്ടയത്ത് നടന്ന മത്സരം സിപിഎം പ്രസ്റ്റീജ് പോരാട്ടമായിട്ടാണ് കണക്കിലെടുത്തിരുന്നത്. വ്യക്തിപ്രഭാവം കൊണ്ട് ശ്രദ്ധേയനായ സുരേഷ് കുറുപ്പിനെ വീണ്ടും രംഗത്തിറക്കിയതിനു പിന്നിലും ക്രൈസ്തവ സമൂഹത്തിന്റെ നിലപാടിനെ തരണം ചെയ്യുക എന്ന ലക്ഷ്യമുണ്ടായിരുന്നു.
എന്നാല്‍, സുരേഷ് കുറുപ്പ് കഴിഞ്ഞ പ്രാവശ്യം നേടിയ ഭൂരിപക്ഷത്തെയും മറികടക്കുന്ന വമ്പന്‍ ജയം നേടിക്കൊണ്ട് ജോസ് കെ. മാണി കരുത്തു തെളിയിച്ചു. ഇവിടെ നിര്‍ണായകമായത് ക്രൈസ്തവ സമൂഹത്തിന്റെ നിലപാടുകളാണെന്നു വ്യക്തം. സുരേഷ് കുറിപ്പിനെ പലവട്ടം പാര്‍ലമെന്റിലേക്കു പറഞ്ഞു വിട്ടതില്‍ ക്രൈസ്തവരുടെ പങ്കും നിര്‍ണായകമായിരുന്നെന്ന് ഇതോടെ എല്‍ഡിഎഫ് മനസിലാക്കും. ക്രൈസ്തവ സമൂഹത്തെ മുറിപ്പെടുത്തിയതിലൂടെ ഇങ്ങനെ കിട്ടിയിരുന്ന വോട്ടുകള്‍ മുഴുവന്‍ എതിര്‍പക്ഷത്തേക്കു മറിയാന്‍ ഇടവരുത്തി.
പത്തനംതിട്ട മണ്ഡലത്തില്‍ കണ്ടതും മറ്റൊന്നല്ല. ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഗംഭീര ഭൂരിപക്ഷത്തിലാണ് ഇവിടെ ആന്റോ ആന്റണി ഇടതുപക്ഷ ത്തെ തറപറ്റിച്ചത്. ആലപ്പുഴയില്‍ ഇടതുപക്ഷത്തിനെ തിരേ തുറന്ന നിലപാടു തന്നെ പ്രഖ്യാപിച്ച ലത്തീന്‍ കത്തോലിക്ക സമുദായത്തിന്റെ ശക്തി എത്രത്തോളമെന്നു സിപിഎം ഇപ്പോള്‍ തിരിച്ചറിയുന്നു. സിറ്റിംഗ് എംപിയും ലത്തീന്‍ സമുദായാംഗവുമായ കെ.എസ് മനോജിനെ രംഗത്തിറക്കിയിട്ടും ഇതിനെ മറികടക്കാന്‍ പാര്‍ട്ടിക്കു കഴിഞ്ഞില്ല. അരലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് കെ.സി വേണുഗോപാല്‍ ഇവിടെ വിജയം നേടിയത്.
എറണാകുളത്ത് നിരവധി പ്രതികൂലഘടകങ്ങള്‍ ഉണ്ടായിട്ടും കെ.വി തോമസിന് വിജയം നേടിക്കൊടുത്തത് ക്രൈസ്തവ സമൂഹത്തിന്റെ നിലപാടുകളാണെന്ന തു വ്യക്തമാണ്. അതുപോലെ തന്നെ തൃശൂരില്‍ പി.സി ചാക്കോയുടെ വിജയത്തിലും ഈ ഘടകം വ്യക്തമായ പങ്കുവഹിച്ചിട്ടുണ്ട്.
ഇടുക്കിയാണ് ക്രൈസ്തവ സമൂഹത്തിന്റെ വികാരം സര്‍ക്കാരിനെതിരേ പ്രതിഫലിച്ച മറ്റൊരു പ്രധാന മണ്ഡലം. പി.ടി തോമസിനെതിരേ ഫ്രാന്‍സിസ് ജോര്‍ജിന് ഇവിടെ കനത്ത പരാജയം നേരിടേണ്ടി വന്നെങ്കില്‍ അതിന് ഒറ്റക്കാരണം അദ്ദേഹം ഇടതു ചേരിയിലായിപ്പോയി എന്നതുമാത്രമാണ്.
വയനാട് മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ഥി ഒന്നരലക്ഷത്തിലേറെ വോട്ടുകള്‍ക്കു പിന്നില്‍ പോയപ്പോഴും ഒരു പ്രധാന ഘടകമായി ക്രൈസ്തവ സമൂഹത്തിന്റെ നിലപാടുകള്‍ വര്‍ത്തിച്ചുവെന്നു കാണാം. കൊല്ലം, കോഴിക്കോട്, ചാലക്കുടി, തിരുവനന്തപുരം മണ്ഡലങ്ങളിലും ഇടതു സ്ഥാനാര്‍ഥികള്‍ പിന്തള്ളപ്പെട്ടതിനു പിന്നില്‍ ക്രൈസ്തവ സമൂഹത്തിന്റെ നിലപാടുകള്‍ ശക്തമായ സ്വാധീനം ചെലുത്തി.
ഇത് നിശബ്ദമായ രണ്ടാം വിമോചന സമരം: മാര്‍ പവ്വത്തില്‍
നിശബ്ദമായ ഒരു രണ്ടാം വിമോചന സമരമെന്ന് ഈ തെരഞ്ഞെടുപ്പിനെ വേണമെങ്കില്‍ വിശേഷിപ്പിക്കാമെന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എഡ്യുക്കേഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പവ്വത്തില്‍. വിദ്യാഭ്യാസ സാമൂഹ്യ സാമ്പത്തിക മേഖലകളിലുള്ള കേരള സര്‍ക്കാരിന്റെ ഏകാധിപത്യപരവും സര്‍വാധിപത്യപരവുമായ നീക്കങ്ങള്‍ക്കും നിലപാടുകള്‍ക്കുമെതിരായ ജനാധിപത്യപരമായ പ്രതികരണമായിട്ട് ഈ തെരഞ്ഞെടുപ്പിനെ കാണാമെന്നു തോന്നുന്നു. കേരളത്തിന്റെ ജനാധിപത്യ മനസിന്റെ ശക്തമായ താക്കീതായിട്ട് ഇതിനെ ബന്ധപ്പെട്ടവര്‍ സ്വീകരിക്കുമെന്നാണ് കരുതുന്നത്.
കേരള ജനതയുടെ പൊതു താത്പര്യങ്ങള്‍ക്കും നന്മയ്ക്കും വളര്‍ച്ചയ്ക്കും വേണ്ടിയാണ് ക്രൈസ്തവസമൂഹം എന്നും നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ളത്. അത് ആ രീതിയില്‍ത്തന്നെ കേരളത്തിലെ പൊതു സമൂഹവും അംഗീകരിച്ചതായിട്ടാണ് എപ്പോഴും കാണാന്‍ കഴിയുന്നതും. ഈ തെരഞ്ഞെടുപ്പും അതിനുള്ള ഒരു സാക്ഷ്യ പത്രവുമാണ്.
ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവും മതവിരുദ്ധവും ഒപ്പം വികസന വിരുദ്ധവുമായ കേരള സര്‍ക്കാരിന്റെ നിലപാടുകള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ മെത്രാന്മാരുടെ ഇടയലേഖനങ്ങള്‍ക്കു വിശ്വാസികള്‍ക്കിടയില്‍ സ്വാധീനമില്ലെന്നും പള്ളിയില്‍ മണിയടിച്ചാല്‍ ആളുകൂടില്ലെന്നും ആക്ഷേ പിച്ചവര്‍ക്ക് കേരള ജനത പ്രത്യേകിച്ചും കേരളത്തിലെ ക്രൈസ്തവ സമൂഹം തങ്ങളുടെ വോട്ടവകാശംകൊണ്ട് തക്ക മറുപടി നല്‍കിയിരിക്കുന്നു.
ഈ തെരഞ്ഞെടുപ്പ് ഇന്നത്തെ കേരളഭരണത്തിന്റെ വിലയിരുത്തലായിരിക്കുമെന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു.
ജനം നല്‍കിയ ഈ വിലയിരുത്തലിന്റെ അന്തസത്ത ഉള്‍ക്കൊണ്ടുകൊണ്ട് യാഥാര്‍ഥ്യബോധത്തോടെ ഇന്ത്യന്‍ ജനാധിപത്യത്തോടും നമ്മുടെ ഭരണഘടനയോടും കേരള ജനതയോടും വിശ്വസ്തത പുലര്‍ത്തിക്കൊണ്ട് ഭരണരംഗത്ത് മാറ്റങ്ങള്‍ വരുത്താന്‍ ബന്ധപ്പെട്ടവര്‍ തയാറാകുകയാണു വേണ്ടത്. അല്ലാതെ വ്യാഖ്യാനങ്ങള്‍ക്കൊണ്ടു പുകമറ സൃഷ്ടിച്ച് പൊതു താത്പര്യങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയില്ലെന്നു കരുതുന്നു- അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
സംസ്കാരശൂന്യതയുടെ കേരള മോഡല്‍
പ്രഫ. കുര്യാസ് കുമ്പളക്കുഴി
കേരളത്തില്‍ ഡിഗ്രി കോഴ്സുകളുടെ സെമസ്റ്ററൈസേഷന്റെ ഭാഗമായി പാഠ്യപദ്ധതി പരിഷ്കരിക്കാനും ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ തയാറെടുത്തുകൊണ്ടിരിക്കുകയാണ്. ഇതില്‍ മലയാള ഭാഷാ പഠനം സംബന്ധിച്ചു പുറത്തുവന്നിരിക്കുന്ന ചില നിര്‍ദേശങ്ങള്‍ നമ്മുടെ എഴുത്തുകാരെ പ്രകോപിപ്പിച്ചിരിക്കുന്നു. അവര്‍ പ്രസ്താവനകളും നിവേദനങ്ങളുമായി രംഗത്തു വന്നുകഴിഞ്ഞു.
നിലവിലുള്ള ത്രിവത്സര ഡിഗ്രി കോഴ്സുകളുടെ ആദ്യ രണ്ടുവര്‍ഷം രണ്ടാം ഭാഷകളായ മലയാളവും ഹിന്ദിയും പാഠ്യപദ്ധതിയുടെ ഭാഗമായിരുന്നു. എന്നാല്‍, ഇനിയത് ആദ്യത്തെ രണ്ടു സെമസ്റ്ററുകളില്‍ മാത്രമായി ഒതുക്കാനാണു നിര്‍ദേശം. ഫലത്തില്‍ രണ്ടാം ഭാഷകളുടെ പഠനസമയം നേര്‍പകുതിയായി ചുരുങ്ങും. ഇതാണ് എഴുത്തുകാരുടെ എതിര്‍പ്പിനു കാരണം.
എന്നാല്‍, ഇന്നു നിലവിലുള്ള മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും പഠനരീതി നോക്കുമ്പോള്‍ കൗണ്‍സിലിന്റെ പുതിയ നീക്കം അത്രയ്ക്കങ്ങ് എതിര്‍ക്കപ്പെടേണ്ടതല്ല എന്നുതോന്നുന്നു. മാതൃഭാഷയെ രണ്ടാംഭാഷയായി അപമാനിക്കുന്ന കേരളം മലയാളത്തിനു നല്‍കുന്ന അംഗീകാരവും ആദരവും വളരെ കേമമാണല്ലോ. 'മലയാളം അറിഞ്ഞുകൂടാ' എന്ന് മേനിനടിക്കുന്നവര്‍ കുറച്ചൊന്നുമല്ല ഇവിടെയുള്ളത്. അനവസരത്തില്‍ വലിഞ്ഞുകയറി വരുന്ന ഒരു അതിഥിയെപ്പോലെയാണു ബഹുഭൂരിപക്ഷം വിദ്യാര്‍ഥികളും ഡിഗ്രിതലത്തില്‍ ഈ രണ്ടാംഭാഷയെ കാണുന്നത്. ഗൗരവമേറിയ വിഷയങ്ങള്‍ പഠിക്കുന്നതിനിടയില്‍ വന്നുചേരുന്ന മലയാളം ക്ലാസുകള്‍ അവര്‍ക്ക് ഇടയ്ക്കു വീണുകിട്ടുന്ന ഉല്ലാസവേളകള്‍ മാത്രമാണ്. ഈ അനുഭവം യാഥാര്‍ഥ്യമാക്കിക്കൊടുക്കുന്ന മലയാളമൊഴികെ മറ്റൊന്നിലും താത്പര്യമില്ലാത്ത കുറെ അധ്യാപകരുംകൂടി ചേരുമ്പോള്‍ ചിത്രം പൂര്‍ത്തിയായി!
ഏറ്റവും ദയനീയം പലപ്പോഴും പഠിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്ന പുസ്തകങ്ങളാണ്. ഇതു നിശ്ചയിക്കുന്നതിന് എല്ലാ സര്‍വകലാശാലകളിലും ബോര്‍ഡ് ഓഫ് സ്റ്റഡീസ് എന്നറിയപ്പെടുന്ന സമിതികളുണ്ട്. മികച്ച സാഹിത്യരചനകള്‍ പാഠപുസ്തകമായി നിര്‍ദേശിക്കുന്ന പരമ്പരാഗതരീതി പരിഷ്കരിച്ച് അംഗങ്ങള്‍ക്കിഷ്ടമുള്ളവരുടെ പുസ്തകങ്ങള്‍ പാഠ്യപദ്ധതിയിലുള്‍പ്പെടുത്തുക എന്ന സത്കൃത്യമാണിപ്പോള്‍ അനുഷ്ഠിക്കപ്പെടുന്നത്.
ബോര്‍ഡ് അംഗങ്ങളുടെ രചനകള്‍ പാഠപുസ്തകമാക്കാന്‍ പാടില്ല എന്നൊരു അലിഖിത ധാര്‍മികനീതി നമ്മുടെ അധ്യാപകര്‍ക്കിടയില്‍ കുറെക്കാലം മുമ്പുവരെ നിലവിലുണ്ടായിരുന്നു. അതിനു വിരുദ്ധമായി ഒരംഗത്തിന്റെ പുസ്തകം പാഠപുസ്കമാക്കിയേ മതിയാവൂ എന്നു മറ്റംഗങ്ങള്‍ ശാഠ്യംപിടിച്ചപ്പോള്‍ ഗ്രന്ഥകര്‍ത്താവ് ബോര്‍ഡ് അംഗത്വം രാജിവച്ച പാരമ്പര്യവും നമുക്കുണ്ടായിരുന്നു. എന്നാല്‍, അംഗങ്ങള്‍ എഴുതിയതെന്തെങ്കിലുമുണെ്ടങ്കില്‍ അതൊക്കെ പാഠപുസ്തകമാക്കിയശേഷമേ മറ്റുള്ളവരുടെ കൃതികള്‍ പരിഗണിക്കേണ്ടതുള്ളൂ എന്ന അവസ്ഥയിലെത്തിയിരിക്കുന്നു, ഇന്നു കാര്യങ്ങള്‍!
ബോര്‍ഡംഗങ്ങളും പുസ്തക പ്രസാധകരും എഴുത്തുകാരും തമ്മിലുള്ള ഒരു കച്ചവടക്കൂട്ടായ്മയായി പാഠപുസ്തക നിര്‍ണയം മാറിക്കഴിഞ്ഞിട്ടും നാളേറെയായി. 1994-ലോ 95-ലോ ആണെന്നു തോന്നുന്നു, കേരള സര്‍വകലാശാലയില്‍ ഡിഗ്രി കോഴ്സിന് ആട്ടക്കഥ പാഠപുസ്തകമാക്കി യപ്പോള്‍ ഉണ്ണായിവാര്യരുടെ നളചരിതം മാറ്റി പകരം അന്നു ചീഫ് സെക്രട്ടറിയായിരുന്ന എഴുത്തുകാരന്റെ പാര്‍വതീപരിണയം പാഠപുസ്തകമാക്കി യതിനെച്ചൊല്ലി ഏറെ വിവാദങ്ങളുണ്ടായി. അധികാരകേന്ദ്രങ്ങളെ പ്രീണിപ്പിക്കാനുള്ള ബോര്‍ഡംഗങ്ങളുടെ ലജ്ജാകരമായ ഒരു ഏകപക്ഷീയ നടപടിയായിരുന്നു അത്.
പല പ്രസാധകരും പുസ്തകക്കെട്ടുകളോടൊപ്പം നോട്ടുകെട്ടുംകൂടി ബോര്‍ഡംഗങ്ങള്‍ക്കു സമ്മാനിച്ചു കാര്യം സാധിക്കുന്ന സാഹചര്യവും ഉണ്ടായി. ഇതില്‍ സഹികെട്ട് തന്റെ സ്ഥാപനത്തിന്റെ പുസ്തകങ്ങളൊന്നും പാഠപുസ്തക പരിഗണനയ്ക്കു സമര്‍പ്പിക്കേണ്ടതില്ല എന്നൊരു തീരുമാനം, കേരളത്തിലെ ഏറ്റവും വലിയ പുസ്തക പ്രസാധകന്‍ ഡി.സി കിഴക്കേമുറി കൈക്കൊണ്ട കഥയും പലര്‍ക്കുമറിയാം.
1992-ലാണ്. എന്റെയൊരു പുസ്തകം മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ പാഠപുസ്തകമായി. പുസ്തകം തയാറാക്കാന്‍ എന്നോടാവശ്യപ്പെട്ടത് ഒരു സിന്‍ഡിക്കറ്റ് മെംബറും ഒരു സര്‍വകലാശാലാ പ്രഫസറും അവരുടെ സുഹൃത്തായ ഒരു പ്രസാധകനും ചേര്‍ന്നായിരുന്നു. ന്യായമായ ഒരു തുക എനിക്കു റോയല്‍റ്റിയായി തന്നു. പിന്നീടാണറിഞ്ഞത്, ബിസിനസിന്റെ മുന്തിയ വിഹിതം വാങ്ങിച്ചെടുത്തത് ബോര്‍ഡംഗങ്ങളെക്കൊണ്ടു പുസ്തകം അംഗീകരിപ്പിക്കാന്‍ മുന്‍കൈയെടുത്ത സിന്‍ഡിക്കറ്റംഗമായിരുന്നത്രേ. എഴുത്തുകാരന്റെ കൈയില്‍നിന്നു പകര്‍പ്പവകാശം എഴുതിവാങ്ങിയശേഷം പുസ്തകം പാഠപുസ്തകമാക്കി യെടുത്തു കച്ചവടം നടത്തിയ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളും കേരളത്തിലുണ്ടായിട്ടുണ്ട് എന്ന കാര്യവും മറക്കുന്നില്ല.
കുറെ വര്‍ഷ മുമ്പ് മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ഒരു പി.ജി ബോര്‍ഡ് ചെയര്‍മാന്‍ മലയാളത്തിലെ ഏറ്റവും മഹാനായ എഴുത്തുകാരന്‍ താനാണെന്നു കുട്ടികള്‍ക്കു ബോധ്യപ്പെടണം എന്ന സദുദ്ദേശ്യംകൊണ്ടാകാം, പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ച സ്വന്തം കൃതികള്‍ മാത്രമല്ല, ആനുകാലികങ്ങളില്‍ അങ്ങിങ്ങുവന്ന ലേഖനങ്ങള്‍പോലും സിലബസില്‍ ഉള്‍പ്പെടുത്തുകയുണ്ടായി! അതും പോരാഞ്ഞ് തന്നെക്കാള്‍ സര്‍ഗസിദ്ധിയില്ലെന്നുറപ്പുള്ള ചില ശിഷ്യന്മാരുടെ രചനകളും കൂട്ടത്തില്‍ ചേര്‍ത്തു. പാഠപുസ്തക നിലവാരം എങ്ങനെയായിരിക്കും? ഇത്തരത്തില്‍ ബോര്‍ഡംഗങ്ങളുടെ സഹായമുണെ്ടങ്കില്‍ ഏതു ചപ്പുചവറും പാഠപുസ്തകമായിത്തീരാം എന്ന ആപത്തില്‍നിന്നു നമ്മുടെ വിദ്യാഭ്യാസരംഗം തീര്‍ച്ചയായും രക്ഷിക്കപ്പെടേണ്ടതാണ്.
മഹത്തായ രചനകള്‍ മാത്രമേ കുട്ടികള്‍ക്കു പാഠപുസ്തകങ്ങളായി നിര്‍ദേശിക്കപ്പെടാവൂ. ചെറുശേരിയും എഴുത്തച്ഛനും നമ്പ്യാരും പോലുള്ള മഹാന്മാരെ മാറ്റിനിര്‍ത്തി, എഴുതിയതിനു പിറ്റേന്ന് ആനുകാലികത്തില്‍ അച്ചടിച്ചുവരികയും അതിനു പിറ്റേന്നു പുസ്തകരൂപത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്ത രചനകള്‍ പാഠ്യപദ്ധതിയിലുള്‍പ്പെടുത്തുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകാന്‍ പാടില്ല. സാഹിത്യമൂല്യംകൊണ്ടും ജനപ്രീതികൊണ്ടും കാലത്തെ അതിശയിച്ചു, സമൂഹത്തിന്റെ സാംസ്കാരിക ജീവിതത്തിലെ പ്രകാശഗോപുരങ്ങളായി നിലകൊള്ളുന്ന വാങ്മയങ്ങളായിരിക്കണം വളരുന്ന തലമുറ വിദ്യാഭ്യാസഘട്ടത്തില്‍ പരിചയപ്പെടേണ്ടതും ഉള്‍ക്കൊ ള്ളേണ്ടതും.
സമൂഹത്തിലെ വളരെ ചെറിയ ഒരു വിഭാഗം മാത്രമേ സാഹിത്യത്തോടു താത്പര്യം പുലര്‍ത്താറുള്ളൂ. പക്ഷേ, ആ ചെറിയ വിഭാഗം ഒരു ജനതയുടെ സാംസ്കാരിക ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിവുള്ളവരായിരിക്കും. അതുകൊണ്ടുതന്നെ വായിച്ചുവളരുന്നവര്‍ക്കു മൂല്യവത്തായ കലാരചനകള്‍ ആസ്വദിക്കാന്‍ അവസരമൊരുക്കിക്കൊടുക്കാന്‍ നമ്മള്‍ ശ്രദ്ധിക്കണം. മഹാനായ ടോള്‍സ്റ്റോയ് ചൂണ്ടിക്കാണിക്കുന്ന ഒരു വസ്തുതയുണ്ട് - മനുഷ്യ സമൂഹത്തിന്റെ ആത്മീയാഹാരമാണു കല. പാഠപുസ്തകങ്ങള്‍ തെരഞ്ഞെടുക്കുന്നവര്‍ ഇക്കാര്യം വിസ്മരിക്കരുത്.
പക്ഷേ, നമുക്കു ലഭിക്കുന്ന ഏറ്റവും പുതിയ വാര്‍ത്തകള്‍പോലും ഉത്കണ്ഠാജനകമാണ്. അശ്ലീലാസ്വാദകരുടെ കാമാതുര കൗതുകങ്ങള്‍ക്കു വിരുന്നൊരുക്കി വില്‍പ്പനയില്‍ റിക്കാര്‍ഡ് സൃഷ്ടിച്ച നളിനി ജമീലയുടെ ആത്മകഥ കേരള സര്‍വകലാശാല പാഠപുസ്തകമാക്കുകയാണത്രേ. പിന്നാലെ 'ആമേന്‍'കൂടി ഉള്‍പ്പെടുത്തുമായിരിക്കും. വാര്‍ത്ത ശരിയാണെങ്കില്‍ സംസ്കാര സംരക്ഷകരെന്നും വളരുന്ന തലമുറകളുടെ വഴികാട്ടികളെന്നും പൊതുവെ ആദരിക്കപ്പെട്ടുപോന്ന അധ്യാപക സമൂഹത്തിനു സംഭവിച്ചിരിക്കുന്ന ഭയജനകമായ അധഃപതനമോര്‍ത്തു നമുക്കു നടുങ്ങാതിരിക്കാനാവില്ല.
ഇന്നു കേരളം നേരിടുന്ന ഏറ്റവും വലിയ വിപത്തു സാംസ്കാരിക ദാരിദ്ര്യമാണ്. ഉന്നത ബിരുദധാരികളായ വ്യക്തികള്‍പോലും സംഘര്‍ഷങ്ങളുണ്ടാക്കുന്നതിനു മുന്നിട്ടിറങ്ങുന്നു. അശ്ലീല ഭാഷണവും കൈയേറ്റങ്ങളുംകൊണ്ടു ഗുണ്ടകളെപ്പോലെ പെരുമാറുന്നു. തെരുവില്‍ കേള്‍ക്കുന്നതിനെക്കാള്‍ ഗ്രാമ്യങ്ങളായ പദപ്രയോഗങ്ങള്‍ മന്ത്രിമാ